Tuesday, December 3, 2024
spot_img
More

    ഇരുപതാം ദിവസം-11-03-2022-വിശുദ്ധ ലൂയിസ് ഡി മോൺഫോർട്ടിന്റെ ക്രമമനുസരിച്ചുള്ള ദൈവമാതാവിന്റെ വിമല ഹൃദയ പ്രതിഷ്ടാ ഒരുക്കം

    ==========================================================================

    33 ദിവസത്തെ സമ്പൂർണ വിമലഹൃദയ പ്രതിഷ്ഠക്കുള്ള നിർദ്ദേശങ്ങൾ വായിക്കുവാൻ ഇവിടെ ക്ലിക് ചെയ്യുക

    ഇരുപതാം ദിവസം മുതൽ ഇരുപത്തിയാറാം ദിവസം വരെയുള്ള മൂന്നാം ആഴ്ചയിലെ ഒരുക്ക പ്രാർത്ഥനകൾ ചൊല്ലുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ==========================================================================

    ഇരുപതാം ദിവസം

    1. പരിശുദ്ധ മറിയത്തെ അറിയുക


    മരിയാനുകരണം

    ഓ മറിയമേ! ഓ എന്റെ അമ്മേ! എന്റെ പാപങ്ങൾ നിമിത്തം സ്വർഗ്ഗവാതിൽ അടയ്ക്കപ്പെടുകയും, ഒരു വശത്തുകൂടെയും എനിക്ക് പ്രവേശനം ലഭിക്കാതിരിക്കയും, പരപ്രേരണയും സ്വശക്തി തന്നെയും ക്ഷയിക്കയും, ജീവിതഭാരവും ഹൃദയവേദനയും നിമിത്തം യാതൊരുന്മേഷവും ഇല്ലാതായിത്തീരുകയും, ആനന്ദവല്ലഭൻ വിലാപനിശീഥിനിയിൽ അന്തർദ്ധാനം ചെയ്യുകയും, ആശ്വാസങ്ങളെല്ലാം അസ്തമിക്കയും, എവിടെ നോക്കിയാലും നിരാശ മാത്രം അനുഭവപ്പെടുകയും, പ്രലോഭനങ്ങൾ കൊടുങ്കാറ്റുപോലെ ഉയരുകയും, ദുർവികാരങ്ങൾ ശക്തിയായി അലതല്ലുകയും ദേഹാസ്വാസ്ഥ്യങ്ങൾ ശരീരത്തെത്തന്നെയും ക്ഷയിപ്പിക്കയും, സകല അനർത്ഥങ്ങളും ഏകോപിച്ച് എനിക്കെതിരായി ഐക്യമുന്നണി സൃഷ്ടിക്കയും ചെയ്യുമ്പോൾ
    എന്റെ സ്നേഹമാതാവേ! നിന്റ പക്കലേക്കല്ലാതെ ഞാൻ എങ്ങോട്ടുതിരിയും, എവിടെപ്പോകും?

    അമ്മേ! നിർഭാഗ്യരെ ആശ്വസിപ്പിക്കാനും, നിസ്സഹായരെ സഹായിക്കാനും, കഴിവും താപ്പര്യവുമുള്ളവൾ നീ മാത്രമല്ലോ.
    ഓ വാനമണ്ഡലത്തിൽ പ്രശോഭിച്ചു പ്രശോഭിച്ചു നിൽക്കുന്ന സമുദ്രതാരമേ! സ്വർഗ്ഗീയതുറമുഖത്തു നിർബാധം ചെന്നെത്തുവാൻ എന്നെ നയിക്കേണമേ.
    നീ ചൊരിയുന്ന വരപ്രസാദം എന്നെ നയിക്കുന്ന പ്രകാശമായിരിക്കട്ടെ.
    ഓമറിയമേ! എന്റെ പാപങ്ങളും കുറ്റങ്ങളും ഞാൻ സമ്മതിക്കുന്നു; ഈശോയെ കാണാൻ എനിക്കർഹതയില്ല.
    എന്നാൽ ഈശോയെ കാണാതെ എനിക്കൊരിക്കലും തൃപ്തിയുണ്ടാകുന്നതല്ല.
    ആഗ്രഹിക്കയും അപേക്ഷിക്കയും ചെയ്യാതിരിക്കാനും എനിക്ക് നിവൃത്തിയില്ല; എന്തെന്നാൽ അവിടുന്നു തന്നെ എന്നിൽ നിന്നു പ്രാർത്ഥന പ്രതീക്ഷിക്കുന്നു.
    സ്ഥിരതയോടെ പ്രാർത്ഥിക്കാൻ എന്റെ ഹൃദയവും എന്നെ നിർബന്ധിക്കുന്നു;
    അമ്മേ! നീയും അതുതന്നെയാണല്ലോ ആഗ്രഹിക്കുന്നത്.
    ആകയാൽ എന്റെ അമ്മേ! ധ്യാനത്തിലും പ്രാർത്ഥനയിലും നിരതനായിരിക്കാൻ / നിരതയായിരിക്കാൻ ഞാൻ നിശ്ചയിച്ചിരിക്കുന്നു.

    തോമസ് അക്കെമ്പിസ്


    2. യഥാര്‍ത്ഥ മരിയഭക്തിയിൽ നിന്നുള്ള വായന
    വി.ലൂയിസ് ഡി മോൺഫോര്‍ട്ട്.

    മേരീസുതരുടെ ഗുണഗണങ്ങള്‍.

    പരിശുദ്ധാത്മാവിന്റെ ഏറ്റവും നിസ്സാരമായ നിശ്വസനത്താല്‍പോലും അവര്‍, അന്തരീക്ഷത്തില്‍ ഉയര്‍ന്നു പറക്കുന്നതും ഗര്‍ജ്ജിക്കുന്നതുമായ മേഘങ്ങളായി മാറും. പരിശുദ്ധാത്മാവ് അവര്‍ക്ക് എല്ലാറ്റിനോടും നിസ്സംഗതയും, ഒന്നിനെക്കുറിച്ചും അസ്വസ്ഥമാകാതിരിക്കുവാനുമുള്ള കൃപയും നല്കും. ദൈവവചനവും നിത്യജീവനും ആകുന്ന മാരി അവര്‍ വര്‍ഷിക്കും. അവര്‍ പാപത്തിനെതിരായ ഗര്‍ജ്ജനവും ലോകത്തിനെതിരായ കൊടുങ്കാറ്റുമായി മാറും. അവര്‍ പിശാചിനെയും അവരുടെ സൈന്യത്തെയും തകര്‍ത്തെറിയും. ആര്‍ക്കുവേണ്ടി അവര്‍ പരമോന്നതനാല്‍ അയയ്ക്കപ്പെട്ടിരിക്കുന്നുവോ, അവരെ ദൈവവചനമാകുന്ന ഇരുതലവാളാല്‍ (എഫേ 6:17) രക്ഷയ്‌ക്കോ ശിക്ഷയ്‌ക്കോ ആയി വീണ്ടും വീണ്ടും പിളര്‍ക്കും.

    അവര്‍ അന്ത്യകാലത്തെ യഥാര്‍ത്ഥ പ്രേഷ്തിരായിരിക്കും. അദ്ഭുതങ്ങള്‍ പ്രവര്‍ത്തിക്കുവാനും ദൈവത്തിന്റെ ശത്രുക്കള്‍ കൈയടിക്കിയിരിക്കുന്ന കൊള്ളമുതല്‍ മഹത്ത്വത്തോടെ സ്വന്തമാക്കുവാനും ആവശ്യമായ ശക്തിയും വാക്പാടവവും സൈന്യങ്ങളുടെ കര്‍ത്താവ് അവര്‍ക്ക് നല്കും. സ്വര്‍ണ്ണവും വെള്ളിയും കൂടാതെ സുഖമായി അവര്‍ ഉറങ്ങും. മറ്റു വൈദികരുടെയും സഭാദികാരത്തില്‍പ്പെട്ടവരുയെയും മദ്ധ്യത്തില്‍ യാതൊരാകുലതയും അവര്‍ക്കുണ്ടാകുകയില്ല (സങ്കീ67:14).

    പരിശുദ്ധാത്മാവു വിളിക്കുന്നിടത്തേക്ക് ദൈവമഹത്ത്വവും ആത്മാക്കളുടെ രക്ഷയും മാത്രം ലക്ഷ്യം വച്ച് മാടപ്രാവിനെപ്പോലെ പറന്നെത്താന്‍ വെള്ളിച്ചിറകുകള്‍ അവര്‍ക്കുണ്ടായിരിക്കും. അവര്‍ പ്രസംഗിക്കുന്നിടത്ത്, പ്രമാണത്തിന്റെ പൂര്‍ത്തീകരണമായ സ്‌നേഹമാകുന്ന സ്വര്‍ണ്ണം (റോമ 13:10) നിക്ഷേപിച്ചു അവര്‍ കടന്നുപോകും.

    ഒറ്റവാക്കില്‍ പറഞ്ഞാല്‍ , ദാരിദ്ര്യത്തിലും എളിമയിലും ഉപവിയില്‍ ലോകത്തോടുള്ള വെറുപ്പിലും അവര്‍ യേശുക്രിസ്തുവിനെ പൂര്‍ണ്ണമായി അനുകരിക്കുകയും അനുഗമിക്കുകയും ചെയ്യുന്ന ശിഷ്യരാകും. ലോകത്തിന്റെ ‘നിത്യവാക്യങ്ങള്‍’ നിഷേധിച്ച്, സുവിശേഷപഠനപ്രകാരം ദൈവത്തിങ്കലേക്കുള്ള ഇടുങ്ങിയ വഴ അവര്‍ ചൂണ്ടിക്കാട്ടും. ഒന്നിനെക്കുറിച്ചും അവര്‍ ആകുലരാവുകയില്ല; അകാരണമായി ആരെയും അനുകീലിക്കുകയില്ല. എത്ര സ്വാധീനമുള്ളവനായാലും നശ്വരമായ ഒന്നിനെയും ശ്രദ്ധിക്കുകയോ, ഭയപ്പെടുകയോ, വലുതായും കരുതുകയോ ചെയ്യുകയുമില്ല അവര്‍.

    ദൈവവചനമാകുന്ന , ഇരുതലവാള്‍ അവര്‍ തങ്ങളുടെ അധരങ്ങളില്‍ ധരിക്കും. രക്തപങ്കിലമായ കുരിശ് ആലേഖനം ചെയ്തിട്ടുള്ള ജയക്കൊടി അവര്‍ തങ്ങളുടെ തോളിലേറ്റും. വലതുകരത്തില്‍ കുരിശുരൂപവും ഇടതുകരത്തില്‍ ജപമാലയും ധരിച്ച് അവര്‍ മുന്നേറും, ഹൃദയങ്ങളില്‍ ഈശോയുടെയും മറിയത്തിന്റെയും വിശുദ്ധനാമങ്ങള്‍ ആലേഖനം ചെയ്യും. സകല കൃത്യങ്ങളിലും ക്രിസ്തുവിന്റെ ആശാനിഗ്രഹവും വിനയവും അവര്‍ പരിശീലിക്കും.

    സര്‍വ്വശക്തന്റെ കല്പന അനുസരിച്ച് മറിയം രൂപംകൊടുക്കുന്ന ഭാവിപ്രേഷിതര്‍ ഇപ്രകാരമുള്ളവരായിരിക്കും. വിഗ്രഹാരാധകരെയും നിരീശ്വരരെയും മുഹമ്മദീയരെയും മാനസാന്തരപ്പെടുത്തി അവര്‍ ദൈവരാജ്യം കൂടുതല്‍ വിസ്തൃതമാക്കും. എന്നാല്‍, ഇതു സംഭവിക്കുന്നതെന്നാണെന്നും എങ്ങനെയാണെന്നും ദൈവം മാത്രം അറിയുന്നു. നമുക്കു നിശ്ശബ്ദരായി, നെടുവീര്‍പ്പോടെ പ്രാര്‍ത്ഥിച്ചു കാത്തിരിക്കാം. ”ഞാന്‍ ക്ഷമാപൂര്‍വ്വം കര്‍ത്താവിനെ കാത്തിരിക്കുന്നു” (സങ്കീ. 40:1)

    നമുക്കു പ്രാര്‍ത്ഥിക്കാം

    പരിശുദ്ധ മറിയമേ, എന്റെ അമ്മേ, ഞാന്‍ എന്നെത്തന്നെ അങ്ങയുടെ വിമലഹൃദയത്തിനു പ്രതിഷ്ഠിക്കുന്നു. ഞാനും എനിക്കുള്ളവയും അങ്ങയുടേതാണ്. അങ്ങയുടെ കരുണയുടെ മേല്‍വസ്ത്രം കൊണ്ടെന്നെ മറയ്ക്കണമെ. എന്നെ അങ്ങയുടെ പൈതലായി സംരക്ഷിക്കുകയും, എന്റെ ആത്മാവിനെ സ്വര്‍ഗ്ഗത്തില്‍ ഈശോയുടെ സവിധത്തിലേക്ക് സുരക്ഷിതമായി നയിക്കുകയും ചെയ്യണമേ. കരുണയുടെ മാതാവേ എന്നെ മുഴുവനായി അങ്ങേയ്ക്കു ഞാന്‍ സമര്‍പ്പിക്കുന്നു. ഇപ്പോഴും, നിത്യതയിലും എന്റെ ആത്മാവിനെ ഞാന്‍ അങ്ങേയ്ക്ക് ഭരമേല്‍പ്പിക്കുന്നു. അങ്ങയുടെ പരിശുദ്ധ മേലങ്കിയാല്‍ എന്നെ പൊതിയണമെ, ആമ്മേന്‍.


    3. വിമലഹൃദയപ്രതിഷ്ഠാ ഒരുക്ക ധ്യാനവും വിചിന്തനവും


    ധ്യാനവിഷയവും പ്രാർത്ഥനയും

    കന്യകമറിയം ഉന്നത വണക്കത്തിന് അർഹ

    “അവിടന്ന് തന്റെ ദാസിയുടെ താഴ്‌മ കടാക്ഷിച്ചു. ഇപ്പോൾ മുതൽ, സകല തലമുറകളും എന്നെ ഭാഗ്യവതി എന്നു പ്രകീർത്തിക്കും (വി. ലൂക്കാ 1 : 48).

    ആമുഖം

    തിരുസഭയുടെ ഔദ്യോഗിക പ്രബോധനത്തിന്റെ വെളിച്ചത്തിൽ മറിയത്തിന്റെ സ്ഥാനമഹിമയെപ്പറ്റി ഇവിടെ പ്രതിപാദിക്കുകയാണ്.

    മറിയത്തിനർഹമായത് : ഹൈപ്പർഡുളിയ (ഉന്നതവണക്കം)

    ദൈവശാസ്ത്ര പ്രമുഖനായ വിശുദ്ധ തോമസ് അക്വിനാസ് മറിയത്തിനു നൽകേണ്ട പ്രത്യേക വണക്കത്തിന് ഹൈപ്പർഡൂളിയ (Hyper Dulia) എന്ന ഗ്രീക്ക് പദമാണ് ഉപയോഗിക്കുന്നത്.
    ഡൂളിയ (Dulia) എന്ന പദം വിശുദ്ധർക്കർഹമായ വണക്കത്തിനും ലാട്രിയ (Latria) എന്ന ഗ്രീക്ക് ഭാഷാടിസ്ഥാനത്തിലുള്ള ലത്തീൻപദം ദൈവത്തിനു നൽകേണ്ട ആരാധനയ്ക്കും യഥാക്രമം ഉപയോഗിക്കുന്നു.

    വിശുദ്ധർ വണങ്ങപ്പെടുന്നതിന് അവരെ അർഹരാക്കുന്നത് ക്രിസ്തുവിനെ അനുകരിച്ചു ജീവിക്കുന്നതിൽ, പ്രത്യേകിച്ച് ക്രിസ്തുവിന്റെ സ്വഭാവ ഗുണങ്ങൾ ജീവിതത്തിൽ പ്രാവർത്തികമാക്കുന്നതിൽ അവർ കാണിച്ച മികവാണ്. പരിശുദ്ധ മറിയം വണങ്ങപ്പെടുന്നത് ഇക്കാരണത്താൽ മാത്രമല്ല. തീർച്ചയായും, മറ്റെല്ലാ വിശുദ്ധരെക്കാളും അധികവും അതുല്യവുമായ രീതിയിൽ അവൾ ക്രിസ്തുവിനെ അനുകരിച്ചു ജിവിച്ചു. എന്നാൽ, മറിയത്തെ മറ്റു വിശുദ്ധരരോടൊന്നും താരതമ്യം
    ചെയ്യാനാവാത്തവിധം ഉയർത്തുന്നത് അവൾ ദൈവമാതാവായതിനാലും ക്രിസ്തുരഹസ്യത്തിൽ അതുല്യ പങ്കുകാരിയായതിനാലുമാണ്. രണ്ടാം വത്തിക്കാൻ കൗൺസിൽ ഇക്കാര്യം വ്യക്തമായി പഠിപ്പിക്കുന്നുണ്ട്. “ദൈവം കാരുണ്യപൂർവം തന്റെ പുത്രൻ കഴിഞ്ഞാൽ എല്ലാ മാലാഖമാരെക്കാളും മനുഷ്യരെക്കാളും ഉപരിയായി ഉയർത്തിയ മറിയത്തെ ദൈവത്തിന്റെ പരിശുദ്ധ മാതാവും ക്രിസ്തുവിന്റെ ജീവിതരഹസ്യങ്ങളിൽ പങ്കുകാരിയുമായി സഭ പ്രത്യേകമാംവിധം ബഹുമാനിക്കുന്നതു യുക്തമാണ് (‘തിരുസഭ ‘, 66).

    അതിനാൽ, പരിശുദ്ധ മറിയത്തിന് ‘ഡൂളിയ’ (വണക്കം) നല്കിയാൽ മതിയാവുകയില്ല, എന്നാൽ ‘ലാട്രിയ’ (ആരാധന) നല്കാനും പാടില്ല; കാരണം, സകല മാലാഖമാർക്കും മനുഷ്യർക്കും മുകളിൽ അവൾ ഉയർത്തപ്പെട്ടുവെങ്കിലും അവൾ ഒരു സൃഷ്ടിയാണ്. കത്തോലിക്കാപാരമ്പര്യത്തിൽ മറിയത്തിനു നല്കുന്ന സ്ഥാനം ഒരിക്കലും ആരാധനയുടേതല്ല. അതേസമയം, മറിയത്തിന്റെ അതുല്യസ്ഥാനമഹിമയ്ക്ക് യോജിച്ച ഒരു പ്രത്യേക വണക്കം ആവശ്യമായതിനാൽ ‘ഹൈപ്പർ ഡൂളിയ’ – അതായത് ഉന്നത വണക്കം – ആണ് നല്കേണ്ടതെന്ന് ദൈവശാസ്ത്രം കണ്ടെത്തി.

    മറിയത്തിന്റെ മഹിമാതിരേകത്തെപ്പറ്റി 9 -ാം പിയൂസ് പാപ്പാ

    മാതാവിന്റെ അമലോദ്ഭവം വിശ്വാസസത്യമായി പ്രഖ്യാപിച്ച ഒമ്പതാം പീയൂസ് പാപ്പായുടെ ഏറ്റുപറച്ചിൽ ശ്രദ്ധേയമാണ് : “ദൈവം കഴിഞ്ഞാൽ എല്ലാവരെക്കാളും കൂടുതൽ വിശിഷ്ടയായത് മറിയമാണ്. പ്രകൃത്യാ സുന്ദരിയും മനോഹരിയുമാണ്, കെറുബിം മാലാഖമാരെക്കാളും സെറാഫിം മാലാഖമാരെക്കാളും വിശുദ്ധയാണ്. അവളെ പുകഴ്ത്താൻ സ്വർഗത്തിലും ഭൂമിയിലുള്ള സകല നാവുകളും ചേർന്നാലും മതിയാവുകയില്ല. കളങ്കമില്ലാത്ത ഏറ്റവും സുന്ദരിയായ മാടപ്പിറാവ്, എന്നും വികസിച്ചു നില്ക്കുന്ന റോസാപ്പൂവ്, പൂർണമായും പരിശുദ്ധിയുള്ളവൾ, എന്നെന്നും അമല, എന്നേക്കും അനുഗൃഹീത, ഒരിക്കലും കളങ്കപ്പെടാത്ത നിർമലത, എമ്മാനുവേലിനെ പ്രസവിച്ച രണ്ടാം ഹവ്വാ എന്നിങ്ങനെ അവൾ പുകഴ്ത്തപ്പെടുന്നു ” (ഇനെഫാബിലിസ് ദേവൂസ്).

    പാപ്പാ തുടരുന്നു: ഏറ്റവും ക്രൂരനായ സർപ്പത്തിന്റെ വിഷമാർന്ന തല തകർക്കുകയും ലോകത്തിലേക്ക് രക്ഷകൊണ്ടുവരുകയും ചെയ്ത സർവാംഗസുന്ദരിയും നിർമലയുമായവളിൽ, പ്രവാചകരുടെയും ശ്ലീഹന്മാരുടെയും മഹത്ത്വവും രക്തസാക്ഷികളുടെ ബഹുമതിയും സകല വിശുദ്ധരുടെയും കിരീടവും സന്തോഷവും ആയിരിക്കുന്നവളിൽ, അപകടത്തിലായിരിക്കുന്ന സകലരുടെയും ഏറ്റവും സുരക്ഷിതമായ സങ്കേതവും ഏറ്റവും വിശ്വസനീയമായ സഹായിയുമായിരിക്കുന്നവളിൽ, ലോകം മുഴുവനിലും തന്റെ ഏകജാതനാടൊപ്പം ഏറ്റവും ശക്തമായ മധ്യസ്ഥയും ആലോചനക്കാരിയുമായിരിക്കുന്നവളിൽ, എല്ലാ പാഷണ്ഡതകളും തകർക്കുകയും ഭീകരനാശങ്ങളിൽനിന്ന് വിശ്വാസികളെയും രാഷ്ട്രങ്ങളെയും പിടിച്ചെടുക്കുകയും ചെയ്തവളിൽ, ഭീഷണിപ്പെടുത്തുന്ന അനേകം അപകടങ്ങളിൽനിന്ന് എന്നെ രക്ഷിച്ചവളിൽ ഞാൻ പ്രത്യാശ വയ്ക്കുന്നു” ( ഇനെഫാബിലിസ് ദേവൂസ്).

    ക്രിസ്തുരഹസ്യത്തിൽ പരിശുദ്ധ മറിയത്തിനുള്ള പങ്ക്

    മൂന്നു സുപ്രധാന കാരണങ്ങളാലാണ് കന്യകമറിയം ഉന്നതവണക്കത്തിന് അർഹയാകുന്നത്.

    ഒന്നാമതായി, ദൈവം മറിയത്തിന് പ്രസാദവ രത്തിന്റെ പൂർണത അനുവദിച്ചു നല്കി. ഗബ്രിയേൽ മാലാഖയുടെ “ദൈവകൃപ നിറഞ്ഞവളേ, സ്വസ്തി, കർത്താവ് നിന്നോടുകൂടെ !” (വി. ലൂക്കാ 1:28) എന്ന അഭിവാദ്യത്തിൽനിന്ന് മറിയത്തിന്റെ ഉദ്ഭവ നിമിഷത്തിൽത്തന്നെ ദൈവം നല്കിയ ഈ പ്രത്യേകദാനത്തെപ്പറ്റി നമുക്ക് സൂചന ലഭിക്കുന്നുണ്ട്. എന്നാൽ, മറ്റെല്ലാ വിശുദ്ധർക്കും ധാരാളമായി ദൈവവരപ്രസാദം ലഭിച്ചെങ്കിലും മൂലപാപത്തിന്റെ പരിമിതിമൂലം പ്രസാദവരത്തിന്റെ സമൃദ്ധിയും പൂർണതയും കൈവശമാക്കാൻ കഴിഞ്ഞില്ല. ഉദ്ഭവപാപത്തിൽനിന്നുള്ള മറിയത്തിന്റെ അനന്യമായ മോചനവും അതിന്റെ ഫലങ്ങളും പ്രസാദവരത്തിന്റെ പൂർണതയും പരിശുദ്ധ അമ്മയെ പുണ്യവാന്മാരുടെ ഐക്യത്തിൽ സമാനതകളില്ലാത്ത അംഗീകാരത്തിന് അർഹയാക്കുന്നു.

    രണ്ടാമതായി, മറിയം മാത്രമാണ് ദൈവത്തിന്റെ അമ്മയാകാൻ ഭാഗ്യം ലഭിച്ചവൾ. നസ്രത്തിലെ വിനീതയായ കന്യകയ്ക്കു മാത്രമാണ് ദൈവത്തെ ഉദരത്തിൽ വഹിക്കാനും നമ്മുടെ രക്ഷയ്ക്കായി മനുഷ്യനായി പിറന്ന, ത്രിത്വത്തിലെ രണ്ടാം ആളായ ദൈവത്തിന്, ശരീരം നല്കാനും ഭാഗ്യം കിട്ടിയത്. മാംസം ധരിച്ച വചനത്തിന് ശരീരം നല്കിയതിലൂടെ മറിയം മറ്റെല്ലാ സൃഷ്ടികളെയുംകാൾ ശ്രേഷ്ഠയും മഹത്ത്വമുള്ളവളുമായിത്തീർന്നു.

    ദൈവപുത്രന്റെ മനുഷ്യസ്വഭാവവുമായുള്ള സത്താപരമായ ഐക്യം മറിയത്തിൽ

    ദൈവശാസ്ത്രപരമായ വിശദീകരണം ആവശ്യമുള്ള അഗാധമായ ഒരു ദൈവികരഹസ്യമാണ് മേൽപറഞ്ഞത്. അതായത്, അനുഗ്രഹീതയായ കന്യകമറിയത്തിനു മാത്രമാണ് തന്റെ ദൈവികമാതൃത്വംവഴി പരിശുദ്ധ ത്രിത്വത്തിന്റെ ഉപസ്ഥിതിപരമായ ഏകീഭാവവുമായി (Hypostatic Union) സഹജമായ ബന്ധമുള്ളതെന്നും അങ്ങനെ തനതായ ഒരു മഹിമയ്ക്കർഹമാരിക്കുന്നതെന്നും ദൈവശാസ്ത്രജ്ഞന്മാർ വിശദീകരിക്കുന്നു. ഉപസ്ഥിതമായ ഏകീഭാവം, അല്ലെങ്കിൽ ഉപസ്ഥിതി എന്നത് യേശുക്രിസ്തു എന്ന ദൈവപുത്രന്റെ ഏകവ്യക്തിത്വത്തിൽ, ദൈവസ്വഭാവവും മനുഷ്യസ്വഭാവവും തമ്മിൽ കൂടിക്കലരാതെ സംയോജിച്ചിരിക്കുന്നു എന്നതാണ്. പുത്രനായ ദൈവത്തിന്റെ ദൈവപ്രകൃതിയും അവിടന്നു മനുഷ്യനായിത്തീർന്നപ്പോൾ കൈക്കൊണ്ട മനുഷ്യപ്രകൃതിയും കന്യകമറിയത്തിൽ അത്യദ്ഭുതകരമായി ഒന്നാക്കപ്പെട്ടു. പരിശുദ്ധ മറിയത്തിലാണ് ഈ വിസ്മയം യാഥാർഥ്യമായത്. ഈ മഹാദ്ഭുതത്തിന് അർഹമായിത്തീർന്ന ഏകവേദി കന്യകമറിയം മാത്രമാണ് ! വിശുദ്ധ ജോൺ പോൾ രണ്ടാമൻ പാപ്പാ ഇക്കാര്യം സ്പഷ്ടമാക്കുന്നുണ്ട്. “ദൈവപുത്രന്റെ മനുഷ്യസ്വഭാവവുമാ യുള്ള സാത്താപരമായ ഐക്യം സംഭവിക്കുന്നതും പൂർണതയിത്തുതും മറിയത്തിലാണ് ” (റെദംപത്തോർ മാത്തർ, 9).

    മറിയത്തിനർഹമായ ഉന്നതമായ വണക്കത്തിനുള്ള മൂന്നാമത്ത കാരണം, അമ്മയ്ക്ക് ജീവിതകാലം മുഴുവൻ ദൈവഹിതത്തോടുണ്ടായിരുന്ന പൂർണമായ അനുസരണമാണ്. ഉദ്ഭവപാപത്തിൽനിന്ന് മോചിതയാകാനും ദൈവഹിതത്തോട് പൂർണമായ അനുസരണത്തിൽ സഹകരിക്കാനും ഒരു ലഘുപാപം പോലും ജീവിതത്തിലൊരിക്കൽപ്പോലും ചെയ്യാതിരിക്കാനും ഒരേയൊരു സൃഷ്ടിക്കുമാത്രമേ കൃപ ലഭിച്ചിട്ടുള്ളൂ. അതുകൊണ്ടാണ് പരിശുദ്ധ അമ്മ എല്ലാ ക്രൈസ്തവപുണ്യങ്ങളുടെയും മാതൃകയായിരിക്കുന്നതും ഉന്നതവണക്കത്തിന് അർഹയായിരിക്കുന്നതും.

    ദൈവം പരിശുദ്ധ മറിയത്തിനു നല്കിയിരിക്കുന്ന ഔന്നത്യവും മഹ ത്വവും ബഹുമാനവും അതേപടി നല്കുന്നതിൽ നാമെല്ലാവരും ഉത്സുകരാകണമെന്നാണ് തിരുസഭ ആഗ്രഹിക്കുന്നത്. “കന്യകമറിയത്തെക്കുറിച്ചുള്ള കത്തോലിക്കാ വിശ്വാസം ഈ പരിശുദ്ധ സൂനഹദോസ് അവധാന പൂർവം പഠിപ്പിക്കുകയും പരിശുദ്ധ കന്യകയോടുള്ള വണക്കം, പ്രത്യേകിച്ച് തിരുകർമവിധികളിലൂടെ ഔദാര്യപൂർവം വർധിപ്പിച്ചുകൊണ്ടുവരണമെന്നും സഭാസന്താനങ്ങളെയെല്ലാവരെയും ഉദ്ബോധിപ്പിക്കുകയും ചെയ്യുന്നു” ( ‘തിരുസഭ’, 67)

    മരിയഭക്തി : ക്രൈസ്തവാരാധനയുടെ ആന്തരിക ഘടകം

    മരിയഭക്തിയുടെ സ്വഭാവത്തെപ്പറ്റി വിശുദ്ധ ആറാം പൗലോസ് പാപ്പാ തരുന്ന ദൈവശാസ്ത്രപരമായ നിർവചനം അതിപ്രധാനമാണ്. “കന്യകമറിയത്തോടുള്ള സഭയുടെ ഭക്തി ക്രൈസ്തവാരാധനയുടെ ഒരു ആന്തരിക ഘടകമാണ്. വി. ലൂക്കാ 1: 42-45 – ൽ പരാമർശിക്കപ്പെടുന്ന എലിസബത്ത് അഭിവാദനം ചെയ്ത അനുഗ്രഹവചസ്സുകൾ മുതൽ ഇന്ന് ഉപയോഗിക്കുന്ന സ്തുതിയുടെയും യാചനയുടെയും പ്രകാശനങ്ങൾവരെ സഭ എക്കാലവും എല്ലായിടത്തും മറിയത്തോടു കാണിക്കുന്ന ആദരവും സഭയുടെ പ്രാർഥനാനിയമത്തിന്റെ ശക്തമായ സാക്ഷ്യമാണ്. സഭയുടെ വിശ്വാസനിയമത്തെപ്പറ്റി കൂടുതൽ ആഴത്തിൽ ബോധവാന്മാരാകാൻവേണ്ടിയുള്ള ക്ഷണിക്കലുമാണ്. ഇത് മറിച്ചു പറഞ്ഞാലും ശരിയാണ്. സഭയുടെ പ്രാർഥനാനിയമം ക്രിസ്തുവിന്റെ അമ്മയെ സംബന്ധിച്ച് പുഷ്പിക്കണമെന്ന് സഭയുടെ വിശ്വാസനിയമം ആവശ്യപ്പെടുന്നു (മരിയാലിസ് കുൾത്തുസ്, 56).
    “കന്യകമറിയത്തോടുള്ള അത്തരം ഭക്തി, വെളിവാക്കപ്പെട്ട വചനത്തിൽ രൂഢമൂലമായിരിക്കുന്ന ഒന്നാണ്. ദൃഢമായ സൈദ്ധാന്തിക അടിത്തറകളും അതിനുണ്ട്. അതു മറിയത്തിന്റെ അനന്യമായ മഹത്ത്വം അടിസ്ഥാനപ്പെടുത്തിയുള്ളതാണ്. അവൾ ദൈവപുത്രന്റെ അമ്മയും അതുമൂലം പിതാവിന്റെ പുത്രിയും പരിശുദ്ധാത്മാവിന്റെ ആലയവുമാണ്. അസാധാരണമായ കൃപമൂലം ഭൂമിയിലും സ്വർഗത്തിലുമുള്ള എല്ലാ സൃഷ്ടികളെക്കാളും വലിയവളാണ് ” (” മരിയാലിസ് കുൾത്തൂസ് “, നമ്പർ 56).

    ദിവ്യരക്ഷകനോടുള്ള ആരാധനയ്ക്ക് കീഴപ്പെടുത്തിയതും അതിനോട് ബന്ധപ്പെട്ടതുമായ കന്യകമറിയത്തോടുള്ള ഭക്തി ക്രൈസ്തവജീവിതം നവീകരിക്കുന്നതിനുള്ള ശക്തിയാണെന്ന് സഭ അംഗീകരിക്കുന്നു. “കർത്താവിന്റെ അമ്മയോടുള്ള ഭക്തി വിശ്വാസികൾക്ക് ദൈവകൃപയിൽ വളരാനുള്ള അവസരമാകും” (“മരിയാലിസ് കുളത്തൂസ് ”, നമ്പർ 57).

    മരിയൻ സമർപ്പണം : ഉന്നതവണക്കം നല്കൽ

    വിശുദ്ധ ലൂയിസ് ഡി മോൺഫോർട്ടിന്റെ സമ്പൂർണ മരിയൻ സമർപ്പണത്തിലൂന്നിയ മരിയഭക്തിയെ ഒമ്പതാം പീയൂസ് പാപ്പാ വിശേഷിപ്പിച്ചത് ഏറ്റവും നല്ലതും ഏറ്റവും സ്വീകാര്യവുമായ മരിയഭക്തി എന്നാണ്. തന്നെത്തന്നെ പൂർണമായും മാതാവിനു സമർപ്പിക്കുന്നതിലും തനിക്കുള്ള ഭൗതിക നന്മകൾ മാത്രമല്ല ആധ്യാത്മിക യോഗ്യതകൾപോലും പരിശുദ്ധ മറിയത്തിനു കൊടുക്കുന്നതിലുമാണ് ഈ ഭക്തിയുടെ കാതൽ അടങ്ങിയിരിക്കുന്നത്.

    നമ്മുടെ ശരീരത്തെയും (എല്ലാ അവയവങ്ങളോടും ഇന്ദ്രിയങ്ങ ളോടും കൂടെ), ആത്മാവിനെയും (അതിന്റെ എല്ലാ ശക്തികളോടും കൂടെ), സകല ഭൗതികനന്മകളെയും (ഇപ്പോഴുള്ളവയും ഭാവിയിൽ ലഭി ക്കാനിരിക്കുന്നവയെയും), സകല ആത്മീയ സമ്പത്തും (ചെയ്തതും, ചെയ്യുന്നതും, ഇനി ചെയ്യാൻ പോകുന്നതുമായ എല്ലാ സത്പ്രവൃത്തികളുടെയും യോഗ്യതകളും) പരിശുദ്ധ മറിയത്തെ എല്പിക്കുക എന്നതാണ് മരിയൻ സമർപ്പണത്തിന്റെ ഏറ്റവും പ്രധാന വശം. പരിശുദ്ധ മറിയത്തോടുള്ള സ്നേഹം വർധിക്കുന്നതനുസരിച്ച് ഒരു വ്യക്തിക്ക് ഈ തരത്തിലുള്ള സമർപ്പണം അർഥവത്തായിത്തീരും. മാത്രമല്ല അത് ഒരു വലിയ ആനന്ദമായി അനുഭവപ്പെടുകയും ചെയ്യും.

    ബൈബിൾ വായന

    “യേശുവിന്റെ മാതാപിതാക്കന്മാർ ആണ്ടുതോറും പെസഹാതിരുനാളിന് ജറുസലെമിൽ പോയിരുന്നു. അവനു പന്ത്രണ്ടു വയസ്സായപ്പോൾ പതിവനുസരിച്ച് അവർ തിരുനാളിനു പോയി. തിരുനാൾ കഴിഞ്ഞ് അവർ മടങ്ങിപ്പോന്നു. എന്നാൽ ബാലനായ യേശു ജറുസലെമിൽ തങ്ങി; മാതാപിതാക്കന്മാർ അത് അറിഞ്ഞില്ല. അവർ യാത്രാസംഘത്തിന്റെകൂടെ കാണും എന്നു വിചാരിച്ച് അവർ ഒരു ദിവസത്തെ വഴി പിന്നിട്ടു. ബന്ധുക്കളുടെയും പരിചയക്കാരുടെയും ഇടയിൽ അന്വേഷിച്ചിട്ടു കാണായ്കയാൽ, യേശുവിനെത്തിരക്കി അവർ ജറുസലെമിലേക്കു തിരിച്ചുപോയി. മൂന്നു ദിവസങ്ങൾക്കുശേഷം അവർ അവനെ ദൈവാലയത്തിൽ കണ്ടെത്തി. അവനെ കണ്ടപ്പോൾ മാതാപിതാക്കന്മാർ വിസ്മയിച്ചു. അവന്റെ അമ്മ അവനോടു പറഞ്ഞു : മകനേ, നീ ഞങ്ങളോട് ഇങ്ങനെ ചെയ്തതെന്ത് ? നിന്റെ പിതാവും ഞാനും ഉത്കണ്ഠയോടെ നിന്നെ അന്വേഷിക്കുകയായിരുന്നു. അവൻ അവരോടു ചോദിച്ചു : നിങ്ങൾ എന്തിനാണ് എന്നെ അന്വേഷിച്ചത് ? ഞാൻ എന്റെ പിതാവിന്റെ കാര്യങ്ങളിൽ വ്യാപൃതനായിരിക്കണ്ടതാണെന്ന് നിങ്ങൾ അറിയുന്നില്ലേ ? അവൻ തങ്ങളോടു പറഞ്ഞതെന്തെന്ന് അവർ ഗ്രഹിച്ചില്ല. പിന്നെ അവൻ അവരോടൊപ്പം പുറപ്പെട്ട് നസറത്തിൽ വന്ന് അവർക്കു വിധേയനായി ജീവിച്ചു. അവന്റെ അമ്മ ഇക്കാര്യങ്ങളെല്ലാം ഹൃദയത്തിൽ സംഗ്രഹിച്ചു ” (വി. ലൂക്കാ 2 : 41 – 46 ; 48 – 51)

    പ്രാർഥന

    കർത്താവായ യേശുവേ, എത്ര സ്നേഹത്തോടും വിശ്വാസത്തോടും കൂടെയാണ് പരിശുദ്ധ മറിയത്തിനു നിന്നത്തന്നെ നീ ഭരമേല്പിച്ചു കൊടുത്തതും അവൾക്കു വിധേയപ്പെട്ടു ജീവിച്ചതും ! നിനക്ക് അമ്മയോടുണ്ടായിരുന്ന അതേ സ്നേഹം എനിക്കും നല്കണമേ. പ്രസാദവരത്തിൽ പൂർണയും ദൈവത്തിന്റെ അമ്മയാകാനുള്ള ഭാഗ്യം ലഭിച്ചവളും ദൈവഹിതം പൂർണമായി അനുസരിച്ചവളും എന്ന നിലയിൽ മറിയത്തിനർഹമായ ഉന്നത വണക്കം നല്കി അവളെ ബഹുമാനിക്കാൻ എന്നെ സഹായിക്കണമേ. എല്ലാ മാലാഖമാരെക്കാളും മനുഷ്യരെക്കാളും ദൈവത്താൽ ഉയർത്തപ്പെട്ട ഈ അമ്മയെ യോഗ്യമാംവിധം സ്നേഹിച്ചാദരിക്കാൻ എനിക്കു ക്യപ നല്കണമേ. പരിശുദ്ധ അമ്മയെ സ്നേഹിക്കുന്നതിൽ നാളിതുവരെ വന്ന വീഴ്ചയ്ക്കു പരിഹാരമാകത്തക്കവിധം അമ്മയെ പറ്റിയുള്ള ശരിയായ അറിവ് അനേകരിലേക്ക് പകരാൻ എന്നെ ഉപകരണമാക്കണമേ. അമ്മയുടെ സ്നേഹത്തിലേക്കും മാതൃഭക്തിയിലേക്കും മറ്റുള്ളവരെ നയിക്കാനും എന്നെ സഹായിക്കണമേ. യേശുവേ, നീ നിന്നെത്തന്നെ അവളുടെ സംരക്ഷണത്തിനായി സമർപ്പിച്ചപോലെ എന്നെ പൂർണമായി മറിയത്തിനർപ്പിക്കാൻ എന്നെ ഒരുക്കണമേ, ആമേൻ.


    സത്കൃത്യം

    പരിശുദ്ധ മറിയത്തിന്റെ ഉന്നത സ്ഥാനത്തെക്കുറിച്ച് ഒരാളോട് പങ്കുവയ്ക്കുക.

    ++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++

    ശാലോം ടി വി യിൽ ബഹുമാനപ്പെട്ട വട്ടായിലച്ചൻ നയിച്ച വിമലഹൃദയ പ്രതിഷ്ഠ അച്ഛന്റെ പ്രേത്യേക അനുവാദത്തോടെ ഇവിടെ നൽകുന്നു. സാധിക്കുന്ന എല്ലാവരും സമയം കണ്ടെത്തി ഈ അനുഗ്രഹപ്രദമായ ശുശ്രൂഷയിൽ പങ്കുകൊള്ളുക .

    https://www.youtube.com/watch?v=FpwnJFSTbto&list=PL3uhR8KUVQTxrd02-lFANST3UYzhj5ARI&index=20

    DAY 1 പ്രതിഷ്ഠാ ഒരുക്കം DAY17 പ്രതിഷ്ഠ ഒരുക്കം

    DAY 2 പ്രതിഷ്ഠാ ഒരുക്കം DAY18 പ്രതിഷ്ഠ ഒരുക്കം

    DAY 3 പ്രതിഷ്ഠാ ഒരുക്കം DAY 19 പ്രതിഷ്ഠ ഒരുക്കം

    DAY 4 പ്രതിഷ്ഠാ ഒരുക്കം

    DAY 5 പ്രതിഷ്ഠാ ഒരുക്കം

    DAY 6 പ്രതിഷ്ഠാ ഒരുക്കം

    DAY 7 പ്രതിഷ്ഠാ ഒരുക്കം

    DAY 8 പ്രതിഷ്ഠാ ഒരുക്കം

    DAY 9 പ്രതിഷ്ഠാ ഒരുക്കം

    DAY 10 പ്രതിഷ്ഠാ ഒരുക്കം

    DAY 11 പ്രതിഷ്ഠാ ഒരുക്കം

    DAY 12 പ്രതിഷ്ഠ ഒരുക്കം

    DAY 13 പ്രതിഷ്ഠ ഒരുക്കം

    DAY 14 പ്രതിഷ്ഠ ഒരുക്കം

    DAY 15 പ്രതിഷ്ഠ ഒരുക്കം

    DAY16 പ്രതിഷ്ഠ ഒരുക്കം

    MARlAN MINISTRY & THE CONFRATERNITY OF THE MOST HOLY ROSARY

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!