ദൈവത്തെ പഴിപറയാത്തവൾ

ജീവിതത്തിൽ നിരവധിയായ സഹനങ്ങളിലൂടെ കടന്നുപോവുകയും, ആ സഹനങ്ങളോരോന്നും ദൈവമഹത്വത്തിനായി മാത്രം ഉപയോഗിക്കുകയും ചെയ്ത വിശുദ്ധ അൽഫോൺസാമ്മയെ ഓർമ്മിക്കുകയും ആ പുണ്യവതിയുടെ സ്വർഗീയ മാധ്യസ്ഥം പ്രത്യേകം തേടുകയും ചെയ്യുന്ന അനുഗ്രഹീതമായ ദിനമാണിന്ന്‌. വിശുദ്ധ അൽഫോൺസാമ്മ സ്വർഗപ്രവേശനം നടത്തിയതിന്റെ എഴുപത്തിയഞ്ച്‌ വർഷങ്ങൾ പൂർത്തിയാകുമ്പോൾ, അവൾ സ്വജീവിതത്താൽ പകർന്നുതന്ന ആത്മീയതയെ നാമെത്രമാത്രം തിരിച്ചറിയുകയും സ്വാംശീകരിക്കുകയും ചെയ്തിട്ടുണ്ട്‌ എന്ന ആത്മശോധന നമ്മുടെ മുൻപോട്ടുള്ള വിശ്വാസയാത്രയിൽ ഏറെ അർത്ഥവത്തായിരിക്കും എന്ന്‌ ഞാൻ കരുതുന്നു.

ഒരുപക്ഷേ, ദൈവം ഏറ്റവും കൂടുതലായി പഴികേൾക്കുന്നതും കേട്ടിട്ടുള്ളതും മനുഷ്യന്റെ സഹനങ്ങളുടെ പേരിലായിരിക്കും. ബൈബിളിൽ സഹനത്തെക്കുറിച്ച്‌ കൊടുത്തിരിക്കുന്ന വചനങ്ങൾ ഓരോന്നും പ്രത്യേകം പ്രത്യേകം ധ്യാനിച്ചാലും, ജിവിതത്തിൽ വന്നുചേരുന്ന ചെറുതും വലുതുമായ ഓരോ സഹനങ്ങളേയും എപ്രകാരം കൈകാര്യം ചെയ്യാം എന്നത്‌ മിക്കവർക്കും ഒരു സമസ്യയാണ്‌. അതിനാൽത്തന്നെ ഒരിക്കലെങ്കിലും ദൈവത്തെ പഴിപറയാത്തതായി ആരുമുണ്ടാകില്ല. ഒരു വിധത്തിലല്ലെങ്കിൽ മറ്റൊരു വിധത്തിൽ ദൈവത്തെ പഴിപറയാനുള്ള കാരണങ്ങൾ ഉള്ളിൽ സൂക്ഷിക്കുന്നവരായിരിക്കാം നമ്മളോരോരുത്തരും. ഓരോ ദിവസവും ലോകത്തുള്ള തന്റെ പ്രിയപ്പെട്ട മക്കളിൽനിന്നും തന്നെ പഴിപറയുന്നവരുടെ എണ്ണം പെരുകുന്നതും ദൈവം കാണുന്നുണ്ടാകും എന്നതുറപ്പാണ്‌.

ഇവിടെയാണ്‌ അൽഫോൺസാമ്മ നമ്മിൽ നിന്നും വ്യത്യസ്തയായത്‌ എന്ന്‌ ഞാൻ മനസിലാക്കുന്നു. എന്റെ ജീവിതത്തിൽ ഇന്നോളം വന്നുചേർന്നിട്ടുള്ള സഹനങ്ങളിലേക്ക്‌ ഞാൻ തിരിഞ്ഞു നോക്കുമ്പോൾ, അൽഫോൺസാമ്മ കടന്നുപോയ സഹനങ്ങളും എന്റെ സഹനങ്ങളും തമ്മിൽ ഏറെ അന്തരമുണ്ട്‌. ഞാൻ സഹനങ്ങളെന്ന്‌ പറഞ്ഞിരുന്ന പലതും ശരിയായ അർത്ഥത്തിൽ സഹനങ്ങളായിരുന്നോ എന്ന്‌ ആവർത്തിച്ച്‌ ചോദിച്ചാൽ അല്ലായെന്നും എനിക്ക്‌ പറയേണ്ടി വരും. എന്നാൽ അൽഫോൺസാമ്മയുടെ സഹനങ്ങൾ എന്റേതുപോലെയായിരുന്നില്ല, അവ അത്രമാത്രം തീവ്രതയേറിയതായിരുന്നു എന്നാണ്‌ ആ ജീവിതത്തെക്കുറിച്ചുള്ള വായനകൾ പറഞ്ഞുതരുന്നത്‌.

കർത്താവ്‌ എത്ര നല്ലവനെന്നു രുചിച്ചറിയുവിൻ എന്നാണല്ലോ സങ്കീർത്തനത്തിൽ നാം വായിക്കുന്നത്‌ (സങ്കീ. 34:8). എങ്കിലും നമ്മുടെ അനുദിന ജീവിതത്തിൽ സംഭവിക്കുന്ന കാര്യങ്ങളുടെ പേരിൽ പഴിപറയാൻ ഏറ്റവും എളുപ്പം ദൈവത്തെ തന്നെയാണ്‌. എന്തിനാണ്‌ ദൈവത്തെ നമ്മൾ പഴിപറയുന്നത്‌? പലപ്പോഴും അതിന്റെ കാരണങ്ങൾ നമ്മൾ അന്വേഷിക്കാറില്ല, അല്ലെങ്കിൽ അത്‌ ഒരു പ്രസക്തമായ കാര്യം പോലുമല്ല എന്നതാണ്‌ സത്യം. സഹനത്തിൽ കർത്താവിനെ കണ്ടവളാണ്‌ അൽഫോൺസാമ്മ എന്ന്‌ പറയുമ്പോൾ, തന്റെ സഹനങ്ങളെ ദൈവഹിതമായി സ്വീകരിച്ചവളായിരുന്നു എന്നാണതിനർത്ഥം. അതായത്‌, ദൈവത്തെ പഴിപറയാതെ ജീവിക്കാൻ കൃപകിട്ടിയവളായിരുന്നു അല്ലെങ്കിൽ ആത്മീയതയുടെ ഈ ഔന്നത്യത്തിലേക്ക്‌ വളർന്നവളായിരുന്നു നമ്മുടെ നാടിന്റെ സ്വന്തമായ ഈ പുണ്യവതി.

“മനുഷ്യപുത്രൻ മഹത്വപ്പെടാനുള്ള സമയമായിരിക്കുന്നു” (യോഹന്നാൻ 12:23) എന്ന്‌ ഈശോ പറഞ്ഞത്‌ അൽഫോൺസാമ്മയുടെ ജീവിതത്തിൽ പൂർത്തിയായത്‌ അവളുടെ സഹനങ്ങളിലൂടെയാണ്‌. തന്റെ സഹനത്തിന്‌ കാരണമായി ദൈവത്തേയും മനുഷ്യരേയും പഴിപറയാൻ ധാരാളം സാധ്യതകളുള്ളപ്പോഴും, ആ വഴികളിലൂടെയല്ല ഈ പുണ്യവതി സഞ്ചരിച്ചത്‌ എന്നത്‌ നമുക്കുമുള്ള നല്ല പാഠമാണ്‌. എന്തിനാണ്‌ തന്റെ സഹനങ്ങളെന്ന ഉത്തരം കിട്ടാത്ത ചോദ്യം ലോകത്ത്‌ എല്ലായിടത്തുനിന്നും കേൾക്കാം. എന്നാൽ അൽഫോൺസാമ്മയെ സംബന്ധിച്ച്‌ ഈ സഹനങ്ങളോരോന്നും തന്നെ തകർക്കാനുള്ളതായിരുന്നില്ല, പകരം ദൈവം തന്നിൽ മഹത്വപ്പെടാനുള്ളതായിരുന്നു. ഈ അറിവാണ്‌ ഏതൊരു സഹനത്തേയും പവിത്രമാക്കുന്നത്‌, ഇവിടെ അൽഫോൺസാമ്മയെ വിശുദ്ധയാക്കിയതും.

ജെറമിയാ പ്രവാചകന്റെ പുസ്തകം 29:11ൽ പറഞ്ഞുവച്ചിരിക്കുന്നത്‌ ഇപ്രകാരമാണ്‌, “കർത്താവ്‌ അരുളിച്ചെയ്യുന്നു: നിങ്ങളെക്കുറിച്ചുള്ള പദ്ധതി എന്റെ മനസ്സിലുണ്ട്‌. നിങ്ങളുടെ നാശത്തിനല്ല, ക്ഷേമത്തിനുള്ള പദ്ധതിയാണത്‌. നിങ്ങൾക്കു ശുഭമായ ഭാവിയും പ്രത്യാശയും നൽകുന്ന പദ്ധതി”.  ദൈവ പദ്ധതിയുടെ ഭാഗമായിട്ടുള്ളതാണ്‌ എന്റെ ജീവിതത്തിൽ സംഭവിക്കുന്നവയോരോന്നും എന്ന അറിവ്‌ പകരുന്ന ഒരു വലിയ പ്രത്യാശയുണ്ട്‌, അൽഫോൺസാമ്മയിലേക്ക്‌ നോക്കിയാൽ ആർക്കും ഇത്‌ കാണാനാകും. ശുഭകരമായതും സന്തോഷം നൽകുന്നതുമായ അനവധി കാര്യങ്ങൾ കർത്താവ്‌ തന്റെ വചനങ്ങളിലൂടെ നമ്മിലേക്ക്‌ കൈമാറിയിട്ടുണ്ടെങ്കിലും അവയെല്ലാം മാറ്റിവച്ച്‌ സങ്കടപ്പെടാനും ദൈവത്തെ പഴിപറയാനും എന്തോ നമ്മൾ ഇഷ്ടപ്പെട്ടുപോയി. ഇത്‌ തിരുത്തിയെടുക്കുക എന്നത്‌ വലിയ ആത്മീയ അധ്വാനം വേണ്ടതായ കാര്യമാണ്‌.

ഭാരത മക്കളായ നമ്മുടെ ഹൃദയത്തോട്‌ ഏറ്റവും അടുത്തുനിൽക്കുന്ന വിശുദ്ധ അൽഫോൺസാമ്മ, അനുദിന ജീവിതത്തിലെ അനവധി ചോദ്യങ്ങൾക്കുള്ള ഉത്തരം കൂടീയാണ്‌ എന്നത്‌ നമ്മുടെ ഓർമ്മയിൽ സൂക്ഷിക്കാം. വൈകല്യങ്ങളും കുറവുകളുമുള്ള മനുഷ്യരുടെ ജീവിതം കാണുകയും കേൾക്കുകയും ഒരു പരിധിവരെ അറിയുകയും ചെയ്യുമ്പോൾ, ദൈവ വിശ്വാസികളും അവിശ്വാസികളും പലപ്പോഴും ദൈവത്തെ പഴിപറയുന്നത്‌ സാധാരണമാണ്‌. അത്തരം നിമിഷങ്ങളിലും നമുക്ക്‌ ആശ്രയിക്കാവുന്നതും പ്രത്യാശയർപ്പിക്കാവുന്നതുമായ ആത്മീയ സാന്നിധ്യമാണ്‌ അൽഫോൺസാമ്മ.

വിശുദ്ധ അൽഫോൺസാമ്മ എന്തായിരുന്നു എന്നത്‌ ചുവടെ ചേർത്തിരിക്കുന്ന വരികളിൽ നിന്നും വ്യക്തമാണ്‌.

“സഹനത്തിനഗ്നിയിൽ എരിയുന്ന നേരവും

സ്നേഹിച്ചു നീ നിന്റെ പ്രാണനാം ദൈവത്തെ

ചാരത്തണഞ്ഞവർക്കെന്നും പകർന്നു നീ

ആത്മീയസ്നേഹത്തിൻ അണയാത്ത ശീലുകൾ ”

ദൈവത്തെ പഴിപറയാതെ ജീവിത സഹനങ്ങളേയും വേദനകളേയും സ്വീകരിക്കാനുള്ള കൃപലഭിക്കുന്നതിനായി നമുക്കും അൽഫോൺസാമ്മയോട്‌ മാധ്യസ്ഥം അപേക്ഷിക്കാം. ഈശോയോട്‌ ചേർന്നുനിന്ന്‌ ഈ അമ്മ മക്കളായ നമ്മേ അനുഗ്രഹിക്കട്ടെ.

എല്ലാവർക്കും വിശുദ്ധ അൽഫോൺസാമ്മയുടെ തിരുനാൾ മംഗളങ്ങൾ പ്രാർത്ഥനാപുർവം നേരുന്നു.

പോൾ കൊട്ടാരം കപ്പൂച്ചിൻ



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.