വി. മത്തായി: വിളിയുടെ പൊരുളറിഞ്ഞവൻ

സുവിശേഷകനായ വിശുദ്ധ മത്തായിയുടെ തിരുനാൾ അഗോളസഭ ആചരിക്കുന്ന ദിവസമാണിന്ന്‌. ചുങ്കക്കാരനായിരുന്ന ലേവി, കർത്താവിന്റെ വിശുദ്ധമായ വിളികേൾക്കുകയും ആ വിളിയ്ക്ക്‌ ഏറ്റവും കൃത്യമായി പ്രത്യുത്തരിക്കുകയും ചെയ്തു എന്നത്‌ സുവിശേഷം നമ്മോട്‌ പറഞ്ഞുതരുന്നു.

ഈശോയുടെ ശിഷ്യനാകാനുള്ള ആഗ്രഹം പ്രകടിപ്പിക്കുന്നവരെ സുവിശേഷത്തിൽ നാം കാണുന്നുണ്ട്‌. എന്നാൽ യാതൊരുവിധത്തിലുമുള്ള ആഗ്രഹം പ്രകടിപ്പിച്ചതായി നാം വായിക്കുന്നില്ലാത്ത ലേവിയെ `എന്നെ അനുഗമിക്കുക` എന്നുമാത്രം പറഞ്ഞുകൊണ്ട്‌ കർത്താവ്‌ നേരിട്ട്‌ വിളിക്കുകയാണ്‌. അവൻ എഴുന്നേറ്റ്‌ യേശുവിനെ അനുഗമിച്ചു (മത്തായി 9:9). ജീവിതത്തിന്റെ ഏത്‌ ശ്രേണിയിൽ ഉള്ളവർക്കും തന്റെ ശിഷ്യനാകാൻ (ഈശോയെ അനുഗമിക്കാൻ) കഴിയും എന്നതിന്റെ മകുടോദാഹരണമാണ്‌ ചുങ്കക്കാരനായ ലേവിയെ വിളിക്കുന്നതിലൂടെ ഈശോ കാണിച്ചുതരുന്നത്‌. മത്തായിയെന്ന പുതിയ പേര്‌ ലേവിക്ക്‌ കൊടുക്കുന്നതിലൂടെ (മത്തായിയെന്ന നാമത്തിനർത്ഥം ദൈവസമ്മാനമെന്നാണ്‌) ഈശോ വെളിപ്പെടുത്തുന്ന ഒരു വലിയ യാഥാർത്ഥ്യമുണ്ട്‌, സമൂഹം വെറുക്കുകയും ഒറ്റപ്പെടുത്തുകയും ചെയ്യുന്ന ചുങ്കക്കാരിൽ ഒരുവനാണെങ്കിലും, വഴിമാറി നടക്കുമ്പോൾ എന്നും നീ ദൈവസമ്മാനമായിരിക്കും എന്ന ഓർമ്മപ്പെടുത്തൽ.

ചുങ്കസ്ഥലത്തായിരുന്നപ്പോൾ ഈശോയുടെ ക്ഷണംകേട്ട്‌ പുതിയൊരു യാത്ര തുടങ്ങിയ ലേവിയെക്കുറിച്ച്‌ എന്റെ തത്വശാസ്ത്ര പഠനകാലത്തെ റെക്ടറായിരുന്ന സഹോദരൻ ഫ്രാൻസീസ്‌ ക്രിസ്തി വട്ടക്കുഴി പറഞ്ഞുതന്നിട്ടുള്ള ഒരു ചിന്ത ഇന്നും എന്റെ മനസിലുണ്ട്‌, “പേര്‌ മാറ്റാൻ എളുപ്പമാണ്‌ എന്നാൽ പെരുമാറ്റം മാറ്റാനാണ്‌ ബുദ്ധിമുട്ട്‌. ഇവിടെ ലേവി മത്തായിയായി മാറി എന്നുമാത്രമല്ല അവൻ തന്റെ പെരുമാറ്റവും മാറ്റി. ചുങ്കക്കാരനായിരുന്നുകൊണ്ട്‌ കള്ളക്കണക്കുകൾ എഴുതിയിരുന്നവൻ കർത്താവിന്റെ സുവിശേഷം എഴുതുന്നവനായി രൂപാന്തരപ്പെട്ടു. ഇതാണ്‌ മാനസാന്തരം, ഇതാണ്‌ ശിഷ്യത്വം”. ലേവിയിൽ നിന്നും മത്തായിയിലേക്കുള്ള മാറ്റം ഒരു പേരുമാറിയെടുക്കൽ മാത്രമല്ലായിരുന്നെന്നും ശരിക്കും ദൈവം നമുക്കായി തന്ന സമ്മാനമായിരുന്നെന്നും കാലം തെളിയിച്ച സത്യമാണ്‌.

ഈശോയുടെ വിളിയിൽ എപ്പോഴും ഒരു ഉപേക്ഷയുടെ ആശയംകൂടി കടന്നുവരാറുണ്ട്‌, അതിനാൽ സ്വാഭാവികമായിട്ടും അവന്റെ ശിഷ്യരാകുന്നവർ എല്ലാം ഉപേഷിക്കുന്നവരാണ്‌ എന്ന പൊതുധാരണ അന്നും ഇന്നും നിലനിൽക്കുന്നുണ്ട്‌. പത്രോസ്‌ ഈശോയോട്‌ ചോദിച്ചത്‌ സുവിശേഷത്തിൽ നാമിപ്രകാരം വായിക്കുന്നുണ്ട്‌: “ഇതാ, ഞങ്ങൾ എല്ലാം ഉപേക്ഷിച്ച്‌ നിന്നെ അനുഗമിച്ചിരിക്കുന്നു. ഞങ്ങൾക്കെന്താണു ലഭിക്കുക”? (മത്തായി 19:27). പത്രോസും കൂട്ടരും എല്ലാം ഉപേക്ഷിച്ചവരാണ്‌, പക്ഷേ എന്താണ്‌ ഈ ഉപേക്ഷയുടെ ബാക്കിയായി ലഭിക്കുക എന്ന്‌ ചിന്തിച്ചിരുന്നവരാണവർ അല്ലെങ്കിൽ മറ്റെന്തെങ്കിലുമൊക്കെ ആഗ്രഹം ഉള്ളിൽ സൂക്ഷിച്ചിരുന്നവരാണവർ എന്ന്‌ ഈ വാക്കുകൾ വെളിപ്പെടുത്തുന്നുണ്ട്‌. പത്രോസിന്റെ `ഞങ്ങൾ` പറച്ചിലിൽ മത്തായിയും ഉൾപെട്ടിട്ടുണ്ടാകാൻ സാധ്യത കൂടുതലാണ്‌. എന്നാൽ ഈശോ അവർക്ക്‌ കൊടുക്കുന്ന ഉത്തരത്തിൽ മത്തായിക്ക്‌ കാര്യങ്ങൾ കൂടുതൽ വ്യക്തമായി എന്ന്‌ കരുതാനാണ്‌ എനിക്കിഷ്ടം. അതുപോലെ ഈശോ നൽകിയ ഈ ഉത്തരമാകാം സുവിശേഷമെഴുതാനുള്ള അടിസ്ഥാനമായി മാറിയത്‌ എന്ന്‌ ഞാൻ വിശ്വസിക്കുന്നു.

ചുങ്കക്കാരനായതിനാൽ ലേവി ധനികനായിരുന്നിരിക്കാനാണ്‌ സാധ്യത കൂടുതൽ. ഈശോ അവനെ വിളിക്കുമ്പോൾ കൂടുതൽ ധനമുണ്ടാക്കാനുള്ള വഴികളൊന്നും പറയുന്നില്ല. (പക്ഷേ പുതിയകാലത്തിന്റെ ക്രിസ്തുശിഷ്യരുടെ മനസ്സിൽ ധനസമ്പാദന വഴികൾക്കാണ്‌ കൂടുതൽ പ്രാധാന്യം എന്ന്‌ ചിലർ വിമർശിക്കുമ്പോൾ, ആത്മാർത്ഥമായി അല്ലായെന്ന്‌ പറയാൻ കഴിയാതെ പോകുന്നുണ്ട്‌). എന്നിട്ടും തലചായ്ക്കാൻ സ്വന്തമായൊരിടമില്ലാത്തവന്റെ പിന്നാലെ പോകാൻ അവൻ വൈമനസ്യം കാണിച്ചില്ല എന്നത്‌ ഇക്കാലഘട്ടത്തിൽ കൂടുതലായി ധ്യാനിക്കേണ്ട വിഷയമാണ്‌. വാഗ്ദാനങ്ങൾ കൊടുത്തും മോഹിപ്പിച്ചും ഈശോയുടെ ശിഷ്യരുടെ പുതുതലമുറയെ തേടുന്ന അനേകർ നമുക്കുചുറ്റും ഉണ്ടെന്നുള്ള വസ്തുത മൂടിവയ്ക്കാനാകാത്തതാണ്‌. ആയതിനാൽ ഉള്ളതെല്ലാം നഷ്ടപ്പെടുത്തി മത്തായിയായി മാറിയ ലേവിയെപ്പോലെ, ഒന്നും പ്രതീക്ഷിക്കാതെ ഈശോയെ അനുഗമിക്കാൻ പറ്റുമോ എന്നത്‌ കാലികമായി വിചിന്തനം ചെയ്യേണ്ട ഒരു ആശയം തന്നെയാണ്‌.

The Calling of St Mathew എന്ന പേരിൽ കരവാജോ (Caravaggio) വരച്ച ലോക പ്രശസ്തമായ ഒരു ചിത്രമുണ്ട്‌. ചുങ്കസ്ഥലത്ത്‌ മറ്റാളുകളുടെ ഒപ്പമായിരിക്കുമ്പോഴാണ്‌ ഈശോയുടെ വിളി അവനിലേക്കെത്തുന്നത്‌. ഒരു വലിയ പ്രകാശം അവന്റെ മുഖത്തേക്ക്‌ മാത്രം വരുന്നവിധത്തിലാണ്‌ കരവാജോ ഈ വിളി അടയാളപ്പെടുത്തിയിരിക്കുന്നത്‌. എല്ലാക്കാലത്തും കർത്താവിന്റെ വിളി ഏതൊരു വ്യക്തിയേയും പ്രകാശത്തിലേക്കാണ്‌ അടുപ്പിച്ചുനിർത്തുന്നത്‌ എന്നാണ്‌ ചിത്രകാരൻ സാക്ഷ്യപ്പെടുത്തുന്നത്‌. കർത്താവിൽ നിന്നുള്ള പ്രകാശം ഉള്ളിൽ നിറഞ്ഞാൽ മാത്രമേ അത്‌ അപരനിലേക്ക്‌ പ്രസരിപ്പിക്കാൻ സാധിക്കൂ. അവർക്കേ ഈശോയുടെ ശിഷ്യരാകാനും അവനെ അനുഗമിക്കാനും കഴിയൂ. കർത്താവിൽ നിന്നും ലഭിക്കുന്ന പ്രകാശമുള്ളവർ സുവിശേഷഭാഗ്യത്തിൽ പറയുന്നതുപോലെ സമാധാനം സ്ഥപിക്കുയും അവർ ദൈവപുത്രന്മാരെന്ന്‌ വിളിക്കപ്പെടുകയും ചെയ്യും (മത്തായി 5:9). അല്ലാത്തവർ വിഭാഗീയതയുടെ അപ്പസ്തോലന്മാരായി അറിയപ്പെടും.

മത്തായിയുടെ സുവിശേഷത്തിൽ ഇപ്രകാരം എഴുതിയിരിക്കുന്നത്‌ കാണാം: “സ്വർഗരാജ്യത്തിന്റെ ശിഷ്യനായിത്തീർന്ന ഓരോ നിയമജ്ഞനും, തന്റെ നിക്ഷേപത്തിൽനിന്നു പുതിയതും പഴയതും പുറത്തെടുക്കുന്ന വീട്ടുടമസ്ഥനു തുല്യൻ” (മത്തായി 13:52). ഈശോയുടെ ഈ വാക്കുകൾ മത്തായി തന്നെക്കുറിച്ചുതന്നെ എഴുതിയതായിട്ടും നമുക്ക്‌ വ്യാഖ്യാനിച്ചെടുക്കാൻ കഴിയും. കാരണം, പഴയ നിയമത്തിൽ രക്ഷകനെക്കുറിച്ച്‌ കൊടുത്തിട്ടുള്ള പ്രവചനങ്ങൾ ഏറ്റവും അധികം ഉപയോഗിച്ചിട്ടുള്ള സുവിശേഷകൻ മത്തായിയാണ്‌. അതായത്‌, ഈശോയെക്കുറിച്ച്‌ എഴുതപ്പെട്ടവയെല്ലാം മനസിലാക്കിയെടുക്കുകയും കൂടെനടന്നപ്പോൾ ഈശോയുടെ ജീവിതത്തിൽ സംഭവിക്കുന്നവയെല്ലാം എഴുതപ്പെട്ടവയുടെ പൂർത്തീകരണമാണെന്ന്‌ തിരിച്ചറിയുകയും അത്‌ കൃത്യമായി രേഖപ്പെടുത്തുകയും വലിയ ഒരു നിധിയായി നമുക്ക്‌ കൈമാറുകയും ചെയ്തവനാണ്‌ വിശുദ്ധ മത്തായി.

പകയുടേയും അപരവിദ്വേഷത്തിന്റേയും മതിലുകൾ ഉയർന്നുകൊണ്ടിരിക്കുന്ന നമ്മുടെ കാലത്തും, ഒരാൾക്ക്‌ ആത്മാർത്ഥമായി എങ്ങിനെ കർത്താവിനെ മനസിലാക്കി ജീവിക്കാനും, മനസിലാക്കിയത്‌ ലഭ്യമായിട്ടുള്ള സാധ്യതകളിലൂടെ കൈമാറാനും സാധിക്കും എന്നതിന്റെ ജീവിത സാക്ഷ്യമാണ്‌ വിശുദ്ധ മത്തായി. ഈ വിശുദ്ധൻ അറിയിച്ച കർത്താവിന്റെ സുവിശേഷത്തിലൂടെ നമുക്കും കുറച്ചുക്കൂടി കർത്താവിന്റെ അറിയാനും സ്നേഹിക്കാനും സാധിക്കട്ടെ. “മറ്റുള്ളവർ നിങ്ങൾക്കു ചെയ്തു തരണമെന്നു നിങ്ങൾ ആഗ്രഹിക്കുന്നതെല്ലാം നിങ്ങൾ അവർക്കു ചെയ്യുവിൻ. ഇതാണു നിയമവും പ്രവാചകൻമാരും” (മത്തായി 7:12). വിശുദ്ധ മത്തായിയുടെ തിരുനാൾ ദിനം സുവിശേഷത്തിലെ ഈ സുവർണവാക്യം നമുക്ക്‌ ഹൃദയത്തിൽ സൂക്ഷിക്കാം.

പോൾ കൊട്ടാരം കപ്പൂച്ചിൻമരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.
Leave A Reply

Your email address will not be published.