ദൈവദാനമാണെന്ന ബോധ്യം പങ്കുവയ്ക്കലാവശ്യപ്പെടുന്നു: മാര്‍ ജോസ് പുളിക്കല്‍


ദുരിതാശ്വാസപദ്ധതി: നാല് ഭവനങ്ങളുടെ ശിലാസ്ഥാപനം നടത്തി

കാഞ്ഞിരപ്പള്ളി: സകലതും ദൈവദാനമാണെന്ന വിശ്വാസബോധ്യം പങ്കുവയ്ക്കുന്നതിന് നമ്മോടാവശ്യപ്പെടുമെന്ന് കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷന്‍ മാര്‍ ജോസ് പുളിക്കല്‍. കാഞ്ഞിരപ്പള്ളി രൂപതയുടെ പ്രളയദുരിതാശ്വാസ പദ്ധതിയായ റെയിന്‍ബോ-2021 പദ്ധതിയില്‍ ഫെഡറല്‍ ബാങ്ക് സഹകരണത്തില്‍ പുത്തന്‍കൊരട്ടിയില്‍ നിര്‍മ്മിക്കുന്ന നാല് ഭവനങ്ങളുടെ ശിലാസ്ഥാപനം നിര്‍വ്വഹിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സഹോദരങ്ങളുടെ ആവശ്യങ്ങളില്‍ ഉത്തരവാദിത്വബോധത്തോടെ പ്രതികരിക്കുവാന്‍ നമുക്കെല്ലാവര്‍ക്കും കടമയുണ്ടെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. പ്രളയത്തെത്തുടര്‍ന്ന് കാഞ്ഞിരപ്പള്ളി രൂപത ആരംഭിച്ച ഭൂനിധി പദ്ധതിയില്‍ ശ്രീ. ബെന്നി സ്രാകത്ത്, ശ്രീ. മാര്‍ട്ടിന്‍ സ്രാകത്ത് എന്നിവര്‍ സൗജന്യമായി നല്‍കിയ സ്ഥലത്താണ് പുത്തന്‍ കൊരട്ടിയില്‍ നാല് ഭവനങ്ങള്‍ ഫെഡറല്‍ ബാങ്ക് സഹകരണത്തില്‍ നിര്‍മ്മിക്കുന്നത്.

കാഞ്ഞിരപ്പള്ളി രൂപതയുടെ വിവിധ ഭാഗങ്ങളിലായി പ്രളയബാധിതര്‍ക്കായി രൂപത നിര്‍മ്മിച്ചു നല്‍കുന്ന 45 ഭവനങ്ങളുടെ നിര്‍മ്മാണവും ക്രമീകരണങ്ങളും പുരോഗമിക്കുകയാണ്.  പുത്തന്‍കൊരട്ടിയില്‍ നടന്ന ശിലാസ്ഥാപന കര്‍മ്മത്തില്‍ രൂപതാ വികാരി ജനറാള്‍ ഫാ. ബോബി അലക്‌സ് മണ്ണംപ്ലാക്കല്‍, ഫെഡറല്‍ ബാങ്ക് വൈസ് പ്രസിഡന്റും പാലാ റീജണല്‍ ഹെഡുമായ മാനുവല്‍ മാത്യു, ബാങ്ക് അസിസ്റ്റന്റ് വൈസ് പ്രസിഡന്റും കാഞ്ഞിരപ്പള്ളി ബ്രാഞ്ച് ഹെഡുമായ ജോസ് ഫ്രാന്‍സീസ്, ഫാ. വര്‍ഗ്ഗീസ് പുതുപ്പറമ്പില്‍, ഫാ.തോമസ് വലിയപറമ്പില്‍, ഫാ.ജോര്‍ജ്ജ് തെരുവുംകുന്നേല്‍, ഫാ.ജോസഫ് ചക്കുംമൂട്ടില്‍, സ്രാകത്ത് കുടുംബാംഗങ്ങള്‍, ശിവാനി കണ്‍സ്ട്രക്ഷന്‍സ് മേധാവി ഷൈജു, പരിസരവാസികള്‍ എന്നുവര്‍ പങ്കെടുത്തു.

ഫോട്ടോ അടിക്കുറിപ്പ്
റെയിന്‍ബോ പദ്ധതിയില്‍ പുത്തന്‍കൊരട്ടിയില്‍ നിര്‍മ്മിക്കുന്ന ഭവനങ്ങളുടെ ശിലാസ്ഥാപന കര്‍മ്മത്തില്‍ മാര്‍ ജോസ് പുളിക്കല്‍ കാര്‍മ്മികത്വം വഹിക്കുന്നു.

ഫാ.സ്റ്റാന്‍ലി പുള്ളോലിക്കല്‍
പി.ആര്‍.ഓ
കാഞ്ഞിരപ്പള്ളി രൂപത



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.