Tuesday, October 15, 2024
spot_img
More

    സീറോമലബാർസഭയിൽ അഭിഷിക്തരാകുന്ന വൈദികർ സഭയുടെ ഔദ്യോഗികമായ വിശുദ്ധ കുർബാന ചെല്ലണം

    പ്രസ്താവന

    എറണാകുളം-അങ്കമാലി അതിരൂപതയിലെ ഡീക്കന്മാർക്ക് വൈദീകപട്ടം നൽകുന്നതുമായി ബന്ധപ്പെട്ട് വസ്തുതാ വിരുദ്ധമായ ചില കാര്യങ്ങൾ അതിരൂപതാ ആസ്ഥാനത്ത് പ്രതിഷേധിക്കാനെന്നുപറഞ്ഞു കയറിയ ഒരു വിഭാഗം വൈദികരുടെയും അല്മായരുടെയും ഭാഗത്തുനിന്നും ഉണ്ടായത് ശ്രദ്ധയിൽപ്പെട്ടു. സീറോമലബാർസഭയുടെ മേജർ ആർച്ചുബിഷപ്പും എറണാകുളം-അങ്കമാലി അതിരൂപതയുടെ അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്ററും സംയുക്തമായി 2024 ജൂലൈ ഒന്നിനു നൽകിയ അറിയിപ്പിലും (Ref. No. 6/2024) 2024 ആഗസ്ത് 31നു പുറപ്പെടുവിച്ച സിനഡനന്തര സർക്കുലറിലും (Prot. No. 0857/2024) ഏകീകൃത വിശുദ്ധ കുർബാനയർപ്പണവുമായി ബന്ധപ്പെട്ടും ഡീക്കന്മാരുടെ തിരുപ്പട്ടവുമായി ബന്ധപ്പെട്ടും അറിയിച്ചിരിക്കുന്ന കാര്യങ്ങൾ മാറ്റമില്ലാതെ നിലനിൽക്കുന്നതാണ്.

    2024 ജൂലൈ മൂന്നു മുതൽ എറണാകുളം-അങ്കമാലി അതിരൂപതയിലെ എല്ലാ ഇടവക ദൈവാലയങ്ങളിലും ഞായറാഴ്ചകളിലും കടമുള്ള ദിവസങ്ങളിലും സിനഡ് തീരുമാനിച്ച ഏകീകൃത വിശുദ്ധ കുർബാനയർപ്പണം നടപ്പിലാക്കുന്നതിനനുസൃതമായി അതിരൂപതയിലെ എല്ലാ കാനോനിക സമിതികളുടേയും രൂപീകരണവും അതിരൂപതയിലെ ഡീക്കന്മാരുടെ തിരുപ്പട്ടവും പരിശുദ്ധ സിംഹാസനത്തിന്റെ അനുവാദത്തോടെ നടത്തുന്നതാണ് എന്ന തീരുമാനം അറിയിച്ചിരുന്നതാണ്. എന്നാൽ, ഏകീകൃത വിശുദ്ധ കുർബാനയർപ്പണം പൂർണ്ണമായും നടപ്പിലാക്കാത്ത സാഹചര്യമാണ് അതിരൂപതയിൽ നിലവിലുള്ളത്. പരിശീലനം പൂർത്തിയാക്കിയ ഡീക്കന്മാർക്ക് പൗരോഹിത്യപട്ടം നൽകണമെന്നുതന്നെയാണ് സീറോമലബാർ സഭാസിനഡിന്റെയും പരിശുദ്ധ സിംഹാസനത്തിന്റെയും നിലപാട്. തിരുപ്പട്ടം സ്വീകരിക്കേണ്ടവർ പരസ്യമായി പ്രഖ്യാപിക്കുന്ന അനുസരണവ്രതത്തിന് ഒരുക്കമായി സിനഡ് അംഗീകരിച്ചിരിക്കുന്ന രീതിയിലും മാർപാപ്പ ആവശ്യപ്പെട്ട രീതിയിലും വിശുദ്ധ കുർബാന അർപ്പിക്കാമെന്ന സന്നദ്ധത ഡീക്കന്മാർ അറിയിക്കാത്തതുകൊണ്ടാണ് തിരുപ്പട്ട സ്വീകരണം നീണ്ടുപോകുന്നത്.

    സീറോമലബാർസഭയിൽ അഭിഷിക്തരാകുന്ന വൈദികർ സഭയുടെ ഔദ്യോഗികമായ വിശുദ്ധ കുർബാന ചെല്ലണം എന്നത് നിസ്തർക്കമായ കാര്യമാണ്. കത്തോലിക്കാസഭ പഠിപ്പിക്കുന്നതുപോലെ വിശുദ്ധ കുർബാന ആരാധനയുടെ ഏറ്റവും ഉച്ചസ്ഥായിയായ ഉറവിടവും മകുടവുമാണ്. അത് കേവലം വ്യക്തിപരമായ ഇഷ്ടാനിഷ്ടങ്ങളുടെയോ പ്രാദേശിക താൽപ്പര്യങ്ങളുടെയോ അടിസ്ഥാനത്തിൽ അർപ്പിക്കാനുള്ളതല്ല. എല്ലാവരും സഹകരണ മനോഭാവത്തോടെ തീരുമാനങ്ങൾ അംഗീകരിച്ചു ഒന്നിച്ചു നീങ്ങണം എന്നാണ് സഭ ആഗ്രഹിക്കുന്നത്. അനുസരണക്കേടിൽ തുടരുന്നവർ മാർപാപ്പയുടെ കീഴിൽ സ്വതന്ത്ര സഭ ആക്കണം എന്നൊക്കെ ആവശ്യപ്പെടുന്നത് അപ്രായോഗികവും സഭാപാരമ്പര്യങ്ങൾക്കും കാനോനിക നിയമങ്ങൾക്കും വിരുദ്ധവുമാണ്. ആയതിനാൽ, ഇത്തരം അബദ്ധജഡിലമായ ചിന്തകളിൽനിന്നും ആശയപ്രചരണങ്ങളിൽനിന്നും പിന്തിരിയണമെന്നും സഭയുടെ അഭിമാനവും നന്മയും ലക്ഷ്യമാക്കി പെരുമാറണമെന്നും സ്നേഹപൂർവ്വം അഭ്യർത്ഥിക്കുന്നു.

    ഫാ.ഡോ. ആന്റണി വടക്കേകര വി.സി.
    പി.ആർ.ഒ., സീറോമലബാർസഭ &
    സെക്രട്ടറി, മീഡിയ കമ്മീഷൻ

    സെപ്റ്റംബർ 28, 2024

    spot_img
    spot_img
    spot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!