ലണ്ടന്‍: ഫാ. സ്റ്റാന്‍ സ്വാമിയെ എത്രയും പെട്ടെന്ന് മോചിപ്പിക്കണമെന്ന് കോണ്‍ഫ്രന്‍സ് ഓഫ് ഇംഗ്ലണ്ട് ആന്റ് വെയില്‍സ് പ്രസിഡന്റ് കര്‍ദിനാള്‍ വിന്‍സെന്റ് നിക്കോള്‍സ് ഇന്ത്യാ ഗവണ്മെന്റിനോട് അഭ്യര്‍ത്ഥിച്ചു. മാവോയിസ്റ്റ് ബന്ധം ആരോപിച്ച 2020 ഒക്ടോബര്‍ ഒമ്പതിനാണ് 83 കാരനായ സ്റ്റാന്‍സ്വാമിയെ അറസ്റ്റ് ചെയ്തത്.
മനുഷ്യത്വപരമായ സാഹചര്യങ്ങള്‍ കണക്കിലെടുത്ത് ഫാ. സ്റ്റാന്‍ സ്വാമിക്ക് ജാമ്യം അനുവദിക്കണമെന്ന് ജനുവരി 26 ന് എഴുതിയ കത്തില്‍ കര്‍ദിനാള്‍ വിന്‍സെന്റ് നിക്കോള്‍സ് ആവശ്യപ്പെട്ടു. പാര്ക്കിന്സണ് രോഗിയായ വൈദികന് വസ്ത്രം ധരിക്കുന്നതിനും ഭക്ഷണംകഴിക്കുന്നതിന് പോലും പരസഹായം കൂടിയേ തീരൂ. അദ്ദേഹത്തിന്റെ ജീവിതം മുഴുവന്‍ ഇന്ത്യയിലെ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവര്‍ക്കും ദരിദ്രര്‍ക്കും ഭരണഘടനാപരമായ അവകാശങ്ങള്‍ നേടിക്കൊടുക്കുന്നതിന് വേണ്ടി പ്രതിജ്ഞാബദ്ധമായിരുന്നു. നിരവധി ഈശോസഭാ വൈദികര്‍ ഇതേ ലക്ഷ്യത്തിന് വേണ്ടി ജീവന് സമര്‍പ്പിച്ചിട്ടുണ്ട്. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ മുംബൈയിലെ ജയിലില്‍ കഴിയുന്നത് അദ്ദേഹത്തിന്റെ ജീവനും ഭീഷണിയാണ്. കത്തില്‍ പറയുന്നു. യുഎന്‍ പ്രതിനിധികള്‍ പ്രസ്തുതവിഷയത്തില്‍ കാണിക്കുന്ന താല്പര്യത്തെക്കുറിച്ചും കത്തില്‍ പറയുന്നുണ്ട്.
സിബിസിഐ, ഫെഡറേഷന് ഓഫ് ഏഷ്യന്‍ ബിഷപ്സ് കോണ്‍ഫ്രന്‍സ് , ഇന്ത്യയിലെ ഈശോസഭ തുടങ്ങി നിരവധി സഭാസംഘടനകളും പ്രവര്‍ത്തകരും ഫാ. സ്റ്റാന്‍ സ്വാമിയുടെ മോചനത്തിന് വേണ്ടി അഭ്യര്‍ത്ഥനകള്‍ ഉന്നയിച്ചിരുന്നു.
ഇന്ത്യയിലെ മൂന്ന് കര്‍ദിനാള്‍മാര്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ കണ്ട് സംസാരിച്ചപ്പോഴും ഈ വിഷയം ചര്‍ച്ച ചെയ്തിരുന്നു. സാഹചര്യം മനസ്സിലാക്കുന്നുവെന്നും എന്നാല്‍ ഗവണ്മെന്റിന് ഈ വിഷയത്തില്‍ ഇടപെടാന്‍ കഴിയില്ലെന്നുമായിരുന്നു പ്രധാനമന്ത്രിയുടെ പ്രതികരണം.