ദിവ്യരക്ഷകനെ മനുഷ്യരൂപത്തില്‍ കണ്ടപ്പോള്‍ യൗസേപ്പിതാവ് അനുഭവിച്ച സന്തോഷങ്ങള്‍

ഉണ്ണീശോയുടെ ജനനസമയത്ത് വിശുദ്ധ യൗസേപ്പ് അനുഭവിച്ചത് സന്തോഷത്തിന്റെയും സന്താപത്തിന്റെയും സമ്മിശ്രവികാരങ്ങളാണെന്നാണ് സ്വകാര്യ വെളിപാടുകളില്‍ നിന്ന് മനസ്സിലാക്കാന്‍ കഴിയുന്നത്. നിലയ്ക്കാത്ത കണ്ണീര്‍പ്രവാഹം ജോസഫില്‍ നിന്നുണ്ടായതായും അവ വ്യക്തമാക്കുന്നു.

ഒരിടത്ത് രക്ഷകന്‍ പിറന്നതിലുള്ള സന്തോഷം. മറ്റൊരിടത്ത് ഏറ്റം ശോച്യമായ ദാരിദ്ര്യത്തില്‍ പിറന്നതോര്‍ത്തുളള സങ്കടം. ഉണ്ണിയേശു പിറന്ന ആ വിശുദ്ധരാത്രിയുടെ പവിത്രമായ യാമങ്ങളില്‍ ദിവ്യശിശുവിന്റെ രോദനം കേട്ട് ജോസഫ് ഉണരുകയായിരുന്നു. ആ സമയത്ത് ഉറങ്ങിപ്പോയതില്‍ ഖേദം അനുഭവപ്പെടുകയും ചെയ്തു. സൂര്യനെക്കാള്‍ തേജോമയനായി പ്രകാശത്തില്‍ വലയം ചെയ്യപ്പെട്ട് കിടക്കുന്ന ഉണ്ണിയേശുവിനെയാണ് ജോസഫ് കണ്ടത്.

ആ കാലിത്തൊഴുത്ത് മുഴുവന്‍ പ്രകാശപൂര്‍ണ്ണമായിരുന്നു. ഇതെല്ലാം കണ്ടുകൊണ്ട് സന്തോഷചിത്തനായ ജോസഫ് ദിവ്യശിശുവിന്റെ കാല്ക്കല്‍ സാഷ്ടാംഗപ്രണാമം ചെയ്ത് അല്പനേരം കിടന്നു. മണ്ണില്‍ പിറന്ന ലോകരക്ഷകനെ ആരാധിച്ചുകൊണ്ട് ജോസഫ് മണ്ണില്‍ തന്നെ കിടന്നു.ആ നേരം ജോസഫ് അനുഭവിച്ച സ്വര്‍ഗ്ഗീയപരമാനന്ദവും സമാധാനവും ജോസഫിന്റെ ഹൃദയത്തിന് വഹിക്കാമായിരുന്നതിലും വളരെ അപ്പുറത്തായിരുന്നു.
( കടപ്പാട്: വിശുദ്ധ യൗസേപ്പിതാവിന്റെ ആത്മീയജീവിതയാത്ര)



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.