വിമലേ….അംബികേ… അനുഗ്രഹമേ..

.
പരിശുദ്ധ മാതാവിന്റെ വിമലഹൃദയ തിരുനാൾ സന്തോഷപൂർവ്വം നമ്മൾ ഇന്ന് ആഘോഷിക്കുന്നു.
വിശുദ്ധ ഗ്രന്ഥത്തിൽ മാതാവിന്റെ ജനനത്തെക്കുറിച്ച് പ്രത്യേകിച്ച് പ്രതിപാദ്യം ഒന്നും കാണാനില്ല. വിശുദ്ധ ഗ്രന്ഥത്തിൽ ഉൾപ്പെടാത്ത ജേക്കബിന്റെ സുവിശേഷത്തിലാണ് പരിശുദ്ധ കന്യാമാതാവിന്റെ മാതാപിതാക്കളായ ജൊവാക്കിമിനെക്കുറിച്ചും അന്നയെക്കുറിച്ചും പ്രതിപാദിക്കുന്നത്.

വർഷങ്ങളായി ഇവർക്ക് മക്കളില്ലായിരുന്നു. ഒരുപാട് നാളത്തെ പ്രാർത്ഥനയുടെ ഫലമായി ലഭിച്ച കുഞ്ഞാണ് മറിയം എന്ന് പ്രതിപാദിക്കപ്പെടുന്നു.
 

ദൈവത്തിന്റെ വലിയൊരു  തെരഞ്ഞെടുപ്പും തീരുമാനവുമാണ് ഇവിടെ നടപ്പിലാക്കപ്പെടുന്നത്. ദൈവത്തിന്റെ പുത്രൻ ജനിക്കാനുള്ള വസതിയായി മാതാവ് തിരഞ്ഞെടുക്കപ്പെടുന്നു. അതുകൊണ്ടുതന്നെ പാപലേശമില്ലാതെയും വിശുദ്ധിക്ക് ഭംഗം വരാതെയും മറിയം ദൈവത്താൽ ഉരുവാക്കപ്പെടുന്നു..
 

ദൈവീക പദ്ധതിയനുസരിച്ച് ജന്മപാപം ഇല്ലാതെ ലോകത്തിൽ ജനിച്ചത് മൂന്നുപേർ മാത്രമാണ്. മറിയം, ഈശോ, സ്നാപകയോഹന്നാൻ എന്നിവർ.ഇതിൽ സ്നാപകയോഹന്നാനെ സംബന്ധിച്ചിടത്തോളം മാതാവ് എലിസബത്തിനെ കാണാൻ ചെന്നപ്പോഴാണ് ഉദരത്തിൽ വച്ചുതന്നെ ദൈവകൃപയാൽ ജന്മപാപം ഇല്ലാതാക്കപ്പെടുന്നത്.
 

മാതാവിന്റെ വിമലഹൃദയത്തെ കുറിച്ച് നാം ചിന്തിക്കുമ്പോൾ ദൈവീക പദ്ധതിയുമായി ചേർന്ന് പോകുന്നതിന് ഏറ്റവും അനുയോജ്യമായ ഒരു മാനസികാവസ്ഥയാണ് വിമലഹൃദയം എന്ന് മനസ്സിലാക്കാം. യേശുവിന്റെ ജനനത്തിനുവേണ്ടി തിരഞ്ഞെടുക്കപ്പെട്ട നിമിഷംമുതൽ ശിഷ്യൻമാരോടുകൂടെ സെഹിയോൻ ഊട്ടുശാലയിൽ പ്രാർത്ഥിച്ചിരുന്ന് പരിശുദ്ധാത്മാവിനെ സ്വീകരിക്കുന്നതുവരെ ദൈവീക പദ്ധതി അണുവിട തെറ്റാതെ സഹകരിക്കുന്ന മറിയത്തെയാണ് നാം കാണുക .

യേശുവിന്റെ ജനനവുമായി ബന്ധപ്പെട്ട കാര്യങ്ങൾ പറയുമ്പോൾ അത് മുഴുവൻ ഉൾക്കൊള്ളാൻ മറിയത്തിന് കഴിയുന്നില്ല.സംശയമുന്നയിക്കുന്നു. “ഇതെങ്ങനെ സംഭവിക്കും? ഞാന്‍ പുരുഷനെ അറിയുന്നില്ലല്ലോ”(ലൂക്കാ 1 : 34)എങ്കിലും ദൈവത്താൽ വിശ്വസിക്കുന്നു.” ഇതാ, കര്‍ത്താവിന്‍െറ ദാസി! നിന്‍െറ വാക്ക്‌ എന്നില്‍ നിറവേറട്ടെ!”(ലൂക്കാ 1 : 38).

തുടർന്നുള്ള സംഭവങ്ങൾ മാനുഷിക ബുദ്ധിയാൽ മനസ്സിലാക്കാൻ പ്രയാസമാണ്.”മറിയമാകട്ടെ ഇവയെല്ലാം ഹൃദയത്തില്‍ സംഗ്രഹിച്ച്‌ ഗാഢമായി ചിന്തിച്ചുകൊണ്ടിരുന്നു”(ലൂക്കാ 2 : 19 ). എന്നാണ് വിശുദ്ധഗ്രന്ഥത്തിൽ രേഖപ്പെടുത്തിയിരിക്കുന്നത് .യേശുവിനെ ദേവാലയത്തിൽ കാഴ്ചവെക്കാൻ കൊണ്ടു ചെല്ലുമ്പോൾ നീതിമാനും ദൈവഭക്തനും ആയിരുന്ന ശിമയോൻ ഈശോയെ കൈകളിൽ എടുത്തുകൊണ്ട് മറിയത്തോട്  പറയുന്നത് ” നിന്റെ ഹൃദയത്തിലൂടെ ഒരു വാൾ തുളച്ചു കയറുകയും ചെയ്യും” (ലൂക്ക 2:35) എന്നാണ്. 
 

മാതാവിന്റെ ജീവിതത്തിലുടനീളം സഹനങ്ങളുടെ ഒരു പരമ്പര നമുക്ക് കാണാം. മാതാവ് അനുഭവിച്ച വേദനകളുടെ ഏഴ് വ്യാകുലങ്ങൾ നാം ധ്യാനിക്കുകയും പ്രാർത്ഥിക്കുകയും ചെയ്യുന്നുമുണ്ട്. ഇതൊക്കെ സഹിക്കാനുള്ള കരുത്ത് മാതാവിന് ലഭിച്ചത് മറിയം മാലിന്യമില്ലാത്ത ഒരു ഹൃദയത്തിന്റെ ഉടമ ആയതുകൊണ്ടു മാത്രമാണ്. കാരണം അവിടെ പരിശുദ്ധാത്മാവ് വഴി ദൈവം നിരന്തരം പ്രവർത്തിക്കുകയായിരുന്നു .

മാതാവിന്റെ വിമല ഹൃദയ തിരുനാൾ ആഘോഷിക്കുമ്പോൾ  നമുക്കും ഉണ്ടാവേണ്ട ഒരു മനോഭാവം  ഇതുതന്നെയാണ്. ലോകത്തിലെ വിവിധ ഭാഗങ്ങളിൽ പ്രത്യക്ഷപ്പെട്ടുകൊണ്ട് കൊണ്ട് മറിയം പറഞ്ഞതും ഞാൻ വിമലഹൃദയത്തിന്റെ ഉടമയാണെന്നു തന്നെ. പരിശുദ്ധ കന്യകാമറിയം ദർശനങ്ങളിലൂടെ വ്യക്തമാക്കിയത് കുമ്പസാരം എന്ന കൂദാശയോടും വിശുദ്ധ കുർബാനയോടും ചേർന്നുനിൽക്കുന്ന ഒരു ജീവിതശൈലി സ്വായത്തമാക്കണം എന്നാണ് .കുമ്പസാരം വഴി മാത്രമേ നമുക്ക് നമ്മുടെ ഹൃദയത്തേയും മനസ്സിനേയും മാലിന്യമില്ലാത്ത ജീവിതമായി സൂക്ഷിക്കാൻ സാധിക്കുകയുള്ളൂ. അതുപോലെതന്നെ നിരന്തരം വിശുദ്ധ കുർബാനയുമായി സന്ധി ചെയ്യുമ്പോൾ മാത്രമാണ്  പരിശുദ്ധാത്മാവു വഴി ദൈവത്തിനു നമ്മിൽ പ്രവർത്തിക്കാനും തിരുരക്തത്താൽ നമ്മെ കഴുകി വിശുദ്ധീകരിക്കാനും സാധിക്കുകയുള്ളൂ.
 

കേവലം തിരുനാളുകൾ ആചരിക്കുന്നവർ മാത്രമാകാതെ ഓരോ തിരുനാളും നൽകുന്ന സന്ദേശം ഉൾക്കൊള്ളുകയും അത് ജീവിത രീതിയായി മാറ്റുകയും ചെയ്യുന്ന ഒരു മനോഭാവത്തിലേക്ക് നാം വളരേണ്ടതുണ്ട്. ദൈവഹിതം അറിഞ്ഞപ്പോൾ അതിനെതിരു നിൽക്കുകയല്ല, അതിനോട് സഹകരിക്കുകയും ചേർന്ന് നൽകുകയുമാണ് മാതാവ് ചെയ്യുന്നത്. 

നമ്മുടെ ജീവിതത്തിലും ഈയൊരു മനോഭാവമാണ് ഉണ്ടാവേണ്ടത് . പ്രതിസന്ധികളും പ്രതിബന്ധങ്ങളും ഉണ്ടാകുമ്പോൾ, അപമാനകരമായ സംഭവങ്ങളുണ്ടാകുമ്പോൾ ദൈവത്തിൽ നിന്നും അകന്നു പോകാനാണ് നാം ശ്രമിക്കുക .എന്നാൽ വിമലഹൃദയത്തിന് ഉടമയായ മറിയത്തെപ്പോലെ ദൈവഹിതത്തോട് ചേർന്നുനിൽക്കുന്നുവെങ്കിൽ തനിക്ക് ഒന്നിനെക്കുറിച്ചും ആവലാതി പെടുകയോ ഭയപ്പെടുകയോ ചെയ്യേണ്ടതില്ല എന്ന ഒരു മനോഭാവവും ധൈര്യവും മാതാവിൽ ഉണ്ടായിരുന്നതു പോലെ നമ്മിലും ഉണ്ടാകും.
മറിയത്തിന്റെ വിമലഹൃദയം നമുക്ക് നൽകുന്ന സന്ദേശം പ്രതിസന്ധികളും പ്രതിബന്ധങ്ങളും തകർച്ചകളും ജീവിതത്തിലുണ്ടാകുമ്പോൾ പതറാതെ, കാലിടറാതെ ദൈവീക പദ്ധതിയുമായി സഹകരിച്ച് മുന്നേറിയാൽ മഹത്വപൂർണ്ണമായ വിജയം ആസ്വദിക്കാനാകും എന്നാണ്. 

കറയില്ലാത്ത വിശ്വാസത്തിന് ഉടമയായിരുന്നു മാതാവ് .മാതാവിനെ നാമിന്ന് അനുസ്മരിക്കുമ്പോൾ നമുക്ക് നമ്മുടെ ഇടയിൽ മക്കളില്ലാത്ത ദമ്പതികളെക്കൂടി  ഓർക്കാം. കാരണം ഒരുപാട് പ്രാർത്ഥനയുടെ ഫലമായി ജനിച്ച മാതാവിനോട് ചേർന്ന്  മക്കളില്ലാത്തവരുടെ കുടുംബത്തിൽ അമ്മയെപ്പോലെ നിർമ്മല മനസ്സാക്ഷിയുള്ള മക്കൾ ഉണ്ടാകാൻ വേണ്ടി നമുക്ക് പ്രാർത്ഥിക്കാം.
 

മാതാവിനോട് ചേർന്ന് ഈശോ വഴി പിതാവിൽ നിന്ന് നാം ആവശ്യപ്പെടുന്നവ നമുക്ക് ലഭിക്കും എന്നുള്ളത് നമ്മുടെ ഉറച്ച വിശ്വാസമാണ്. വിളിച്ചപേക്ഷിക്കുന്നവരെ ഒരിക്കലും തള്ളികളയാത്ത വ്യക്തിത്വമാണ് മാതാവ്. അമ്മയുടെ വിമല ഹൃദയത്തോട് ചേർന്നു നമുക്കു നമ്മെത്തന്നെ ശുദ്ധീകരിക്കുകയും ഈശോയുടെ സ്നേഹത്തിൽ കൂടുതൽ ചേർത്തു നിർത്തണമെന്ന് പ്രാർത്ഥിക്കുകയും ചെയ്യാം .

“മറിയത്തിന്റെ വിശ്വാസത്തിന്റെ പൂർത്തീകരണം അല്ലായിരുന്നു മംഗള വാർത്ത. അത് രക്ഷകന്റെ ആഗമനത്തെക്കുറിച്ചുള്ള പ്രത്യാശയുടെ പൂർത്തീകരണവും ദൈവത്തിലേക്കുള്ള യാത്രയുടെ ആരംഭവുമായിരുന്നു ” (വിശുദ്ധ.ജോൺ പോൾ രണ്ടാമൻ പാപ്പ ) എന്ന വാക്കുകൾ നമുക്ക് ഓർക്കാം.. മാതാവിന്റെ വിമലഹൃദയത്തോടു ചേർന്ന് പിതാവിന്റെ ഹിതം നിറവേറ്റുന്നതിനുള്ള യാത്ര നമുക്ക് തുടരാം..

പിതാവായ ദൈവം തന്റെ പുത്രനായ യേശുവിനു ജനിക്കാൻ വേണ്ടി ആദിയിലെ തിരഞ്ഞെടുത്തു പരിപാലിച്ചു വളർത്തിയ വിമല ഹൃദയത്തിൽ ഉടമയായ മാതാവ് വഴി പരിശുദ്ധാത്മാവിന്റെ നിറവ്  എല്ലാവരിലും ഉണ്ടാകട്ടെ. അതിനാവശ്യമായ കൃപ ദൈവം നമ്മിൽ ചൊരിയട്ടെ

പ്രേംജി മുണ്ടിയാങ്കൽ.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.