വഖഫ് നിയമഭേദഗതിയുടെ പ്രസക്തി

ഫാ. ജോഷി മയ്യാറ്റിൽ

“ഇനി താജ് മഹലിനും ചെങ്കോട്ടയ്ക്കും ഇന്ത്യ മുഴുവനും വേണ്ടിവഖഫ് ബോർഡ് അവകാശവാദം ഉന്നയിക്കുമോ?” – 2024 ജൂലൈ 26 ന് മധ്യപ്രദേശ് ഹൈക്കോടതി ജസ്റ്റിസ് ഗുർബാൻ സിങ് അഹ്ലുവാലിയ ചോദിച്ച ചോദ്യമാണിത്. ആർക്കിയളോജിക്കൽ സർവേ ഓഫ് ഇന്ത്യക്കെതിരേ (ASI) മൂന്നു ചരിത്രസ്മാരകങ്ങളും അവയുൾക്കൊള്ളുന്ന പറമ്പുകളും തങ്ങളുടേതാണെന്ന വഖഫ് ബോർഡിൻ്റെ 19.07.2013-ലെ വിധിതീർപ്പു തള്ളിക്കൊണ്ടുള്ള പ്രഖ്യാപനത്തിലാണ് ഈ ചോദ്യം ഉയർന്നത്. നമ്മുടെ മാധ്യമങ്ങളെല്ലാം ഈ വിധി മറച്ചുവയ്ക്കുന്നതിൽ പ്രത്യേകം നിഷ്കർഷ പുലർത്തി എന്നത് എടുത്തുപറയണം!

നിയമപരിരക്ഷയുള്ള കൊള്ളസംഘം!

32 വഖഫ് ബോർഡുകളാണ് 1995 മുതൽ ഇന്ത്യയിൽ നിലവിലുള്ളത്. ഇന്ന് ഇന്ത്യയിൽ വഖഫിനു കീഴിൽ എട്ടു ലക്ഷം ഏക്കർ ഭൂമിയിലായി 872,292 രജിസ്റ്റേർഡ് സ്ഥാവരജംഗമ വസ്തുക്കളാണുള്ളത്. ഇന്ത്യൻ സൈന്യത്തിനും റെയിൽവേക്കും ശേഷം ഏറ്റവും കൂടുതൽ വസ്തുവകകളുള്ളത് വഖഫ് ബോർഡിനാണ്. 1995-ൽ പാസാക്കിയ നിയമമനുസരിച്ച്, യാതൊരു രേഖയുമില്ലാതെ വഖഫ് ബോർഡ് അവകാശവാദം ഉന്നയിക്കുന്ന പ്രദേശങ്ങളിൽ ഉള്ള വസ്തുവകകളുടെ രേഖകൾ ഹാജരാക്കാൻ ബാധ്യതയുള്ളത് ആ പ്രദേശവാസികൾക്കാണ്. അവർ തെളിവുകളുമായി പോകേണ്ടത് കോടതിയിലേക്കല്ല, വഖഫ് ട്രിബ്യൂണൽ കോർട്ടിലേക്കാണ്! അത്തരം ജനദ്രോഹപരമായ നിയമനിർമ്മാണമാണ് മുസ്ലീം പ്രീണനത്തിൽ അതിവൈദഗ്ദ്ധ്യം തെളിയിച്ചിട്ടുള്ള കോൺഗ്രസ്സ് സർക്കാർ നടത്തിയത്.

വഖഫ് ചരിത്രം

‘വഖഫ്’ എന്ന അറബി പദത്തിൻ്റെ അർത്ഥം ‘നിയന്ത്രണം’, ‘നിരോധനം’ എന്നൊക്കെയാണ്. വില്ക്കാനോ കൈമാറ്റം ചെയ്യാനോ പാടില്ലാത്ത വിധം അല്ലാഹുവിന് നല്കപ്പെട്ടത് എന്നർത്ഥം. ശരി അത്ത് നിയമം അനുസരിച്ച്, വഖഫ് ഒരിക്കൽ പ്രഖ്യാപിക്കപ്പെട്ടാൽ അത് എന്നന്നേക്കുമായി വഖഫ് ആണ്.

ഡൽഹി സുൽത്താനേറ്റിൻ്റെ ആദ്യകാലത്തോടു ബന്ധപ്പെട്ട ചരിത്രമാണ് അതിനുള്ളത്. സുൽത്താൻ മുയിസുദ്ദീൻ സാം ഗാവോർ മുൽതാനിലെ ജമാ മസ്ജിദിനു വേണ്ടി രണ്ടു ഗ്രാമങ്ങൾ വിട്ടുകൊടുത്തു. തുടർന്ന് ഇസ്ലാമിക ഭരണത്തിൻ കീഴിൽ വഖഫ് ഭൂമികൾ വർധിച്ചു. 19-ാം നൂറ്റാണ്ടിൽ ഒരു തർക്കത്തിൽ ബ്രിട്ടിഷ് ന്യായാധിപന്മാർ വഖഫിനെ “ഏറ്റവും മോശമായതും വിനാശകരവുമായ ഏർപ്പാട്” എന്നു വിശേഷിപ്പിച്ചു കൊണ്ടാണ് അസാധുവാക്കിയത്. എന്നാൽ 1913-ലെ മുസൽമാൻ വഖഫ് സാധൂകരണ നിയമത്തിലൂടെ വഖഫ് പുന:സ്ഥാപിക്കപ്പെട്ടു. സ്വാതന്ത്ര്യത്തിനു ശേഷം 1954ൽ നെഹ്രു സർക്കാർ പാസാക്കിയ വഖഫ് ആക്റ്റ് വഖഫുകളുടെ കേന്ദ്രീകരണം സാധ്യമാക്കി. 1964-ൽ സെൻട്രൽ വഖഫ് കൗൺസിൽ ഓഫ് ഇന്ത്യ എന്ന നൈയാ മിക സംവിധാനം നിലവിൽ വന്നു. 1995-ലെ നിയമ ഭേദഗതി വഖഫ് ബോർഡിൻ്റെ കടന്നുകയറ്റത്തിന് പച്ചപ്പരവതാനി വിരിച്ചു കൊടുത്തു. നവംബർ 22-ന് പാസാക്കിയ ഈ ആക്റ്റ് വഖഫ് കൗൺസിലിൻ്റെയും സ്റ്റേറ്റ് വഖഫ് ബോർഡുകളുടെയും ചീഫ് എക്സിക്യൂട്ടിവ് ഓഫീസറുടെയും മുതവല്ലിയുടെയും (മാനേജർ) അധികാരവും പ്രവർത്തനങ്ങളും വ്യക്തമാക്കുകയും വഖഫ് ട്രൈബ്യൂണലിന്, സാധാരണ സിവിൽ കോടതികളിൽ ചോദ്യം ചെയ്യാനാവാത്ത, വിധിതീർപ്പവകാശം അനുവദിച്ചു കൊടുക്കുകയും ചെയ്തു. 2013-ലെ വഖഫ് ആക്ട് വഖഫ് വസ്തുവകകളുടെ ആഭ്യന്തര ഭരണവും നടത്തിപ്പും കൂടുതൽ സുതാര്യവും ഉത്തരവാദിത്വപൂർണവും ആക്കി. സുന്നി സെൻട്രൽ വഖഫ് ബോർഡ്, ഷിയ സെൻട്രൽ വഖഫ് ബോർഡ് എന്നിവ നിലവിലുണ്ട്.

തുർക്കി, ലിബിയ, ഈജിപ്ത്, സുഡാൻ, ലെബനോൻ, സിറിയ, ജോർദാൻ, ടുനീഷ്യ, ഇറാഖ് എന്നിവിടങ്ങളിലൊന്നും ഇല്ലാത്ത വഖഫ് ഇന്ത്യയിൽ ഇത്ര സംഭവമായിത്തീർന്നതിനു പിന്നിലുള്ളത് ചീഞ്ഞളിഞ്ഞ വോട്ടു ബാങ്ക് രാഷ്ട്രീയം മാത്രമാണ്. ഇന്ത്യൻ മതേതര ഭരണഘടനയെ ശരി അത്തു നിയമത്തിൽ അടിത്തറയിട്ട ഒരു നിയമനിർമാണം കൊണ്ട് ദുർബലമാക്കിയിരിക്കുന്ന ഏർപ്പാടാണിത്. ഇന്ത്യൻ പൗരന്മാരുടെയും വിവിധ മതസ്ഥരുടെയും ഇന്ത്യൻ സർക്കാരിൻ്റെ മേൽ പോലും കുതിര കയറാൻ ഇടയാക്കുന്ന ഈ കാടൻ നിയമം പരിശോധനയ്ക്കു വിധേയമാക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു.

ആരും ചോദിക്കാത്ത ചോദ്യങ്ങൾ

സുൽത്താൻ ഒരിക്കൽ വഖഫ് ആക്കിയത് എന്നന്നേക്കും വഖഫ് എന്ന കാഴ്ചപ്പാടിൽ അടങ്ങിയിരിക്കുന്ന അനീതിയും അക്രമവും കണ്ടില്ലെന്നു നമ്മൾ നടിക്കുന്നത് എന്തുകൊണ്ടാണ്? സുൽത്താൻ വരുന്നതിനു മുമ്പ് ആ ഭൂമി ആരുടേതായിരുന്നു എന്ന ചോദ്യം എന്തേ ആരും ചോദിക്കാത്തത്?

ആദ്യത്തെ അധിനിവേശ ശക്തികളായ പേർഷ്യൻ സുൽത്താനും മുഗൾ വംശവുമൊക്കെ കാലഹരണപ്പെട്ടപ്പോൾ പുതിയ അധിനിവേശ ശക്തികളായ യൂറോപ്യന്മാർ ഇവിടെ അധികാരം പിടിച്ചല്ലോ. ബ്രിട്ടീഷ് ഭരണം നടന്നപ്പോൾ അവർ അത് തങ്ങളുടെ ദൈവത്തിന് നേർച്ചയായി സമർപ്പിച്ചിരുന്നെങ്കിൽ അത് എന്നേക്കുമായി അങ്ങനെ നിലനിറുത്തേണ്ടി വരുമായിരുന്നോ? ഇന്ത്യ സ്വതന്ത്രയായി സ്വയംഭരണാവകാശമുള്ള രാജ്യമായി മാറുകയും ഭരണഘടന നമ്മുടെ വിശുദ്ധ ഗ്രന്ഥമാവുകയും ചെയ്തപ്പോൾ അധിനിവേശശക്തികൾ സമ്മാനിച്ച മതഭരണാവശിഷ്ടങ്ങൾ നിലനിറുത്താനും അത് വിപുലീകരിക്കാനും അവസരമൊരുക്കുന്നത് പരിഹാസ്യമല്ലേ?

മതത്തിൻ്റെ അവകാശവാദങ്ങൾക്ക് പൊതുസമൂഹത്തിൽ അനുവദിച്ചു നല്കാവുന്ന ഇടത്തിന് ഒരു പരിധിയില്ലേ? പൗരസമൂഹത്തിന് ദ്രോഹകരമാവുകയും മറ്റു മതസ്ഥർക്ക് ഭീഷണിയാവുകയും ക്രമസമാധാനത്തിന് ഭംഗം വരുത്തുകയും ചെയ്യുന്ന അവകാശവാദങ്ങൾ, ഏതു മതത്തിൽ നിന്നാണെങ്കിലും, എതിർക്കപ്പെടേണ്ടതാണ്.

അതിക്രമത്തിൻ്റെ ഏതാനും ഉദാഹരണങ്ങൾ

2014-ൽ ഡൽഹിയിൽ ഏറ്റവും മുന്തിയ 123 പ്രോപ്പർട്ടികളാണ് ആണ് കേന്ദ്ര സർക്കാർ വഖഫ് ബോർഡിന് കൊടുത്തത്.

ചെറായി-മുനമ്പം തീരദേശത്ത് താമസിക്കുന്ന 600-ഓളം വരുന്ന കുടുംബങ്ങളുടെ ജീവിതം 2019 മുതൽ നിശ്ചലമാക്കിയിട്ടിരിക്കുകയാണ് കേരള വഖഫ് ബോർഡ്. മുനമ്പം വേളാങ്കണ്ണി മാതാ ഇടവക ദേവാലയത്തിനു മേലും പാഷനിസ്റ്റ് ആശ്രമത്തിനു മേലും വഖഫ് ബോർഡിൻ്റെ അവകാശവാദമെന്ന ഡമോക്ലിയൻ വാൾ തൂങ്ങിക്കിടക്കുകയാണ്.

കാവേരി നദീതീരത്തുള്ള തിരുചെന്തുറൈ ഗ്രാമത്തെ മുഴുവൻ ഞെട്ടിച്ചുകൊണ്ട് 2022-ൽ തമിഴ്നാട് വഖഫ് ബോർഡ് ആ ഗ്രാമം മുഴുവൻ തങ്ങളുടേതാണെന്ന അവകാശവാദം ഉന്നയിച്ചു. 1500 വർഷം പഴക്കമുള്ള സുന്ദരേശ്വരർ അമ്പലവും അവിടെയുണ്ടെന്നോർക്കണം!

ഹൈദരാബാദിൽ മാരിയറ്റ് ഫൈവ് സ്റ്റാർ ഹോട്ടലിനുമേലാണ് തെലുങ്കാന വഖഫ് ബോർഡ് അവകാശവാദം ഉന്നയിച്ചത്. തെലുങ്കാന ഹൈക്കോടതി വഖഫ് ബോർഡിൻ്റെ ആർത്തിയെ പിടിച്ചുകെട്ടി.

ഇപ്പോൾ ഇന്ത്യയിലാകമാനം വഖഫ് ബോർഡ് അവകാശമുന്നയിച്ച് തർക്കത്തിൽ കിടക്കുന്ന 194 സ്ഥലങ്ങളുണ്ടത്രേ!

വഖഫ് വസ്തുക്കളും വഖഫ് ഭൂമിയും സംബന്ധിച്ച അഴിമതി വിവാദങ്ങളും നിരവധി ഉണ്ടായിട്ടുണ്ട്. മറ്റുള്ളവരുടെ വസ്തുക്കളുടെയും ഭൂമിയുടെയും മേൽ അവകാശാധികാരങ്ങൾ ഉന്നയിച്ചു കൊണ്ടും വഖഫ് പ്രോപ്പർട്ടികൾ ദുരുപയോഗം ചെയ്തുകൊണ്ടും അതിരില്ലാത്ത അധികാരപ്രയോഗം നടത്തിക്കൊണ്ടും തുടരെത്തുടരെ വിവാദത്തിലാകുന്ന വഖഫ് ബോർഡിനെ വേണ്ടവിധം ഭരണഘടനയുടെ വരുതിക്കു നിറുത്തേണ്ടതിൻ്റെ ആവശ്യകത ഇസ്ലാം വിശ്വാസികളിൽ പോലും പലർക്കും ബോധ്യപ്പെട്ടിട്ടുണ്ട്.

ലോക്സഭയിലെ ബിൽ

2024 ആഗസ്റ്റ് എട്ടാം തീയതി ന്യൂനപക്ഷകാര്യ വകുപ്പുമന്ത്രി കിരൺ റിജിജു ലോക്സഭയിൽ അവതരിപ്പിച്ച വഖഫ് നിയമ ഭേദഗതി ഇപ്പോൾ ചൂടേറിയ ചർച്ചകൾക്ക് വഴിതുറന്നിരിക്കുകയാണ്. ഒരു വസ്തു അഥവാ ഭൂമി വഖഫിൻ്റേതാണോ എന്നു വ്യവച്ഛേദിക്കാൻ വഖഫ് ബോർഡിന് അധികാരം നല്കുന്ന 1995 വഖഫ് ആക്ടിലെ 40-ാം അനുച്ഛേദം അധികാര ദുർവിനിയോഗത്തിന് വഴിയൊരുക്കുന്നു എന്ന ആരോപണം പണ്ടേ ഉള്ളതാണ്. കൂടാതെ, സൂക്ഷിപ്പുകാരൻ്റെയും (മുത്തവാലി) കാര്യസ്ഥൻ്റെയും നിയമനത്തിലുള്ള അഴിമതിയാരോപണങ്ങളും നിലവിലുണ്ട്. അതിനാൽ, 40-ാം അനുച്ഛേദം പൂർണമായും ഒഴിവാക്കാനും ജില്ലാ കളക്ടർമാരിൽ ആ ദൗത്യം നിക്ഷിപ്തമാക്കാനുമുള്ള ഭേദഗതികളാണ് ബില്ലിലുള്ളത്. ആ നിർദേശം രാഷ്ട്രീയ കൈകടത്തലുകൾക്ക് വഴിവച്ചേക്കാം എന്ന് നിഷ്പക്ഷമനസ്സുകൾ ചിന്തിക്കുന്നു.

സുതാര്യത ഉറപ്പാക്കുന്ന തരത്തിൽ, വഖഫ് ബോർഡുകളുടെ എല്ലാത്തരം അവകാശവാദങ്ങളും സ്ഥിരീകരിക്കൽ, വഖഫ് ബോർഡുകളിലെ അംഗത്വവും അതിൻ്റെ പ്രവർത്തനങ്ങളും വിവരിക്കുന്ന 9, 14 എന്നീ അനുച്ഛേദങ്ങളിൽ മാറ്റംവരുത്തൽ, വനിതാപ്രാതിനിധ്യം നിർബന്ധമാക്കൽ എന്നിവയും ഭേദഗതിയിലുണ്ട്. വഖഫ് ഭൂമി പുതുതായി അളന്നു തിട്ടപ്പെടുത്താനും വസ്തുക്കളുടെ ലിസ്റ്റ് തയ്യാറാക്കാനും ജില്ലാ ജഡ്ജിമാരുടെ മേൽനോട്ടം ഉറപ്പാക്കാനും ബിൽ വ്യവസ്ഥ ചെയ്യുന്നു.

അധിനിവേശത്തിൻ്റെ ആവേശം സ്ഥിരമായി പ്രകടമാക്കുകയും സാധാരണക്കാരുടെ ജീവിതം അനിശ്ചിതത്വത്തിലാക്കുകയും ക്രമസമാധാനനിലയ്ക്ക് ഭംഗം വരുത്തുകയും ചെയ്യുന്ന വഖഫ് ബോർഡു ശൈലികൾക്ക് കടിഞ്ഞാണിടാൻ സ്വതന്ത്ര ജുഡീഷ്യറിയുടെ സാന്നിധ്യം വഖഫ് ട്രൈബ്യൂണലിൽ അനിവാര്യമാണ്. മതത്തിൻ്റെ അടിസ്ഥാനത്തിൽ വ്യവഹാരങ്ങൾ തീർപ്പു കല്പിക്കാൻ ഇന്ത്യ ഒരു മതരാഷ്ട്രം അല്ലല്ലോ. ബില്ലിനെക്കുറിച്ച് ഉയർന്നിട്ടുള്ള അനാവശ്യ വിവാദങ്ങൾ ഒഴിവാക്കാൻ സംയുക്ത പാർലിമെൻ്ററി സമിതിയുടെ പരിഗണനയിലൂടെ കഴിയും എന്നാണ് എൻ്റെ വിചാരം.
Fr ജോഷി മയാട്ടിൽ



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.