വിശുദ്ധ ജോണ്‍ മരിയ വിയാനിയുടെ ദൈവസ്‌നേഹ പ്രകരണങ്ങള്‍

ഇന്ന് ഓഗസ്റ്റ് നാല്. ഇടവക വൈദികരുടെ മധ്യസ്ഥനായ വിശുദ്ധ ജോണ്‍ മരിയ വിയാനിയുടെ തിരുനാള്‍.

നമുക്കെല്ലാം അറിയാവുന്നതുപോലെ അദ്ദേഹം കുമ്പസാരക്കൂടിന്റെ മധ്യസ്ഥനായിരുന്നു. പാപികളെ മാനസാന്തരത്തിലേക്ക് നയിച്ച വ്യക്തിയായിരുന്നു. ദിവസവും പതിനാറ് മണിക്കൂറുകളോളമാണ് അദ്ദേഹം കുമ്പസാരക്കൂട്ടില്‍ ചെലവഴിച്ചത്. അവസാനിക്കാത്ത ക്യൂ ആയിരുന്നു അദ്ദേഹത്തിന്റെ കുമ്പസാരക്കൂടുകള്‍ക്ക് മുമ്പിലുണ്ടായിരുന്നത്. ഇടവക വൈദികര്‍ക്ക് മാത്രമല്ല എല്ലാ വൈദികര്‍ക്കും അനുകരണീയമായ മാതൃകയായിരുന്നു വിശുദ്ധ ജോണ്‍ മരിയ വിയാനി.
1848 ല്‍ അദ്ദേഹം എഴുതിയ ദൈവസ്‌നേഹപ്രകരണങ്ങള്‍ ദൈവത്തോടുള്ള വിശുദ്ധന്റെ സ്‌നേഹത്തിന്റെ തീവ്രതയും അടുപ്പവും വ്യക്തമാക്കുന്നവയാണ്. ആ വരികളിലൂടെ കടന്നുപോകുമ്പോള്‍ നമ്മുടെ ഉള്ളിലും അത്തരമൊരു സ്‌നേഹം നിറയാന്‍ സഹായകമാകുമെന്ന പ്രതീക്ഷയോടെ ആ വാക്യങ്ങള്‍ പകര്‍ത്തട്ടെ:

ഓ എന്റെ ദൈവമേ ഞാനങ്ങയെ സ്‌നേഹിക്കന്നു. എന്റെ ഏക ആഗ്രഹം അവസാനശ്വാസം വരെ അങ്ങയെ സ്‌നേഹിക്കുക എന്നതാണ്. അനന്തമായ സ്‌നേഹത്തിന് അര്‍ഹനായ ദൈവമേ, അങ്ങയെ ഞാന്‍ സ്‌നേഹിക്കുന്നു. അങ്ങയെ സ്‌നേഹിക്കാതെ ഒരു നിമിഷം കൂടുതല്‍ ജീവിക്കുന്നതിനെക്കാള്‍ അങ്ങയെ സ്‌നേഹിച്ചുകൊണ്ട് മരിക്കാനാണ് ഞാനിഷ്ടപ്പെടുന്നത്. കര്‍ത്താവേ ഞാന്‍ അങ്ങയെ സ്‌നേഹിക്കുന്നു. അങ്ങയെ നിത്യമായി സ്‌നേഹിക്കാനുള്ള കൃപ മാത്രമേ ഞാന്‍ യാചിക്കുന്നുള്ളൂ.

‘ എന്‌റെ ദൈവമേ അങ്ങയെ സ്‌നേഹിച്ചുകൊണ്ടും സ്‌നേഹിക്കുന്നതായി എനിക്ക് അനുഭവപ്പെട്ടുകൊണ്ടും മരണമടയാനുള്ള കൃപാവരം നല്കണമേ. എന്റെ ദൈവമേ എന്റെ അന്ത്യത്തോട് അടുക്കുന്നതിന് അനുസൃതമായി അങ്ങയോടുള്ള എന്റെ സ്‌നേഹം വര്‍ദ്ധിക്കാനും പൂര്‍ണ്ണമാകാനും എന്നെ അനുഗ്രഹിക്കണമേ.’

ഓ എന്റെ ദൈവമേ ഞാനങ്ങയെ സ്‌നേഹിക്കുന്നു. അങ്ങയെ പൂര്‍ണ്ണമായി സ്‌നേഹിക്കാനുള്ള സൗഭാഗ്യം ലഭിക്കാനായി മാത്രമാണ് ഞാന്‍ സ്വര്‍ഗ്ഗഭാഗ്യം അഭിലഷിക്കുന്നത്. അനന്തനന്മയായ എന്റെ ദൈവമേ ഞാനങ്ങയെ സ്‌നേഹിക്കുന്നു. ഞാന്‍ നരകത്തെ ഭയപ്പെടുന്നത് അവിടെ അങ്ങയെ സ്‌നേഹിക്കുക എന്ന മധുരസാന്ത്വനം ഒരിക്കലും ലഭ്യമാകില്ലാത്തതുകൊണ്ടാണ്.’

എന്റെ ദൈവമേ അങ്ങയെ സനേഹിച്ചുകൊണ്ട് സഹിക്കാനും വേദന സഹിച്ചുകൊണ്ട് അങ്ങയെ സ്‌നേഹിക്കാനുമുളള കൃപ നല്കണമേ. എന്റെ ദിവ്യരക്ഷകാ ഞാനങ്ങയെ സ്‌നേഹിക്കുന്നു. എനിക്ക് വേണ്ടി അങ്ങ് ക്രൂശിക്കപ്പെട്ടതുകൊണ്ട് ഞാനങ്ങയെ സ്‌നേഹിക്കുന്നു. അങ്ങേക്കായി ക്രൂശിക്കപ്പെട്ടവനായി എന്നെ ഈ ലോകത്തില്‍ കാത്തുകൊളളുന്നതുകൊണ്ട് ഞാനങ്ങയെ സ്‌നേഹിക്കുന്നു.’



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.