പ്രാര്‍ത്ഥിച്ചിട്ട് മതി ബാക്കി കാര്യം. എന്താ ഇന്നു മുതല്‍ തീരുമാനമെടുക്കുന്നോ?

പ്രാര്‍ത്ഥനയില്‍ നിന്ന് അകന്നുനില്ക്കാനും പ്രാര്‍ത്ഥന ഒഴിവാക്കാനും പലരും പറയുന്ന കാരണമാണ് തിരക്ക്. അടുക്കളയില്‍ ജോലിത്തിരക്ക്, ഓഫീസില്‍ ജോലിത്തിരക്ക്, മക്കളെ പരിചരിക്കുന്നതിന്റെ തിരക്ക്.. ഇതിനിടയില്‍ എവിടെയാണ് പ്രാര്‍തഥിക്കാന്‍ സമയം? പക്ഷേ ഇതൊരു ഒഴികഴിവാണ്.

നമ്മുടെ ജീവിതത്തില്‍ പ്രാര്‍ത്ഥനയ്ക്ക് പ്രാധാന്യം കൊടുക്കണം. ആവശ്യം വരുമ്പോള്‍ മാത്രമാകാതെ അനുദിന ജീവിതത്തിലെ ചെയ്തുതീര്‍ക്കേണ്ട ഒരു കടമയായി പ്രാര്‍ത്ഥനയെ കണക്കാക്കുക. നമുക്ക് ഉറങ്ങാന്‍ സമയമുണ്ട്, ഫോണ്‍ വിളിക്കാന്‍ സമയമുണ്ട്, ഭക്ഷിക്കാന്‍ സമയമുണ്ട്. പക്ഷേ പ്രാര്‍ത്ഥിക്കാന്‍ മാത്രം സമയമില്ലെന്ന് പറയുന്നത് ശരിയല്ല. ഇങ്ങനെ സംഭവിക്കുന്നത് പ്രാര്‍ത്ഥനയ്ക്ക് നാം വലുതായ സ്ഥാനം കൊടുക്കുന്നില്ല എന്നതുകൊണ്ടാണ്. ജീവിതത്തില്‍ പ്രാര്‍ത്ഥനയ്ക്ക് വില കൊടുക്കുന്ന ഒരാളെ സംബനധിച്ചിടത്തോളം ഏതു തിരക്കിനിടയിലും അയാള്‍ പ്രാര്‍ത്ഥിക്കാന്‍ സമയം കണ്ടെത്തും.

മുന്‍ഗണനകളാണ് പ്രാര്‍ത്ഥനയ്ക്ക് സമയം നല്കാന്‍ പ്രേരിപ്പിക്കുന്നത് എന്ന് ചുരുക്കം. അതുകൊണ്ട് തിരക്കുകളെ ഗൗനിക്കണ്ടാ, പ്രാര്‍ത്ഥനയ്ക്ക് സമയം കണ്ടെത്തുക. കുളിക്കുകയും കഴിക്കുകയും ചെയ്യുക എന്നത് അനുദിനജീവിതത്തിലെ ഒരു ചര്യയാണെങ്കില്‍ പ്രാര്‍ത്ഥനയും ഒരു ചര്യയാക്കിമാറ്റുക. അതിന് അര്‍ഹിക്കുന്ന പ്രാധാന്യം കൊടുക്കുക. പ്രാര്‍ത്ഥിച്ചിട്ട് മതി ബാക്കികാര്യം എന്ന് ഇന്നുതന്നെ ഒരു തീരുമാനെടുക്കുക.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.