ശ്രീലങ്കയില്‍ വീണ്ടും ഭീകരാക്രമണസാധ്യത? അന്വേഷണം വേണമെന്ന് കത്തോലിക്കാസഭ

കൊളംബോ: ശ്രീലങ്കയില്‍ വീണ്ടുമൊരു ഭീകരാക്രമണത്തിന് സാധ്യതയുണ്ടെന്ന ബുദ്ധസന്യാസിയുടെ പ്രസ്താവനയെക്കുറിച്ച് സമഗ്രമായ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് കത്തോലിക്കാസഭ രംഗത്ത്. സെപ്തംബര്‍ 13 ന് സംപ്രേഷണം ചെയ്ത ഒരു ടെലിവിഷന്‍ ടോക്ക് ഷോയിലാണ് ഗലഗോഡാ അത്തേ എന്ന ബുദ്ധസന്യാസി മറ്റൊരു ഭീകരാക്രമണത്തിന് സാധ്യതയുണ്ടെന്ന് വ്യക്തമാക്കിയത്, ഇക്കാര്യം ശ്രീലങ്കന്‍ പ്രസിഡന്റിനെയും ഐജിയെയും അറിയിച്ചിട്ടുണ്ടെന്നും സന്യാസി വ്യക്തമാക്കിയിരുന്നു.

ഈ സാഹചര്യത്തിലാണ് പുതിയ ആക്രമണം തടയുന്നതിനും പൗരന്മാരുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനും അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട സഭ രംഗത്തെത്തിയിരിക്കുന്നത്. 2019 ലെ ഈസ്റ്റര്‍ ദിനത്തില്‍ നടന്ന ചാവേറാക്രമണത്തെക്കുറിച്ച് മുന്നറിയിപ്പ് ലഭിച്ചിരുന്നുവെങ്കിലും തടയാന്‍ വേണ്ട സാഹചര്യങ്ങള്‍ ഒരുക്കിയിരുന്നില്ലെന്ന് കത്തോലിക്കാസമിതിയുടെ വക്താവ് ഫാ. സിറില്‍ ഗാമിനി ഫെര്‍ണാണ്ടോ കുറ്റപ്പെടുത്തി. ഈസ്റ്റര്‍ ദിനത്തില്‍ നടന്ന ചാവേറാക്രമണങ്ങളില്‍ മൂന്നുറ് പേര്‍ കൊല്ലപ്പെടുകയും അഞ്ഞൂറിലധികം പേര്‍ക്ക് പരിക്കേല്ക്കുകയും ചെയ്തിരുന്നു.

ഇന്നും ഈ ആക്രമണത്തിന്റെ പിന്നിലെ കാരണക്കാരെ കണ്ടെത്തുകയോ കാരണങ്ങള്‍ വെളിച്ചത്തുവരികയോ ചെയ്തിട്ടില്ല. ആക്രമണങ്ങള്‍ക്ക് വിശ്വസനീയമായ പ്രതികരണം ലഭിക്കാത്ത സാഹചര്യത്തില്‍ അന്താരാഷ്ട്ര നീതിന്യായ കോടതിയെ വരെ സമീപിക്കാന്‍ മടിക്കില്ലെന്ന് ശ്രീലങ്കയിലെ കത്തോലിക്കാസഭ ഭരണകൂടത്തിന് മുന്നറിയിപ്പ് നല്കിയിരുന്നു.

ഇങ്ങനെയൊരു സാഹചര്യം നിലനില്‌ക്കെ തന്നെയാണ് വീണ്ടുമൊരു ഭീകരാക്രമണത്തെക്കുറിച്ചുള്ള സൂചനകള്‍ ലഭിച്ചിരിക്കുന്നത്. ഇത് ജനങ്ങളെ വളരെ അസ്വസ്ഥരാക്കിയിരിക്കുകയാണ്.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.