വേളാങ്കണ്ണി പള്ളിയിലെ മരിയന്‍ വിശേഷങ്ങള്‍

പരിശുദ്ധ കന്യാമറിയത്തിന്റെ ഇന്ത്യയിലെ ഏറ്റവും വലിയ തീര്‍ത്ഥാടനകേന്ദ്രമാണ് വേളാങ്കണ്ണി. ബംഗാള്‍ ഉള്‍ക്കടലിന്റെ തീരത്ത് തമിഴ്‌നാട്ടിലെ നാഗപ്പട്ടണത്തിനടുത്താണ് ഈ ദേവാലയം സ്ഥിതി ചെയ്യുന്നത്. വേളാങ്കണ്ണിപള്ളിയിലെ മാതാവിനെ ആരോഗ്യമാതാവ് എന്നാണ് വിളിക്കുന്നത്. മോരുവില്പ്പനക്കാരനായ ഒരു മുടന്തന്‍ ബാലന് മാതാവ് ദര്‍ശനം നല്കിയെന്നും പിന്നീട് അവന്‍ ആരോഗ്യവാനായെന്നുമാണ് വിശ്വാസം. ഇതേതുടര്‍ന്നാണ് മാതാവിന് ആരോഗ്യമാതാവ് എന്ന വിശേഷണം നല്കിയത്. മോരുവില്പ്പനക്കാരന്റെ മുതലാളി അവന്റെ നിര്‍ദ്ദേശമനുസരിച്ച് ഓലമേഞ്ഞ പള്ളി സ്ഥാപിച്ചതാണ് വേളാങ്കണ്ണിയിലെ ആദ്യ ദേവാലയം.

1500-1600 കാലത്താണ് നിര്‍മ്മാണമെന്നും കരുതുന്നു. ബംഗാള്‍ ഉള്‍ക്കടലിലെ കടല്‍ക്ഷോഭത്തില്‍പെട്ട ഒരു കപ്പല്‍ അത്ഭുതകരമായി രക്ഷപ്പെടുകയും വേളാങ്കണ്ണിതീരത്തേക്ക് അടുക്കുകയും ചെയ്തു. ഇതിന്റെ സ്മരണയ്ക്കായി പുതിയൊരു ദേവാലയം പണിതു. 17 ാം നൂറ്റാണ്ടിലായിരുന്നു ഇത്. 1962 ല്‍ വേളാങ്കണ്ണി പള്ളിയെ മൈനര്‍ ബസിലിക്കയായി ഉയര്‍ത്തി. കിഴക്കിന്റെ ലൂര്‍ദ്ദ് എന്നാണ് വേളാങ്കണ്ണി അറിയപ്പെടുന്നത്. മഞ്ഞപ്പട്ടുടുത്തുനില്ക്കുന്ന മാതാവിന്റെയും ഉണ്ണിയേശുവിന്റെയും പ്രതിഷ്ഠ പോര്‍ച്ചുഗീസുകാരാണ് നടത്തിയതെന്നും വിശ്വസിക്കപ്പെടുന്നു.

വേളാങ്കണ്ണി മാതാവേ ഞങ്ങള്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കണമേ.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.