ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ പ്രഥമ അഡ്‌ഹോക്ക് പാസ്റ്ററൽ കൗൺസിൽ നിലവിൽ വന്നു

ബിർമിങ്ങ്ഹാം: ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപത രൂപീകൃതമായി നാല് വർഷം പൂർത്തിയായപ്പോൾ തന്നെ രൂപതയിലെ വൈദികരെയും, സന്യസ്തരെയും, അല്മായ പ്രതിനിധികളെയും ഉൾപ്പെടുത്തികൊണ്ടു നൂറ്റി അറുപത്തി ഒന്ന് പ്രതിനിധികൾ ഉൾപ്പെട്ട രൂപത പാസ്റ്ററൽ കൗൺസിൽ രൂപീകൃതമായി. കോവിഡിന്റെ പശ്ചാത്തലത്തിൽ സർക്കാർ നിർദേശങ്ങൾ അനുസരിച്ചു കൊണ്ട് വീഡിയോ കോൺഫറൻസിലൂടെ നടന്ന പ്രഥമ പാസ്റ്ററൽ കൗൺസിൽ സമ്മേളനത്തിൽ വച്ച് രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ ആണ് അഡ്‌ഹോക് പാസ്റ്ററൽ കൗൺസിൽ നിലവിൽ വന്നതായുള്ള പ്രഖ്യാപനം നടത്തിയത്. മുൻ സുപ്രീം കോടതി ജസ്റ്റിസ് കുര്യൻ ജോസഫ് സമ്മേളനത്തിൽ മുഖ്യാതിഥി ആയിരുന്നു . പ്രഥമ അഡ്‌ഹോക്ക് കമ്മറ്റിയുടെ സെക്രെട്ടറിയായി ലിവർപൂൾ ഔർ ലേഡി ക്വീൻ ഓഫ് പീസ് ഇടവക അംഗം റോമിൽസ് മാത്യുവിനേയും, ജോയിന്റ് സെക്രെട്ടറിയായി മിഡിൽസ് ബറോ സെന്റ് എലിസബത്ത് മിഷനിൽ നിന്നുള്ള ജോളി മാത്യുവിനേയും നിയമിച്ചു.

സഭയെ കെട്ടിപ്പടുക്കുക എന്ന ദൗത്യമാണ് ഓരോ അല്മയന്റെയും ധർമ്മം. തീർഥാടകയായ സഭയുടെ ആ ദൗത്യത്തിൽ സഭാ ഗാത്രത്തോട് ചേർന്ന് നിന്ന് ദൃശ്യവും സ്പർശ്യവുമായ രീതിയിൽ ഓരോരുത്തരും ആയിരിക്കുന്ന ജീവിത സാഹചര്യങ്ങളിൽ ജീവിക്കുന്ന മാതൃകകളാകുക എന്നതാണ് ഓരോ അല്മായന്റെയും ദൗത്യവും കടമയുമെന്നും ജസ്റ്റിസ് കുര്യൻ ജോസഫ് പറഞ്ഞു. സീറോ മലബാർ സഭയുടെ ആരാധനാക്രമത്തിലും, വിശ്വാസാചാരാനുഷ്ഠാനങ്ങളിലും, പാരമ്പര്യങ്ങളിലും ഉള്ള അന്യാദൃശ്യമായ സൗന്ദര്യം മനസിലാക്കി വരും തലമുറകളിലേക്ക് അത് കൈമാറി നൽകുവാനും അതിലൂടെ സഭയെ കെട്ടിപ്പടുക്കുവാനും ഉള്ള വലിയ വിളി ഏറ്റെടുത്തു നടപ്പിലാക്കുക എന്നത് ഓരോ അല്മായന്റെയും കടമയും ഉത്തരവാദിത്വവും ആണെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.

സീറോ മലബാർ സഭ അംഗങ്ങൾ എന്ന നിലയിൽ ആഗോള സഭയെ ശക്തിപ്പെടുത്താനുള്ള വലിയ ഉത്തരവാദിത്വം ആണ് യു കെ യുടെ പ്രത്യേക സാഹചര്യത്തിൽ ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയിൽ നിക്ഷിപ്‌തമായിരിക്കുന്നതെന്നു രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ തന്റെ ഉത്‌ഘാടന പ്രസംഗത്തിൽ പറഞ്ഞു. വിശ്വാസത്തിൽ ഉള്ള ഉറപ്പും പ്രത്യാശ നിറഞ്ഞ ജീവിതവും സഭാ ആധ്യാത്മികതയിൽ ഉള്ള ആഴപ്പെടലും വഴി പരസ്പര സ്നേഹത്തിൽ രൂപതയേയും സഭയെയും കെട്ടിപ്പടുക്കാനും അതുവഴി നവ സുവിശേഷ വൽക്കരണത്തിന്റെ വക്താക്കൾ ആകാനും പുതിയ പാസ്റ്ററൽ കൗൺസിലിന് കഴിയട്ടെ എന്നും പിതാവ് പറഞ്ഞു.

രൂപത പ്രോട്ടോ സിഞ്ചെല്ലൂസ് മോൺ. ആന്റണി ചുണ്ടെലിക്കാട്ട് സമ്മേളനത്തിന് സ്വാഗതം ആശംസിച്ചു. ചാൻസിലർ റെവ.ഡോ. മാത്യു പിണക്കാട്ട് പാസ്റ്ററൽ കൗൺസിലിന്റെ പ്രവർത്തന രീതികൾ വിശദീകരിച്ചു. വികാരി ജനറാൾമാരായ റെവ. ഫാ. ജോർജ് ചേലക്കൽ, റെവ. ഫാ. ജിനോ അരീക്കാട്ട്, റെവ.ഫാ. സജിമോൻ മലയിൽ പുത്തൻപുര, വൈസ് ചാൻസിലർ റെവ. ഫാ. ഫാൻസ്വാ പത്തിൽ, റോമിൽസ് മാത്യു , ജോളീ മാത്യു തുടങ്ങിയവർ സമ്മേളനത്തിന് ആശംസകൾ അർപ്പിച്ചു സംസാരിച്ചു.

Thank you,

Fr Tomy Adattu

PRO, Syro-Malabar Eparchy of Great Britainമരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.

Leave A Reply

Your email address will not be published.