ഒക്ടോബർ 18 – ഔർ ലേഡി ഓഫ് റീംസ് ദൈവാലയസമർപ്പണം (405) – വിശുദ്ധ നിക്കസിയാസ് പണികഴിപ്പിച്ചത്.
റീംസിലെ മാതാവിന്റെ ദൈവാലയം, 405-ൽ, ആ കാലഘട്ടത്തിൽ നഗരത്തിലെ ആർച്ച് ബിഷപ്പായിരുന്ന വിശുദ്ധ നിക്കസിയാസ് നിർമ്മിച്ചതാണ് (ദൈവാലയം 400-ലോ 401-ലോ പൂർത്തിയാക്കിയതാകാമെന്ന് വിശ്വസിക്കപ്പെടുന്നു.) ഫ്രാൻസിൽ കുറേ അക്രമികൾ അതിക്രമിച്ചു കടക്കുമെന്നതിനാൽ റീംസിലെ ആളുകളോട് ഒരുങ്ങിയിരിക്കണമെന്നു പ്രവചിച്ചത് വിശുദ്ധ നിക്കസിയാസ് ആയിരുന്നു. ഒടുവിൽ കിരാതന്മാർ നഗര കവാടത്തിൽ എത്തിയപ്പോൾ, വിശുദ്ധ നിക്കസിയാസ് തൻ്റെ സഹോദരിയും വിശ്വസ്തനായ പ്രഭാഷകനും ഡീക്കനുമൊത്ത് അവരെ കാണാൻ പുറപ്പെട്ടു. അവരെല്ലാം കൊല്ലപ്പെട്ടെങ്കിലും, അവരുടെ ത്യാഗം റീംസിലെ കൂടുതൽ ആളുകൾക്ക് സുരക്ഷിത സ്ഥാനത്തേക്ക് പലായനം ചെയ്യാൻ സമയം നൽകി.
വിശുദ്ധ നിക്കസിയാസ് ശിരഛേദം ചെയ്യപ്പെട്ടപ്പോൾ അദ്ദേഹം 119-ാം സങ്കീർത്തനം പ്രാർത്ഥിക്കുകയായിരുന്നു എന്നത് ശ്രദ്ധേയമാണ്. ‘എൻ്റെ പ്രാണൻ പൊടിയോട് പറ്റിചേർന്നിരിക്കുന്നു’ എന്നർത്ഥം വരുന്ന, ‘Adhaesit pavimento anima mea’ എന്ന വാചകത്തിൽ എത്തിയ നിമിഷത്തിലാണ് അദ്ദേഹം കൊല്ലപ്പെട്ടത്. ശിരഛേദം ചെയ്യപ്പെട്ടതിനുശേഷം, അദ്ദേഹത്തിന്റെ ശിരസ് നിലത്തു വീണെങ്കിലും , അദ്ദേഹം അത്ഭുതകരമായി സങ്കീർത്തനം വായിക്കുന്നത് തുടർന്നു:
‘Vivifica me, Domine, secundum verbum tuum’..അതായത്, ‘അങ്ങയുടെ വാഗ്ദാനമനുസരിച്ച് എന്നെ ഉജ്ജീവിപ്പിക്കേണമേ!’
ക്ലോവിസ് രാജാവ് ത്രിയേക ദൈവത്തിലുള്ള തൻ്റെ വിശ്വാസം താഴ്മയോടെ ഏറ്റുപറയുകയും 496-ൽ വിശുദ്ധ റെജിമിയസ് വഴി മാമോദീസ സ്വീകരിക്കുകയും തുടർന്ന് വന്ന എല്ലാ ഫ്രഞ്ച് രാജാക്കന്മാരുടെയും കിരീടധാരണം നടക്കുകയും ചെയ്ത പള്ളിയാണിത്. രാജാക്കന്മാരുടെ ചിത്രങ്ങൾ പ്രദർശിപ്പിച്ചിട്ടുള്ളതിന്റെ കൂടെ ക്ലോവിസ് രാജാവിൻ്റെ ജ്ഞാനസ്നാനത്തിൻ്റെ ഗംഭീരമായ ഒരു പെയിൻ്റിംഗ് ഉണ്ട്, അതിന് ചുറ്റും അദ്ദേഹത്തിൻ്റെ പിൻഗാമികളുടെ ചിത്രങ്ങളും ഉണ്ട്.
തകർന്നുവീണ ഈ പള്ളി പിന്നീട് എബോയും ഹിൻമറും ചേർന്ന് പുനർനിർമിച്ചു. 845-ൽ ഇത് പൂർത്തിയായി, ഇപ്പോഴും ദൈവമാതാവിൻ്റെ തീർത്ഥാടന കേന്ദ്രമായി തുടരുന്നു. ഒരു കാലത്ത് കത്തീഡ്രലിൻ്റെ ശത്രുക്കൾ റീംസിലെ ഒരു ആശ്രമത്തിന് തീയിട്ടു. കപ്യാർ സംരക്ഷിക്കാൻ ശ്രമിച്ച അവശിഷ്ടങ്ങളിൽ, പരിശുദ്ധ കന്യകയുടെ മുടി അടങ്ങിയിരുന്ന ഒരു ദന്തനിർമ്മിത രൂപവും ഉണ്ടായിരുന്നു. ഈ തിരുശേഷിപ്പ് കാത്തുസൂക്ഷിക്കണേയെന്ന് അയാൾ പരിശുദ്ധ അമ്മയോട് ആത്മാർത്ഥമായി പ്രാർത്ഥിച്ചു. ആശ്രമാധിപതി, തീപിടിത്തതിന് ശേഷം പള്ളിയിലേക്ക് പ്രവേശിച്ചപ്പോൾ, രൂപം നിവർന്നുനിൽക്കുന്നതും കേടുപാടുകൾ കൂടാതെ ഭക്തിപൂർവ്വം അവിടെ വെച്ചിരിക്കുന്നതു പോലെയും കണ്ടു. അപ്പോൾ മുതൽ, രൂപം അത്ഭുതശക്തിയുള്ളതാണെന്ന് വിശ്വസിക്കപ്പെട്ടു.
1210-ൽ തീപിടിത്തമുണ്ടായ പഴയ പള്ളിയുടെ സ്ഥാനത്താണ് ഇപ്പോഴത്തെ കത്തീഡ്രൽ. 14-ാം നൂറ്റാണ്ട് വരെ അത് പൂർത്തീകരിക്കപ്പെട്ടിരുന്നില്ല, ഇന്നും കാണാൻ കഴിയുന്ന മനോഹരമായ ഗോഥിക് കത്തീഡ്രലാണ് അത്.