കാണാതായ വസ്തുക്കള്‍ വിശുദ്ധ അന്തോണീസിനോട് പ്രാര്‍ത്ഥിച്ചാല്‍ തിരികെ കിട്ടുന്നതിന്റെ പിന്നിലെ രഹസ്യം

പണമോ സ്വര്‍ണ്ണമോ മറ്റ് വസ്തുക്കളോ കാണാതെ പോയാലുടനെ നാം പ്രത്യേകമായി മാധ്യസ്ഥം തേടി പ്രാര്‍ത്ഥിക്കുന്ന വിശുദ്ധനാണ് അന്തോണീസ്. എന്തുകൊണ്ടാണ് അന്തോണീസിനെ ഇത്തരമൊരു കാര്യത്തിന് വേണ്ടി നാംപ്രത്യേകം സമീപിക്കുന്നത്. വിശുദ്ധന്റെ തന്നെ ജീവിതത്തിലെ ഒരു സംഭവമാണ് ഇതിന് കാരണം. പ്രസ്തുത സംഭവം ഇങ്ങനെയാണ്.

വളരെ നാളത്തെ കഠിനപ്രയത്‌നത്തിന്റെ ഫലമായി ഫാ. ആന്റണി എഴുതിയുണ്ടാക്കിയ ഒരു പുസ്തകത്തിന്റെ കയ്യെഴുത്തുപ്രതി മോഷ്ടിക്കപ്പെട്ടു. ഒരു യുവസന്യാസിയായിരുന്നു ഇതിന്റെ പിന്നില്‍. ഈ സംഭവം അച്ചനെ ഏറെ ദു:ഖിതനാക്കിയിരുന്നു. എന്നാല്‍ സംഭവിച്ചത് മറ്റൊന്നാണ്. മോഷ്ടിച്ച കയ്യെഴുത്തുപ്രതിയുമായി പോയ സന്യാസിയെ ഒരു ഭീകരരൂപം പിടികൂടി വഴിയില്‍ തടഞ്ഞുനിര്‍ത്തി. മാത്രവുമല്ല ഉടമയെ ഈ രേഖ തിരിച്ചേല്പിക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു.

സന്യാസി വേഗം തന്നെ പുസ്തകം അന്തോണിയച്ചനെ തിരികെയേല്പിച്ചു.
തനിക്ക് സാധനം നഷ്ടപ്പെട്ടപ്പോഴുണ്ടായ ഹൃദയവേദന മനസ്സിലാക്കിയ അന്തോണിയച്ചന്‍ സമാനമായ അവസ്ഥയിലൂടെ കടന്നുപോകുന്നവരെ ഇന്ന് സഹായിച്ചുകൊണ്ടിരിക്കുന്നു.

അത്ഭുതപ്രവര്‍ത്തകനായ വിശുദ്ധ അന്തോണീസേ,നഷ്ടപ്പെട്ടുപോയവ തിരികെ കണ്ടെത്തുവാനും വിലപിടിപ്പുള്ളവയൊരിക്കലും ഞങ്ങളില്‍ നിന്ന് നഷ്ടപ്പെട്ടുപോകാതിരിക്കാനും ഞങ്ങള്‍ക്കുവേണ്ടി മാധ്യസ്ഥം യാചിക്കണമേ.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.