തിരുവനന്തപുരം മേജര്‍ അതിരൂപത നവതി ആഘോഷം ഇന്നു മുതല്‍

തിരുവനന്തപുരം: മലങ്കര സുറിയാനി കത്തോലിക്കാസഭ ഹയരാര്‍ക്കി 90 ാം വര്‍ഷത്തിലേക്ക്. നവതിയാഘോഷങ്ങളുടെ ഉദ്ഘാടനം കോവിഡ് നിയന്ത്രണങ്ങള്‍ക്ക് വിധേയമായി ഇന്ന് രാവിലെ സഭയുടെ പ്രഥമ ദേവാലയവും 1932 ല്‍ ഹയരാര്‍ക്കി സ്ഥാപന വിളംബര കല്‍പ്പന വായിക്കപ്പെട്ട തിരുവനന്തപുരം പാളയം സമാധാന രാജ്ഞി ബസിലിക്കയില്‍ നടക്കും. ഉച്ചകഴിഞ്ഞ് മൂന്നിന് നവതി ആഘോഷങ്ങളുടെ ഉദ്ഘാടനം കാതോലിക്കാബാവ നിര്‍വഹിക്കും. ഇതിനോട് ചേര്‍ന്ന് ദിവ്യകാരുണ്യ ആരാധനയും നവതി ലോഗോ പ്രകാശനവും നടക്കും.

1932 ജൂണ്‍ 11 ന് പതിനൊന്നാം പീയൂസ് മാര്‍പാപ്പ ക്രിസ്‌തോ പാസ്‌തോരും പ്രിന്‍ചിപ്പി എന്ന അപ്പസ്‌തോലിക രേഖ വഴി തിരുവനന്തപുരം മേജര്‍ അതിരൂപതയും തിരുവല്ല രൂപതയും സ്ഥാപിതമായി. മലങ്കര സുറിയാനി കത്തോലിക്കാസഭയുടെ തലവനും തിരുവനന്തപുരം അതിരൂപതാ അധ്യക്ഷനുമായി ആര്‍ച്ച് ബിഷപ് മാര്‍ ഈവാനിയോസ് നിയമിതനായി.

2005 ഫെബ്രുവരി 10 ന് വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ മലങ്കര സുറിയാനി കത്തോലിക്കാസഭയെ മേജര്‍ ആര്‍ക്കി എപ്പിസ്‌ക്കോപ്പല്‍ സഭയായി ഉയര്‍ത്തിയപ്പോള്‍ തിരുവനന്തപുരം അതിരൂപത മേജര്‍ അതിരൂപതയായി ഉയര്‍ത്തപ്പെട്ടു. ഒമ്പതു വൈദികജില്ലകളിലായി 217 ഇടവകകളും മിഷന്‍ കേന്ദ്രങ്ങളും നിരവധി ഉന്നതവിദ്യാഭ്യാസ പൊതുവിദ്യാഭ്യാസ ആരോഗ്യ ജീവകാരുണ്യ കേന്ദ്രങ്ങളും ഇന്ന് തിരുവനന്തപുരം മേജര്‍ അതിരൂപതയിലുണ്ട്.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.