വത്തിക്കാന്‍ സിറ്റി: കൃതജ്ഞതാപ്രകടനം ക്രിസ്തീയ ജീവിതത്തിന്റെ ആധികാരികമായ നാഴികക്കല്ലാണെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. എല്ലാത്തിനും മീതെ ഒരിക്കലും നന്ദി പറയാന്‍ മറക്കരുത്.
നാം നന്ദിയുടെ വാഹകരാവുകയാണെങ്കില്‍ ലോകം അതില്‍ തന്നെ കൂടുതല്‍ മികച്ചതായിത്തീരും. അത് ചിലപ്പോള്‍ തീരെ ചെറുതായിരിക്കും എങ്കിലും പ്രത്യാശയുടെ കിരണം പ്രസരിപ്പിക്കാന്‍ അത് ധാരാളം മതിയാവും. ഈ ലോകത്തിന് പ്രത്യാശ അത്യാവശ്യമാണ്. നന്ദിയോടുകൂടിയ പ്രത്യാശ. നന്ദിപറയുന്ന ശീലത്തിലൂടെ നാം പ്രത്യാശയാണ് കൈമാറ്റം ചെയ്യുന്നത്. എല്ലാം സംയോജിതവും എല്ലാം പരസ്പര ബന്ധിതവുമാണ്. നാം എവിടെയായാലും ഇക്കാര്യം ഓരോരുത്തരും നിര്‍വഹിക്കേണ്ടത് അത്യാവശ്യമാണ്.
പൊതുദര്‍ശന വേളയില്‍ സന്ദേശം നല്‍കുകയായിരുന്നു പാപ്പ. ഈ വര്‍ഷത്തെ അവസാനത്തെ പൊതുദര്‍ശന വേളയായിരുന്നു ഇത്. വിശുദ്ധ ലൂക്കായുടെ സുവിശേഷം 17;11-19 ആസ്പദമാക്കിയായിരുന്നു പാപ്പയുടെ വചനസന്ദേശം. പത്തുകുഷ്ഠരോഗികളെ ക്രിസ്തു സൗഖ്യപ്പെടുത്തിയ സുവിശേഷഭാഗം പരാമര്‍ശിച്ചുകൊണ്ട് പാപ്പ പറഞ്ഞു.
ലോകത്തെ രണ്ടായി തിരിക്കാം. നന്ദി പറയുന്നവരും പറയാത്തവരും. ചിലര്‍ എല്ലാം സ്വീകരിക്കുന്നത് തങ്ങള്‍ക്ക് അവകാശമുള്ളരീതിയിലാണ്. എന്നാല്‍ വേറെ ചിലരാകട്ടെ സമ്മാനവും കൃപയും ആയിട്ടും. കാറ്റിക്കിസം ഓഫ് ദ കാത്തലിക് ചര്‍ച്ച് പറയുന്നത് കൃതജ്ഞതാപ്രകടനം പ്രാര്‍ത്ഥനയുടെ രൂപം തന്നെയെന്നാണ്. ആരാധനയും നിവേദനവും മധ്യസ്ഥപ്രാര്‍ത്ഥനയും പോലെ പ്രാര്‍ത്ഥനയുടെ രൂപം തന്നെയാണ് അതും. യൂക്കറിസ്റ്റ് എന്ന ഗ്രീക്ക് വാക്കിന്റെ അര്‍ത്ഥം നന്ദി എന്നാണെന്നും പാപ്പ നിരീക്ഷിച്ചു.