Tuesday, December 3, 2024
spot_img
More

    ഇരുപത്തിരണ്ടാം ദിവസം-13-03-2022- വിശുദ്ധ ലൂയിസ് ഡി മോൺഫോർട്ടിന്റെ ക്രമമനുസരിച്ചുള്ള ദൈവമാതാവിന്റെ വിമല ഹൃദയ പ്രതിഷ്ടാ ഒരുക്കം

    ==========================================================================

    33 ദിവസത്തെ സമ്പൂർണ വിമലഹൃദയ പ്രതിഷ്ഠക്കുള്ള നിർദ്ദേശങ്ങൾ വായിക്കുവാൻ ഇവിടെ ക്ലിക് ചെയ്യുക

    ഇരുപതാം ദിവസം മുതൽ ഇരുപത്തിയാറാം ദിവസം വരെയുള്ള മൂന്നാം ആഴ്ചയിലെ ഒരുക്ക പ്രാർത്ഥനകൾ ചൊല്ലുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ==========================================================================

    ഇരുപത്തിരണ്ടാം ദിവസം

    പരിശുദ്ധ അമ്മയെ അറിയുക


    മരിയാനുകരണം

    കരുണയുടെ മാതാവേ! ദൈവത്തിന്റെ അമ്മേ! ഈ മഹാവ്യസനത്തിൽ എന്നെ സഹായിക്കാൻ വരേണമേ!
    ഓ മറിയമേ! സ്വർഗ്ഗത്തിൽ നിനക്കുള്ള സ്വാധീനശകതിയാൽ എന്നെ സഹായിക്കേണമെ. നിന്നിൽ ഞാൻ സമാധാനവും, സൗഭാഗ്യവും അന്വേഷിക്കുന്നു.
    ഈശോ നഷ്ടപ്പെടുന്നത് എത്ര വ്യസനകരമെന്നും, ഈശോയെ വീണ്ടും കണ്ടെത്തുന്നത് എത്ര ആനന്ദകരമെന്നും, അമ്മേ! നിനക്കറിവുണ്ടല്ലോ.
    ഓ മറിയമേ! പാപരഹിതയായ നിനക്ക് ഈ കഷ്ടത അനുഭവപ്പെട്ടെങ്കിൽ, എന്റെ ദൈവത്തെ അസംഖ്യം പ്രാവശ്യം ദ്രോഹിച്ച എനിക്കിങ്ങനെ വന്നതിൽ അത്ര വിസ്മയിക്കാനൊന്നുമില്ല.
    അമ്മേ! ഈശോയെ വീണ്ടും കണ്ടെത്താൻ ഞാനിനി എന്…


    ഓ മറിയമേ! ദൈവത്തിന്റെ മാതാവേ! എന്റെ അമ്മ! ഞാനിതാ വീണ്ടും നിന്റെ സന്നിധിയിൽ വരുന്നു; അനുകൂലഭാവത്തിൽ എന്നെ കടാക്ഷിക്കേണമെ. ഇപ്പോഴും എപ്പോഴും എന്റെ മരണനേരത്തിലും നിന്റെ സഹതാപം എന്റെ മേൽ ചൊരിയണമെ.
    എന്നെ നിന്റെ മകനായി സ്വീകരിക്കേണമെ. നിന്റെ വത്സല കരങ്ങൾക്കുള്ളിലും, മാതൃഹൃദയത്തിലും എന്നെ നീ സദയം വഹിച്ചുകൊള്ളേണമെ;പ്രത്യേകമായി എന്റെ മരണ നേരത്തിൽ.

    ഓ എന്റെ നാഥേ! എന്റെ അമ്മേ! എന്നെ സദാ സ്മരിച്ചു കൊള്ളേണമെ, സഹായിക്കേണമെ.
    ചഞ്ചലപ്പെടുന്ന എന്റെ ആത്മാവിനെ പ്രശാന്തമാക്കേണമെ; എന്റെ വിഷമങ്ങളിൽ നീ മാത്രമാണെന്റെ ആശ്രയം.
    പിശാചിന്റെ സകല ഉപദ്രവങ്ങളിൽ നിന്നും എന്നെ കാത്തുകൊള്ളേണമെ. നീ എന്റെ അടുത്തുണ്ടെങ്കിൽ എന്നോടു നേരിടുവാൻ അവൻ ഒരിക്കലും തുനിയുകയില്ല.
    ഓ എന്റെ അമ്മ! എന്റെ പാപങ്ങളും കുറ്റങ്ങളും കൊണ്ട് ഈശോയെ ഞാൻ വളരെയധികം ഉപദ്രവിച്ചെന്ന് ഞാൻ സമ്മതിക്കുന്നു. നീ എനിക്കു വേണ്ടി മാദ്ധ്യസ്ഥം അപേക്ഷിച്ച് എനിക്ക് മോചനം നൽകേണമെ; എന്റെ സ്നേഹ മാതാവേ! എന്നെ കൈവിടല്ലേ!

    ഓ എൻ്റെ ഈശോ ! എൻ്റെ കർത്താവേ ! എൻ്റെ ദൈവമേ !
    ഓ മറിയമേ ! ദൈവ മാതാവേ ! എൻ്റെ അമ്മേ !
    എൻ്റെ ആത്മാവും എൻ്റെ ശരീരവും നിങ്ങളുടെ സംരക്ഷണത്തിൽ ഞാൻ സമർപ്പിക്കുന്നു.
    എൻ്റെ കഷ്ടതകളിലും വിഷമങ്ങളിലും നിങ്ങളുടെ സഹായത്തിൽ ഞാൻ പൂർണ്ണമായി ആശ്രയിക്കുന്നു.
    നിങ്ങളുടെ ഹൃദയാർദ്രതയും, നിങ്ങളുടെ വാത്സല്യവും എനിക്ക് സദാ ഉത്തേജനവും പ്രോത്സാഹനവും നൽകട്ടെ. ഇതു മാത്രമാണ് എൻ്റെ അപേക്ഷ.🌹✝️

    തോമസ് അക്കെമ്പിസ്


    2. യഥാര്‍ത്ഥ മരിയഭക്തിയിൽ നിന്നുള്ള വായന
    വി.ലൂയിസ് ഡി മോൺഫോര്‍ട്ട്.

    യേശു തന്നെയാണ് പരിശുദ്ധ മറിയത്തില്‍ ജീവിക്കുന്നത്‌.

    ഓ! മാധുര്യവാനായ യേശുവേ, സ്‌നേഹപൂര്‍വ്വമായ ആവലാതിയുമായി ഞാന്‍ ഇവിടെ ഒരുമാത്രനേരം അങ്ങയുടെ ദിവ്യമഹത്വത്തെ അഭയംഗമിക്കട്ടയോ. ക്രിസ്ത്യാനികളില്‍ ഒരു വലിയ വിഭാഗം അഭ്യസ്തവിദ്യര്‍ പോലും അങ്ങും അങ്ങേ മാതാവുമായുള്ള ഗാഢമായ ഐക്യം എന്തെന്ന് അറിയുന്നില്ല. ഓ! നാഥാ അങ്ങെപ്പോഴും മറിയത്തോടുകൂടിയാണ്. മറിയം അങ്ങയോടുകൂടിയും. അവള്‍ക്കു അങ്ങയെക്കൂടാതെ ജീവിക്കാനാവില്ല. അപ്പോള്‍ അവള്‍ അവളല്ലാതായിത്തീരും. കൃപാവരം വഴി അവള്‍ അങ്ങിലേക്കു ഗാഢമായി രൂപാന്തരപ്പെട്ടതിനാല്‍ അവള്‍ ജീവിക്കുന്നേയില്ല. അവള്‍ ഇല്ലാതായതുപോലെയായി. യേശുവേ അങ്ങു മാത്രമാണ് അവളില്‍ ജീവിക്കുന്നതും ഭരണം നടത്തുന്നതും. മാലാഖമാരിലും വിശുദ്ധരിലും എന്നതിനേക്കാള്‍ അങ്ങു പൂര്‍ണ്ണമായി അവളില്‍ ജീവിക്കുന്നു.

    ഹാ! നാം ഈ അത്ഭുതസൃഷ്ടിയില്‍ അവിടുത്തേക്കു ലഭിക്കുന്ന മഹത്വവും സ്‌നേഹവും അറിഞ്ഞിരുന്നെങ്കില്‍. അപ്പോള്‍ അവിടുത്തേപ്പറ്റിയും മറിയത്തെപ്പറ്റിയും വളരെ വ്യത്യസ്തമായി ചിന്തിച്ചേനെ. പ്രകാശത്തെ സൂര്യനില്‍നിന്നും ചൂടിനെ അഗ്നിയില്‍ നിന്നും വേര്‍പെടുത്തുകയാണ് മറിയത്തെ അങ്ങില്‍ നിന്നു അകറ്റുന്നതിലും എളുപ്പം. മറ്റെല്ലാ വിശുദ്ധരെയും മാലാഖമാരെയും അങ്ങില്‍ നിന്നു വേര്‍പെടുത്താന്‍ സാധിച്ചാലും മറിയത്തെ അങ്ങില്‍ നിന്നു അകറ്റുക അസാധ്യമാണ്. കാരണം, സകല സൃഷ്ടികളും അങ്ങയെ സ്‌നേഹിക്കുന്നതിലും മഹത്വപ്പെടുത്തുന്നതിലും ഉപരി തീക്ഷ്ണമായും സമ്പൂര്‍ണ്ണമായും മറിയം അങ്ങയെ സ്‌നേഹിക്കുകയും മഹത്വപ്പെടുത്തുകയും ചെയ്യുന്നു.

    ആകയാല്‍, പ്രിയനാഥാ അങ്ങേ പ്രിയ മാതാവിനെപ്പറ്റി മനുഷ്യര്‍ക്കുള്ള അജ്ഞതയും അന്ധതയും എത്ര ദയനീയമാണ്. വിസ്മയകരമാണ്! അക്രൈസ്തവരേയോ വിഗ്രഹാരാധകരെയോ പറ്റിയല്ല വിവക്ഷ. കാരണം അങ്ങയെ അറിയാത്തവര്‍ എങ്ങനെയാണ് മറിയത്തെ അറിയാന്‍ ആഗ്രഹിക്കുക. പാഷണ്ഡികളെയും ശീശ്മക്കാരെയും കുറിച്ചുമല്ല പറയുന്നത്. അങ്ങില്‍ നിന്നും അങ്ങേ തിരുസഭയില്‍നിന്നും വേര്‍പെട്ടുപോയവര്‍ അങ്ങേ വിശുദ്ധ മാതാവിനെ അറിയുന്നതെങ്ങനെ. കത്തോലിക്കരെയാണു ഞാന്‍ ഉദ്ദേശിക്കുന്നത്. മറ്റുള്ളവരുടെ മുമ്പില്‍ സത്യത്തിനു സാക്ഷ്യം വഹിക്കേണ്ട കത്തോലിക്കരെയും അതിലെ ഡോക്ടറേറ്റെടുത്തവരെയും പറ്റിയാണ് ഞാന്‍ പറയുന്നത്. സത്യത്തിന്റെ പ്രഘോഷണം തൊഴിലായെടുത്ത അവര്‍ക്ക് അങ്ങേ മാതാവിനെയാകട്ടെ അറിയില്ല. അവര്‍ വല്ലപ്പോഴും സംസാരിച്ചാല്‍തന്നെ അത് വളരെ ശുഷ്‌കമായിട്ടും അരോചകമായിട്ടും വളരെ നിസംഗവുമായിട്ടുമത്രേ. നന്നേ അപൂര്‍വ്വമായേ അവര്‍ മറിയത്തെപ്പറ്റിയും മരിയഭക്തിയെപ്പറ്റിയും പറയുക. അതും വലിയ ഭയത്തോടുകൂടി മാത്രം. അങ്ങേ മാതാവിനേയും അവളോടുണ്ടാകേണ്ട ഭക്തിയെപ്പറ്റിയും വിരളമായേ അവര്‍ സംസാരിക്കാറുള്ളൂ. അത് ദുരൂപയോഗങ്ങള്‍ക്കു വഴിതെളിക്കുമെന്നും അങ്ങേ മാതാവിനോടുള്ള ബഹുമാനാധിക്യംമൂലം അങ്ങ് അവമാനിതനാകുമെന്നുമാണ് അവര്‍ ഉന്നയിക്കുന്ന ന്യായം.

    ഒരു മരിയഭക്തന്‍, മരിയഭക്തി വഞ്ചനയ്ക്കിടമില്ലാത്ത സുരക്ഷിത വഴിയെന്നോ ഹ്രസ്വവും അപകടരഹിതവുമായ വഴിയെന്നോ അപൂര്‍ണ്ണതകളില്ലാത്ത പരിശുദ്ധമായ വഴിയെന്നോ അങ്ങയെ നന്നായി അറിയുന്നതിനും സ്‌നേഹിക്കുന്നതിനുമുള്ള അദ്ഭുതരഹസ്യമെന്നോ ശക്തമായും ആര്‍ദ്രമായും കേള്‍വിക്കാര്‍ക്ക് പ്രചോദനമേകുന്ന വിധത്തിലും പറഞ്ഞാല്‍ അവര്‍ അതിനെതിരായി സ്വരമുയര്‍ത്തും. പരിശുദ്ധ കന്യകയെപ്പറ്റി ഇത്രമാത്രം പുകഴ്ത്തിപ്പറയാതിരിക്കുവാന്‍ നൂറു നൂറു കുയുക്തികള്‍ അവര്‍ ഉന്നയിക്കും. ഈ ഭക്താഭ്യാസത്തില്‍ വളരെയേറെ അപാകതകളുണ്ടെന്നും അവ അവസാനിപ്പിക്കുക ആവശ്യമാണെന്നും അവര്‍ ആക്രോശിക്കും. മാനവവംശത്തെ മാതൃഭക്തിയിലേക്ക് ആനയിക്കുകയല്ല, അങ്ങയോടുള്ള ഭക്തിയില്‍ ഉപര്യുപരി വളര്‍ത്തുകയാണ് ആവശ്യമെന്ന് അവര്‍ വിധിയെഴുതും. ജനങ്ങള്‍ ആവശ്യത്തിനു മാത്രം മറിയത്തെ സ്‌നേഹിക്കുന്നുണ്ടെന്നാണ് അവരുടെ ഭാവം.

    നമുക്കു പ്രാര്‍ത്ഥിക്കാം

    പരിശുദ്ധ മറിയമേ, എന്റെ അമ്മേ, ഞാന്‍ എന്നെത്തന്നെ അങ്ങയുടെ വിമലഹൃദയത്തിനു പ്രതിഷ്ഠിക്കുന്നു. ഞാനും എനിക്കുള്ളവയും അങ്ങയുടേതാണ്. അങ്ങയുടെ കരുണയുടെ മേല്‍വസ്ത്രം കൊണ്ടെന്നെ മറയ്ക്കണമെ. എന്നെ അങ്ങയുടെ പൈതലായി സംരക്ഷിക്കുകയും, എന്റെ ആത്മാവിനെ സ്വര്‍ഗ്ഗത്തില്‍ ഈശോയുടെ സവിധത്തിലേക്ക് സുരക്ഷിതമായി നയിക്കുകയും ചെയ്യണമേ. കരുണയുടെ മാതാവേ എന്നെ മുഴുവനായി അങ്ങേയ്ക്കു ഞാന്‍ സമര്‍പ്പിക്കുന്നു. ഇപ്പോഴും, നിത്യതയിലും എന്റെ ആത്മാവിനെ ഞാന്‍ അങ്ങേയ്ക്ക് ഭരമേല്‍പ്പിക്കുന്നു. അങ്ങയുടെ പരിശുദ്ധ മേലങ്കിയാല്‍ എന്നെ പൊതിയണമെ, ആമ്മേന്‍.

    3. വിമലഹൃദയപ്രതിഷ്ഠാ ഒരുക്ക ധ്യാനവും വിചിന്തനവും

    ധ്യാനവിഷയവും പ്രാർത്ഥനയും

    പരിശുദ്ധമറിയം നമ്മുടെ അമ്മ

    “യേശു തന്റെ അമ്മയും താൻ സ്നേഹിച്ച ശിഷ്യനും അടുത്തു നില്ക്കുന്നതുകണ്ട് അമ്മയോടു പറഞ്ഞു: സ്ത്രീയേ, ഇതാ നിന്റെ മകൻ. അനന്തരം അവൻ ആ ശിഷ്യനോടു പറഞ്ഞു ; ഇതാ നിന്റെ അമ്മ. അപ്പോൾ മുതൽ ആ ശിഷ്യൻ അവളെ സ്വന്തമായി സ്വീകരിച്ചു” (വി. യോഹ 19:26 – 27).

    ആമുഖം

    ‘ഇതാ നിന്റെ അമ്മ’ എന്നു പറഞ്ഞുകൊണ്ട് പരിശുദ്ധ മറിയത്തെ യോഹന്നാന് ഏല്പിച്ചുകൊടുത്ത വിവരണത്തിനുശേഷം നാം കാണുന്നത് “അനന്തരം എല്ലാം നിറവേറിക്കഴിഞ്ഞുവെന്ന് അറിഞ്ഞ്, തിരുവെഴുത്തു പൂർത്തിയാകാൻവേണ്ടി യേശു പറഞ്ഞു; എനിക്കു ദാഹിക്കുന്നു ” (വി. യോഹ 19:28) എന്നാണ്. ഇതു തരുന്ന സൂചന യേശു തന്റെ രക്ഷാകരകർമം പൂർത്തിയാക്കുന്നത് ഒരു പുതിയ ബന്ധം തന്റെ അമ്മയ്ക്കും തന്റെ ശിഷ്യർക്കുമിടയിൽ സ്ഥാപിച്ചുകൊണ്ടാണ് എന്നാണ് : അമ്മ – മക്കൾ ബന്ധം ! മറിയത്തെ അമ്മയായി സ്വീകരിക്കുന്നതുവരെ, അമ്മയായി അവളെ സ്നേഹിച്ചാദരിക്കുന്നതുവരെ, ഒരു ശിഷ്യനും മിശിഹായുടെ രക്ഷ പൂർണമായി സ്വന്തമാക്കാനാവില്ല എന്നൊരർഥം ഇവിടെയുണ്ട്. അതുകൊണ്ടാണ് യേശുവിന്റെ മനസ്സ് ശരിക്കുമറിയാമായിരുന്ന യോഹന്നാൻ തന്റെ പെറ്റമ്മ തൊട്ടടുത്തു നിന്നിട്ടുപോലും ആ നിമിഷം മുതൽ മറിയത്തെ തന്റെ അമ്മയായി, സ്വന്തമായി, സ്വീകരിച്ചത്.

    മറിയം നമ്മുടെ അമ്മ എന്നതിനർഥം

    പരിശുദ്ധ മറിയത്തെ യാഹന്നാന് അമ്മയായി നല്കി എന്നതിന് എന്താണ് അർഥം ? നമുക്കോരോരുത്തർക്കും മറിയം അമ്മയാകുന്നതെങ്ങനെ ? രണ്ടാം വത്തിക്കാൻ കൗൺസിൽ ഇതിന്റെ അർഥത്തിലേക്കു വിരൽ ചൂണ്ടുന്നുണ്ട് ; “നമ്മുടെ പ്രകൃത്യതീതജീവൻ (കൃപാവര ജീവിതം) പുനരുദ്ധരിക്കാൻവേണ്ടി രക്ഷകന്റെ പ്രവൃത്തിയോട് സർവഥാ സവിശേഷമാംവിധം അവൾ സഹകരിച്ചതിനാലാണ് അവൾ നമ്മുടെ അമ്മയാകുന്നത് ” (‘തിരുസഭ’, 61).

    പാപത്താൽ നഷ്ടമാക്കിയ ദൈവികജീവൻ വീണ്ടെടുത്തുതരാൻ യേശുവോടൊത്ത് കന്യകമാതാവ് സവിശേഷമാംവിധം സഹകരിച്ചതിനാലാണ് മറിയം നമ്മുടെ അമ്മയാകുക. സ്വാഭാവിക ജീവൻ നല്കുന്നവളുടെ പേരാണല്ലോ അമ്മ. ആ നിലയ്ക്ക് ദൈവികജീവൻ നമുക്കു തന്ന മറിയം അമ്മ എന്ന പദവിക്ക് എത്രയോ അധികം അർഹയാണ് !

    ദൈവിക ജീവന്റെ പരിപാലനം ഭൗതിക ജീവന്റേതിനെക്കാൾ ശ്രഷ്ഠം

    ഭൗതികജീവൻ (Biological life) നമുക്കു നല്കാൻ ദൈവം ഉപകരണമാക്കിയത് പെറ്റമ്മയെയാണെങ്കിൽ ദൈവികജീവൻ തിരികെത്തരാൻ യേശുവിനോടൊത്തു സവിശേഷമാംവിധം സഹകരിക്കാൻ ദൈവം തിരഞ്ഞെടുത്തത് പരിശുദ്ധ മറിയത്തെയാണ് (തുലനം ചെയ്യാൻ പറ്റാത്തവിധം ദൈവികജീവൻ സ്വാഭാവിക ജീവനെക്കാൾ ഉന്നതമാണല്ലോ). അതിനാൽ, മാനുഷികജീവനും ദൈവികജീവനും ഒരേ സമയം നമ്മിൽ ഒത്തുചേർന്നിരിക്കുന്നതിനാൽ മറിയം നമ്മുടെ അമ്മയാണെന്നു പറയുന്നത് യഥാർഥ അർഥത്തിൽത്തന്നെയാണ്. വെറും ആലങ്കാരിക അർഥത്തിലല്ല. ഇക്കാര്യം ഊന്നിപ്പഠിപ്പിക്കാൻ വത്തിക്കാൻ കൗൺസിൽ ആവർത്തനരീതി ഉപയോഗിക്കുന്നതായി കാണാം :

    “ശിരസ്സായ ക്രിസ്തുവിന്റെ അവയവങ്ങളായി വിശ്വാസികൾ സഭയിൽ ജനിക്കാൻ സ്നേഹം നിമിത്തം സഹകരിച്ചതിനാൽ മറിയം സകല അംഗങ്ങളുടെയും മാതാവത്രേ” (‘തിരുസഭ’, 53). വിശ്വാസികളുടെ വീണ്ടും ജനനം മറിയത്തിലൂടെയാണെന്ന് അടിവരയിട്ടു പഠിപ്പിക്കുകയാണിവി ടെ. അതേ, ക്രിസ്തുവിന്റെ മരണത്താൽ നിത്യജീവനിലേക്കു പുതുജന്മം സിദ്ധിച്ച് മനുഷ്യരെയാസകലം പരിശുദ്ധ മറിയം മക്കളായി സ്വീകരിച്ച് പോറ്റി വളർത്തുന്നതിനാൽ അവൾ നമ്മുടെ എല്ലാവരുടെയും യഥാർഥ അമ്മയാണ്. ചുരുക്കത്തിൽ, മറിയം തന്റെ ഉദരത്തിൽ ഓരോ ക്രൈസ്തവനും ആത്മീയജനനം നല്കുന്നു. ജനനം നല്കൽ വേദനയുള്ള പ്രക്രിയയാണ്. കുരിശിന്റെ ചുവട്ടിൽ ആ ഈറ്റുനോവാണ് അവൾ അനുഭവി ച്ചത്. വെളിപാട് 12:2 – ൽ പറയുന്ന ‘പ്രസവക്ലേശം’ ഇതുതന്നെയാണ് അർഥമാക്കുന്നത്. യേശുവിനെ പ്രസവിക്കാൻവേണ്ടി മറിയം വേദന അനുഭവിക്കേണ്ടിവന്നില്ല. കാരണം, സ്ത്രീ അനുഭവിക്കുന്ന പ്രസവക്ലേശം ആദ്യപാപത്തിന്റെ പരിണതഫലമാണ് (ഉത്പ . 3:16). ഉദ്ഭവപാപരഹിതയായ മറിയത്തെ സംബന്ധിച്ച് പ്രസവക്ലേശത്തിന് ഒട്ടും പ്രസക്തിയില്ല.

    ദൈവികജീവനിൽ നാം വളർന്നു പക്വത പ്രാപിക്കുംവരെ മറിയം “ഈറ്റുനോവ് ” അനുഭവിക്കുന്നു.

    താൻ ജനിപ്പിച്ച മക്കൾ എല്ലാവരും വളർന്നു പാകത പ്രാപിക്കാൻ മാതാവ് അവരെ പ്രസാദവരങ്ങളാൽ പരിപാഷിപ്പിക്കുന്നതിലും സദാ ബദ്ധശ്രദ്ധയാണ്. ” ഞാൻ പോയി നിങ്ങൾക്കു സ്ഥലം ഒരുക്കിക്കഴിയുമ്പോൾ ഞാൻ ആയിരിക്കുന്നടഞ്ഞു നിങ്ങളും ആയിരിക്കേണ്ടതിന് ഞാൻ വീണ്ടും വന്ന് നിങ്ങളെയും കൂട്ടിക്കൊണ്ടു പോകും ” (വി. യോഹ 14:3). തന്റെ തിരുകുമാരന്റെ ഈ പദ്ധതി നടപ്പിലാക്കുന്നതിന് മുൻപന്തിയിൽ നില്ക്കുന്നവളാണ് പരിശുദ്ധ മറിയം. തന്റെ കുരിശുമരണത്താൽ നിത്യജീവനിലക്കു പുതുജന്മം സിദ്ധിച്ചവരെയെല്ലാം വളർത്തിയെടുക്കാനാണ് ഈശോ തന്റെ അമ്മയെ ചുമതലപ്പെടുത്തിയത്. ഈ വളർത്തൽ പൂർത്തിയാകുന്നത് ഈ അമ്മയുടെ മക്കളെല്ലാം സ്വർഗത്തിലെത്തിച്ചേർന്ന് തന്റെ ദിവ്യപുത്രന്റെ മഹത്ത്വത്തിൽ പങ്കുചേരുന്നതോടെയാണ്. അതുവരെ അവൾ “ഈറ്റുനോവ് ” തുടരുകയാണ്. നമുക്കു ശാരീരിക ജന്മം നല്കിയ നമ്മുടെ അമ്മ, ജനിപ്പിക്കുക മാത്രം കൊണ്ട് തൃപ്തിയടയുന്നില്ലല്ലോ. മറിച്ച്, തന്റെ കണ്ണടയുംവരെ നമ്മുടെ ഭാവിയെപ്പറ്റി അവൾ എത്രയധികം ശ്രദ്ധാലുവും തത്പരയും ഉത്കണ്ഠാകുലയുമാണ്. അങ്ങനെയെങ്കിൽ , ‘സ്ത്രീയേ, ഇതാ നിന്റെ മകൻ ‘ എന്ന യേശുവിന്റെ അന്ത്യകല്പന ചാവരുൾപോലെ സ്വീകരിച്ചിരിക്കുന്ന മറിയം അനുദിനമുള്ള നമ്മുടെ പ്രസാദവര ജീവനിലുള്ള വളർച്ചയിൽ എത്രയധികം ശ്രദ്ധാലുവും തത്പരയുമായിരിക്കും !

    പരിശുദ്ധ അമ്മയോട് ഉണ്ടായിരിക്കേണ്ട സ്നേഹവാത്സല്യം

    നമുക്കു, ശാരീരിക ജന്മം നല്കുകയും കുറെക്കാലത്തെക്കുമാത്രം നമ്മുടെകൂടെ ഉണ്ടായിരിക്കുകയും നമ്മെ വളർത്തുകയും സഹായിക്കു കയും ചെയ്യുന്ന പെറ്റമ്മയോട് എത്ര അഗാധമായ സ്നേഹമാണ് നമു ക്കുള്ളത് ! ഭൂമിയിൽ മറ്റാരോടുമില്ലാത്ത എത്ര വലിയ അടുപ്പമാണ് നമു ക്കവളോടുള്ളത് എങ്കിൽ, ശാരീരിക ജനനത്തേക്കാൾ വളരെയേറെ പ്രാധാന്യമുള്ള ആത്മീയ ജനനം നമുക്ക് തരുകയും , എല്ലാക്കാലത്തേക്കും – ഈ ലോകജീവിതകാലത്തും നിത്യത മുഴുവനും – നമ്മെ വാത്സല്യാധിക്യത്തോടെ പരിപാലിക്കുകയും ചെയ്യുന്ന ദൈവമാതാവിനോട്ട് എത്ര വലിയ ബന്ധമാണ് നമുക്കുണ്ടാകേണ്ടത് !യേശുക്രിസ്തു തന്നെ ഔദ്യോഗികമായി സ്ഥാപിച്ച ഈ ബന്ധം മൂലം എത്ര വലിയ അടുപ്പമാണ് നമുക്ക് മറിയത്തോടുണ്ടായിരിക്കേണ്ടത് !ഈ അമ്മയുടെ മൂത്തമകൻ എത്തിയ ഇടത്ത് ഇളയ സഹോദരങ്ങളായ നമ്മളും എത്തിച്ചേരാൻ സദാ പരിശ്രമിക്കുന്ന അവളുടെ ആത്മാർഥതയും സ്നേഹവും വിസ്മരിക്കാവുന്നതാണോ ?

    മരിയൻ സമർപ്പണം അനിവാര്യമാക്കുന്നത് മറിയത്തോടുള്ള നമ്മുടെ കടപ്പാട്

    ഈ യാഥാർഥ്യം സമ്പൂർണ മരിയൻ സമർപ്പണത്തിന്റെ പ്രസക്തിയും ആവശ്യകതയും വർധിപ്പിക്കുന്നു. അമ്മയ്ക്ക് കുഞ്ഞിനെ വളർത്തിയെ ടുക്കാൻ സാധിക്കണമെങ്കിൽ കുഞ്ഞ് നിരുപാധികം അമ്മയുടെ അധീനതയിലാകണം. കുഞ്ഞ് അമ്മയ്ക്ക് വിധേയപ്പെടണം. കുഞ്ഞ് അമ്മയെ എല്ലാ കാര്യത്തിലും അനുസരിക്കണം . കുഞ്ഞിനു കുഞ്ഞിന്റേതായ ഒരു നിർബന്ധവും പാടില്ല. അമ്മയ്ക്ക് കുഞ്ഞിന്റെ മേൽ സമ്പൂർണ് സ്വാതന്ത്ര്യം ഉണ്ടായിരിക്കണം. കുഞ്ഞിന്റെ അഭിപ്രായം ചോദിച്ചിട്ടല്ല അമ്മ കുഞ്ഞിനെ വളർത്തുന്നത്. കുഞ്ഞിന്റെ ഇഷ്ടാനിഷ്ടങ്ങൾ പരിഗണിച്ചിട്ടല അമ്മ കുഞ്ഞിനെ പരിശീലിപ്പിക്കുന്നത്. പലപ്പോഴും കുഞ്ഞിന്റെ താത്പര്യങ്ങൾ കുഞ്ഞിന്റെതന്നെ ഭാവിക്ക് ദോഷം ചെയ്യുന്നതായിരിക്കും. അതിനാൽ കുഞ്ഞിന്റെ ആഗ്രഹങ്ങൾക്കു നേരെ വിപരീതമായ നിലപാട് അമ്മയ്ക്ക് എടുക്കേണ്ടിവരും. കുഞ്ഞിന്റെ ഇഷ്ടത്തിനു വിട്ടാൽ ആ കുഞ്ഞിന്റെ ജീവിതം തന്നെ നശിച്ചുപോകും

    കുഞ്ഞ് സമ്പൂർണമായി അമ്മയ്ക്കു കീഴടങ്ങിയാലേ അമ്മയ്ക്ക് അമ്മയുടേതായ ചുമതല കുഞ്ഞിനുവേണ്ടി ഫലപ്രദമായി നിർവഹിക്കാനാവൂ.

    സമ്പൂർണ മരിയൻ സമർപ്പണം എത്രയോ ആവശ്യമാണ് ഒരു ക്രിസ്തുശിഷ്യന് എന്ന് ഇതിൽനിന്നു വ്യക്തമാണ്. നാം മറിയത്തിനു നടത്തുന്ന സമർപ്പണം എത്ര സമ്പൂർണമാകുമോ അത്രയ്ക്ക് അവൾക്കു നമ്മുടെ രക്ഷയ്ക്കുവേണ്ടി പ്രവർത്തിക്കാനാവും.

    കുഞ്ഞ് അമ്മയെ ഏല്പിക്കുന്നതൊന്നും അവൾ നഷ്ടപ്പെടുത്തുകയില്ല. കുഞ്ഞിന്റെ വസ്തുവകകൾ ഏറ്റവും സുരക്ഷിതമായി സൂക്ഷിക്കാൻ പറ്റിയ വ്യക്തി അമ്മയല്ലാതെ മറ്റാരുമല്ല. കുഞ്ഞ് സൂക്ഷമില്ലാതെ അവിടെയും ഇവിടെയും ഇട്ടിട്ടുപോകുന്ന സാധനങ്ങൾപോലും അമ്മ സ്വയമേവ പെറുക്കിയെടുത്ത് ഭദ്രമായി സൂക്ഷിച്ചുവയ്ക്കും. ആവശ്യസമയത്ത് കുഞ്ഞിന് അതു അമ്മതന്നെ കൊടുക്കും. സമ്പൂർണ മരിയൻ സമർപ്പണത്തിൽ നമ്മുടെ ആത്മീയ സമ്പത്തും പ്രാർഥനയുടെയും പരിഹാരത്തിന്റെയും സത്പ്രവൃത്തികളുടെയും സർവയോഗ്യതകളും പരിശുദ്ധ മറിയത്തിന് വിട്ടുകൊടുക്കുന്നത് എത്ര ലാഭകരമാണെന്ന് ഇതിൽനിന്നു വ്യക്തമാണ്. മാതാവിന് ഏല്പിച്ചുകൊടുക്കുന്നതെല്ലാം അവൾ അവളുടെ മാതൃഹൃദയത്തിൽവച്ച് രൂപപ്പെടുത്തി അതിമനോഹി രവും അത്യന്തം പൂർണവുമാക്കി തിരിച്ചുതരാതിരിക്കുകയില്ല.

    മറിയം നമ്മുടെ കാര്യത്തിൽ അതീവ ശ്രദ്ധാലു

    ഒമ്പതാം പീയൂസ് പാപ്പായുടെ ഉപദേശം ഏറെ പ്രചോദനാർഹ് മാണ് : ” എല്ലാ അപകടങ്ങളിലും പ്രയാസങ്ങളിലും ആവശ്യങ്ങളിലും ഭീതികളിലും തികഞ്ഞ ആത്മധൈര്യത്തോടെ ക്രൈസ്തവർ കാരുണ്യത്തിന്റെയും കൃപയുടെയും ഏറ്റവും മാധുര്യമുള്ള ഈ അമ്മയുടെ അടുക്കലേക്ക് പറക്കട്ടെ. എന്തെന്നാൽ, അവളുടെ മാർഗനിർദേശത്തിൻകീഴിൽ, അവളുടെ രക്ഷാകർതൃത്വത്തിന്റെ കീഴിൽ, അവളുടെ ദയയുടെയും സംരക്ഷണത്തിന്റെയും കീഴിൽ ഒന്നും ഭയപ്പെടാനില്ല; പ്രത്യാശിക്കാനാവാത്തതൊന്നുമില്ല. എന്തെന്നാൽ, അവൾക്ക് നമ്മോട് യഥാർഥത്തിലുള്ള മാതൃസഹജമായ വാത്സല്യമുണ്ട്. നമ്മുടെ രക്ഷയുടെ കർമം അവളുടെ സൂക്ഷത്തിലാണ്. അതുകൊണ്ട് അവൾ മുഴുവൻ മനുഷ്യവർഗത്തെ സംബന്ധിച്ചും ഔത്സുക്യമുള്ളവളാണ്. തന്മൂലം നമ്മുടെ അപേക്ഷകൾ ഏറ്റവും ഫലദായകമായവിധത്തിൽ അവൾ സമർപ്പിക്കുന്നു. അവൾ ചോദിക്കുന്നത് അവൾ നേടുന്നു; അവളുടെ അപേക്ഷകൾ ഒരിക്കലും കേൾക്കപ്പെടാതിരിക്കുകയില്ല” (“ഇനെഫാബിലിസ് ദേവൂസ്”).

    ലെയോ പതിമൂന്നാമൻ പാപ്പായും മറിയത്തിന്റെ അമ്മയ്ക്കടുത്ത വാത്സല്യം വിവരിക്കുന്നുണ്ട് : “മറിയം മനുഷ്യപ്രകൃതിയുടെ ബലഹീനതയ്ക്കോ വഴിതെറ്റലിനോ ഒരിക്കലും വിധേയയായിട്ടില്ലെങ്കിലും അതിന്റെ അവസ്ഥ അവൾക്ക് നന്നായറിയാം. അവൾ അമ്മമാരിൽ ഏറ്റവും നല്ലവളും ഏറ്റവും ഔത്സുക്യമുള്ളവളുമാണ്. നമുക്ക് അവളുടെ സഹായം ആവശ്യമുള്ളപ്പോൾ എത്രവേഗത്തിൽ അവൾ ഓടിയെത്തുന്നു ! എത്രവലിയ സ്നേഹം കൊണ്ട് അവൾ നമ്മെ ഉന്മേഷഭരിതരാക്കുന്നു ! എത്ര വലിയ ശക്തികൊണ്ട് നമ്മെ താങ്ങിനിറുത്തുന്നു ! ക്രിസ്തുവിന്റെ തിരുരക്തത്താലും കന്യകമറിയത്തിന്റെ കണ്ണുനീരാലും പവിത്രീകൃതമായ യാത്ര തുടരുന്ന നമ്മിൽപ്പെട്ടവർക്ക് ആ തീർഥാടകരുടെ കൂട്ടത്തിലേക്കുള്ള പ്രവേശനവും അവരുടെ ഏറ്റവും ഭാഗ്യപ്പെട്ട മഹത്ത്വത്തിന്റെ ആസ്വാദനവും സുനിശ്ചിതവും സുഗമവുമാണ് ” (“മാഗ്നേ ദേയീ മാത്രിസ് “).

    ബൈബിൾ വായന

    “ശിശുവിന്റെ പരിച്ഛേദനത്തിനുള്ള എട്ടാം ദിവസം ആയപ്പോൾ, അവൻ ഗർഭത്തിൽ ഉരുവാകുന്നതിനുമുമ്പ്, ദൂതൻ നിർദേശിച്ചിരുന്ന, യേശു എന്ന പേര് അവനു നല്കി. മോശയുടെ നിയമമനുസരിച്ച്, ശുദ്ധീകരണത്തിനുള്ള ദിവസങ്ങൾ പൂർത്തിയായപ്പോൾ, അവർ അവനെ കർത്താവിനു സമർപ്പിക്കാൻ ജറുസലെമിലേക്കു കൊണ്ടുപോയി. കടിഞ്ഞൂൽപുത്രന്മാരൊക്കെയും കർത്താവിന്റെ പരിശുദ്ധൻ എന്നു വിളിക്കപ്പെടണം എന്നും, ഒരു ജോടി ചെങ്ങാലികളെയാ രണ്ടു പ്രാവിൻ കുഞ്ഞുങ്ങളെയാ ബലിയർപ്പിക്കണമെന്നും കർത്താവിന്റെ നിയമത്തിൽ പറഞ്ഞിരിക്കുന്നതനുസരിച്ചാണ് അവർ അങ്ങനെ ചെയ്തത് ” (വി. ലൂക്കാ 2:21 – 24 (21:35).

    പ്രാർഥന

    പരിശുദ്ധ ദൈവമാതാവേ, നിത്യപിതാവ് തന്റെ തിരുകുമാരനെ ജനിപ്പിക്കാനും വളർത്താനും നിന്നെയല്ലാതെ മറ്റാരെയും യോഗ്യരായി കണ്ടില്ലല്ലോ. ശിരസ്സായ യേശുവിന്റെ അവയവമായ എന്നെയും നിന്റെ സൂക്ഷത്തിന് ഏല്പിക്കാനാണല്ലോ ദൈവനിശ്ചയം. മാതാവേ, നിനക്കേല്പിക്കപ്പെട്ട യേശുവാകുന്ന ആ ബലിവസ്തുവിനെ ബലിയർപ്പിക്കാൻ ആവശ്യമായ പക്വതയാകുന്നതുവരെ നീ വളർത്തി. സമയമായപ്പോൾ നീ അവനെ പിതാവിനു നല്കുകയും ചെയ്തുവല്ലോ. എന്റെ മാനുഷിക ജീവനെക്കാൾ പ്രധാനപ്പെട്ട ദൈവിക ജീവൻ എനിക്കു സംലഭ്യമാക്കാൻ ഉപകരണമായവൾ എന്ന നിലയിൽ എന്റെ യഥാർഥ അമ്മയായ, പരിശുദ്ധ മറിയമേ, എന്നെ സമ്പൂർണമായും അതീവ സ്നേഹത്തോടെയും നിനക്ക് ഏല്പിച്ചുതരാൻ എന്നെ ഒരുക്കണമേ. എന്നെയും എനിക്കുള്ളതിനെയും നിന്റെ ഇഷ്ടം പോലെ കൈകാര്യം ചെയ്യാൻ നിനക്കു സ്വാതന്ത്ര്യം ലഭിക്കത്തക്കവിധം എന്നെ നിന്റെ ദാസനാക്കണമേ, ആമേൻ.


    സത്കൃത്യം

    കന്യകമറിയത്തെ വത്സലമക്കൾ എന്നപോലെ സ്നേഹിക്കുക. അമ്മയുടെ അനുഗ്രഹങ്ങൾ ലഭിച്ചിട്ടുള്ള അനുഭവങ്ങൾ പങ്കുവയ്ക്കുക.

    ++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++

    https://www.youtube.com/watch?v=IdaYmBwcT_Q&list=PL3uhR8KUVQTxrd02-lFANST3UYzhj5ARI&index=22

    ശാലോം ടി വി യിൽ ബഹുമാനപ്പെട്ട വട്ടായിലച്ചൻ നയിച്ച വിമലഹൃദയ പ്രതിഷ്ഠ അച്ഛന്റെ പ്രേത്യേക അനുവാദത്തോടെ ഇവിടെ നൽകുന്നു. സാധിക്കുന്ന എല്ലാവരും സമയം കണ്ടെത്തി ഈ അനുഗ്രഹപ്രദമായ ശുശ്രൂഷയിൽ പങ്കുകൊള്ളുക .

    ++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++

    DAY 1 പ്രതിഷ്ഠാ ഒരുക്കം DAY17 പ്രതിഷ്ഠ ഒരുക്കം

    DAY 2 പ്രതിഷ്ഠാ ഒരുക്കം DAY18 പ്രതിഷ്ഠ ഒരുക്കം

    DAY 3 പ്രതിഷ്ഠാ ഒരുക്കം DAY 19 പ്രതിഷ്ഠ ഒരുക്കം

    DAY 4 പ്രതിഷ്ഠാ ഒരുക്കം DAY 20 പ്രതിഷ്ഠ ഒരുക്കം

    DAY 5 പ്രതിഷ്ഠാ ഒരുക്കം DAY 21 പ്രതിഷ്ഠ ഒരുക്കം

    DAY 6 പ്രതിഷ്ഠാ ഒരുക്കം

    DAY 7 പ്രതിഷ്ഠാ ഒരുക്കം

    DAY 8 പ്രതിഷ്ഠാ ഒരുക്കം

    DAY 9 പ്രതിഷ്ഠാ ഒരുക്കം

    DAY 10 പ്രതിഷ്ഠാ ഒരുക്കം

    DAY 11 പ്രതിഷ്ഠാ ഒരുക്കം

    DAY 12 പ്രതിഷ്ഠ ഒരുക്കം

    DAY 13 പ്രതിഷ്ഠ ഒരുക്കം

    DAY 14 പ്രതിഷ്ഠ ഒരുക്കം

    DAY 15 പ്രതിഷ്ഠ ഒരുക്കം

    DAY16 പ്രതിഷ്ഠ ഒരുക്കം

    ✝️ MARIAN MINISTRY & THE CONFRATERNITY OF THE MOST HOLY ROSARY ✝️

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!