Thursday, November 21, 2024
spot_img
More

    ഒക്ടോബർ : 18: സിറോ മലബാർ സഭയിലെ ഇന്നത്തെ വിശുദ്ധൻ- വിശുദ്ധ ലൂക്ക –

    ഇന്ന് സിറോ മലബാർ സഭയിൽ ആഘോഷിക്കപ്പെടുന്ന വിശുദ്ധനാണ് – വിശുദ്ധ ലൂക്ക . ആ വിശുദ്ധനെപ്പറ്റി കൂടുതൽ അറിയുവാൻ തുടർന്ന് വായിക്കുക

    സുവിശേഷം എഴുതിയ നാലു പേരിൽ ഒരാളും ‘അപ്പസ്തോല പ്രവർത്തനങ്ങൾ’ എന്ന വചനഭാഗവുമെഴുതിയ വിശുദ്ധ ലൂക്കായെ കുറിച്ച് വിശുദ്ധ പൗലോസ് ശ്ലീഹാ കൊളോസ്സുകാർക്കുള്ള ലേഖനത്തിൽ ‘ലൂക്കാ, പ്രിയങ്കരനായ വൈദ്യൻ’ എന്നാണ് വിശേഷിപ്പിച്ചിരിക്കുന്നത്. പൌരാണിക ലിഖിതങ്ങളിൽ നിന്നും പഴയ സഭാ ചരിത്രകാരൻമാരിൽ നിന്നും കുറച്ച് വിവരങ്ങൾ മാത്രമേ അദ്ദേഹത്തിന്റെ ജീവിതത്തെ കുറിച്ച് നമുക്ക് അറിവായിട്ടുള്ളൂ. ഗ്രീക്ക് വംശജനായ അവിശ്വാസിയായിട്ടാണ് ലൂക്ക ജനിച്ചതെന്ന് വിശ്വസിക്കപ്പെടുന്നു.

    ലൂക്കായുടെ സുവിശേഷത്തിൽ അദ്ദേഹം വിജാതീയരെ സുവിശേഷവൽക്കരിക്കുതിനു കൂടുതൽ പ്രാമുഖ്യം കൊടുക്കുന്നതായി കാണാവുന്നതാണ്. നല്ല സമരിയാക്കാരന്റെ ഉപമ ലൂക്കായുടെ സുവിശേഷത്തിൽ നിന്നു മാത്രമാണ് നാം കേട്ടത്. വിജാതീയ വിധവയുടെ വിശ്വാസത്തെ യേശു പുകഴ്ത്തുന്നതും സിറിയാക്കാരനായ നാമാനെ പ്പറ്റിയും നാം കേൾക്കുന്നതും ഇദ്ദേഹത്തിന്റെ സുവിശേഷം വഴിയാണ്.

    പഴയ സഭാ ചരിത്രകാരനായ ഏവുസേബിയുസിന്റെ അഭിപ്രായത്തിൽ ലൂക്ക സിറിയയിലെ അന്തോക്കിയയിലാണ് ജനിച്ചത്. ഒരു വൈദ്യനായിരിന്നതിനാല്‍ അദ്ദേഹം സമ്പന്നനാണെന്ന് കരുതപ്പെടുന്നു. എന്നാൽ ലൂക്കാ ഒരു അടിമയായിട്ടാണ് ജനിച്ചതെന്ന് പണ്ഡിതൻമാർക്കിടയിൽ ഒരു തർക്കമുണ്ട്. അടിമകളിൽ കുടുബങ്ങളിലുള്ള ഒരാളെ വൈദ്യം പഠിപ്പിക്കുക എന്നത് അത്ര അസാധാരണമായ കാര്യമൊന്നുമല്ല. വീട്ടിലിരുന്നു ചികിത്സിക്കുന്ന ഒരു വൈദ്യനായിരുന്നിരിക്കാം വിശുദ്ധ ലൂക്ക.

    വിശുദ്ധ പൗലോസ്‌ ശ്ലീഹാ മാത്രമല്ല ഏവുസേബിയുസ്, വിശുദ്ധ ജെറോം, വിശുദ്ധ ഇരെണാവൂസും കയ്യോസും കൂടാതെ രണ്ടാം നൂറ്റാണ്ടിലെ ഒരു ചരിത്രകാരനും വിശുദ്ധ ലൂക്കയെ ഒരു വൈദ്യനായി പരാമർശിച്ചിട്ടുള്ളതായി കാണാം. വിശുദ്ധ ലൂക്കയുടെ മത പ്രഘോഷണത്തെക്കുറിച്ചറിയുന്നതിനു നാം അദ്ദേഹത്തിന്റെ സുവിശേഷങ്ങളിലൂടെ ഒന്ന് കടന്നു പോയാൽ മതി. ക്രിസ്തീയ വിശ്വാസത്തിലേക്കുള്ള അദ്ദേഹത്തിന്റെ പരിവർത്തനത്തെ പറ്റി നമ്മുക്ക് ഒന്നും നമുക്കറിയില്ല. എങ്കിലും ‘അപ്പോസ്തോലിക പ്രവർത്തനങ്ങൾ’ എന്ന സുവിശേഷത്തിലെ ഭാഷ പിന്തുടര്‍ന്നാല്‍ എവിടെ വച്ചാണ് അദ്ദേഹം വിശുദ്ധ പൗലോസ് ശ്ലീഹായുമായി കൂടിചേരുന്നതെന്ന് കാണാം.

    ഈ സുവിശേഷത്തിലെ 16-മത്തെ അദ്ധ്യായം വരെ മൂന്നാമതൊരാള്‍ ഒരു ചരിത്രകാരനെ പോലെ സംഭവങ്ങള്‍ രേഖപ്പെടുത്തുന്ന രീതിയിലാണ് സുവിശേഷത്തിന്റെ രചനാ ശൈലി. ഈ സുവിശേഷത്തിലെ 16:8-9 വാക്യങ്ങളിൽ നിന്നും വിശുദ്ധ പൌലോസ്‌ ശ്ലീഹായും കൂടി ചേർന്നതായി കാണാം. വിശുദ്ധ ലൂക്ക വിശുദ്ധ പൗലോസിനോടൊപ്പം ചേരുന്നത് ഏതാണ്ട് 51-ൽ ട്രോസിൽ വെച്ചാണെന്ന് കരുതപ്പെടുന്നു. മാസിഡോണിയയിൽ സമോത്രേസ്, നീപോളിസ് ഫിലിപ്പി എന്നീ പ്രദേശങ്ങളിൽ അവർ സഞ്ചരിച്ചു. പിന്നീട് മൂന്നാമത്തെ വ്യക്തിയുടെ വിവരണമെന്ന രചനാ ശൈലിയിലാണ് തന്റെ സുവിശേഷം അദ്ദേഹം തുടരുന്നത്. ഇത് ഒരുപക്ഷെ വിശുദ്ധ പൌലോസിനോപ്പം തന്നെയും കാരാഗ്രഹത്തിലടച്ചില്ല എന്നും വിശുദ്ധ പൌലോസ് ഫിലിപ്പിയില്‍ നിന്ന് പോയപ്പോൾ വിശുദ്ധ ലൂക്ക അവിടത്തെ സഭയെ പ്രോത്സാഹിപ്പിക്കുന്നതിനായി ഫിലിപ്പിയിൽ തന്നെ തുടർന്നു എന്ന് സൂചിപ്പിക്കാനായിരിക്കും അദ്ദേഹം ഈ ശൈലി തിരഞ്ഞെടുത്തത്.

    അപ്പോസ്തോല പ്രവർത്തനങ്ങളിലെ 20:25ൽ ‘ഞങ്ങൾ’ എന്ന വാക്കിലൂടെ മനസ്സിലാക്കാവുന്നത് ലൂക്കാ ഫിലിപ്പി വിട്ട് പൗലൊസിനൊപ്പം ചേരുന്നതിനായി 58-ൽ അവർ ആദ്യമായി ഒത്തുചേർന്ന ട്രോസിലേക്ക് പോയി എന്നാണ്. അവർ ഒരുമിച്ചു മിലെറ്റസ്, റ്റൈർ, ജെറുസലേം എന്നീ പ്രദേശങ്ങളിൽ സഞ്ചരിച്ചു. ലൂക്കാ വിശുദ്ധ പൌലോസ് ശ്ലീഹായുടെ വിശ്വസ്ത സഹപ്രവർത്തകൻ ആയിരുന്നു. പൌലോസ് ശ്ലീഹാ 61-ൽ റോമിൽ തടവിലാക്കപ്പെട്ടപ്പോൾ അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾ ലൂക്കാ തുടർന്നു. എല്ലാവരും പൌലോസ് ശ്ലീഹായെ ഉപേക്ഷിച്ചപ്പോള്‍ ലൂക്ക മാത്രമായിരുന്നു അവസാനം വരെ അദ്ദേഹത്തിന്‍റെ ഒപ്പം നിന്നത്. “ലൂക്ക മാത്രം എന്‍റെ ഒപ്പം ഉണ്ട്” (2 തിമോത്തി 4:1) വചനത്തില്‍ ഇത് സ്പഷ്ട്ടമാണ്.

    ലൂക്കായുടെ പ്രവര്‍ത്തനങ്ങള്‍ക്കും സുവിശേഷങ്ങള്‍ക്കും പ്രചോദനമായത് പൗലോസ് ശ്ലീഹയും അദ്ദേഹത്തിന്‍റെ സഹപ്രവര്‍ത്തകരുമായുള്ള ലൂക്കായുടെ അടുപ്പം ആയിരുന്നു. തന്‍റെ സുവിശേഷത്തിന്‍റെ മുഖവുരയില്‍ തന്നെ ലൂക്ക ഇത്‌ വ്യക്തമാക്കുന്നുണ്ട്. ക്രിസ്തുവിനെ കുറിച്ചുള്ള ലൂക്കായുടെ വീക്ഷണം അദ്ദേഹത്തിന്‍റെ സുവിശേഷത്തിലെ ആറു അത്ഭുതങ്ങളിലും പതിനെട്ടോളം ഉപമകളിലുമായി കാണാവുന്നതാണ്. ലൂക്ക സാമൂഹ്യ നീതിയുടെയും പാവപ്പെട്ടവരുടെയും സുവിശേഷകനാണ്. ലാസറിന്‍റെയും അവനെ അവഗണിച്ച ധനികന്‍റെയും കഥ നമ്മോടു പറഞ്ഞത്‌ ലൂക്കയാണ്.

    “ദൈവം ശക്തിമാന്മാരെ സിംഹാസനത്തില്‍ നിന്നും താഴെയിറക്കുകയും, പാവങ്ങളെ ഉയര്‍ത്തുകയും; വിശക്കുന്നവര്‍ക്ക് ഭക്ഷിക്കാന്‍ നല്‍കുകയും ധനികരെ ദരിദ്രരാക്കുകയും ചെയ്യും” (ലൂക്കാ 1:52-53) തുടങ്ങിയ കന്യകാമറിയത്തിന്‍റെ ദൈവസ്തുതികള്‍ നാം കേള്‍ക്കുന്നത് ലൂക്കായുടെ സുവിശേഷങ്ങളിൽ നിന്നുമാണ്. യേശുവിന്‍റെ ജീവിതവുമായി ബന്ധമുള്ള സ്ത്രീകളെ കുറിച്ചുള്ള പരാമര്‍ശവും ലൂക്കായുടെ സുവിശേഷത്തില്‍ നമുക്ക്‌ കാണാവുന്നതാണ്. തിരുകുമാരന്‍റെ ജനനത്തെ കുറിച്ചുള്ള മംഗള വാര്‍ത്തയും, മേരി എലിസബത്തിനെ സന്ദര്‍ശിക്കുന്നതും, യേശുവിനെ ജെറുസലേം ദേവാലയത്തില്‍ വച്ച് കാണാതാവുന്നതും മറ്റും ലൂക്കായുടെ സുവിശേഷത്തില്‍ നിന്നുമാണ് നാം കേള്‍ക്കുന്നത്.

    “നന്മ നിറഞ്ഞ മറിയമേ നിനക്ക്‌ സ്തുതി, സ്ത്രീകളില്‍ നീ അനുഗ്രഹിക്കപ്പെട്ടവളാകുന്നു, അങ്ങയുടെ ഉദരത്തിന്‍റെ ഫലമായ ഈശോ അനുഗ്രഹിക്കപ്പെട്ടവനാകുന്നു” തുടങ്ങി എലിസബത്ത്‌ പറയുന്നതായ ഭാഗങ്ങള്‍ക്ക് നാം യഥാര്‍ത്ഥത്തില്‍ ലൂക്കായോടാണ് നന്ദി പറയേണ്ടത്‌. ലൂക്കായുടെ സുവിശേഷങ്ങള്‍ വായിക്കുന്നതിലൂടെ അദ്ദേഹത്തിന്‍റെ സ്വഭാവം നമുക്ക്‌ മനസ്സിലാക്കാന്‍ സാധിക്കും. ദരിദ്രരെ സ്നേഹിക്കുന്ന, ദൈവരാജ്യത്തിന്‍റെ കവാടങ്ങള്‍ സകലര്‍ക്കുമായി തുറക്കണമെന്നാഗ്രഹിക്കുന്ന, സ്ത്രീകളെ ബഹുമാനിക്കുന്ന, സകലര്‍ക്കും മേല്‍ വര്‍ഷിക്കുന്ന ദൈവ കാരുണ്യത്തില്‍ പ്രതീക്ഷ അര്‍പ്പിക്കുന്ന ലൂക്കായെ നമുക്കവിടെ ദര്‍ശിക്കാനാവും.

    വിശുദ്ധ പൗലോശ്ലീഹായുടെ മരണത്തിന് ശേഷമുള്ള ലൂക്കായുടെ ജീവിതത്തെ കുറിച്ച് ഭിന്നാഭിപ്രായങ്ങള്‍ നിലവിലുണ്ട്. ചില പഴയ എഴുത്ത് കാരുടെ അഭിപ്രായത്തില്‍ ലൂക്ക രക്തസാക്ഷിത്വം വരിച്ചതായി കാണുന്നു. വേറെ ചിലര്‍ പറയുന്നത് അദ്ദേഹം വളരെയേറെ കാലം ജീവിച്ചതിന് ശേഷമാണ് മരിച്ചതെന്നാണ്. വേറെ ചിലരുടെ അഭിപ്രായത്തില്‍ അദ്ദേഹം ഗ്രീസില്‍ സുവിശേഷം പ്രസംഗിച്ചു എന്നും വേറെ ചിലര്‍ ഗൌളില്‍ സുവിശേഷം പ്രസംഗിച്ചു എന്നും വാദിക്കുന്നു.

    പഴയ വിശ്വാസം അനുസരിച്ച് ഗ്രീസില്‍ സുവിശേഷം എഴുതികൊണ്ടിരിക്കെ തന്‍റെ 84-മത്തെ വയസ്സില്‍ ബോയെട്ടിയ എന്ന സ്ഥലത്ത് വിശുദ്ധന്‍ മരണമടഞ്ഞു എന്നാണ് കരുതപ്പെടുന്നത്. മറ്റൊരു പാരമ്പര്യ വിശ്വാസമനുസരിച്ചു ലൂക്ക ഒരു ചിത്രകാരനായിരുന്നു. ഈ വിശ്വാസം മൂലം ഇദ്ദേഹത്തെ ചിത്രകാരന്മാരുടെ മധ്യസ്ഥനായി ചിലര്‍ വിശ്വസിക്കുകയും പരിശുദ്ധ മറിയത്തിന്‍റെ ചിത്രങ്ങള്‍ വരച്ചിട്ടുള്ളതായി കരുതുകയും ചെയ്യുന്നു. പലപ്പോഴും വിശുദ്ധ ലൂക്കായെ കാളയുമായോ പശുക്കുട്ടിയുമായോ നിൽക്കുന്നതായി കാണാം, ഇവ പരിത്യാഗത്തിന്‍റെ പ്രതീകങ്ങളാണ്. വൈദ്യന്മാരുടെ മാധ്യസ്ഥനായാണ് വിശുദ്ധ ലൂക്കാ ആദരിക്കപ്പെടുന്നത്.

    spot_img
    spot_img
    spot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!