കുരിശിന്റെ വഴി പ്രാര്‍ത്ഥനയെക്കുറിച്ച് ഇക്കാര്യങ്ങള്‍ അറിഞ്ഞിരിക്കണം

നോമ്പുകാലത്ത് നമ്മുടെ വീടുകളിലും ഭവനങ്ങളിലും നടത്താറുള്ള പ്രാര്‍ത്ഥനയാണ് കുരിശിന്റെ വഴി. 14 ാം നൂറ്റാണ്ടുമുതല്‍ സഭയില്‍ നിലനിന്നുപോരുന്ന ഒരു പ്രാര്‍ത്ഥനയാണ് ഇത്. കുരിശിനെയും കുരിശിലെ രക്ഷാകരമായ മരണത്തെയുമാണ് നാം ഈ പ്രാര്‍ത്ഥനയിലൂടെ അനുസ്മരിക്കുന്നത്. വിശുദ്ധവഴി( via sacra) കുരിശിന്റെ വഴി(via crucis ) എന്നീ പേരുകളിലാണ് ഇത് ലത്തീന്‍ ഭാഷയില്‍ അറിയപ്പെടുന്നത്. stations of the cross എന്നാണ് ഇംഗ്ലീഷില്‍ അറിയപ്പെടുന്നത്.മലയാളത്തില്‍ സ്ലീവാപ്പാതയെന്ന് പൊതുവെ പറയാറുണ്ട്.

ഇന്ന് സ്ലീവാപ്പാതയില്‍ പൊതുവെ 14 സ്ഥലങ്ങളാണ് ഉള്ളതെങ്കിലും ആദ്യകാലങ്ങളില്‍ 21 സ്ഥലങ്ങള്‍ വരെയുണ്ടായിരുന്നു.18 ാം നൂറ്റാണ്ട് മുതല്ക്കാണ് കുരിശിന്റെ വഴിയിലെ സ്ഥലങ്ങള്‍ 14 എന്ന ക്രമത്തില്‍ നിജപ്പെടുത്തിയത്. ക്ലമെന്റ് 12 ാമന്‍ മാര്‍പാപ്പയാണ് ഇത്തരമൊരു പരിഷ്‌ക്കാരം വരുത്തിയത്. ഈശോയെ മരണത്തിന് വിധിക്കുന്നതുമുതല്‍ കല്ലറയില്‍ സംസ്‌കരിക്കുന്നതുവരെയായി 14 സ്ഥലങ്ങളെ അദ്ദേഹം ക്ലിപ്തപ്പെടുത്തി. കുരിശിന്റെ വഴി നടത്തുന്ന 14 സ്ഥലങ്ങളിലും 14 കുരിശുകള്‍ സ്ഥാപിക്കണമെന്നും നിര്‍ദ്ദേശം നല്കി.

1975 ല്‍ പോള്‍ ആറാമന്‍ മാര്‍പാപ്പ ഈ ഭക്ത്യാഭ്യാസത്തിന് പുതിയ മാനം നല്കി. അതനുസരിച്ച് കുരിശിന്റെ വഴി പ്രാര്‍ത്ഥന സെഹിയോന്‍ ഊട്ടുശാലയില്‍ ആരംഭിക്കുകയും ഈശോ ഉത്ഥാനംചെയ്യുന്നതില്‍ അവസാനിക്കുകയും ചെയ്യുന്നു.

മലയാളത്തില്‍ ഫാ.ജോസഫ് മാവുങ്കലും ഫാ. ആബേല്‍ സിഎംഐയും രചിച്ച കുരിശിന്റെ വഴി പ്രാര്‍ത്ഥനകളാണ് കൂടുതലായും പ്രചാരത്തിലുള്ളത്.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.