Thursday, November 21, 2024
spot_img
More

    ഇരുപത്തിയെട്ടാം ദിവസം 19-03-2022- വിശുദ്ധ ലൂയിസ് ഡി മോൺഫോർട്ടിന്റെ ക്രമമനുസരിച്ചുള്ള ദൈവമാതാവിന്റെ വിമല ഹൃദയ പ്രതിഷ്ടാ ഒരുക്കം

    ==========================================================================

    33 ദിവസത്തെ സമ്പൂർണ വിമലഹൃദയ പ്രതിഷ്ഠക്കുള്ള നിർദ്ദേശങ്ങൾ വായിക്കുവാൻ ഇവിടെ ക്ലിക് ചെയ്യുക

    ഇരുപത്തിയേഴു മുതൽ മുപ്പത്തിമൂന്നു വരെയുള്ള അവസാനത്തെ ആഴ്ചയിലെ ഒരുക്ക പ്രാർത്ഥനകൾ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ==========================================================================

    ഇരുപത്തിയെട്ടാം ദിവസം

    യേശുവിനെ അറിയുക

    ക്രിസ്താനുകരണ വായന

    സർവ്വോപരി ഈശോയെ സ്നേഹിക്കുക.

    1. ഈശോയെ സ്നേഹിക്കുന്നതും ഈശോയെപ്രതി തന്നെത്തന്നെ വെറുക്കുന്നതും എന്താണെന്ന് അറിയുന്ന വൻ ഭാഗ്യവാൻ,

    സർവ്വവസ്തുക്കളേക്കാൾ ഉപരിയായി തന്നെ സ്നേഹിക്കണമെന്ന് ഈശോ ആഗ്രഹിക്കുന്നതുകൊണ്ട് ഈ പ്രിയനെ പ്രതി പ്രിയപ്പെട്ടവ നാം ഉപേക്ഷിക്കണം. സൃഷ്ടികളുടെ സ്നേഹം ചഞ്ചലവും വഞ്ചനാത് കവുമാണ്. ഈശോയുടെ സ്നേഹം വിശ്വസ്തവും
    ശാശ്വതവുമത്രേ. സൃഷ്ടികളോടു ചേർന്നു നില്ക്കുന്നവൻ അവയോടു കൂടി അധ:പതിക്കും: ക്രിസ്തുവിനെ ആശ്രയിക്കുന്നവൻ നിത്യമായി ഉറച്ചുനിൽക്കും. ക്രിസ്തുവിനെ സ്നേഹിച്ച് അവിടുത്തെ സുഹൃത്താ
    കുക. സർവ്വമർത്യരും നിന്നെ ഉപേക്ഷിച്ചാലും അവിടുന്നുനിന്നെ ഉപേക്ഷിക്കയില്ല; നീ നശിക്കുന്നതിന് അവിടുന്ന് അനുവദിക്കുകയുമില്ല. നിനക്ക് ഇഷ്ടമാണെങ്കിലും അല്ലെങ്കിലും ശരി, ഒരിക്കൽ,നീ എല്ലാ വസ്തുക്കളിൽ നിന്നും വേർപിരിയേണ്ടിവരും.

    1. ജീവിതത്തിലും മരണത്തിലും നീ ഈശോയോടു കൂടെ വസിക്കുക; വിശ്വസ്തനായ അവിടത്തേയ്ക്കു നി – തന്നെ സമർപ്പിക്കുക. എല്ലാവരും നിന്റെ കൈ വെടിയുമ്പോൾ, അവിടുത്തേയ്ക്കു മാത്രമേ നിന്നെ സഹായി ക്കാൻ കഴിയു.

    മററു യാതൊരു സ്നേഹിതനും നിനക്കുണ്ടായിക്കൂട എന്ന മനോഭാവമാണു നിന്റെ പ്രിയനുള്ളത്. നിന്റെ ഹൃദയം അവിടുത്തേതു മാത്രമായിരിക്കണം. സിംഹാസനത്തിൽ രാജാവെന്നപോലെ നിന്റെ ഹൃദയത്തിൽ വസിക്കാൻ അവിടുന്ന് ആഗ്രഹിക്കുന്നു.

    സർവ്വസൃഷ്ടികളിൽ നിന്നും നിന്നെത്തന്നെ അകറ്റി നിറുത്താൻ നിനക്കു കഴിയുമെങ്കിൽ ഈശോ സന്തോഷ പൂർവ്വം നിന്നോടുകൂടെ വസിക്കാതിരിക്കയില്ല.

    ഈശോ ഒഴികെ മനുഷ്യരെ വിശ്വസിച്ച് സ്വയം ഏല് പിച്ചവരെല്ലാം ഏറെക്കുറെ നശിച്ചിരിക്കുകയാണ്. കാറ്റിലാടുന്ന ഞാങ്ങണയിൽ നീ വിശ്വാസമർപ്പിക്കേണ്ട. അതിനെ ആശ്രയിക്കുകയും വേണ്ട. “എല്ലാ ജഡവും
    തൃണമാണ്. അതിന്റെ സൗന്ദര്യം വയലിലെ പുഷ്പം പോലെ തിരോഭവിക്കും.’

    1. നീ മനുഷ്യന്റെ ബാഹ്യപ്രകൃതിമാത്രം ഗൗനിച്ചാൽ അതിവേഗം വഞ്ചിതനാകും. നിന്റെ ആശ്വാസവും ആദായവും അന്യരിൽ അർപ്പി ക്കുന്നപക്ഷം നിനക്കു പലപ്പോഴും നഷ്ടമേ ഉണ്ടാകയുള്ളൂ.
    • എല്ലാക്കാര്യത്തിലും ഈശോയെത്തേടിയാൽ അവിടുത്തെ നീ നിശ്ചയമായും കണ്ടെത്തും.

    നേരേ മറിച്ചു നിന്നെത്തന്നെ ആരായുകയാണെങ്കിൽ, നിന്നെത്തന്നെ കണ്ടെത്തും; എന്നാൽ, അത് നിന്റെ നാശത്തിനു കാരണമാകും.

    ഒരുവൻ ഈശോയെ വേണ്ടുംവണ്ണം അന്വേഷിക്കുന്നില്ലെങ്കിൽ, ലോകത്തിനും സകല ശ്രതുക്കൾക്കും ചെയ്യാവു നതിനേക്കാൾ കൂടുതൽ ദ്രോഹം അവൻ തന്നോടു തന്നെ ചെയ്യുന്നു.

    വിചിന്തനം.

    യേശുക്രിസ്തുവിനെ പൂർണ്ണഹൃദയത്തോടെ അറിയുവാനും പൂർണ്ണമനസ്സോടെ സ്നേഹിക്കുവാനും നിന്റെ ശ്രദ്ധ മുഴുവനും പതിക്കുക. അതാണ് ഒരു ക്രിസ്ത്യാനിയുടെ ജോലി. ഈശോയുടെ പ്രവർത്തനങ്ങളെപ്പററി ധ്യാനിച്ച് അവിടുത്തെ ലക്ഷ്യങ്ങൾ മനസ്സിലാക്കിക്കൊണ്ട് അവിടുത്തെപ്പോലെ ജീവിക്കാനും സഹിക്കാനും ഒരുങ്ങുക. ക്രിസ്തുവിനെ അനുകരിക്കുകയാണ് ഒരു ക്രിസ്ത്യാനിയുടെ നേട്ടം മുഴുവനും. നിത്യസൗഭാഗ്യത്തിന് അതു വഴിതെളിക്കും. ഈ ലോകത്തിൽ ദിവ്യരക്ഷകന്റെ വിനീതവും സഹനപൂർണ്ണ വുമായ ജീവിതത്തിൽ ഭാഗഭാക്കാകുന്നവർ അവിടുത്തെ മഹത്വപൂർണ്ണമായ അമർത്യതയിൽ ഭാഗഭാക്കുകളാകും.

    പ്രാർത്ഥിക്കാം.

    എത്രയും സ്നേഹയോഗ്യനായ രക്ഷകാ! അങ്ങയുടെ ഉപദേശങ്ങളനുസരിച്ച് അങ്ങേപുണ്യങ്ങൾ അഭ്യസിക്കാനും അങ്ങനെ അനുകരിക്കാനും അങ്ങു കൃപചെയ്യണമേ. അങ്ങയുടെ സാദൃശ്യത്തിൽ എന്നെ രൂപാന്തരപ്പെടുത്തണമേ; അങ്ങനെ സ്വർഗ്ഗസ്ഥനായ പിതാവിന്റെ സന്നിധിയിൽ ഞാൻ സംപ്രീതനായിത്തീരുമാറാകട്ടെ
    ആമ്മേൻ.

    2. മരിയൻ സമർപ്പണ ഒരുക്ക വായന- യഥാർത്ഥ മരിയഭക്തി- യിൽ നിന്ന്.

    ക്രിസ്തുവിനെ സമീപിക്കുവാന്‍ സ്വീകരിക്കേണ്ട മാര്‍ഗ്ഗം പരിശുദ്ധമറിയമായിരിക്കണം.

    ക്രിസ്തുവിനെപ്പറ്റി പറഞ്ഞവ ഒരു വിധത്തില്‍ മാതാവിനെ പറ്റിയും പറയാവുന്നതാണ്. ക്രിസ്തു തന്റെ ജീവിതത്തിലും മരണത്തിലും മഹത്വത്തിലും ഭൂസ്വര്‍ഗ്ഗങ്ങളുടെ മേലുള്ള സര്‍വ്വാധിപത്യത്തിലും പങ്കുകൊള്ളുവാന്‍ മറിയത്തെ തെരഞ്ഞെടുത്തു. ക്രിസ്തു, സ്വാഭാവികമായി അനുഭവിക്കുന്ന സകല അധികാരങ്ങളിലും ആനുകൂല്യങ്ങളിലും കൃപാവരത്താല്‍ മറിയത്തിനു ഭാഗഭാഗിത്വം നല്കി. അതേ, വിശുദ്ധര്‍ സാക്ഷിക്കുന്നതു പോലെ ദൈവത്തിന് സ്വാഭാവികമായുള്ളതെല്ലാം കൃപാവരം വഴി മറിയത്തിന്റെതുമായി. വിശുദ്ധരുടെ അഭിപ്രായത്തില്‍ ക്രിസ്തുവിനും മറിയത്തിനും ഒരേ മനസ്സു ശക്തിയും മാത്രമേയുള്ളൂ. അതു പോലെ ക്രിസ്തുവിന്റെ പ്രജകളും ദാസരും അടിമകളും മറിയത്തിന്റേതുമാണ്.

    ആകയാല്‍, വലിയ വിശുദ്ധരോടും മഹാന്മാരോടും ചേര്‍ന്നു നമ്മെ ക്രിസ്തുവിന്റെ ഉത്തമരായ അടിമകളാക്കുവാന്‍ മറിയത്തിനു നമ്മെത്തന്നെ അടിമകളായി സമര്‍പ്പിക്കാം; ഈ സമര്‍പ്പണത്തിന് അനുസൃതമായി പ്രവര്‍ത്തിക്കാം. ദൈവം മനുഷ്യത്വം സ്വീകരിക്കാന്‍ അവലംബിച്ച മാര്‍ഗ്ഗം മറിയമാണ് . അതുപോലെ , ക്രിസ്തുവിനെ സമീപിക്കുവാന്‍ നാം സ്വീകരിക്കേണ്ട മാര്‍ഗ്ഗവും മറിയം തന്നെയായിരിക്കണം. സൃഷ്ടവസ്തുക്കളോടുള്ള ബന്ധം ചിലപ്പോള്‍ നമ്മെ ദൈവത്തിങ്കലേക്ക് അടുപ്പിക്കുന്നതിനു പകരം അകറ്റുകയേയുള്ളൂ. എന്നാല്‍, മറിയം ഇതിനൊരപവാദമാണ്. അവളുടെ തീവമായ അഭിനിവേശം തന്റെ പ്രിയ പുത്രനായ ക്രിസ്തുവുമായി നമ്മെ സംയോജിപ്പിക്കുകയത്രേ. അതു പോലെ, മറിയം വഴി മനുഷ്യര്‍ തന്നെ സമീപിക്കണമെന്നാണ് , ക്രിസ്തുനാഥന്റെ അഭിലാഷവും.

    ഒരു രാജാവിന്റെ കൂടുതല്‍ അനുയോജ്യനായ പ്രജയും അടിമയും ആകുന്നതിനുവേണ്ടി ഒരാള്‍ രാജ്ഞിയുടെ അടിമയാകുമ്പോള്‍ അത് രാജാവിന് ബഹുമാനപ്രദവും പ്രീതിജനകവുമാണ് . എന്നതുപോലെ, നാം മറിയത്തിന്റെ അടിമകളാകുന്നതു ക്രിസ്തുനാഥനു പ്രിയങ്കരമാണ്. ഇക്കാരണത്താലാണ് , സഭാപിതാക്കന്മാരും വി ബൊനവഞ്ചര്‍ തുടങ്ങിയ വിശുദ്ധരും പരിശുദ്ധകന്യക നമ്മെ ക്രിസ്തു വിലേക്കു നയിക്കുന്ന മാര്‍ഗ്ഗം എന്നു പ്രഖ്യാപിക്കുന്നത്. ‘ക്രിസ്തുവിലേക്ക് വരുവാനുള്ള വഴി മറിയത്തിലേക്ക് അടുക്കുകയാണ്.

    കൂടാതെ ഞാന്‍ പറഞ്ഞിട്ടുള്ളതുപോലെ പരിശുദ്ധ കന്യക ഭൂസ്വര്‍ഗ്ഗങ്ങളുടെ രാജ്ഞിയെങ്കില്‍ സൃഷ്ടികളെല്ലാം അവളുടെ ദാസരും അടിമകളുമല്ലേ? വി . ആന്‍സലം, വി . ബര്‍ണ്ണഡിന്‍, വി . ബൊനവബര്‍ തുടങ്ങിയ വിശുദ്ധരും പറയുന്നു ‘മറിയം ഉള്‍പ്പെടെ എല്ലാ വസ്തുക്കളും ദൈവരാജ്യത്തിന്റെ ആധിപത്യത്തിനു വിധേയമായിരിക്കുന്നതു പോലെ എല്ലാ വസ്തുക്കളും ദൈവം ഉള്‍പ്പെടെ മറിയത്തിന്റെ ആധിപത്യത്തിനു വിധേയമാണ്. എല്ലാ സൃഷ്ടികളും ഒരു പ്രകാരത്തില്‍ മറിയത്തിന്റെ അടിമകളാണെങ്കിലും അവരില്‍ കുറെപ്പേരെങ്കിലും യഥാര്‍ത്ഥ സ്‌നേഹം നിമിത്തം അവളുടെ അടിമത്തം സ്വയം സ്വീകരിച്ച് അവളെ തങ്ങളുടെ നാഥയും രാജ്ഞിയുമായി അംഗീകരിക്കുകയില്ലെന്നോ? മനുഷ്യനെന്നല്ല, പിശാചിനുപോലും അടിമകളാകുവാന്‍ പലര്‍ക്കും സങ്കോചമില്ലാതിരിക്കെ മറിയത്തിന്റെ അടിമത്തം സ്വീകരിക്കുവാന്‍ ആരുമില്ലെന്നോ? തന്റെ സന്തതസഹചാരിയായ രാജ്ഞിക്ക് ജീവന്റെയും മരണത്തിന്റെയും മുകളിലുള്ള അധികാരങ്ങളോടു കൂടി അടിമകളുണ്ടാകുന്നത് രാജാവിന് എത്ര അഭിമാനകരമാണ്. രാജ്ഞിയുടെ മഹത്ത്വവും ശക്തിയും രാജാവിന്റെയും, രാജാവിന്റേത് രാജ്ഞിയുടേതുമാണ്. മറിയത്തിന്റെ ഉത്തമപുത്രനാണ്
    ക്രിസ്തു. അവിടുന്ന് അവളെ തന്റെ മഹത്ത്വത്തിലും ശക്തിയിലും ഓഹരിക്കാരിയാക്കി. എങ്കില്‍, അവള്‍ക്ക് അടിമകളുണ്ടാവുക അവിടുത്തേക്കു അതൃപ്തികരമെന്നോ?

    അഹസ്വേരൂസ് എസ്തേറിനെയും, സോളമന്‍ ബെത്ഷബായെയും , നിസ്സീമമായി സ്‌നേഹിച്ചിരുന്നുവെന്നു വേദപുസ്തകത്തില്‍ നിന്നു മനസ്സിലാക്കാം. മറിയം പഴയനിയമത്തിലെ ഈ സ്ത്രീകളോളമെങ്കിലും സ്‌നേഹയോഗ്യയല്ലെന്നോ? അവള്‍ ക്രിസ്തുവിനാല്‍ സ്‌നേഹിക്കപ്പെടുകയും ബഹുമാനിക്കപ്പെടുകയും ചെയ്യുന്നില്ലെന്നോ? ആര്‍ക്കാണ് അങ്ങനെ പറയുവാനോ ചിന്തിക്കുവാന്‍ പോലുമോ കഴിയുക? എന്നാല്‍ എങ്ങോട്ടേക്കാണ് എന്റെ തൂലിക എന്നെ അതിവേഗം നയിക്കുന്നത് ? സ്പഷ്ടമായതിനെ തെളിയിക്കുന്നതിന് ഞാന്‍ എന്തിനിവിടെ നിറുത്തുന്നു ? മറിയത്തിന്റെ അടിമകളെന്നു വിളിക്കപ്പെടുവാന്‍ ഇഷ്ടപ്പെടാത്തവര്‍ ക്രിസ്തുവിന്റെ അടിമകള്‍ എന്ന പേര്‍ സ്വീകരിച്ചു കൊള്ളട്ടെ ; അതനുസരിച്ചു ജീവിക്കുകയും ചെയ്യട്ടെ. അതു മറിയത്തിന്റെ അടിമകളാകുന്നതിനു തുല്യമാണ്. കാരണം, ക്രിസ്തു മറിയത്തിന്റെ ഉദരഫലവും മഹത്ത്വവുമാണ് .

    നമുക്കു പ്രാര്‍ത്ഥിക്കാം

    പരിശുദ്ധ മറിയമേ, എന്റെ അമ്മേ, ഞാന്‍ എന്നെത്തന്നെ അങ്ങയുടെ വിമലഹൃദയത്തിനു പ്രതിഷ്ഠിക്കുന്നു. ഞാനും എനിക്കുള്ളവയും അങ്ങയുടേതാണ്. അങ്ങയുടെ കരുണയുടെ മേല്‍വസ്ത്രം കൊണ്ടെന്നെ മറയ്ക്കണമെ. എന്നെ അങ്ങയുടെ പൈതലായി സംരക്ഷിക്കുകയും, എന്റെ ആത്മാവിനെ സ്വര്‍ഗ്ഗത്തില്‍ ഈശോയുടെ സവിധത്തിലേക്ക് സുരക്ഷിതമായി നയിക്കുകയും ചെയ്യണമേ. കരുണയുടെ മാതാവേ എന്നെ മുഴുവനായി അങ്ങേയ്ക്കു ഞാന്‍ സമര്‍പ്പിക്കുന്നു. ഇപ്പോഴും, നിത്യതയിലും എന്റെ ആത്മാവിനെ ഞാന്‍ അങ്ങേയ്ക്ക് ഭരമേല്‍പ്പിക്കുന്നു. അങ്ങയുടെ പരിശുദ്ധ മേലങ്കിയാല്‍ എന്നെ പൊതിയണമെ, ആമ്മേന്‍.


    3. വിമലഹൃദയപ്രതിഷ്ഠാ ഒരുക്ക ധ്യാനവും വിചിന്തനവും



    ധ്യാനവിഷയവും പ്രാർത്ഥനയും

    🇬🇬 യേശു യുഗ പ്രതീക്ഷയും പ്രവചന നിവൃത്തിയും

    “ അപ്പോൾ അവൻ അവരോടു പറഞ്ഞു : ഭോഷന്മാരേ, പ്രവാചകന്മാർ പറഞ്ഞിട്ടുള്ളതു വിശ്വസിക്കാൻ കഴിയാത്തവിധം ഹൃദയം മന്ദീഭവിച്ചവരേ, ക്രിസ്തു ഇതെല്ലാം സഹിച്ച് മഹത്ത്വത്തിലേയ്ക്കു പ്രവേശിക്കേണ്ടിയിരുന്നില്ലേ ? മോശ തുടങ്ങി എല്ലാ പ്രവാചകന്മാരും വിശുദ്ധ ലിഖിതങ്ങളിൽ തന്നെപ്പറ്റി എഴുതിയിരുന്നതെല്ലാം അവൻ അവർക്കു വ്യാഖ്യാനിച്ചുകൊടുത്തു ” (വി. ലൂക്കാ 24 : 26 – 27).

    🇬🇪 ആമുഖം

    ആദിമാതാപിതാക്കന്മാരുടെ അനുസരണക്കേടിനുള്ള ശിക്ഷ പ്രഖ്യാപിച്ചതോടൊപ്പം, രക്ഷകനെപ്പറ്റിയുള്ള പ്രവചനവുമുണ്ടായി. ” ദൈവമായ കർത്താവ് സർപ്പത്തോടു പറഞ്ഞു : ‘നീയും സ്ത്രീയും തമ്മിലും നിന്റെ സന്തതിയും അവളുടെ സന്തതിയും തമ്മിലും ഞാൻ ശത്രുത ഉളവാക്കും. അവൻ നിന്റെ തല തകർക്കും ” (ഉത്പ 3:15 ). ഈ പ്രവചനമാണ് പരിശുദ്ധ കന്യകമറിയത്തിന്റെ പുത്രനായി ജനിച്ച യേശുക്രിസ്തുവിൽ പൂർത്തിയായത്.

    രക്ഷകനെപ്പറ്റിയുള്ള പ്രവാചകരുടെ മുന്നറിയിപ്പുകളും യേശുവിൽ അവയുടെ നിവൃത്തിയും

    ബി. സി. 740 മുതൽ 700 വരെയുള്ള കാലയളവിൽ പ്രവാചക ദൗത്യം നിറവേറ്റിയ ഏശയ്യാ എഴുതി : “കർത്താവുതന്നെ നിനക്ക് അടയാളം തരും. കന്യക ഗർഭം ധരിച്ച് ഒരു പുത്രനെ പ്രസവിക്കും അവൻ ‘ഇമ്മാനുവൽ’ എന്നു വിളിക്കപ്പെടും ” (ഏശ 7:14 ). പുരുഷ സംസർഗമില്ലാത്ത ഒരു കന്യകയിൽ നിന്ന് ലോകരക്ഷകൻ പിറക്കുമെന്ന ഈ പ്രവചനം യേശുക്രിസ്തുവിൽ മാത്രം നിറവേറി. ഏശയ്യായുടെ സമകാലികനായിരുന്ന മിക്കാ പ്രവാചകൻ ബിസി – 750 നും 687 – നും ഇടയ്ക്ക് ഇപ്രകാരം പ്രവചിച്ചു. “ബത്ലെഹെം – എഫ്രാത്താ, യൂദാഭവനങ്ങളിൽ നീ ചെറുതാണെങ്കിലും ഇസ്രായേലിനെ ഭരിക്കേണ്ടവൻ നിന്നിൽനിന്നു പുറപ്പെടും ; അവൻ പണ്ടേ യുഗങ്ങൾക്കു മുമ്പ് ഉള്ളവനാണ് ” (മിക്കാ 5 : 2 ). അഗസ്റ്റസ് സീസർ സെൻസസിനുള്ള കല്പന മറിയം ഗർഭിണിയായിരിക്കുമ്പോൾത്തന്നെ നല്കാനും മറിയത്തിന്റെ പ്രസവമടുത്തിരിക്കേ പേരെഴുതിക്കാനായി ബത്ലെഹെമിലേക്ക് പോകാനും (വി. ലൂക്കാ 2:1 – 7 കാണുക) ഇടയായത് ഈ പ്രവചനനിവൃത്തിക്കാണ്. അവിടെവച്ച് മറിയം യേശുവിനെ പ്രസവിച്ചു !

    യേശുവിന്റെ പരസ്യശുശ്രൂഷകൾ – പ്രവചനങ്ങളുടെ പൂർത്തീകരണം

    യേശുവിന്റെ പരസ്യജീവിതം മുഴുവനും പ്രവചനങ്ങളുടെ നിവൃത്തിയായിരുന്നു. വരാനിരിക്കുന്ന മനുഷ്യരക്ഷകൻ, “അന്ധർക്ക് കാഴ്ചയും ബന്ധിതർക്ക് മോചനവും അടിച്ചമർത്തപ്പെട്ടവർക്ക് സ്വാതന്ത്ര്യവും നല്കുന്നവനായിരിക്കും ” (ഏശയ്യ 61 : 1 – 3). ഈ പ്രവചനം തന്നിൽ പൂർത്തിയായെന്ന് യേശുതന്നെ നസ്രത്തിലെ സിനഗോഗിൽവച്ച് പ്രഖ്യാപിക്കുകയുണ്ടായി (വി. ലൂക്കാ 4 : 16 – 21). തുടർന്നുള്ള അവിടത്തെ പരസ്യശുശ്രൂഷകൾ അതിന്റെ അക്ഷരാർഥത്തിലുള്ള തെളിവുകളായിരുന്നു.

    പീഡാനുഭവവിവരണങ്ങൾ കൃത്യമായി പ്രവചിക്കപ്പെട്ടിരുന്നു

    യേശുവിന്റെ പീഡാസഹനവും മരണവും ഒരു പത്രറിപ്പോർട്ടർ സംഭവസ്ഥലത്തുവച്ച് രേഖപ്പെടുത്തിയാലെന്നവിധമാണ് നൂറ്റാണ്ടുകൾക്കു മുമ്പ് പ്രവചനരൂപേണ എഴുതപ്പെട്ടത് : “ശ്രദ്ധാർഹമായ രൂപഭംഗിയോ ഗാംഭീര്യമോ ആകർഷകമായ സൗന്ദര്യമോ അവനുണ്ടായിരുന്നില്ല. അവൻ മനുഷ്യരാൽ നിന്ദിക്കപ്പെടുകയും ഉപേക്ഷിക്കപ്പെടുകയും ചെയ്തു ” (ഏശ 53:2 – 3). ” അവർ എന്റെ കൈകാലുകൾ കുത്തിത്തുളച്ചു ; എന്റെ അസ്ഥികൾ എനിക്ക് എണ്ണാവുന്ന വിധത്തിലായി ; അവർ എന്നെ തുറിച്ചുനോക്കുന്നു ; അവർ എന്റെ വസ്ത്രങ്ങൾ പങ്കിട്ടെടുക്കുന്നു ; എന്റെ അങ്കിക്കായി അവർ നറുക്കിടുന്നു ” (സങ്കീ 22:16 – 18). ഈ പ്രവാചകലിഖിതങ്ങൾ മുഴുവൻ നസ്രായനായ യേശുവിൽ അക്ഷരംപ്രതി നിവൃത്തിയായി എന്നത് നിഷേധിക്കാനാവാത്ത സത്യമാണ് !

    ലോകരക്ഷകൻ ഉയിർത്തെഴുന്നേല്ക്കുമെന്നുപോലും മുൻകൂട്ടി പ്രവചിക്കപ്പെട്ടു. “അവിടന്നെന്നെ പാതാളത്തിൽ തള്ളുകയില്ല ; അങ്ങയുടെ പരിശുദ്ധൻ ജീർണിക്കാൻ അനുവദിക്കുകയുമില്ല” ( സങ്കീ 16:9 – 11). ഈ പ്രവചനം യേശുവിൽ മാത്രമാണ് പൂർത്തിയായത്.

    ഉത്ഥാനത്തെപ്പറ്റി യേശുതന്നെ നടത്തിയ പ്രവചനം

    ” മനുഷ്യപുത്രൻ വളരെയേറെ സഹിക്കുകയും… വധിക്കപ്പെടുകയും മൂന്നു ദിവസങ്ങൾക്കുശേഷം ഉയിർത്തെഴുന്നേല്ക്കുകയും ചെയ്യേണ്ടിയിരിക്കുന്നുവെന്ന് അവൻ അവരെ പഠിപ്പിക്കാൻ തുടങ്ങി ” (മർക്കോ 8:31).

    അപ്പസ്തോലന്മാരുടെ വാക്കുകൾ

    യേശുവിന്റെ ജീവിതവും മരണവും ഉത്ഥാനവും പ്രവചനങ്ങളുടെ നിവൃത്തിയായാണ് പത്രോസ് വ്യാഖ്യാനിച്ചത് : “ നമ്മുടെ പിതാക്കന്മാരുടെ ദൈവം, തന്റെ ദാസനായ യേശുവിനെ മഹത്ത്വപ്പെടുത്തിയിരിക്കുന്നു. ജീവന്റെ നാഥനെ നിങ്ങൾ വധിച്ചു. എന്നാൽ, ദൈവം അവനെ മരിച്ചവരിൽനിന്ന് ഉയിർപ്പിച്ചു. അതിനു ഞങ്ങൾ സാക്ഷികളാണ്. എന്നാൽ, തന്റെ അഭിഷിക്തൻ ഇവയെല്ലാം സഹിക്കണമെന്നു പ്രവാചകന്മാർ വഴി ദൈവം മുൻകൂട്ടി അരുൾ ചെയ്തത് അവിടന്ന് ഇങ്ങനെ പൂർത്തിയാക്കി (അപ്പ 3:13, 15:17 – 18).

    യഹൂദ മതഗ്രന്ഥങ്ങളിൽ വരാനിരിക്കുന്ന ലോകരക്ഷകനെപ്പറ്റി ഇപ്രകാരം 332 പ്രവചനങ്ങൾ കാണാൻ കഴിയും (പ്രൊഫ. ഫാരിയുടെ ഭൂഗർഭ ശാസ്ത്രവും ബൈബിൾ പഠനവും കാണുക). ഇവയെല്ലാം അക്ഷരംപ്രതി യേശുവിൽ പൂർത്തിയായി. ക്രിസ്തുനാഥന്റെ ജീവചരിത്രം അവിടന്നു ജനിക്കുന്നതിനു മുമ്പുതന്നെ ലോകത്തിനു നല്കപ്പെട്ടു എന്നാണ് ഇതിനർഥം. ബിഷപ് ഫുൾട്ടൻ ജെ. ഷീൻ പറയുകയാണ് : ഒരു രാജ്യം അതിന്റെ പ്രതിനിധിയെ മറ്റൊരു രാജ്യത്തിലേക്കയക്കുമ്പോൾ അയാളെപ്പറ്റിയുള്ള പൂർണ വിവരങ്ങൾ മുൻകൂട്ടി കൈമാറുന്നതുപോലെ, ഒരാൾ ദൈവത്തിൽനിന്നാണ് വന്നതെങ്കിൽ, അത് തെളിയിക്കപ്പെടുന്നത് അദ്ദേഹത്തിന്റെ വരവിനെപ്പറ്റി ദൈവം തന്നെ മുൻകൂട്ടി പറയുക വഴിയാണ്. ചരിത്രംകണ്ട ദിവ്യപുരുഷന്മാരിൽ അപ്രകാരം മുൻകൂട്ടി ദൈവത്താൽ അറിയിക്കപ്പെട്ട ഒരേ ഒരാൾ യേശുവാണ്. ഇതര പുരാതനഗ്രന്ഥങ്ങളിലും ഇത്തരത്തിലുള്ള പരാമർശങ്ങളുണ്ട്. “അവിടത്തെ മരത്തിൽ തറച്ചുകൊല്ലും” എന്ന് ഋഗ്വേദത്തിൽ പറഞ്ഞിട്ടുണ്ട് (10 -ാം പുസ്തകം 7 -ാം അഷ്ടകം).

    സർവജനങ്ങളുടെയും രക്ഷകനുവേണ്ടിയുള്ള കാത്തിരിപ്പ് യേശുവിൽ യാഥാർഥ്യമായി

    യഹൂദർ മാത്രമല്ല, സർവജനതകളും യേശുവിനുവേണ്ടി കാത്തിരുന്നു എന്നതാണ് വസ്തുത. റോമാക്കാരുടെ പ്രതീക്ഷ റോമൻ ചരിത്രകാരനായ ടാസിറ്റസ് രേഖപ്പെടുത്തുന്നു : “അഖില ജനങ്ങളുടെയും രാജാവായവൻ യൂദയായിൽനിന്നു വരുമെന്ന് പ്രാചീനപ്രവചനങ്ങൾ ആസ്പദമാക്കി റോമൻ ജനത വിശ്വസിച്ചിരുന്നു “. ഗ്രീക്കുകാർക്കും ഇതേ പ്രതീക്ഷയുണ്ടായിരുന്നു. ഗ്രീക്കു തത്ത്വശാസ്ത്രജ്ഞൻ സോക്രട്ടീസ് എഴുതിയിരിക്കുന്നു : “കാത്തിരിക്കുവിൻ, വരാനിരിക്കുന്ന സാർവത്രിക വിജ്ഞാനിക്കായി പാർത്തിരിക്കുവിൻ, അവൻ വരുമ്പോൾ എല്ലാവരെയും പഠിപ്പിക്കും. ദൈവത്തിന്റെയും മനുഷ്യരുടെയും മുൻപിൽ എങ്ങനെ വർത്തിക്കണമെന്ന് “. പൗരസ്ത്യർക്കും ഈ പ്രതീക്ഷ തന്നെ ഉണ്ടായിരുന്നതുകൊണ്ടാണ് ക്രിസ്തുവിന്റെ ജനനത്തിൽ പൗരസ്ത്യവിജ്ഞാനികൾ ‘യഹൂദന്മാരുടെ രാജാവ് എവിടെ ജനിച്ചിരിക്കുന്നു’ എന്ന് അന്വേഷിച്ചു വന്നത്. ചൈനക്കാരുടെ വലിയ മതസ്ഥാപകനായ കൺഫ്യൂഷ്യസ് ഇപ്രകാരം എഴുതിവച്ചിരിക്കുന്നു : “പുണ്യപുരുഷൻ സ്വർഗത്തിൽനിന്നു വരും. അവന് എല്ലാം അറിയാം. അവൻ എല്ലാവരെയും ഭരിക്കും “.

    സമരിയക്കാരും യേശുവിനുവേണ്ടി കാത്തിരുന്നു

    യാക്കോബിന്റെ കിണറ്റിൻകരയിൽ യേശു കണ്ടുമുട്ടിയ സമരിയാക്കാരിയുടെ വാക്കുകളിൽനിന്ന് ഇതു വ്യക്തമാണ്. “ആ സ്ത്രീ പറഞ്ഞു : മിശിഹാ – ക്രിസ്തു വരുമെന്ന് എനിക്കറിയാം. അവൻ വരുമ്പോൾ എല്ലാക്കാര്യങ്ങളും ഞങ്ങളെ അറിയിക്കും ” (വി. യോഹ 4 : 25). മാനവ രക്ഷകനുവേണ്ടിയുള്ള സർവജനതകളുടെയും കാത്തിരിപ്പ് തന്നിലാണ് പൂർത്തിയായതെന്ന് സമരിയക്കാരിക്ക് യേശു നേരിട്ടുനല്കിയ മറുപടിയിൽ വ്യക്തമാണ് : “നിന്നോട് സംസാരിക്കുന്ന ഞാൻ തന്നെയാണ് അവൻ ” (വി. യോഹ 4 :26).

    ‘മനുഷ്യപുത്രൻ ‘ എന്ന പ്രയോഗം : ദൈവത്വത്തിന്റെ അവകാശപ്പെടൽ

    ദൈവപുത്രനാണെങ്കിൽ എന്തുകൊണ്ട് യേശു തന്നെത്തന്നെ വിശേഷിപ്പിക്കാൻ ‘മനുഷ്യപുത്രൻ’ എന്നു പറഞ്ഞു ? ഇത് മനസ്സിലാക്കാൻ ഈ സംഞ്ജ ആദ്യമായി ഉപയോഗിച്ചിരിക്കുന്ന ദാനിയേൽ പ്രവചനത്തിൽ ഇതിന് എന്ത് അർഥമാണു കൊടുത്തിരിക്കുന്നതെന്ന് അറിയണം.

    ദാനിയൽ പ്രവാചകൻ പറഞ്ഞു : “നിശാദർശനത്തിൽ ഞാൻ കണ്ടു ഇതാ, വാനമേഘങ്ങളോടുകൂടെ മനുഷ്യപുത്രനെപ്പോലെ ഒരുവൻ വരുന്നു… എല്ലാ ജനതകളും ജനപദങ്ങളും ഭാഷക്കാരും അവനെ സേവിക്കേണ്ടതിന് ആധിപത്യവും മഹത്ത്വവും രാജത്വവും അവനു നല്കി. അവന്റെ ആധിപത്യം ശാശ്വതമാണ് ; അത് ഒരിക്കലും ഇല്ലാതാവുകയില്ല. അവന്റെ രാജത്വം അനശ്വരമാണ് ” (ദാനി 7 :13 – 14 ).

    ഈ പഴയനിയമപശ്ചാത്തലത്തിൽ, താൻ ‘ മനുഷ്യപുത്രനാണെന്ന് യേശു പറഞ്ഞപ്പോഴൊക്കെയും അവിടന്ന് അവകാശപ്പെട്ടത്, അവിടന്നാണ് ദാനിയേൽ പ്രവചിച്ചവൻ ; ‘ അവിടത്തേക്കാണ് ആധിപത്യവും മഹത്ത്വവും രാജത്വവും ഉള്ളത് ‘ ; എല്ലാ ജനതകളാലും ആരാധിക്കപ്പെടുന്നവൻ അവിടന്നാണ് എന്നത്രേ. ഈ പ്രവചനത്തിലൂടെ യേശു അവകാശപ്പെട്ടത് ലോകം മുഴുവൻ കാത്തിരുന്ന ഏകരക്ഷകനായ ദൈവം തന്നെയാണ് അവിടന്ന് എന്നാണ്.

    “മറിയം വഴി യേശുവിനുള്ള സമ്പൂർണ സമർപ്പണം’ യഥാർഥത്തിൽ യേശുവിനെപ്പറ്റിയുള്ള ഈ അറിവിനോടുള്ള അനിവാര്യ പ്രതികരണമാണ്. കാരണം, ലോകം മുഴുവൻ സർവജനതകളും – യേശുവിനുവേണ്ടി കാത്തിരിക്കുന്നു, തങ്ങളെത്തന്നെ അവിടത്തേക്കു കൊടുക്കാൻ.

    പരിശുദ്ധ മറിയമാണ് യേശുവിലേക്ക് നമ്മെ എത്തിക്കുന്ന ഏറ്റവും ഫലപ്രദമായ മാർഗം. വിശുദ്ധ ലൂയിസ് ഡി മോൺഫോർട്ട് പറയുന്നതിങ്ങനെയാണ്: മറിയത്തിന്റെ പ്രയത്നവും ഫലവുമായാണ് യേശുക്രിസ്തുവിനെ ഓരോ വ്യക്തിക്കും ലഭിക്കുന്നത്. സമസ്ത ലോകത്തിനും ഇതേ മാർഗത്തിലൂടെയത്രേ അവിടത്തെ ലഭിച്ചതും (‘ യഥാർഥ മരിയഭക്തി ‘, 33).

    ബൈബിൾ വായന

    “ തിരുനാളിന്റെ അവസാനത്തെ മഹാദിനത്തിൽ യേശു എഴുന്നേറ്റുനിന്ന് ശബ്ദമുയർത്തിപ്പറഞ്ഞു : ആർക്കെങ്കിലും ദാഹിക്കുന്നെങ്കിൽ അവൻ എന്റെ അടുക്കൽ വന്നു കുടിക്കട്ടെ. എന്നിൽ വിശ്വസിക്കുന്നവന്റെ ഹൃദയത്തിൽ നിന്ന്, വിശുദ്ധലിഖിതം പ്രസ്താ വിക്കുന്നതുപോലെ, ജീവജലത്തിന്റെ അരുവികൾ ഒഴുകും. അവൻ ഇതു പറഞ്ഞത് തന്നിൽ വിശ്വസിക്കുന്നവർ സ്വീകരിക്കാനിരിക്കുന്ന ആത്മാവിനെപ്പറ്റിയാണ്. അതുവരെയും ആത്മാവു നല്കപ്പെട്ടിട്ടില്ലായിരുന്നു. എന്തെന്നാൽ, യേശു അതുവരെയും മഹത്ത്വവത്കരിക്കപ്പെട്ടിരുന്നില്ല ” (വി. യോഹ 7:37 – 39).

    ഇന്നത്തെ പ്രാർത്ഥന

    യുഗങ്ങളുടെ പ്രതീക്ഷയും പ്രവചനങ്ങളുടെ നിവൃത്തിയും സകല ഹൃദയങ്ങളുടെയും അഭിലാഷപൂർത്തിയുമായ യേശുനാഥാ, നിനക്കുവേണ്ടിയുള്ള ദാഹം എന്നിൽ വർധിപ്പിക്കണമേ. തിരുവചനത്തിലും സഭയുടെ പ്രബോധനങ്ങളിലും നിന്നെ ഞാൻ അന്വേഷിക്കട്ടെ. ” യേശുക്രിസ്തുവിനെക്കുറിച്ചല്ലാതെ മറ്റൊന്നിനെക്കുറിച്ചും അറിയേണ്ടതില്ലെന്നു ഞാൻ തീരു മാനിച്ചു ” ( 1 കോറിന്തോ 2 :2 ) എന്ന വിശുദ്ധ പൗലോസിന്റെ മനോഭാവം എനിക്കു നല്കണമേ. കർത്താവേ, അങ്ങുമായുള്ള എന്റെ ഉടമ്പടി പുതുക്കാൻ ഞാൻ ഒരിക്കൽ കൂടി അങ്ങയുടെ അടുക്കലേക്കു വരുന്നു, എനിക്ക് അങ്ങയെ ആവശ്യമുണ്ട്. കർത്താവേ, ഒരിക്കൽകൂടി എന്നെ രക്ഷിക്കണമേ.
    അവിടത്തെ രക്ഷാകരമായ ആശ്ലേഷത്തിലേക്ക് ഒരിക്കൽക്കൂടി എന്നെ സ്വീകരിക്കണമേ ” (ഫ്രാൻസിസ് പാപ്പായുടെ പ്രാർഥന).

    സത്കൃത്യം

    യേശുവിനെപ്പറ്റി അക്രൈസ്തവ ഗുരുക്കന്മാർക്കുണ്ടായിരുന്ന പ്രതീക്ഷ ഒരു അക്രൈസ്തവനോട് പങ്കുവയ്ക്കുക.

    =========================================================================

    ശാലോം ടി വി യിൽ ബഹുമാനപ്പെട്ട വട്ടായിലച്ചൻ നയിച്ച വിമലഹൃദയ പ്രതിഷ്ഠ അച്ഛന്റെ പ്രേത്യേക അനുവാദത്തോടെ ഇവിടെ നൽകുന്നു. സാധിക്കുന്ന എല്ലാവരും സമയം കണ്ടെത്തി ഈ അനുഗ്രഹപ്രദമായ ശുശ്രൂഷയിൽ പങ്കുകൊള്ളുക .

    ==========================================================================

    DAY 1 പ്രതിഷ്ഠാ ഒരുക്കം DAY17 പ്രതിഷ്ഠ ഒരുക്കം

    DAY 2 പ്രതിഷ്ഠാ ഒരുക്കം DAY18 പ്രതിഷ്ഠ ഒരുക്കം

    DAY 3 പ്രതിഷ്ഠാ ഒരുക്കം DAY 19 പ്രതിഷ്ഠ ഒരുക്കം

    DAY 4 പ്രതിഷ്ഠാ ഒരുക്കം DAY 20 പ്രതിഷ്ഠ ഒരുക്കം

    DAY 5 പ്രതിഷ്ഠാ ഒരുക്കം DAY 21 പ്രതിഷ്ഠ ഒരുക്കം

    DAY 6 പ്രതിഷ്ഠാ ഒരുക്കം DAY 22 പ്രതിഷ്ഠ ഒരുക്കം

    DAY 7 പ്രതിഷ്ഠാ ഒരുക്കം DAY 23 പ്രതിഷ്ഠ ഒരുക്കം

    DAY 8 പ്രതിഷ്ഠാ ഒരുക്കം DAY 24 പ്രതിഷ്ഠ ഒരുക്കം

    DAY 9 പ്രതിഷ്ഠാ ഒരുക്കം DAY25 പ്രതിഷ്ഠ ഒരുക്കം

    DAY 10 പ്രതിഷ്ഠാ ഒരുക്കം DAY 26

    DAY 11 പ്രതിഷ്ഠാ ഒരുക്കം DAY 27

    DAY 12 പ്രതിഷ്ഠ ഒരുക്കം

    DAY 13 പ്രതിഷ്ഠ ഒരുക്കം

    DAY 14 പ്രതിഷ്ഠ ഒരുക്കം

    DAY 15 പ്രതിഷ്ഠ ഒരുക്കം

    DAY16 പ്രതിഷ്ഠ ഒരുക്കം

    DAY 27

    MARIAN MINISTRY & THE CONFRATERNITY OF THE MOST HOLY ROSARY

    spot_img
    spot_img
    spot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!