പ്രലോഭനങ്ങളെ എങ്ങനെ അതിജീവിക്കാം?


ഓരോ ദിവസവും പ്രലോഭനങ്ങളിലൂടെ കടന്നുപോകുന്നവരാണ് നാം ഓരോരുത്തരും. അതും എത്രയോ തരം പ്രലോഭനങ്ങള്‍.

ആഗ്രഹങ്ങളായും തോന്നലുകളായും കാഴ്ചകളായും ഓരോരോ പ്രലോഭനങ്ങള്‍. എല്ലായ്‌പ്പോഴും നമുക്ക് അതിനെ അതിജീവിക്കാന്‍ കഴിയണം എന്നില്ല. ഒഴിവാക്കി കടന്നുപോകാന്‍ സാധിക്കണം എന്നുമില്ല. ദേഷ്യം, അസൂയ, ലൈംഗിക ചിന്തകള്‍, സ്വാര്‍ത്ഥത എന്നിവയും നമ്മെ ഓരോരോ പ്രലോഭനങ്ങളായി പിടികൂടാറുണ്ടല്ലോ. ഇവയില്‍ നിന്നെല്ലാം നമുക്ക് എങ്ങനെയാണ് പുറത്തുകടക്കാന്‍ കഴിയുന്നത്?

വിശുദ്ധര്‍ക്ക് പോലും പ്രലോഭനങ്ങളുണ്ടായിരുന്നു എന്നാല്‍ അതിനെ അവര്‍ വീരോചിതമായി നേരിട്ടു. ഒരാള്‍ അയാളുടെ തന്നെ ഗുരുവാകുന്നതാണ് ഏറ്റവും നല്ല വിദ്യാഭ്യാസം.

അതുകൊണ്ട് ആദ്യം ചെയ്യേണ്ടത് ഒരാള്‍ അയാളുടെ തന്നെ ഗുരുവാകുക എന്നതാണ്.അതിനാദ്യം നമ്മുടെ ഉളളിലുള്ളവന്‍ പുറമെയുള്ളവനെക്കാള്‍ ശക്തനാണ് എന്ന് വിശ്വസിക്കണം. ഓരോ പ്രലോഭനങ്ങളെയും നമുക്ക് അതിജീവിക്കാന്‍ കഴിയും എന്ന് വിശ്വസിക്കണം.

നാം നമ്മെത്തന്നെ മനസ്സിലാക്കുക. പ്രലോഭനങ്ങള്‍ കടന്നുവരുന്നത് വിവേകിയായ ഒരു മനുഷ്യന് മുന്‍കൂട്ടി തിരിച്ചറിയാന്‍ കഴിയും. ചിന്തയായോ കാഴ്ചയായോ ആഗ്രഹമായോ അത് കടന്നുവരുമ്പോഴേ നാം നമ്മോട് തന്നെ ഇങ്ങനെ പറയുക. ഞാന്‍ ആ വിചാരത്തെക്കാള്‍, ആ ആഗ്രഹത്തെക്കാള്‍ ശക്തനാണ്. എനിക്ക് അങ്ങനെയൊരു കഴിവുണ്ട്. ഞാന്‍ അതിനെ അതിജീവിക്കുക തന്നെ ചെയ്യും.

ദുര്‍ബലപ്പെട്ടുനില്ക്കുന്നവനെ തോല്പിക്കാന്‍ എളുപ്പമാണ്. തോറ്റോടുന്നവനെ ശത്രു പുറകെ ചെന്ന് പരാജയപ്പെടുത്താറുണ്ടല്ലോ. അതുകൊണ്ട് തോറ്റാടാതെ പ്രലോഭനങ്ങള്‍ക്ക് മുമ്പില്‍ നിവര്‍ന്ന് നിന്ന് അതിനെ തുരത്താന്‍ ശ്രമിക്കുക. ഇത്തരമൊരു ആത്മധൈര്യം നേടിയെടുക്കുന്നതിന് പ്രാര്‍ത്ഥന ഏറെ അത്യാവശ്യമാണ്.

ദൈവത്തിന്റെസഹായമോ പ്രവൃത്തിയോ ഇല്ലാതെ ഇത്തരം സന്ദര്‍ഭങ്ങളെ കടന്നുപോകാന്‍ കഴിയില്ലെന്ന് നാം ആദ്യം മനസ്സിലാക്കണം. ദൈവത്തെ സഹായകനായി വിളിക്കുക. അവിടുത്തോട് സഹായം ചോദിക്കുക ദൈവവചനത്തിന്റെ ശക്തിയാല്‍ പ്രലോഭനങ്ങളെ നേരിടാനും കീഴടക്കാനും കഴിയും. ദൈവത്തിനു വിധേയരാകുവിൻ ; പിശാചിനെ ചെറുത്തുനിൽക്കുവിൻ; അപ്പോൾ അവൻ നിങ്ങളിൽ നിന്ന് ഓടി അകന്നുകൊള്ളും (യാക്കോബ് 4 :7 ) എന്ന വചനത്തിൽ ആശ്രയിക്കാം

ചുരുക്കത്തില്‍ ആത്മധൈര്യം, പ്രാര്‍ത്ഥന, ദൈവസഹായം എന്നിവയാല്‍ പ്രലോഭനങ്ങളെ അതിജീവിക്കാന്‍ കഴിയും. അതിനൊക്കെ മുമ്പ് ആദ്യം വേണ്ടത് ഞാന്‍ പ്രലോഭനങ്ങളെ കീഴടക്കുമെന്ന ദൃഢനിശ്ചയം തന്നെ.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.
Leave A Reply

Your email address will not be published.