ഇതാ കര്‍ഷകര്‍ക്ക് ആശ്വാസമായി തൃശൂര്‍ ബിഷപ്‌സ് ഹൗസില്‍ ഒരു കര്‍ഷകചന്ത

തൃശൂര്‍: ലോക്ക് ഡൗണ്‍ ഏറ്റവും അധികം ബാധിച്ചിരിക്കുന്ന ഒരു വിഭാഗമാണ് കര്‍ഷകര്‍. അവരുടെ ഉല്പന്നങ്ങള്‍വാങ്ങാനോ വിറ്റഴിക്കാനോ ആരുമില്ലാത്ത സാഹചര്യം. പലരും ആത്മഹത്യയുടെ വക്കിലാണ് കഴിഞ്ഞുകൂടുന്നത്. ഈ അവസരത്തിലാണ് കര്‍ഷകരെ രക്ഷിക്കാനായി തൃശൂര്‍ അതിരൂപതയുടെ സാമൂഹ്യസേവന വിഭാഗമായ സാന്ത്വനത്തിന്റെ നേതൃത്വത്തില്‍ കര്‍ഷകരെ സഹായിക്കാനായി ബിഷപ്‌സ് ഹൗസില്‍ ഹരിതസാന്ത്വനം എന്ന പേരില്‍ പച്ചക്കറി ചന്ത ആരംഭിച്ചിരിക്കുന്നത്. ഡയറക്ടര്‍ ഫാ. ജോയ് മൂക്കനാണ് ഇതിന് നേതൃത്വം നല്കുന്നത്.

അട്ടപ്പാടിയിലെ കര്‍ഷകരെ രക്ഷിക്കാനായി ആരംഭിച്ച ഹരിതസാന്ത്വനം വൈകാതെ തൃശൂര്‍ ജില്ലയിലെ കൃഷിക്കാര്‍ക്കും ആശ്വാസമായിത്തീരുകയായിരുന്നു. അതനുസരിച്ച് അവരുടെ ഉല്പന്നങ്ങള്‍ വാങ്ങി ചെലവിനുള്ള തുകമാത്രമെടുത്ത് ആണ് ആവശ്യക്കാര്‍ക്ക് വിറ്റഴിക്കുന്നത്.

കര്‍ഷകര്‍ മാര്‍ക്കറ്റുകളില്‍ ഉല്പന്നങ്ങള്‍ വില്പനയ്‌ക്കെത്തിച്ചാല്‍ കമ്മീഷന്‍ വരെ കൊടുക്കേണ്ട സാഹചര്യത്തിലാണ് അപ്പപ്പോള്‍ പണം നല്കി കര്‍ഷകരെ സാന്ത്വനം പറഞ്ഞയ്ക്കുന്നത്. ഇടനിലക്കാരില്ലാതെ ഉല്‍പ്പന്നങ്ങളുടെ വില മുഴുവനായും കര്‍ഷകര്‍ക്ക് ലഭിക്കുകയും ചെയ്യും.

ജൈവവിളകള്‍ക്കും നാളികേരം, വാഴക്കുല എന്നിവകള്‍ക്കും വലിയ ഡിമാന്റാണുള്ളത്. ആഴ്ചയില്‍ രണ്ടുദിവസം മാത്രം നടത്തിയിരുന്ന ചന്ത ഡിമാന്‌റ് കൂടുകയും കര്‍ഷകരുടെ ദുരിതം വര്‍ദ്ധിക്കുകയും ചെയ്ത സാഹചര്യത്തില്‍ ഞായറാഴ്ചയൊഴികെ എല്ലാ ദിവസവും ഇപ്പോള്‍ പ്രവര്‍ത്തിച്ചുവരുന്നു.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.

Leave A Reply

Your email address will not be published.