വത്തിക്കാന്‍ സിറ്റി: വിവാഹമെന്ന കൂദാശയെ സംബന്ധിച്ച കത്തോലിക്കാ പ്രമാണങ്ങള്‍ക്ക് യാതൊരു മാറ്റവും ഉണ്ടായിട്ടില്ലെന്ന് വിശ്വാസതിരുസംഘം. അജപാലനപരമായി നല്കുന്ന അനുഗ്രഹത്തെ കൗദാശികമോ ആചാരപരമോ ആയി കണക്കാക്കാനാവില്ലെന്നും വിശ്വാസതിരുസംഘം വ്യക്തമാക്കി. ക്രമവിരുദ്ധ അവസ്ഥകളിലുളള ദമ്പതികള്‍ക്ക് ആശീര്‍വാദം നല്കുന്നത് സംബന്ധിച്ചുള്ള രേഖയെക്കുറിച്ച് ഉയര്‍ന്നുവന്ന വിവിധ പ്രതികരണങ്ങളുടെ പശ്ചാത്തലത്തിലാണ് വത്തിക്കാന്‍ ഇതുസംബന്ധിച്ച വിശദീകരണം പുറപ്പെടുവിച്ചത്.
വിവാഹവും ലൈംഗികതയും സംബന്ധിച്ച സഭാപരമായ നിലപാടില്‍ മാറ്റങ്ങള്‍ ഒന്നും സംഭവിച്ചിട്ടില്ലെന്ന് വിശ്വാസതിരുസംഘം വ്യക്തമാക്കി. ഡികാസ്റ്ററി അധ്യക്ഷന്‍ കര്‍ദിനാള്‍ വിക്ടര്‍ മാനുവല്‍ ഫെര്‍ണാണ്ടസും സെക്രട്ടറി മോണ്‍. അര്‍മാന്തോ മത്തെയോയുമാണ് ഇക്കാര്യത്തില്‍ വിശദീകരണക്കുറിപ്പ് പുറത്തിറക്കിയിരിക്കുന്നത്.
വിവാഹത്തിലൂടെ പുരുഷനും സ്ത്രീയും ഒരുമിച്ചു ചേരുന്ന ബന്ധത്തെയാണ് വിവാഹമെന്ന കൂദാശയിലൂടെ സഭ ഇപ്പോഴും മുന്നോട്ടുവയ്ക്കുന്നതെന്ന് ആവര്‍ത്തിക്കുന്ന വിശദീകരണക്കുറിപ്പ് ക്രമവിരുദ്ധ അവസ്ഥകളിലുള്ള ദമ്പതികളുടെ ബന്ധത്തെയല്ല സഭ ആശീര്‍വദിക്കുന്നതെന്നും വ്യക്തമാക്കി.
ക്രമവിരുദ്ധ വിവാഹത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നവരെ ആരാധനക്രമപരമായോ ആചാരപരമായോ അനുഗ്രഹിക്കുക എന്നതല്ല അവര്‍്ക്ക് നല്കാവുന്ന അജപാലനപരമായ ആശീര്‍വാദം എന്ന ആശയമാണ് നേരത്തെ അറിയിച്ചിരിക്കുന്നതെന്നും തിരുസംഘം ഓര്‍മ്മിപ്പിച്ചു.