Friday, October 18, 2024
spot_img
More

    റെയിന്‍ബോ പദ്ധതി: 41 ഭവനങ്ങളുടെ നിര്‍മ്മാണത്തിന് കണ്ണിമലയില്‍ തുടക്കം

    കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി രൂപത പ്രളയദുരിതാശ്വാസ പദ്ധതിയായ റെയിന്‍ബോ-2021 പദ്ധതിയിലെ 41 ഭവനങ്ങളുടെ നിര്‍മ്മാണത്തിന് കണ്ണിമലയില്‍ ആരംഭം കുറിച്ചു. ഭൂനിധി പദ്ധതിയില്‍ ലഭിച്ച കണ്ണിമലയിലെ സ്ഥലത്ത് നിര്‍മ്മിക്കുന്ന ഭവനത്തിന്റെ ശിലാസ്ഥാപനം നടത്തിക്കൊണ്ട് കിടപ്പാടം നഷ്ടപ്പെട്ടവര്‍ക്കുള്ള രൂപതാതല ഭവനനിര്‍മ്മാണപദ്ധതിയുടെ ഉദ്ഘാടനം മാര്‍ ജോസ് പുളിക്കല്‍ നിര്‍വ്വഹിച്ചു.

    വേദനിക്കുന്ന സഹോദരങ്ങളോട് ഔദാര്യപൂര്‍വ്വം പെരുമാറുന്നതിനുള്ള സന്മനസ്സ് ദൈവദാനമാണെന്ന് ശിലാസ്ഥാപനത്തോടനുബന്ധിച്ചു നല്‍കിയ സന്ദേശത്തില്‍ മാര്‍ ജോസ് പുളിക്കല്‍ ഓര്‍മ്മിപ്പിച്ചു. റെയിന്‍ബോ പദ്ധതിയോട് നാനാവിധത്തില്‍ സഹകരിക്കുന്നവരെയും സൗജന്യമായി ഭൂമി ദാനം ചെയ്തവരെയും നന്ദിപൂര്‍വ്വം സ്മരിക്കുകയും ദൈവപരിപാലന ദര്‍ശിക്കുവാന്‍ നിരന്തരം കഴിയട്ടെയെന്ന് ആശംസിക്കുന്നതായും അദ്ദേഹം പറഞ്ഞു.

    സൗജന്യമായി ഭൂമി വിട്ടുനല്‍കുവാനും വാങ്ങി നല്‍കുവാനും സന്നദ്ധരായ ആളുകളില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട സ്ഥലങ്ങളുള്‍പ്പെടെ രൂപതയുടെ വിവിധ പ്രദേശങ്ങളിലായി കൊക്കയാര്‍, പെരുവന്താനം, മുണ്ടക്കയം, എരുമേലി,  കാഞ്ഞിരപ്പള്ളി, ചിറക്കടവ് പഞ്ചയത്തുകള്‍ ഉള്‍പ്പെടുന്ന പ്രദേശങ്ങളാണ് ആദ്യഘട്ടത്തില്‍ ഭൂനിധി പദ്ധതിയിലുള്‍പ്പെടുത്തി ഭവനനിര്‍മ്മാണത്തിനായി പ്രയോജനപ്പെടുത്തുന്നത്.

    അന്തിയുറങ്ങുവാന്‍ വീടില്ലാത്തവന്റെ വേദന തിരിച്ചറിഞ്ഞ് വീടും സ്ഥലവും നഷ്ടപ്പെട്ടവര്‍ക്കായുള്ള  ഭവനനിര്‍മ്മാണപദ്ധതി ഏറ്റവും വേഗത്തില്‍ പൂര്‍ത്തീകരിച്ചു നല്‍കുന്നതിനാണ് രൂപത പരിശ്രമിക്കുന്നത്. രൂപതാതല നിര്‍മ്മാണോത്ഘാടനം നിര്‍വ്വഹിക്കപ്പെട്ട സ്ഥലത്തെ ഭവനം കണ്ണിമല ഇടവകാംഗമായ ജോയിച്ചന്‍ പുന്നത്താനത്ത് ഭൂനിധി പദ്ധതിയില്‍ സൗജന്യമായി നല്‍കിയ സ്ഥലത്ത് ഇടവക വികാരി ഫാ. ജോസ് വരിക്കമാക്കലിന്റെ നേതൃത്വത്തില്‍ ഇടവകാംഗങ്ങളാണ് നിര്‍മ്മിച്ചു നല്‍കുന്നത്.

    കൂവപ്പള്ളി അമല്‍ജ്യോതി എഞ്ചിനീയറിംഗ് കോളജ് സിവില്‍ എഞ്ചിനീയറിംഗ് ഡിപ്പാര്‍ട്ട്‌മെന്റാണ് ഭവനനിര്‍മ്മാണവുമായി ബന്ധപ്പെട്ട പൊതുവായ സാങ്കേതിക ചുമതല വഹിക്കുന്നത്. ഭവനനിര്‍മ്മാണത്തിനുള്‍പ്പെടെ വിവിധ തലങ്ങളില്‍ രൂപതയിലെ വിശ്വാസിസമൂഹം, സന്യാസ സന്യാസിനീ സമൂഹങ്ങള്‍, സംഘടനകള്‍, സ്ഥാപനങ്ങള്‍ തുടങ്ങി സുമനസ്സുകളുടെ സഹകരണത്തിലാണ് പദ്ധതി മുന്നോട്ടു നീങ്ങുന്നത്.

    രൂപതാ വികാരിജനറാള്‍ റവ.ഡോ.ജോസഫ് വെള്ളമറ്റം, വികാരി ജനറാളും റെയിന്‍ബോ കമ്മറ്റി കണ്‍വീനറുമായ റവ. ഫാ. ബോബി അലക്‌സ് മണ്ണംപ്ലാക്കല്‍, കണ്ണിമല പള്ളി വികാരി റവ.ഫാ. ജോസ് വരിക്കമാക്കല്‍, റവ.ഫാ. ഫിലിപ്പ് തടത്തില്‍, റവ.ഫാ.വര്‍ഗീസ് പുതുപ്പറമ്പില്‍, റവ.ഫാ.റോയി വടക്കേല്‍, റവ.ഫാ. തോമസ് നല്ലൂര്‍കാലായിപ്പറമ്പില്‍, റവ. ഫാ.ചെറിയാന്‍ പുലിക്കുന്നേല്‍ വി.സി., റവ.ഫാ. ഉല്ലാസ് ചക്കുംമൂട്ടില്‍, മുണ്ടക്കയം പഞ്ചായത്ത് പ്രസിഡന്റ് രേഖാ ദാസ്, വാര്‍ഡ്‌മെമ്പര്‍ ബിന്‍സി ചേന്നാട്ട്, ക്ലാരിസ്റ്റ് പ്രൊവിന്‍ഷ്യല്‍ സി. അമല, പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി അഡ്വ.ഷെവ.വി.സി.സെബാസ്റ്റ്യന്‍, ഫിനാന്‍സ് കൗണ്‍സില്‍ സെക്രട്ടറി അഡ്വ.സോണി പുരയിടത്തില്‍, ജോയിച്ചന്‍ പുന്നത്താനത്ത്, മാര്‍ട്ടിന്‍, ബെന്നി സ്രാകത്ത്, വിവിധ സന്യാസ സന്യാസിനീ സമൂഹങ്ങളുടെ പ്രതിനിധികള്‍, കണ്ണിമല ഇടവകാംഗങ്ങള്‍, പ്രദേശവാസികള്‍ എന്നിവര്‍ ശിലാസ്ഥാപനകര്‍മ്മത്തില്‍ പങ്കെടുത്തു.

    ഫോട്ടോ അടിക്കുറിപ്പ്:

    കാഞ്ഞിരപ്പള്ളി രൂപതാ ഭവനനിര്‍മ്മാണ പദ്ധതിയുടെ നിര്‍മ്മാണോത്ഘാടനം കണ്ണിമലയില്‍ ഭവനത്തിന് ശിലാസ്ഥാപനം നടത്തിക്കൊണ്ട് മാര്‍ ജോസ് പുളിക്കല്‍ നിര്‍വ്വഹിക്കുന്നു. ഫാ. ജോസഫ് വെള്ളമറ്റം, ഫാ. ബോബി അലക്‌സ് മണ്ണംപ്ലാക്കല്‍, ഫാ. ജോസ് വരിക്കമാക്കല്‍, അഡ്വ.സോണി പുരയിടത്തില്‍, ഷെവ. അഡ്വ.വി.സി.സെബാസ്റ്റ്യന്‍, ബിന്‍സി ചേന്നാട്ട്, ജോയിച്ചന്‍ പുന്നത്താനത്ത് എന്നിവര്‍ സമീപം.

    ഫാ.സ്റ്റാന്‍ലി പുള്ളോലിക്കല്‍
    പി.ആര്‍.ഓ
    കാഞ്ഞിരപ്പള്ളി രൂപത

    spot_img
    spot_img
    spot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!