ആര്‍ക്കും സമീപിക്കാവുന്ന അലിവിന്റെ ആള്‍രൂപമാണ് അല്‍ഫോന്‍സാമ്മ: മാര്‍ ജേക്കബ് മുരിക്കന്‍

ഭരണങ്ങാനം: ആര്‍ക്കും സമീപിക്കാവുന്ന അലിവിന്റെ ആള്‍രൂപമാണ് അല്‍ഫോന്‍സാമ്മയെന്ന് പാലാ രൂപത സഹായമെത്രാന്‍ മാര്‍ ജേക്കബ് മുരിക്കന്‍. വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ തിരുനാളിന്റെ ആദ്യ ദിനത്തില്‍ കബറിടത്തിങ്കല്‍ കുര്‍ബാന അര്‍പ്പിച്ച് സന്ദേശം നല്കുകയായിരുന്നു അദ്ദേഹം.

സഹനത്തെ ആത്മീയ ഔഷധമാക്കാന്‍ അല്‍ഫോന്‍സാമ്മയ്ക്ക് കഴിഞ്ഞിരുന്നു. സഹനത്തെ പുഷ്പങ്ങള്‍ പോലെ കയ്യില്‍ വാങ്ങി മനോഹരമായി കോര്‍ത്തിണക്കിയാണ് അല്‍ഫോന്‍സാമ്മ ദൈവത്തിന് സമര്‍പ്പിച്ചത്. സഹനത്തോടുള്ള അമ്മയുടെ സമീപനമാണ് അല്‍ഫോന്‍സാമ്മയുടെ ആത്മീയതേജസിന്റെ രഹസ്യം. ലോകം ശ്രദ്ധിക്കുന്ന കാര്യങ്ങളൊന്നും അല്‍ഫോന്‍സാമ്മ ചെയ്തില്ല.

അതുകൊണ്ട് ജീവിതകാലത്ത് ലോകവും അമ്മയെ അധികം ശ്രദ്ധിച്ചില്ല. എന്നാല്‍ ദൈവം അമ്മയെ ശ്രദ്ധിച്ചിരുന്നു. അതുകൊണ്ടാണ് ഈ ലോകത്തില്‍ നിന്ന് അല്‍ഫോന്‍സാമ്മ മണ്‍മറഞ്ഞിട്ട് 75 വര്‍ഷം കഴിഞ്ഞിട്ടും ദൈവകൃപയുടെ വിതരണക്കാരിയായി ദൈവം അല്‍ഫോന്‍സാമ്മയെ ഇന്നും നിയോഗിച്ചിരിക്കുന്നത്.

ആധുനികയുഗത്തില്‍ ലോകത്തിന്റെ നേട്ടങ്ങള്‍ക്കായി അധികം വ്യഗ്രതപ്പെടാതെ സഹനത്തില്‍ ഭയപ്പെട്ടുപോകാതെ ദൈവഹിതം അന്വേഷിക്കാനാണ് അല്‍ഫോന്‍സാമ്മ നമ്മെ ക്ഷണിക്കുന്നതെന്നും മാര്‍ ജേക്കബ് മുരിക്കന്‍ പറഞ്ഞു.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.