മാതാവിനെക്കുറിച്ച് ധ്യാനിക്കാന്‍ ഇതാ ചില കാര്യങ്ങള്‍

എത്രപാടിയാലും മതിയാവാത്ത ഗാനവും എത്ര എഴുതിയാലും തീരാത്ത കവിതയുമാണ് പരിശുദ്ധ അമ്മ എന്നാണല്ലോ പറയപ്പെടുന്നത്. അതുകൊണ്ട് തന്നെ മാതാവിനെക്കുറിച്ച് എന്തെഴുതിയാലും വായിക്കാന്‍ ഇഷ്ടപ്പെടുന്ന ഒരുപാട് പേര്‍ നമ്മുടെ ഇടയിലുണ്ട്. ചിലപ്പോള്‍ നമുക്ക് പരക്കെ അറിയാവുന്ന കാര്യങ്ങള്‍ തന്നെയായിരിക്കും അത്. എങ്കിലും അമ്മയെക്കുറിച്ചാകുമ്പോള്‍ അക്കാര്യങ്ങള്‍ നമ്മെ ബോറടിപ്പി്ക്കുകയില്ല. കാരണം അത്രയ്ക്ക് ഇഷ്ടമാണ് നമുക്ക് നമ്മുടെ അമ്മയെ. അതുകൊണ്ട് അമ്മയെക്കുറിച്ചുള്ള ചില കാര്യങ്ങള്‍ ആവര്‍ത്തിക്കട്ടെ

പുതിയ നിയമത്തിലാണ് പരിശുദ്ധ മറിയമുളളത് എങ്കിലും അമ്മയെക്കുറിച്ച് പഴയനിയമത്തില്‍ തന്നെ പരാമര്‍ശമുണ്ട്. ഏശയ്യായുടെ പുസ്തകമാണ് ഇതിനെ സാധൂകരിക്കുന്നത്. ഏശയ്യ 7:14 അക്കാര്യമാണ് പറയുന്നത്. പഴയനിയമം മുതല്‍ മാതാവിനെക്കുറിച്ചുള്ള വിശ്വാസം പ്രബലമായിരുന്നുവെന്നാണ് ഇത് പറയുന്നത്.

ധീരയും ശക്തയുമായവളായിരുന്നു പരിശുദ്ധ അമ്മ. അമ്മയുടെ എളിമയെയും വിധേയത്വത്തെയും കുറിച്ച് പറയുമ്പോഴും അമ്മയുടെ ധൈര്യം പലപ്പോഴും പരാമര്‍ശവിധേയമാകാറില്ല. കാനായിലെ കല്യാണവീട്ടില്‍ ഈശോയോട് അമ്മ പറയുന്ന കാര്യങ്ങള്‍ അമ്മയിലെ ധീരതയുടെ കൂടി അടയാളമാണ്. അതുപോലെ കുരിശിന്‍ചുവട്ടില്‍ നിലയുറപ്പിക്കാനും അമ്മയ്ക്കു കഴിഞ്ഞു. ദൈവഹിതത്തിന് കീഴപ്പെടുമ്പോഴും വിശ്വാസത്തിന്റെ മാതാവാകുമ്പോഴും ധീരയും ശക്തയുമായിരുന്നു പരിശുദ്ധ അമ്മ.

എല്ലാ വിശുദ്ധരിലും വച്ച് വിശുദധയാണ് അമ്മ. പരിശുദ്ധ അമ്മയെ ഏറ്റവും വലിയ വിശുദ്ധയായിട്ടാണ് സഭ വണങ്ങുന്നത്. കാരണം ദൈവപുത്രനെ ലോകത്തിന് നല്കാനായി ദൈവം തിരഞ്ഞെടുത്തത് തന്നെ മറിയത്തിന്റെ വിശുദ്ധി കണക്കാക്കിയായിരുന്നുവല്ലോ.

ക്രിസ്തുവിന്റെ ജീവിതത്തിലെ പ്രധാനപ്പെട്ട വ്യക്തിയായിരുന്നു മറിയം. ക്രിസ്തുവിന്റെ ജീവിതവുമായി ബന്ധപ്പെട്ട എല്ലാ സംഭവങ്ങളിലും അമ്മയുടെ സാന്നിധ്യമുണ്ടായിരുന്നു.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.