അഞ്ചാം ദിവസം-24-02-2022-വിശുദ്ധ ലൂയിസ് ഡി മോൺഫോർട്ടിന്റെ ക്രമമനുസരിച്ചുള്ള ദൈവമാതാവിന്റെ വിമല ഹൃദയ പ്രതിഷ്ടാ ഒരുക്കം

==========================================================================

33 ദിവസത്തെ സമ്പൂർണ വിമലഹൃദയ പ്രതിഷ്ഠക്കുള്ള നിർദ്ദേശങ്ങൾ വായിക്കുവാൻ ഇവിടെ ക്ലിക് ചെയ്യുക

ആദ്യ പന്ത്രണ്ട് ദിവസങ്ങളിലെ വിമലഹൃദയ പ്രതിഷ്ഠ ഒരുക്ക പ്രാർത്ഥനകൾ വായിക്കുവാൻ ഇവിടെ ക്ലിക് ചെയ്യുക

==========================================================================

അഞ്ചാം ദിവസം

ആദ്യഘട്ടം – ലോകാരൂപിയെ ഉപേക്ഷിക്കുക

താഴെ നൽകിയിരിക്കുന്ന വിമലഹൃദയ പ്രതിഷ്ഠാ ഒരുക്ക വായനകളും വിചിന്തനവും (ഓരോരുത്തരും തങ്ങളുടെ സമയലഭ്യതയും സാഹചര്യവുമനുസരിച്ച് ഒരുമിച്ചോ വിഭജിച്ചോ വായിക്കുക)

1. ക്രിസ്താനുകരണ വായന

മനുഷ്യന് സ്വന്തമായി യാതൊരു നന്മയുമില്ല യാതൊന്നിലും അവനു അഭിമാനിക്കാനുമില്ല.

ശിഷ്യൻ:
1. കർത്താവെ, അങ്ങ് മനുഷ്യനെ ഓർക്കുവാൻ അവനെന്താണ്? മനുഷ്യസന്നിധിയിൽ അങ്ങയുടെ ശ്രദ്ധ പതിയുവാൻ അവനാര്? അങ്ങേ ദിവ്യാവരം മനുഷ്യന് നൽകാൻ അവനു എന്ത് യോഗ്യതയാണുള്ളത്?
കര്ത്താവേ, അങ്ങ് എന്നെ ഉപേക്ഷിക്കുന്നെങ്കിൽ ഞാനെന്തിന് ആവലാതിപ്പെടുന്നു? ഞാൻ ചോദിക്കുന്നത് അങ്ങ് തരുന്നില്ലെങ്കിൽ എന്തവകാശവാദമാണ് ന്യായമായി എനിക്ക് ചെയ്യാവുന്നത്?
എനിക്കുചോദിക്കാവുന്നതും പറയാവുന്നതും ഇപ്രകാരമാണ് ; കർത്താവെ ഞാൻ ശൂന്യതയാണ് ; എനിക്കൊന്നും ചെയ്‍വാൻ കഴിവില്ല. എന്നിൽ നന്മയായി യാതൊന്നുമില്ല. ഞാൻ സർവ്വത്തിലും ന്യൂനതയുള്ളവനാണ് ; സാദാ ശൂന്യതയിലേക്ക് നീങ്ങികൊണ്ടിരിക്കയാണ്.
അങ്ങെന്നെ തുണച്ചു ആധ്യാത്മികോപദേശം നല്കുന്നില്ലെങ്കിൽ ഞാൻ മന്ദനും പാപിയുമായിത്തീരും.

2. കർത്താവേ! ‘അങ്ങ് എന്നും ഒരുപോലെതന്നെ’ അങ്ങ് നിത്യനും സദാനല്ലവനും നീതിമാനും പരിശുദ്ധനുമാകുന്നു. അങ്ങ് സർവവും നന്നായും നീതിയോടും പരിശുദ്ധിയോടും കൂടെ നിർവഹിക്കുന്നു. സർവ്വവും വിജ്ഞാനപൂർവം പരിഹരിക്കുന്നു.
മുന്നോട്ടു പോകുന്നതിനേക്കാളധികമായി പിന്നോട്ട് പോകാനാണ് എനിക്ക് പ്രേരണ ; ഒരസ്ഥിതിയിൽ ഞാൻ നില്കുന്നില്ല. ഏഴു കാലഭേദങ്ങൾ എന്നിലുണ്ടാകുന്നുണ്ടല്ലോ.
എങ്കിലും അങ്ങ് കനിഞ്ഞു സഹായഹസ്തം നീട്ടുകയാണെങ്കിൽ എന്റെ നില ഉടനടി ആശ്വസകരമായിത്തീരും.

3️⃣ എനിക്ക് എന്തെങ്കിലും വിജയമുണ്ടെങ്കിൽ അതിന്റെയൊക്കെ ഉറവിടം അങ്ങാണ് ;അങ്ങേക്ക് സ്തുതി. ഞാനോ എന്നാൽ മായയാണ് ;അങ്ങയുടെ മുൻപിൽ ശൂന്യതമാത്രം. ദുർബലനും അസ്ഥിരനുമായ മനുഷ്യൻ!
എനിക്ക് അഭിമാനിക്കാൻ എന്താണുള്ളത്? ഞാൻ എന്തിനു പ്രശംസ അന്വേഷിക്കുന്നു? എന്റെ ശൂന്യതയെക്കുറിച്ചാണ് അഭിമാനിക്കുന്നതെങ്കിൽ അത് എത്രയും നിരർത്ഥകമാണ്.
ദുരഭിമാനം തീർച്ചയായും ഒരു ദുര്ഘടവസന്തയാണ്. മഹാമായിത്തന്നെ. അത് യഥാർത്ഥ മഹത്വത്തിൽ നിന്ന് നമ്മെ അകറ്റുന്നു; സ്വർഗ്ഗീയവരങ്ങൾ നമ്മിൽ നിന്ന് എടുത്തു മാറ്റുകയും ചെയ്യുന്നു. തന്നിൽത്തന്നെ സംതൃപ്തനായ മനുഷ്യൻ അങ്ങയെ വെറുപ്പിക്കുന്നു. മനുഷ്യരുടെ പ്രശംസകൾ ഒരുത്തൻ ആഗ്രഹിക്കാൻ തുടങ്ങുമ്പോൾ യാഥാർത്ഥപുണ്യങ്ങൾ അവനിൽ നിന്ന് എടുത്തു നീക്കുന്നു.

4️⃣ തന്നിൽത്തന്നെ മഹത്വം തേടുന്നതല്ല, അങ്ങയിൽ മഹത്വം തേടുന്നതാണ് യഥാർത്ഥ മഹത്വവും പരിശുദ്ധമായ ആനന്ദവും. സ്വന്തം സുകൃതംങ്ങളിൽ ആനന്ദം കൊള്ളുന്നതിലല്ല അങ്ങയുടെ നാമത്തിൽ ആനന്ദിക്കുന്നതിലും അങ്ങയിലല്ലാതെ യാതൊരു സൃഷ്ടിയിലും സന്തോഷം തേടാതിരിക്കുന്നതിലുമാണ് പരിപാവനമായ ആനന്ദം.
എന്റെ നാമമല്ല അങ്ങയുടെ തിരുനാമം സ്തുതിക്കപ്പെടണം എന്റെ പ്രവർത്തിക്കളല്ല, അങ്ങയുടെ പ്രവർത്തികൾ പ്രകീർത്തിക്കപ്പെടണം. അങ്ങയുടെ പരിശുദ്ധനാമം വാഴ്ത്തപ്പെടട്ടെ. മനുഷ്യരുടെ പ്രശംസകൾ എനിക്ക് ഒട്ടും വേണ്ട. അങ്ങ് എന്റെ മഹത്വവും ഹൃദയത്തിന്റെ ആനന്ദവുമാകുന്നു.
അങ്ങയിൽ ഞാൻ ദിവസം മുഴുവൻ മഹത്വം തേടും ;ആഹ്ലാദിച്ചാനന്ദിക്കും എന്നെ സംബന്ധിച്ചിടത്തോളം എന്റെ ബലഹീനതകളിൽ ഞാൻ അഭിമാനം കൊള്ളും.

5️⃣ മനുഷ്യരിൽ നിന്ന് ചിലർ മഹത്വം തേടുന്നു; ഞാൻ ദൈവത്തിൽ നിന്ന് മാത്രം മഹത്വം അന്വേഷിക്കുന്നു.
മാനുഷികമഹത്വമഖിലവും ലൗകികബഹുമാനങ്ങളും പ്രാപഞ്ചികപ്രശസ്തിയും അങ്ങ് നൽകുന്ന നിത്യ മഹത്വത്തോട് താരതമ്യപ്പെടുത്തുമ്പോൾ മായയും മൗഢ്യവുമാണ്.
സത്യവും കാരുണ്യവുമായ എന്റെ ദൈവമേ ! പരിശുദ്ധ ത്രിത്വമേ ! അങ്ങേക്കുമാത്രം സ്തുതിയും ബഹുമാനവും ശക്തിയും ബഹുമാനവും എന്നേക്കും ഉണ്ടായിരിക്കട്ടെ.

വിചിന്തനം.

എന്റെ സ്വാഭാവിക മലിനതകൾ ഞാൻ അറിയുന്നു. അതിസ്വാഭാവികമായ നന്മകൾക്ക് അവ എന്നെ അനർഹനാക്കുന്നു. സർവവും ഇല്ലായ്മയിൽ നിന്ന്‌ സൃഷ്‌ടിച്ച ദൈവത്തിന്റെ കാരുണ്യത്തിൽ ഞാൻ ആശ്രയിക്കുന്നു. എന്റെ ശൂന്യത ഞാൻ മനസ്സിലാക്കിയാൽ പോരാ ;എന്റെ ബലഹീനതകളെയും ഞാൻ നന്നായി ഗ്രഹിക്കണം. എന്നാൽ യാതൊരു ശരണവും വെക്കാതെ വിനയപൂർവം ദൈവത്തിൽ ശരണം വെക്കണം. അവിടുത്തേക്കു ഒന്നും അസാധ്യമല്ലല്ലോ.

പ്രാർത്ഥിക്കാം.

എന്റെ യഥാർത്ഥ സ്ഥിതി അറിഞ്ഞു എന്നെ സഹായിക്കാൻ സന്മനസ്സുള്ള എന്റെ ദൈവമേ ! എന്റെ കഷ്ടതകളിൽ നിന്ന്‌ എന്റെമേൽ കൃപയുണ്ടാകണമേ. സ്വാർത്ഥതയിൽ നിന്ന്‌ എന്നെ അകറ്റിനിർത്തുക; എല്ലാ സൃഷ്ടവസ്തുക്കളിലും നിന്ന്‌ എന്നെ ഉയർത്തിപ്പിടിക്കുക. എന്നെത്തന്നെ ഉപേക്ഷിച്ചു അങ്ങയെ അന്വേഷിക്കുവാൻ എനിക്ക് കൃപചെയ്യണമേ.
ആമേൻ.
അനുസ്മരണവിഷയം:

എന്റെ ബലഹീനതകളിൽ മാത്രം ഞാൻ അഭിമാനം കൊള്ളും.

അഭ്യാസം.

ലൗകികബഹുമാനങ്ങളിൽ നിന്നും പ്രാപഞ്ചിക പ്രശംസകളിൽ നിന്നും അകന്നുപോകുക ; അവയൊക്കെ മായയാണ്.

2. യഥാര്‍ത്ഥ മരിയഭക്തിയിൽ നിന്നുള്ള വായന
വി.ലൂയിസ് ഡി മോൺഫോര്‍ട്ട്
.

പരിശുദ്ധാത്മാവ് പരിശുദ്ധ മറിയത്തോട് പറയുന്നത്

പരിശുദ്ധാത്മാവ് തനിക്കായി തെരഞ്ഞെടുത്തവരെ മറിയത്തിലും മറിയം വഴിയും രൂപീകരിക്കാന്‍ ആഗ്രഹിച്ചു കൊണ്ട് അവളോട് പറഞ്ഞു: സ്‌നേഹഭാജനമേ, എന്റെ മണവാട്ടി, എന്റെ തെരഞ്ഞെടുക്കപ്പെട്ടവരില്‍ നിന്റെ പുണ്യങ്ങളുടെ വേരുകള്‍ നീ ഉറപ്പിക്കുക’ (പ്രഭാ. 24. 13). അവര്‍ അതുവഴി പുണ്യങ്ങളിലും കൃപാവരത്തിലും ഉപര്യുപരി അഭിവൃദ്ധി പ്രാപിക്കട്ടെ. ഏറ്റവും ഉത്കൃഷ്ടമായ സുകൃതങ്ങള്‍ അഭ്യസിച്ചു നീ ലോകത്തില്‍ ജീവിച്ചപ്പോള്‍ ഞാന്‍ നിന്നില്‍ അതിയായി സംപ്രീതനായി. സ്വര്‍ഗത്തില്‍ ഇന്ന് ആനന്ദം അനുഭവിക്കുന്ന നീ സ്വര്‍ഗത്തിലായി കൊണ്ട് ഭൂമിയിലും പുണ്യങ്ങളുടെ സൗരഭ്യം പരത്തി ജീവിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. അതു കൊണ്ട് എന്റെ തെരഞ്ഞെടുക്കപ്പെട്ടവരില്‍ നീ നിന്നെ തന്നെ ആവിഷ്‌കരിക്കുക.

നിന്റെ സുശക്തമായ വിശ്വാസവും അഗാധമായ എളിമയും നിരന്തരമായ ഇന്ദ്രിയ നിഗ്രവും വിശിഷ്ടമായ പ്രാര്‍ത്ഥനയും തീക്ഷണമായ സ്‌നേഹവും ദൃഢമായ ശരണവും മറ്റു സകല പുണ്യങ്ങളും ഞാന്‍ അവരില്‍ കണ്ട് നിര്‍വൃതി അടയട്ടെ. മറിയമേ, നീ എന്നും എന്റെ മണവാട്ടിയാണ്. നീ നിര്‍മലയാണ്. വിശ്വസ്തയാണ്. നീ എന്നും ഫലം ചൂടി നില്‍ക്കുന്നവളാണ്. നിന്റെ വിശ്വാസം വിശ്വാസികളെയും നിന്റെ നൈര്‍മല്യം കന്യകകളെയും നിന്റെ സമൃദ്ധി തെരഞ്ഞെടുക്കപ്പെട്ടവരെയും എന്റെ ആലയങ്ങളുമായവരെയും ഒരുക്കട്ടെ’.

മറിയം ഒരാത്മാവില്‍ പ്രവര്‍ത്തനം ആരംഭിക്കുമ്പോള്‍ അവള്‍ക്കു മാത്രം സാധിക്കുന്ന കൃപാവരത്തിന്റെ വിസ്മയകരമായ അത്ഭുതങ്ങള്‍ അവിടെ സംഭവിച്ചു തുടങ്ങും. കാരണം, മറിയം മാത്രമേ സര്‍വ സമൃദ്ധിയും നിറഞ്ഞവളായിട്ടുള്ളൂ. നൈര്‍മല്യത്തിലും സമൃദ്ധിയിലും അവള്‍ക്ക് തുല്യരായി ആരും ഉണ്ടായിട്ടില്ല. ഇനി ഉണ്ടാവുകയും ഇല്ല.

പരിശുദ്ധാത്മാവിനോട് സഹകരിച്ചു കൊണ്ട് മറിയം ഇതുവരെ ഉണ്ടായിട്ടുള്ളതും ഇനി ഉണ്ടാകുകയില്ലാത്തതുമായ മഹത്തമമായ ഒന്നിനെ ഉത്പാദിപ്പിച്ചു – ദൈവമനുഷ്യനെ മാത്രമല്ല, യുഗാന്തത്തിലും ഉത്കൃഷ്ടരായ വിശുദ്ധരെ അവള്‍ തന്നെയാണ് ജനിപ്പിക്കേണ്ടത്. ലോകാവസാനത്തില്‍ ഉണ്ടാകാനിരിക്കുന്ന എല്ലാ മഹാവിശുദ്ധരുടെയും ശിക്ഷണവും രൂപവല്‍ക്കരണവും സര്‍വശക്തന്‍ അവള്‍ക്കായി മാറ്റിവച്ചിരിക്കുകയാണ്. എന്തു കൊണ്ടെന്നാല്‍, അതുല്യവും അദ്ഭുതകരവുമായ സൃഷ്ടിയായ മറിയത്തിന് മാത്രമേ പരിശുദ്ധാത്മാവിനോടുള്ള ഐക്യത്തില്‍ അതുല്യവും അസാധാരണവുമായവ പുറപ്പെടുവിക്കാന്‍ കഴിയൂ.

മറിയം അവിഭക്ത മണവാട്ടി

പരിശുദ്ധാത്മാവ്, തന്റെ വധുവായ മറിയത്തെ ഒരാത്മാവില്‍ ദര്‍ശിക്കുമ്പോള്‍ അവിടുന്ന് അവിടെ പറന്നെത്തുകയായി. തന്റെ മണവാട്ടിക്ക് ഔന്നത്യമേറിയ സ്ഥാനം ലഭിക്കത്തക്ക വിധത്തില്‍ അവിടുന്ന് ആ ആത്മാവിനോട് പൂര്‍ണമായി ഐക്യപ്പെടുകയും അതിന് സമൃദ്ധമായി തന്റെ ദാനവരങ്ങള്‍ നല്‍കുകയും ചെയ്യുന്നു. പരിശുദ്ധാത്മാവ് ആത്മാക്കളില്‍ വിസ്മയകരമായ അത്ഭുതങ്ങള്‍ പ്രവര്‍ത്തിക്കുന്നില്ലെങ്കില്‍ അതിന് ഒരു പ്രധാനകാരണം തന്റെ വിശ്വസ്തയും അവിഭക്തയുമായ മണവാട്ടിയോടുള്ള ഗാഢമായ ഐക്യം അവരില്‍ ദര്‍ശിക്കാത്തതാണ്.

അതേ, മറിയം ഒരു അവിഭക്ത മണവാട്ടിയാണ്. എന്തെന്നാല്‍, പിതാവിന്റെയും പുത്രന്റെയും സ്‌നേഹം തന്നെയായ പരിശുദ്ധാത്മാവ് തെരഞ്ഞെടുക്കപ്പെട്ടവരുടെ ശിരസ്സായ ക്രിസ്തുവിന് രൂപം നല്‍കാനും ക്രിസ്തുവിനെ തെരഞ്ഞെടുക്കപ്പെട്ടവരില്‍ രൂപപ്പെടുത്താനും മറിയത്തെ വധുവായി സ്വീകരിച്ച ക്ഷണം മുതല്‍ അവളെ ഒരിക്കലും നിരാകരിച്ചിട്ടില്ല. കാരണം, അവള്‍ എന്നെന്നും വിശ്വസ്തയും ഫലം നല്‍കുന്നവളുമാണ്.

.3. വിമലഹൃദയപ്രതിഷ്ഠാ ഒരുക്ക ധ്യാനവും വിചിന്തനവും.

പാപകാരണങ്ങൾ വർജിക്കണം

പാപത്തിനെതിരായുള്ള പോരാട്ടത്തിൽ നിങ്ങൾക്ക് ഇനിയും രക്തം ചൊരിയേണ്ടി വന്നിട്ടില്ല ” ( ഹെബ്രാ 12:1)

ആമുഖം

പാപത്തിന്റെ വേര് നശിപ്പിക്കുന്നതുപോലെതന്നെ അടിയന്തരാവശ്യമാണ് പാപം ആവർത്തിക്കുന്നതിന് ഇടയാക്കിയേക്കാവുന്ന പാപകാരണങ്ങൾ ബോധപൂർവം വെടിയുക എന്നതും . പാപസാഹചര്യങ്ങൾ നിശ്ചയദാർഢ്യത്തോടെ ത്യജിക്കാത്തവരാണ് ഉപേക്ഷിച്ച പാപം വീണ്ടും വീണ്ടും ചെയ്യുന്നത് . മാനസാന്തരത്തിന് അവർ തയ്യാറല്ല എന്നതാണ് അതിനർഥം . പാപകാരണങ്ങൾ വർജിക്കാത്തവർക്ക് താക്കീത് ഇത്തരക്കാരെ ദൈവവചനം വളരെ കർക്കശഭാഷയിലാണ് കുറ്റ പ്പെടുത്തുന്നത് : ” നമ്മുടെ കർത്താവും രക്ഷകനുമായ യശുക്രിസ്തു വിനെക്കുറിച്ചുള്ള അറിവു മൂലം അവർ ലോകത്തിന്റെ മാലിന്യങ്ങളിൽനിന്നു രക്ഷപ്രാപിച്ചശേഷം , വീണ്ടും അവയിൽ കുരുങ്ങുകയും അവയാൽ തോല്പിക്കപ്പെടുകയും ചെയ്യുന്നെങ്കിൽ , അവരുടെ അന്ത്യസ്ഥിതി ആദ്യത്തേതിനെക്കാൾ മോശമായിരിക്കും . കാരണം , തങ്ങൾക്കു ലഭിച്ച വിശുദ്ധ കല്പനയെക്കുറിച്ച് അറിഞ്ഞിട്ട് അതിൽനിന്ന് പിന്മാറുന്നതിനെ ക്കാൾ അവർക്കു നല്ലത് , നീതിയുടെ വഴിയെക്കുറിച്ച് അറിയാതിരിക്കുക യായിരുന്നു , നായ് ഛർദിച്ചതുതന്നെ വീണ്ടും ദക്ഷിക്കുന്നു . കുളിച്ച പന്നി ചെളിയിൽ വീണ്ടും ഉരുളുന്നു ” ( 2പത്രോസ് 2 , 20 – 22 ) ,

പാപകാരണങ്ങളായ വ്യക്തികളിൽനിന്നകലണം

പാപകാരണങ്ങളിൽ പ്രധാനമായത് ചില വ്യക്തികളാണ് . അവരുമായുള്ള ദമ്ബർക്കം പിശാചിനു പ്രവേശിക്കാനുള്ള ഒരു വാതിലായി മാറിയിട്ടുണ്ട്. അഴുക്കിൽ ഈച്ചയെന്നപോലെ ഈ ദുഷിച്ച സംസർഗത്തിൽ സാത്താൻ വസിക്കുന്നു . തിന്മ ചെയ്യുന്ന കാര്യത്തിൽ മറ്റൊരു വ്യക്തിയോടും തോന്നാത്ത സ്വാതന്ത്യം ചില വ്യക്തികളോട് തോന്നുന്നെങ്കിൽ അവർ ഒരു കെണിതന്നെയാണ് – പിശാച് ഒരുക്കിവച്ചിരിക്കുന്ന കണി – മദ്യപന്മാർ , ലഹരിവസ്തുക്കൾ ഉപയോഗിക്കുന്നവർ , അക്രമ പ്രവർത്തനങ്ങളിലേർപ്പെടുന്നവർ , പ്രണയിച്ച് വ്യക്തികൾ , അസാന്മാർഗികൾ , അശുദ്ധ സംഭാഷണത്തിലും പ്രവർത്തനങ്ങളിലും മുഴുകുന്നവർ , ഭൗതിക വാദികൾ , വിശ്വാസം നഷ്ടപ്പെടുത്തിയവർ , പാഷണ്ഡതക്കാർ . ഇവരൊക്കെ യഥാർഥ പാപകാരണങ്ങൾ തന്നെയാണ് .

മദ്യപാനകൂട്ടാളികളുമായി സംസർഗമരുത്

മദ്യപാനം നിറുത്താൻ ബുദ്ധിയുടെ തീരുമാനമുണ്ടെങ്കിലും പഴ യകാല മദ്യപാന ജീവിതം മൂലം സ്വഭാവത്തിൽ രൂഢമൂലമായിക്കിടക്കുന്ന മദ്യാസക്തി , മദ്യപാന കൂട്ടുകാർ എന്ന അനുകൂല സാഹചര്യത്തിൽ ഉണരും . രക്തത്തിൽ അലിഞ്ഞുചേർന്നിരിക്കുന്ന മദ്യമോഹം മദ്യകൂട്ടുകാരുടെ സഹവാസം ആളിക്കത്തിക്കും . മദ്യപാനകൂട്ടാളികളുമായുള്ള സകലവിധ സംസർഗങ്ങളും പരിച്ഛേദം ഉപേക്ഷിക്കുകയാണ് ശാശ്വത പരിഹാരം .

പ്രണയത്തിലെ പങ്കാളിയുമായുള്ള ബന്ധം വിഛേദിക്കണം

പ്രണയിച്ച വ്യക്തിയുമായി ദീർഘകാലത്തെ കൂട്ടുകെട്ടുമൂലം അപകടകരമായ ഒരു സ്വാതന്ത്ര്യം വളർന്നുവന്നിട്ടുള്ളത് വളരെ ശക്തമായ പാപകാരണമാകും . പ്രണയത്തിലുള്ളത് യഥാർഥ സ്നേഹമല്ല , കാമ വികാരം മാത്രമാണെന്നും പ്രണയം ഹൃദയ സമാധാനവും പ്രാർഥനാജീ വിതവും കുടുംബബന്ധങ്ങളും ഉത്തരവാദിത്വബോധവും സർവോപരി ജീവിത വിശുദ്ധിയും നശിപ്പിക്കുമെന്നും തിരിച്ചറിഞ്ഞ് ഉപക്ഷിക്കുക മാത്രമാണ് രക്ഷയ്ക്കുള്ള വഴി .

ലഹരി ഉപയോഗിക്കുന്നവരുമായുള്ള സമ്പർക്കമരുത്

ലഹരി ഉപയോഗിക്കുന്ന മറ്റൊരാളുടെ സാന്നിധ്യം ഉളളിൽ അട ങ്ങിക്കിടക്കുന്ന ലഹരി ആസക്തി തട്ടിയുണർത്തുമെന്നു മാത്രമല്ല , അത് ആവർത്തിക്കാനുള്ള ശക്തമായ പ്രചോദനവും ധൈര്യവും വർധിപ്പിക്കാം . “ അതിനാൽ , വലത്തുകണ്ണ് നിനക്ക് പാപകാരണമാകുന്നെങ്കിൽ അത് ചുഴന്നെടുത്ത് എറിഞ്ഞുകളയുക ” ( മത്താ 5 , 29 ) എന്ന വചനമനുസരിച്ച് അവരോട് തുടർന്നു പുലർത്തുന്ന നിഷ്കളങ്ക സൗഹൃദംപാലും കാലാ ന്തരത്തിൽ അപകടകരമാകും . അതിനാൽ ലഹരിപങ്കാളികളിൽനിന്ന് പൂർണമായി ഒഴിഞ്ഞുനില്ക്കണം .

അസാന്മാർഗികളോട് കൂട്ടുകൂടരുത്

വിശുദ്ധ ജീവിതം നയിക്കുന്നവരുമായുള്ള കൂട്ടുകെട്ട് വിശുദ്ധിയിലേക്ക് നമ്മെ നയിക്കുന്നതുപോലെ അസാന്മാർഗികളുമായുള്ള കൂട്ടുകെട്ട് നമ്മെ സ്വാഭാവികമായും അസാന്മാർഗിക ത യിലേക്ക് നയിക്കും . അശ്ലീലം സംസാരിക്കുന്നവർ , അശ്ലീല കാഴ്ച്ചകൾക്കോ അശ്ലീല പ്രവർത്തനങ്ങൾക്കോ പ്രരിപ്പിക്കുന്നവർ , കൂട്ടുകൂടി മേച്ഛപ്രവ്യ ത്തികൾ ചെയ്യാൻ ലജ്ജയില്ലാത്തവർ എന്നിവരൊക്കെ പിശാചിന്റെ ഏജന്റുമാർ തന്നെയാണ് . ഇത്തരം വ്യക്തികളുമായുള്ള സമ്പർക്കം പോലും ഇല്ലാതാക്കണം .

അവിശ്വാസികളിൽ നിന്നകന്നു നില്ക്കണം

വിശ്വാസം നഷ്ടപ്പെടുത്തിയവരുടെയും ഭൗതികവാദികളുടെയും പാഷണ്ഡതക്കാരുടെയും അബദ്ധസിദ്ധാന്തങ്ങൾ ഖണ്ഡിക്കാനുള്ള പ്രാപ്തിയും അറിവും നാം പ്രാപിച്ചു കഴിഞ്ഞിട്ടില്ലാത്തതിനാൽ അവരു മായുള്ള എല്ലാ സംവാദങ്ങളും ഒഴിവാക്കുന്നതാണ് വിവേകം .

പാപഹേതുക്കളായ വ്യക്തികളോട് യാതൊരു സമ്പർക്കവുമരുത്

ഇത്തരം “ സുഹൃത്തുക്കളി ” ൽനിന്ന് പൂർണമായി വേർപിരിയണം എന്നുതന്നെയാണ് പരിശുദ്ധാത്മാവ് തരുന്ന കല്പന : “ ആകയാൽ , നിങ്ങൾ അവരെവിട്ട് ഇറങ്ങിവരുകയും അവരിൽനിന്നു വേർപിരിയു കയും ചെയ്യുവിൻ എന്ന് കർത്താവ് അരുൾചെയ്യുന്നു ” ( 2 കോറി 6 : 17 ) .

അവരെ മറക്കാൻ സാധിച്ചെന്നു വരില്ല . അവരെ വെറുക്കുകയും വണ്ട് . ആവശ്യമായിരിക്കുന്നത് അവരെ യേശുവിന് കൈമാറുകയാണ് . ഇതുവഴി നാം പാപത്തിൽ നിന്നകന്നുനില്ക്കുമെന്നു മാത്രമല്ല , അവരും പാപസാഹചര്യങ്ങളിൽനിന്ന് മോചിതരാകുകയും നാം തന്നെ അവരെ രക്ഷിക്കാനിടവരുകയും ചെയ്യുന്നു.

ആത്മീയപക്വത പ്രാപിക്കുന്നതുവരെ ഇത്തരത്തിലുള്ള എല്ലാവി ധസംസർഗത്തിലുംനിന്ന് പൂർണമായി ഒഴിഞ്ഞുനില്ക്കണം . അല്ലെങ്കിൽ ദുഷ്ടനായ പിശാച് പഴയ സൗഹൃദം വീണ്ടും പാപത്തിനുള്ള പഴുതാക്കി ത്തീർത്തെന്നുവരാം . എതിർ വർഗത്തിൽപ്പെട്ടവരുമായി ഉചിതമായ അകലം പാലിക്കുക പ്രത്യകിച്ച് ആവശ്യമാണ് . യേശുവുമായുള്ള ഗാഢ ‘ ബന്ധത്തിൽ വളരുകയാണ് ഇത്തരം അപകടങ്ങൾക്കുള്ള ശാശ്വതമായ പ്രതിവിധി.

ഇതര പാപഹേതുക്കൾ

തിന്മയ്ക്കു കാരണമാകുന്ന വ്യക്തികൾക്കുപുറമേ , മറ്റനവധി പാപകാരണങ്ങളുമുണ്ടാകാം . തൊഴിൽ മേഖലകൾ , ജോലി സാഹചര്യ ങ്ങൾ , വിദ്യാലയങ്ങൾ , യാത്രാവേളകൾ , വിനോദങ്ങൾ , സംഗമാവസര ങ്ങൾ , ധനസമ്പാദന മാർഗങ്ങൾ , വസ്തുവകകൾ , സമ്പത്ത് എന്നിവയും പാപകാരണമാകാം . ടെലിവിഷൻ , ഇന്റർനെറ്റ് , ഫെയ്സ്ബു ക്ക് , വാട്ട് സ് ആപ്പ് ‘ , യു ട്യൂബ് തുടങ്ങിയ അത്യാധുനിക സമ്പർക്കമാധ്യമങ്ങളും ഗുരുതര പാപകാരണങ്ങളാകാം .

തിന്മയ്ക്കു കാരണമാകുന്ന ഇടങ്ങൾ വിട്ടുപോരണം

ഏറെക്കാലത്തെ സംസർഗത്തിനുള്ള വേദികളായ വിദ്യാലയങ്ങൾ , ജോലി സ്ഥാപനങ്ങൾ , തൊഴിൽ മേഖലകൾ എന്നിവിടങ്ങളിൽ വച്ച് തിനയ് ക്ക് വശംവദരായവർ ആ സാഹചര്യങ്ങളിൽ തുടരുന്നടത്തോളം കാലം പാപത്തിന്റെ കാരണങ്ങളിൽത്തന്നെയാണു കഴിയുന്നത് . അത്തരം സാഹചര്യങ്ങളിൽ നിതാന്ത ജാഗ്രത പുലർത്തുക അത്യാവശ്യമാണ് . ഏറെ ശ്രമിച്ചിട്ടും വീണ്ടും വീണ്ടും വീണുപോവുകയാണെങ്കിൽ , എന്തുനഷ്ടം സഹിച്ചും ആ സാഹചര്യങ്ങൾ വിട്ടുപോരുകതന്നെ ചെയ്യണം .

യാത്രാവേളകൾ പാപസാഹചര്യങ്ങളാക്കരുത്

ദീർഘ മണിക്കുറുകൾ അടുത്തിടപഴകാൻ ലഭിക്കുന്ന യാത്രാവസരങ്ങൾ മുതലെടുത്ത് സുഹൃത്തുക്കൾ അധാർമിക വ്യാപാരങ്ങൾക്ക് നമ്മെ പ്രേരിപ്പിച്ചേക്കാം , വിശുദ്ധിയില്ലാത്ത എതിർ വർഗത്തിൽപ്പെട്ടവരെ യാത്രാ പ ങ്കാ ളി ക ളാ ക്കു ന്നത് വിവേകപൂ ർ വം ഒഴി വാ ക്കണം . വിനോദസഞ്ചാരങ്ങൾ ആത്മീയ അപകടത്തിന് വഴിതെളിക്കുന്നതല്ലെന്ന് ഉറപ്പുവരുത്തേണ്ടതുണ്ട് . വ്യർഥവിനോദങ്ങൾക്കും അനുചിത സ്നേഹ പ്രകടനങ്ങൾക്കും മദ്യപാനത്തിനും ലഹരി ഉപയോഗത്തിനുമൊക്കെ കാരണമാകുന്ന ബർ ത്ത് ഡേ പാർട്ടികൾ , വിവാ ഹ ത്തലേന്നുള്ള ബാച്ച്ലേഴ്സ് പാർട്ടികൾ തുടങ്ങിയ ആഘാഷ സംഗമങ്ങൾ വിവേക പൂർവം ഒഴിവാക്കണം .

സാമൂഹിക മാധ്യമങ്ങളുടെ ഉപയോഗം കർശനമായി നിയന്ത്രിക്കണം

ഉത്തരവാദിത്വനിർവഹണത്തിനും പഠനത്തിനും കുടുംബ ബന്ധങ്ങൾക്കും പ്രാർഥനയ് ക്കുമൊക്കെ തടസ്സമുണ്ടാക്കുന്നതും അധാർമിക ബന്ധങ്ങൾ പുലർത്താനും അശ്ലീല കാര്യങ്ങളിൽ മുഴുകാനും കാരണം യിത്തീരുന്ന ഇന്റർനെറ്റ് , സ്മാർട് ഫോൺ എന്നിവയുടെ ഉപയോഗം കർശനമായി നിയന്ത്രിക്കണ്ടതാണ് . അതിനുള്ള ആത്മസംയമനമില്ലങ്കിൽ അവ ഒഴിവാക്കുകയ തരമുള്ളൂ.

ധനാസക്തി എന്ന് കെണിയിൽ വീഴാതിരിക്കാൻ ശ്രദ്ധിക്കണം

ധനം സമ്പാദിക്കാനുള്ള അമിത വ്യഗ്രത അടിസ്ഥാന പാപകാ രണം തന്നെയാണ് ( 1 തിമോ 6 , 10 ) . ” രണ്ട് യജമാനന്മാരെ സേവിക്കാൻ ആർക്കും സാധിക്കുകയില്ല ; ദൈവത്തെയും മാമോനെയും മുസവിക്കാൻ നിങ്ങൾക്കു സാധിക്കുകയില്ല ” ( മത്താ 6 , 24 ) . ” ജാഗരൂകരായിരിക്കുവിൻ , എല്ലാ അത്യാഗ്രഹങ്ങളിലുംനിന്ന് അകന്നിരിക്കുകയും ചെയ്യുവിൻ . മനുഷ്യജീവിതം സമ്പത്തുകൊണ്ടല്ല ധന്യമാകുന്നത് ” ( ലൂക്കാ 12 , 15 ) എന്നീ വചനങ്ങൾ തരുന്ന മുന്നറിയിപ്പ് ദൈവഭയത്തോടെ സ്വീകരിച്ചുകൊണ്ട് സമ്പത്തിനോടും ഭൗതിക വസ്തുക്കളോടുമുള്ള ക്രമരഹിതമായ ആഗ്രഹങ്ങൾ കീഴടക്കി ഉള്ളതുകൊണ്ട് സംതൃപ്തിയടയണം .

യേശുവിനോടുള്ള സ്നേഹം ശക്തിപ്പെടുത്തണം

ഏറെ നാളത്തെ സഹവാസംമൂലം പാപകാരണങ്ങളോട് വിടപറയാൻ വളരെ പ്രയാസം അനുഭവപ്പെട്ടേക്കാം . എന്നാൽ യേശുക്രിസ്ത വിനോടുള്ള സ്നേഹം ഇവയെക്കാളെല്ലാം ശക്തമായതിനാൽ , അത് സാധ്യമാണ് . ” ക്രിസ്തുവിന്റെ സ്നേഹത്തിൽ നിന്ന് ആര് നമ്മ വേർപെടുത്തും ? ക്ലേശമോ ദുരിതമോ പീഡനമോ പട്ടിണിയോ നഗ്നതയാ ആപത്തോ വാളോ ? നമ്മെ സ്നേഹിച്ചവൻ മുഖാന്തരം ഇവയിലെല്ലാം നാം പൂർണവിജയം വരിക്കുന്നു ” ( റോമാ 8 , 35 , 37 ) .

പരിശുദ്ധ കന്യകയുടെ സഹായം വളരെ വലുത്

തിന്മയ്ക്കെതിരേയുള്ള ഈ പോരാട്ടത്തിൽ പരിശുദ്ധ മറിയത്തോടുള്ള ഭക്തി വലിയ സഹായമാകും . വിശുദ്ധ ലൂയിസ് ഡി മോൺഫോർട്ട് തരുന്ന ഉപദേശം ഇപ്രകാരമാണ് : “വേറെ മാർഗത്തിലൂടെയും നമുക്കു ദൈവവുമായി ഐക്യപ്പെടാം . പക്ഷേ , മറ്റു വഴികൾ സ്വീകരിച്ചാൽ വളരെയധികം കുരിശുകളും പ്രതിബന്ധങ്ങളും പ്രയാസങ്ങളും മരണാപകടങ്ങളും തരണം ചെയ്തേ മതിയാകൂ . അവ തരണം ചെയ്യുക വളരെ ബുദ്ധിമുട്ടായി തോന്നിയേക്കാം . എന്നാലോ , മറിയമാകുന്ന വഴിയിലൂടെ ആണെങ്കിൽ നമുക്ക് സുഖമായും സ്വസ്ഥമായും സഞ്ചരിക്കാം . നാമും ഉഗ്രസമരം ചെയ്യുകയും വലിയ പ്രയാസങ്ങൾ നേരിടുകയും വേണം . പക്ഷേ , സ്നേഹം നിറഞ്ഞ ഈ അമ്മ തന്റെ വിശ്വസ് സേവകരുടെ തൊട്ടരികിൽനിന്ന് അന്ധകാരം അകറ്റുന്നു . സംശയങ്ങളിൽ അവരെ പ്രകാശിപ്പിക്കുന്നു ; ആശങ്കകളിൽ ആശ്വാസമരുളുന്നു ; സമരങ്ങളിലും ക്ലേശത്തിലും ശക്തി നല്കുന്നു . ക്രിസ്തുനാഥനെ അന്വേഷിക്കുന്നവർക്ക് ഈ നവീനമാർഗം മറ്റുള്ളവയെ അപേക്ഷിച്ചു കൂടുതൽ മനോഹരവും സുഗമവുമാണ് . ഇതരവഴികളോട് തുലനം ചെയ്യുമ്പോൾ മധുവും റോസാപ്പൂക്കളും നിറഞ്ഞതാണീ വഴി ” ( ‘ യഥാർഥ മരിയഭക്തി ‘ , 152 ) .

ബൈബിൾ വായന

നിന്റെ കയ്യോ കാലോ നിനക്കു പാപഹതുവാകുന്നെങ്കിൽ അതു വെട്ടി എറിഞ്ഞുകളയുക . ഇരുകൈകളും ഇരുകാലുകളും ഉള്ളവനായി നിത്യാഗ്നിയിൽ എറിയപ്പെടുന്നതിനെക്കാൾ നലത് അംഗഹീനനാ മുടന്തനോ ആയി ജീവനിലേക്കു പ്രവേശിക്കുന്നതാണ് . നിന്റെ കണ്ണ് നിനക്കു ദുഷ്പ്രരണയ്ക്ക് കാരണമാകുന്നെങ്കിൽ , അത ചൂഴ്ന്നെടുത്ത് എറിഞ്ഞു കളയുക . ഇരുകണ്ണുകളോടും കൂടെ നരകാഗ്നിയിൽ എറിയപ്പെടുന്നതിനെക്കാൾ നല്ലത് ഒരു കണ്ണുള്ളവനായി ജീവനിലേക്കു പ്രവേശിക്കുന്നതാണ് ” ( മത്താ 18 , 6 – 9 ).

അഞ്ചാം ദിന പ്രാർത്ഥന

സ്വന്തം രക്തത്താൽ പാപത്തിൽ നിന്ന് എന്നെ വീണ്ടെടുത്ത കർത്താവേ , പാപഹേതുക്കൾ വർജിക്കാനുള്ള കൃപ എനിക്കു തരണമേ . പാപത്തിനു കാരണമായ വ്യക്തികളെയെല്ലാം എന്റെ ഹൃദയത്തിൽനിന്ന് നീക്കി അങ്ങ് ‘ അതിൽ വാസമുറപ്പിക്കണമേ , അവരെ ഞാൻ അങ്ങക്ക് കൈമാറുന്നു . അവരോടുള്ള അവിശുദ്ധ ബന്ധത്തിൽനിന്ന് എന്നെ സ്വതന്ത്രനാ(യാ)ക്കണമേ . “സകല വിഗ്രഹങ്ങളിലുംനിന്ന് ഞാൻ നിങ്ങളെ നിർമല രാക്കും” എന്ന അങ്ങേ വാഗ്ദാനമനുസരിച്ച് സമ്പത്ത് , സുഖലോലുപത , ഭൗതികവസ്തുക്കൾ , സ്ഥാനമാനങ്ങൾ , പ്രശസ്തി , ആഡംബരങ്ങൾ എന്നി വയോടുള്ള പ്രതിപത്തിയിൽനിന്നും നിർബന്ധബുദ്ധി , മത്സരബുദ്ധി എന്നിവയിൽനിന്നും എന്നെ മോചിപ്പിക്കണമേ . ഈശോയ , ഇനിമേൽ എന്റെ ഹൃദയത്തിന്റെ നാഥനും ഭരണകർത്താവും സർവസ്വവും അങ്ങാകണമേ . എന്റെ സ്നേഹത്തിന്റെ വിഷയം അങ്ങ് മാത്രമാകണമേ . മറ്റെല്ലാ സ്നേഹ ങ്ങളും അങ്ങയോടുള്ള സ്നേഹത്തെപ്രതിയും അതിന് യോജിച്ച വിധവും ക്രമവത്കരിക്കണമേ . എന്റെ ബലഹീനതയിൽ അങ്ങയുടെ ശക്തി കൂടു തൽ ചൊരിയണമേ . എന്നെക്കാളും എന്റെ ജീവനെക്കാളുമധികം അങ്ങയെ സ്നേഹിക്കാൻ എന്നെ സഹായിക്കണമേ . ആമേൻ

*******************************************************************************************************************

ശാലോം ടി വി യിൽ ബഹുമാനപ്പെട്ട വട്ടായിലച്ചൻ നയിച്ച വിമലഹൃദയ പ്രതിഷ്ഠ അച്ഛന്റെ പ്രേത്യേക അനുവാദത്തോടെ ഇവിടെ നൽകുന്നു. സാധിക്കുന്ന എല്ലാവരും സമയം കണ്ടെത്തി ഈ അനുഗ്രഹപ്രദമായ ശുശ്രൂഷയിൽ പങ്കുകൊള്ളുക .

DAY 1 പ്രതിഷ്ഠാ ഒരുക്കം

DAY 2 പ്രതിഷ്ഠാ ഒരുക്കം

DAY 3 പ്രതിഷ്ഠാ ഒരുക്കം

DAY 4 പ്രതിഷ്ഠാ ഒരുക്കം

✝️ MARIAN MINISTRY, MARIAN EUCHARISTIC MINISTRY & ROSARY CONFRATERNITY INDIA ✝️



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.