മരിയന്‍പത്രം; ദൈവസ്വരത്തിന് കാതുകൊടുക്കുന്ന ഓണ്‍ലൈന്‍ പ്രസിദ്ധീകരണം

നീ പോകുന്നിടത്തെല്ലാം നിന്നോടു കൂടെ ഞാനുണ്ടായിരിക്കും (ജോഷ്വ 1:9) നിന്നെ ഞാനൊരു അനുഗ്രഹമാക്കും (ഉൽപ്പത്തി 12:2) എന്നെല്ലാമുള്ള ദൈവത്തിന്റെ വാഗ്ദാനം സാധാരണക്കാരനായ ഒരുവനിലൂടെ നിറവേറിയതിന്റെ അത്ഭുതചരിത്രമാണ് ഇന്ന് യൂകെയുടെ മണ്ണില്‍ തലയുയര്‍ത്തി നില്ക്കുന്ന മരിയന്‍ മിനിസ്ട്രി കാഴ്ചവയ്ക്കുന്നത്. ലോകത്തിന്റെ വിവിധഭാഗങ്ങളിലുള്ള മലയാളികള്‍ ഓരോരുത്തരും തങ്ങളുടെ ഇടപെടലും സാന്നിധ്യവും വഴി ആ ദേശത്തിന്റെയും അവിടെയുള്ളവരുടെയും ജീവിതങ്ങളില്‍ മാറ്റങ്ങളുണ്ടാക്കിയതിന്റെയും അനുഗ്രഹമായി മാറിയതിന്റെയും നിരവധി സാക്ഷ്യങ്ങള്‍ ഇന്ന് നമ്മുടെ കണ്‍മുമ്പിലുണ്ട്.

അത്തരം പട്ടികയിലേക്ക് ഇടം നേടിയിരിക്കുന്ന ഒന്നാണ് ആറു വര്‍ഷമായി എക്‌സിറ്റര്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന മരിയന്‍ മിനിസ്ട്രിയും അതിന് ചുക്കാന്‍ പിടിക്കുന്ന കാഞ്ഞിരപ്പള്ളിക്കാരനായ ബ്ര. തോമസ് സാജും. ജീവിതസന്ധാരണത്തിനായി യൂകെയുടെ മണ്ണിലെത്തിയ അനേകം മലയാളികളില്‍ ഒരാളായിരുന്ന ബ്ര. തോമസ് സാജ് വളരെ പെട്ടെന്നാണ് തന്റെ ദൈവികനിയോഗം തിരിച്ചറിയുകയും ദൈവികശുശ്രൂഷയിലേക്ക് തിരിയുകയും ചെയ്തത്. തന്റെ വിളി സവിശേഷമാണെന്നും തനിക്കിവിടെ വ്യത്യസ്തമായി ഏറെ ചെയ്യാനുണ്ടെന്ന തിരിച്ചറിവുമായിരുന്നു തോമസ് സാജ് എന്ന സാധാരണക്കാരനെ ദൈവത്തിന്റെ വേലക്കാരനാക്കിയത്. അങ്ങനെയാണ് 2012 ഓഗസ്റ്റ് 18 ന് അദ്ദേഹവും ഏതാനും സുഹൃത്തുക്കളും ചേര്‍ന്ന് മരിയന്‍ മിനിസ്ട്രി ചാരിറ്റിക്ക് പ്രാര്‍ത്ഥനകളോടെ തുടക്കം കുറിച്ചത്. പരിശുദ്ധ അമ്മയിലൂടെ സഭയോട് ചേര്‍ന്ന് എന്ന ആദര്‍ശവാക്യവുമായിട്ടായിരുന്നു മിനിസ്ട്രി ജൈത്രയാത്ര ആരംഭിച്ചത്. മനുഷ്യര്‍ക്കും ദൈവത്തിനും ഇടയിലുള്ള ഏറ്റവും ശക്തമായ മാധ്യസ്ഥശക്തി പരിശുദ്ധമറിയമായതുകൊണ്ട് അമ്മയെ തങ്ങളുടെ സ്വര്‍ഗ്ഗീയ മധ്യസ്ഥയായി മരിയന്‍ ശുശ്രൂഷകര്‍ ഏറ്റുപറയുകയും തങ്ങളുടെ പ്രവര്‍ത്തനങ്ങളെ അമ്മയുടെ വിമലഹൃദയത്തിന് സമര്‍പ്പിക്കുകയും ചെയ്തു.

അമ്മയുടെ അത്ഭുതകരമായ ആ മാധ്യസ്ഥശക്തിയുടെ തെളിവെന്നോണം ഇക്കാലയളവില്‍ യുകെ മലയാളികളുടെയും അല്ലാത്തവരുടെയും ആത്മീയജീവിതത്തില്‍ ഇടപെടാനും അവിടെ അനിഷേധ്യമായ അടയാളങ്ങള്‍ പതിപ്പിക്കുവാനും മരിയന്‍ മിനിസ്ട്രിക്കും ശുശ്രൂഷകര്‍ക്കും കഴിഞ്ഞു. ദൈവത്തിന്റെ ആ അനന്തകാരുണ്യത്തിന്റെ മുമ്പില്‍ കൂപ്പുകൈകളോടെ ശിരസ് നമിക്കുക മാത്രം ചെയ്യുന്നു.

മധ്യസ്ഥ പ്രാര്‍ത്ഥനയ്ക്കായി തുടക്കം കുറിച്ച മരിയന്‍ മിനിസ്ട്രി വൈകാതെ തന്നെ മരിയന്‍ പബ്ലിക്കേഷന്‍സ്, ആരാധനകള്‍, കുടുംബനവീകരണധ്യാനങ്ങള്‍, യുവജനധ്യാനങ്ങള്‍, നൈറ്റ് വിജില്‍ എന്നിവയിലൂടെ വിശ്വാസികളുടെ മനസ്സില്‍ ചിരപ്രതിഷ്ഠരായി. ഗ്രേറ്റ് ബ്രിട്ടണ്‍ രൂപതയുടെ രൂപീകരണത്തോടെ മിനിസ്ട്രിയുടെ പ്രവര്‍ത്തനങ്ങള്‍ക്കും വളര്‍ച്ചയ്ക്കും രൂപതാധ്യക്ഷന്‍ അഭിവന്ദ്യ ബിഷപ് മാര്‍ ജോസഫ് സ്രാമ്പിക്കലിന്റെ അനുഗ്രഹാശീര്‍വാദങ്ങളും പിന്തുണയും ഏറെ ലഭിക്കുകയും ചെയ്തു.സഭയുടെ ഭാഗമായി നിന്നുകൊണ്ട് സഭയുടെ ശബ്ദമായി തീരാനാണ് മരിയന്‍ പത്രം ഡോട്ട് കോം ആഗ്രഹിക്കുന്നതും ശ്രമിക്കുന്നതും.

മരിയന്‍ മിനിസ്ട്രിയുടെ മുന്നണിപ്പോരാളികള്‍ക്ക് ലഭിച്ച ഈ ദര്‍ശനത്തെ വിവേചിച്ചറിഞ്ഞ ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ പത്രത്തിന്റെ രക്ഷാധികാരിയായി കടന്നുവരാന്‍ സമ്മതംഅറിയിച്ചതോടെ മരിയന്‍ പത്രം രൂപതയുടെ കൂടി സ്വന്തമായി മാറുകയായിരുന്നു.

സഭാവാര്‍ത്തകളുടെ നിരന്തരസാന്നിധ്യം എന്നാണ് മരിയന്‍ പത്രത്തിന്റെ ടാഗ് ലൈന്‍. നിരവധി ഓണ്‍ലൈന്‍ പത്രങ്ങളും അടിക്കടി എണ്ണം പെരുകികൊണ്ടിരിക്കുന്ന ക്രൈസ്തവഓണ്‍ലൈനുകളുടെയും അന്തരീക്ഷത്തില്‍ അവയില്‍ നിന്ന് മാറിനില്ക്കുന്ന എന്തുപ്രത്യേകതയാണ് മരിയന്‍ പത്രത്തിന് അവകാശപ്പെടാനുള്ളത്? ആഗോളസഭയെ ആകമാനം പ്രതിനിധീകരിക്കുമ്പോഴും അതില്‍ തന്നെ പ്രത്യേകിച്ച് സീറോ മലബാര്‍സഭയ്ക്കും ഗ്രേറ്റ് ബ്രിട്ടന്‍ രൂപതയ്ക്കുമായിരിക്കും മരിയന്‍പത്രം മുന്‍ഗണന കൊടുക്കുന്നത്.  പേരു സൂചിപ്പിക്കുന്നതുപോലെ പരിശുദ്ധ കന്യാമറിയത്തോടുള്ള ഭക്തിയും വണക്കവുമാണ് മരിയന്‍പത്രത്തിന്റെ കാതല്‍. അനേകരെ പരിശുദ്ധ അമ്മയിലേക്ക് അടുപ്പിക്കുകയും മരിയഭക്തരാക്കി മാറ്റുകയും ചെയ്യാന്‍  മരിയന്‍പത്രത്തെ ഞങ്ങളാല്‍ കഴിയുന്ന വിധത്തില്‍ ഉപയോഗിക്കും.  ഇതിന് പുറമെ ആത്മാക്കളെ നേടാനും ആത്മീയമായ ഉണര്‍വു നല്കാനും ജീവിതനിയോഗങ്ങള്‍ക്ക് മാധ്യസ്ഥം യാചിക്കാനുമായുള്ള നിരവധി പ്രാര്‍ത്ഥനകളും അനുദിന  പ്രാര്‍ത്ഥനകളും ഉള്‍പ്പെടുത്തിയിരിക്കുന്നതും മരിയന്‍ പത്രത്തിന്റെ പ്രത്യേകതയാണ്. മാധ്യസ്ഥ പ്രാര്‍ത്ഥനയുടെ വരം ലഭിച്ചിരിക്കുന്ന മരിയന്‍ മിനിസ്ട്രിയുടെ ആഭിമുഖ്യത്തിലുള്ള മരിയന്‍ പത്രം വായനക്കാരുടെ പ്രാര്‍ത്ഥനാനിയോഗങ്ങള്‍ക്കായും പ്രാര്‍ത്ഥിക്കുന്നുണ്ട്.

ഒരു ക്രൈസ്തവഓണ്‍ലൈന്‍ മാധ്യമത്തിനും സഭയില്‍ നിന്ന് നേരിട്ടുള്ള അനുഗ്രഹാശീര്‍വാദമോ ഇത്തരമൊരു അംഗീകാരമോ ലഭിച്ചിട്ടില്ല എന്നതും മരിയന്‍ പത്രത്തിന് സന്തോഷം നല്കുന്നു.. എണ്ണായിരത്തോളം മലയാളി കുടുംബങ്ങളുള്ള രൂപതയില്‍ മരിയന്‍ പത്രത്തിനും മരിയന്‍ പത്രത്തിലുടെ ഓരോ കുടുംബങ്ങള്‍ക്കും വളരാനും വളര്‍ച്ചയുടെ ഭാഗമായി പിന്തുണ നല്കാനും കഴിയുമെന്ന കാര്യം തീര്‍ച്ചയാണ്.

തലശ്ശേരി അതിരൂപതാംഗവും ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപത ലണ്ടന്‍ റീജിയനിലെ സെന്റ് മാര്‍ക്ക് മിഷന്റെയും സെന്റ് പാദ്രേ പിയോ മിഷന്റെയും ചുമതലക്കാരനും മരിയന്‍ മിനിസ്ട്രിയുടെ സ്പിരിച്വല്‍ ഡയറക്ടറുമായ ഫാ. ടോമി എടാട്ട് ആണ് പത്രത്തിന്റെ ചീഫ് എഡിറ്റര്‍. ബ്ര. തോമസ് സാജ് മാനേജിംങ് എഡിറ്ററായും പ്രവര്‍ത്തിക്കും. എക്‌സിറ്റര്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന പത്രത്തിന്റെ എഡിറ്റോറിയല്‍ ബോര്‍ഡ് കേരളത്തിലായിരിക്കും പ്രവര്‍ത്തിക്കുന്നത്. പത്രപ്രവര്‍ത്തകനും എഴുത്തുകാരനുമായ വിനായക് നിര്‍മ്മലും ടീം അംഗങ്ങളുമാണ് ഇതിന് നേതൃത്വം നല്കുന്നത്.

ദൈവികസ്വരത്തിന് കാതുകൊടുക്കുന്ന, മാനുഷിക നീതി ഉറപ്പുവരുത്തുന്ന മരിയന്‍ പത്രം ഡോട്ട് കോം എന്ന മാധ്യമശുശ്രൂഷ പരിശുദ്ധ മറിയത്തിന്റെ മംഗളവാര്‍ത്താ തിരുനാള്‍ ദിനമായ 2019 മാര്‍ച്ച് 25 നാണ് ആരംഭം കുറിക്കുന്നത്.