യുക്രെയ്ന്‍ നഗരവീഥിയിലൂടെ ദിവ്യകാരുണ്യവുമായി വാഹനം, മുട്ടുകുത്തി പ്രാര്‍ത്ഥിക്കുന്ന വിശ്വാസികള്‍. വൈറലായ വീഡിയോയ്ക്ക് പിന്നിലെ രഹസ്യം…

കീവ്: യുക്രെയ്‌നിലെ കീവ് നഗരത്തിലൂടെ കടന്നുപോകുന്ന ഒരു വാഹനം. വീഥിയുടെ ഇരുവശങ്ങളിലും മുട്ടുകുത്തിനിന്ന് പ്രാര്‍ത്ഥിക്കുന്ന വിശ്വാസികള്‍. കഴിഞ്ഞ ദിവസങ്ങളിലായി സോഷ്യല്‍ മീഡിയായില്‍ വൈറലായ ഒരു വീഡിയോ ആണ് ഇത്. വാഹനത്തിലുള്ളത് ദിവ്യകാരുണ്യമാണെന്നും ആളുകള്‍ ദിവ്യകാരുണ്യത്തെയാണ് വണങ്ങുന്നതെന്നുമാണ് കുറിപ്പ്. യുക്രെയ്‌ന്റെ ഇപ്പോഴത്തെ സാഹചര്യത്തില്‍ വളരെ പ്രാധാന്യത്തോടെയാണ് ഈ വീഡിയോയെ എല്ലാവരും കണ്ടത്. ഐറീഷ് ജേര്‍ണലിസ്റ്റ് മൈക്കല്‍ കെല്ലിയാണ് വീഡിയോ പബ്ലീഷ് ചെയ്തിരിക്കുന്നത്.

375,000 പേരാണ് വീഡിയോ കണ്ടതും ഷെയര്‍ ചെയ്തതും. കീവിലെ കത്തീഡ്രലില്‍ നിന്ന് സുരക്ഷിതമായി ദിവ്യകാരുണ്യം മാറ്റി സ്ഥാപിക്കാന്‍ വേണ്ടി കൊണ്ടുപോകുകയാണെന്നും കുറിപ്പില്‍ പറയുന്നു. എന്നാല്‍ ഈ വീഡിയോയുടെ സത്യാവസ്ഥ ഇപ്പോള്‍ പുറത്തുവന്നിരിക്കുകയാണ്. ഈ വീഡിയോ ഇപ്പോഴത്തേത് അല്ലെന്നും 2015 ലേത് ആണെന്നുമാണ് യാഥാര്‍ത്ഥ്യം.

ഒരു ശവസംസ്‌കാരഘോഷയാത്രയാണ് ഇതെന്നും ശവപ്പെട്ടി ഇതിനുള്ളിലുണ്ടെന്നും ജന്മനാടിന് വേണ്ടി വീരമൃത്യുവരിച്ച ഒരു പട്ടാളക്കാരന്റേതാണ് അതെന്നും അദ്ദേഹത്തോടുള്ള ആദരസൂചകമായിട്ടാണ് ആളുകള്‍ മുട്ടുകുത്തി വണങ്ങുന്നതെന്നുമാണ് ഇതിനെ സംബന്ധിച്ചുളള വാസ്തവം.

എന്തായാലും ഈ വീഡിയോയുടെ പേരില്‍ അനേകര്‍ യുക്രെയ്‌ന് വേണ്ടി പ്രാര്‍ത്ഥിച്ചിട്ടുണ്ട്.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.