മഴയത്തൊരു കുട പിടിക്കാം; പ്രകൃതി സംരക്ഷണ ഗാനവുമായി സിസ്റ്റര്‍ ജിയ എംഎസ് ജെ

കൊറോണയുടെ കരാളഹസ്തത്തില്‍ നിന്ന് ഇനിയും മുക്തമായിട്ടില്ലാത്ത കേരളത്തിന്റെ ചങ്കിടിപ്പ് വര്‍ദ്ധിപ്പിച്ചുകൊണ്ട് ഇതാ മഴയും പെയ്തുതുടങ്ങിയിരിക്കുന്നു. പലയിടവും കനത്ത മഴയില്‍ മുങ്ങി. വരുന്ന ദിവസങ്ങളില്‍ മഴയുണ്ടാകുമെന്ന മുന്നറിയിപ്പും ലഭിച്ചു കഴിഞ്ഞു.

ഓരോ കേരളീയന്റെയും ഹൃദയമിടിപ്പ് കൂട്ടിക്കൊണ്ടാണ് ഇത്തരം മുന്നറിയിപ്പുകള്‍ വരുന്നത്. കാരണം കഴിഞ്ഞ രണ്ടുവര്‍ഷങ്ങളിലെ പ്രളയം അത്രയ്ക്കും വലിയ ആഘാതമായിരുന്നുവല്ലോ നമുക്ക് നല്കിയത്. ഇത്തരം സാഹചര്യത്തിലാണ് മഴയൊരുക്കം എന്ന കവിതയുമായി എംഎസ് ജെ സന്യാസിനി യായ സിസ്റ്റര്‍ ജിയയും ടീമും കടന്നുവരുന്നത്

മഴയൊരുക്കം എന്ന വീഡിയോ ആല്‍ബത്തിലെ
മഴവരുന്നൊരുങ്ങിനിലക്കാം, മനസ്സുകൊണ്ടടുത്തുനില്ക്കാം, എന്ന കവിത ഓര്‍മ്മിപ്പിക്കുന്നത് പ്രകൃതിയെ സംരക്ഷിക്കണമെന്നും ദുരിതമുഖങ്ങളില്‍ മനുഷ്യരെല്ലാവരും പാരസ്പര്യത്തോടെ കൈകള്‍ കോര്‍ത്ത് നില്ക്കണമെന്നുമാണ്.

പ്രകൃതിയെ അപകടത്തിലാക്കുന്ന വിവിധ കാരണങ്ങളെക്കുറിച്ചും കവിത ഓര്‍മ്മിപ്പിക്കുന്നു. പാരിസ്ഥിതിക സൗന്ദര്യബോധം ഉണര്‍ത്തുന്ന ലൗദാത്തോസിയെന്ന ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ചാക്രികലേഖനത്തിന്റെ ഓര്‍മ്മയും സന്ദേശവും ഈ വരികളിലുണ്ട്. വരാന്‍പോകുന്ന പ്രളയത്തെ നേരിടാനുള്ള മുന്നൊരുക്കങ്ങളാണ് ഈ കവിതയിലുള്ളത്.

ആല്‍ഡ്രിയ സാബുവാണ് കവിതയ്ക്ക് ശബ്ദം നല്കിയിരിക്കുന്നത്. സംഗീതം ദിനേഷ് തൃപ്രയാര്‍. തോമസ് പൈനാടത്ത് ഓര്‍ക്കസ്‌ട്രേഷനും നിര്‍വഹിച്ചിരിക്കുന്നു. എംഎസ് ജെ കോണ്‍ഗ്രിഗേഷനാണ് നിര്‍മ്മാണം.

ആത്മീയമേഖലയില്‍ മാത്രമായി തന്റെ കഴിവുകള്‍ ഒതുക്കിനിര്‍ത്താതെ സമസ്തലോകത്തിനും പ്രയോജനപ്പെടുന്ന വിധത്തില്‍ ദൈവം നല്കിയ കഴിവുകളെ വിനിയോഗിക്കാന്‍ ധൈര്യം കാട്ടിയ സിസ്റ്റര്‍ ജിയയും പിന്തുണയുമായി നിന്ന എംഎസ് ജെ സന്യാസിനി സമൂഹവും പ്രത്യേകം അഭിനന്ദനം അര്‍ഹിക്കുന്നു. മരിയന്‍ പത്രത്തിന്റെ എല്ലാ ഭാവുകങ്ങളും.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.

Leave A Reply

Your email address will not be published.