ക്രിസ്തുവിന്റെയും മാതാവിന്റെയും വെളുത്ത രൂപങ്ങള്‍ തകര്‍ക്കാന്‍ ആഹ്വാനം, അമേരിക്കയില്‍ ദേവാലയങ്ങള്‍ക്ക് നേരെയുള്ള അക്രമങ്ങള്‍ തുടരുന്നു

വാഷിംങ്ടണ്‍: ജോര്‍ജ് ഫ്‌ളോയിഡ് എന്ന കറുത്തവര്‍ഗ്ഗക്കാരന്റെ കൊലപാതകവുമായി ബന്ധപ്പെട്ട വംശീയ കലാപങ്ങള്‍ ഇപ്പോഴും കെട്ടടങ്ങിയിട്ടില്ല എന്ന് വാര്‍ത്തകള്‍ വ്യക്തമാക്കുന്നു. ഇതിനകം നിരവധി ദേവാലയങ്ങള്‍ ആക്രമിക്കപ്പെട്ടു. വിശുദ്ധ ജൂനിപ്പെറോ സേറയുടെ രൂപത്തിന് നേരെ ആക്രമണം നടന്നത് കഴിഞ്ഞ ദിവസമാണ്.

അതിനിടയില്‍ ക്രിസ്തുവിന്റെയും മാതാവിന്റെയും വിശുദ്ധരുടെയും വെള്ളനിറത്തിലുള്ള രൂപങ്ങള്‍ മുഴുവനും തകര്‍ക്കണമെന്ന് ആക്ടിവിസ്റ്റ് ഷൗന്‍ കിങ് ആഹ്വാനം ചെയ്തിരിക്കുകയാണ്. ആ രൂപങ്ങള്‍ വെള്ള മേല്‍ക്കോയ്മയെ പ്രതിനിധാനം ചെയ്യുന്നുവെന്നാണ് വിശദീകരണം.

മനുഷ്യനെ പോലെ ദൈവം ഒരിക്കലും നിറത്തിന്റെ പേരില്‍ വിഭജനങ്ങള്‍ സൃഷ്ടിക്കുന്നില്ല എന്ന് ചിലര്‍ ഇതിനോട് പ്രതികരിക്കുന്നു. മാത്രവുമല്ല പരിശുദ്ധ കന്യാമറിയം വിവിധ സ്ഥലങ്ങളില്‍ പ്രത്യക്ഷപ്പെട്ടപ്പോള്‍ തദ്ദേശവാസികളുടെ രൂപത്തിലാണ് പ്രത്യക്ഷപ്പെട്ടിരുന്നതെന്നും അവര്‍ വിശദീകരിക്കുന്നു. ഗാഡ്വെലൂപ്പെ, അക്കിത്ത, ലൂര്‍ദ്ദ് എന്നിവിടങ്ങളിലെ പ്രത്യക്ഷീകരണങ്ങളും ഉദാഹരിക്കുന്നു.

നമ്മുടെ രാജ്യത്തിന് ഇപ്പോള്‍ ഭൂതോച്ചാടനമാണ് ആവശ്യമെന്ന് വിഷയത്തില്‍പ്രതികരണവുമായി ഭൂതോച്ചാടകനായ മോണ്‍. സ്റ്റീഫന്‍ മോസി രംഗത്ത് എത്തിയിട്ടുണ്ട്. നമ്മുടെ സമൂഹത്തെ ബാധിച്ചിരിക്കുന്ന സാത്താനിക മനോഭാവത്തിന്റെ പ്രതിഫലനമാണ് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത്. കോപം,വിദ്വേഷം, അക്രമാസക്തി ഇവയെല്ലാം സാത്താന്‍ ബാധയുടെ തെളിവുകളാണ്. ഇത്തരം അടയാളങ്ങള്‍ നമ്മുടെ രാജ്യത്ത് ഭീകരവാദം വളര്‍ത്തുമെന്നും അദ്ദേഹം പറയുന്നു.

അമേരിക്കയില്‍ നിറത്തിന്റെ പേരിലുള്ള വംശീയ കലാപങ്ങള്‍ക്ക് അന്ത്യംകുറിക്കാനും സമാധാനം പുന:സ്ഥാപിക്കാനുമായി നമുക്കും പ്രാര്‍ത്ഥിക്കാം.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.