Thursday, November 21, 2024
spot_img
More

    ഇരുപത്തിനാലാം ദിവസം-15-03-2022- വിശുദ്ധ ലൂയിസ് ഡി മോൺഫോർട്ടിന്റെ ക്രമമനുസരിച്ചുള്ള ദൈവമാതാവിന്റെ വിമല ഹൃദയ പ്രതിഷ്ടാ ഒരുക്കം

    ==================================================================

    33 ദിവസത്തെ സമ്പൂർണ വിമലഹൃദയ പ്രതിഷ്ഠക്കുള്ള നിർദ്ദേശങ്ങൾ വായിക്കുവാൻ ഇവിടെ ക്ലിക് ചെയ്യുക

    ഇരുപതാം ദിവസം മുതൽ ഇരുപത്തിയാറാം ദിവസം വരെയുള്ള മൂന്നാം ആഴ്ചയിലെ ഒരുക്ക പ്രാർത്ഥനകൾ ചൊല്ലുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ==================================================================

    ഇരുപത്തിനാലാം ദിവസം


    പരിശുദ്ധ അമ്മയെ അറിയുക

    പരിശുദ്ധ ജപമാലസഖ്യം

    പരിശുദ്ധമറിയത്തെ പ്രകീർത്തിക്കുന്ന തോമസ്,അക്കമ്പീസിന്റെ മരിയാനുകരണം.

    പരിശുദ്ധമറിയത്തോടുള്ള നമ്മുടെ കടമകൾ.

    എന്റെ മകനേ, മറിയത്തിൻറെ മാതൃകയനുസരിച്ചു ദൈവ ത്തെ അന്വേഷിക്കാൻ ഇനിയും നീ പഠിക്കേണ്ടതുണ്ട്. അവളുടെ വല്ലഭമേറിയ സഹായത്തെ നീ ആശ്രയിക്കണം; സ്വന്തകഴിവുകളെക്കുറിച്ചു ശങ്കയുണ്ടായിരിക്കണം; എന്തെന്നാൽ ദുർ വ്വികാരങ്ങളുടെ പ്രലോഭനങ്ങളാൽ നിനക്ക് അധഃപതനമുണ്ടാകാൻ പാടുണ്ട്.

    എല്ലാ ദിവസവും സച്ചിന്തകളെ പുനരുജ്ജീവിപ്പിച്ച് ആത്മ വിസ്മൃതിയിൽ, ഹൃദയാഭിലാഷത്തെ സ്വർഗ്ഗത്തേയ്ക്കുയർ ത്തുക. അവിടെ മോക്ഷവാസികളുടെ മദ്ധ്യത്തിൽ സ്വർഗ്ഗരാ ജനായ ഈശോയുടെ അടുത്ത് നിന്റെ അമ്മയും നാഥയുമായ മറിയത്തെ ധ്യാനിക്കുക.

    എന്നാൽ കഷ്ടമെ! മിക്കപ്പോഴും നമ്മുടെ ബലഹീനത നിമിത്തം കണ്ണുനീരിന്റെ ഈ താഴ്വരയിൽത്തന്നെ അലഞ്ഞു തിരിയുകയാണ് നാം ചെയ്യുന്നത്.

    അങ്ങിനെയുള്ള സന്ദർഭങ്ങളിലാണു കരുണയുടെ മാതാവായ മറിയത്തിൻറ പക്കലേക്ക് അഭയശബ്ദമുയർത്തുവാൻ നാം ഉത്സാഹിക്കേണ്ടത് അത്യാവശ്യമായി വരുന്നത്. ഈശോയ്ക്കു തൃപ്തികരമാംവണ്ണം അവിടുത്തെ സ്തുതിക്കുവാൻ നമുക്കാ വശ്യമുള്ള തീക്ഷതയെന്ന വീഞ്ഞും, ഭക്തിചൈതന്യമെന്ന പരിമളവും നമുക്കില്ലെന്നു നമ്മുടെ അമ്മ ദിവ്യപുത്രനോടു
    പറയും.

    തൻറെ തിരുനാമത്തെ പ്രതിയും, സുവിശേഷത്തെ പ്രതി യും, തന്നെ പ്രസാദിപ്പിക്കുന്നതിന്നുവേണ്ടിയും, ലോകത്തെ വെറുക്കയും ലോകത്താൽ വെറുക്കപ്പെടുകയും ചെയ്യുന്നവരെ സഹായിക്കാൻ ഈശോയല്ലാതെ വേറെ ആരും യഥാർത്ഥത്തിൽ ഉത്സാഹിക്കയില്ല.

    കഷ്ടതകളാകുന്ന കൊടുങ്കാറ്റിന്റെ കോളിളക്കങ്ങളിൽ നിന്നു സുരക്ഷിതമായ ഒരഭയസ്ഥാനം എവിടെയുണ്ടെന്നറിയുന്നതു പലപ്പോഴും വളരെ പ്രയോജനകരമാണ്. മറിയത്തിന്റെ സ്നേഹമടിയേക്കാൾ അധികം ഭദ്രവും
    പ്രശാന്തവുമായ സ്ഥലം വേറൊന്നില്ല. ബലിഷ്ഠമായ ഒരു കോ
    ട്ടയാണത്. എരിവേറിയ ഒരു സുകൃതജപം, ശ്രതുവിന്റെ മർ
    ദ്ദനങ്ങളിൽ നിന്നു മോചിപ്പിച്ച് അതിശീഘ്രം ആ കോട്ടയ്ക്കള്ളിലേക്കു നമ്മെ വഹിച്ചുകൊണ്ടു പോകും.

    അന്ധകാര പ്രഭുവിനെ ഓടിച്ചുകളയുവാൻ വേണ്ടി, പടച്ചട്ടയെന്നവണ്ണം മാംസം ധരിച്ചിറങ്ങുവാൻ ഈശോ പ്രവേശിച്ചത് അവിടെത്തന്നെയാണെന്നു നാം വിസ്മരിക്കരുത്.
    നമ്മെ ആക്രമിക്കുന്നവരിൽ നിന്നു രക്ഷ പ്രാപിക്കുവാൻ നാമും അവിടെ തന്നെ അഭയംതേടണം.

    പരിശുദ്ധകന്യകയുടെ കാപ്പയ്ക്കുള്ളിൽ വസിക്കുക; മാതൃ മസൃണമായ അവളുടെ കരങ്ങൾ നിന്നെ സംരക്ഷിക്കും. മറിയത്തിന്റെ പ്രാർത്ഥന ദുഷ്ടശത്രുവിന്റെ നശീകരണ സമാരംഭങ്ങളെ പരാജയപ്പെടുത്തും. പെട്ടെന്നുണ്ടാകുന്ന ആപത്തുകളിലും അവളുടെ സഹായം ഉടനെ അനുഭവപ്പെടും. പരിഭ്രമിക്കുന്നവനു ഭദ്രതയും, പരിത്യകന് ആലംബവും
    അവളുടെ പക്കലുണ്ട്.

    ഈവിധ സഹായങ്ങൾ പ്രാപിക്കാൻ നിനക്കു സാധിക്കുന്നെങ്കിൽ അതു വലിയൊരനുഗ്രഹം തന്നെയാണ്; സമസ്ത കാര്യങ്ങളിലും പരിശുദ്ധ കന്യകാമറിയത്തെ പ്രസാദിപ്പിക്കുവാൻ ശ്രമിക്കുക. എന്നാൽ ഈ ലോകത്തിൽ അവളുടെ പ്രസാദ’വും പരലോകത്തിൽ സകല വിശുദ്ധന്മാരോടും കൂടെ ഈശോയുടെ മഹത്ത്വവും നിനക്കു ലഭിക്കും. ഒരിക്കലും,വേർപിരിയാതെ അവളോടൊന്നിച്ചു വസിക്കുക. സ്വർഗ്ഗപ്രവേശത്തിന്നുതകുന്ന ഒരാശിസ്സു ലഭിക്കുന്നതുവരെയും അവളുടെ അരികിൽ നിന്നകലരുത്.

    ജപം.

    ഓ മറിയമേ! കരുണ നിറഞ്ഞ നാഥേ! നിഷ്ക്കളങ്കമായ സ്നേഹ ത്തോടും,ഹൃദയത്തുടിപ്പോടും കൂടെ നിന്റെ തൃപ്പാദത്തിങ്കൽ ഞാൻ നില്ക്കുന്നു. നിന്നിൽ വേണ്ടുന്ന,ആശ്രിതബോധം എൻറെ ഹൃദയത്തിൽ വളർത്തുക.

    ഭയം എന്നെ പിന്തുടരുന്നു; സംഭ്രമം എന്നെ ആക്രമിക്കുന്നു; പ്രലോഭനങ്ങളുടെയിടയിൽ നിരാശ എന്നെ അരിച്ചു ഭക്ഷിക്കുന്നു, എനിക്കൊരാശ്വാസം മാത്രമേയുള്ളു. അതായത്, നിന്റെ സഹായം ഞാനപേക്ഷിക്കുന്നുണ്ടെന്നതുമാത്രം. അമ്മേ. – നിന്റെ ഹൃദയത്തിൽ ഞാൻ പൂർണ്ണമായി ആശ്രയിക്കുന്നു.


    മരിയാനുകരണം

    ദൈവമാതാവിനെ പ്രകീര്‍ത്തിക്കാത്തവര്‍ യേശുവിന്റെ ശത്രുക്കളാണ്‌.

    ചിലര്‍ മരിയഭക്തിയെപ്പറ്റി പ്രസംഗിക്കാറുണ്ട്. എന്നാല്‍, വിശ്വാസികളെ അതിന്റെ ആവശ്യകത ബോദ്ധ്യപ്പെടുത്താനുമല്ല, അവരെ അതില്‍ സ്ഥിരീകരിക്കാനുമല്ല അവര്‍ അപ്രകാരം ചെയ്യുന്നത്. പ്രത്യുത മരിയഭക്തിയുടെ ‘ദുരുപയോഗങ്ങള്‍’ അവസാനിപ്പിക്കുക, അതാണ് അവര്‍ പ്രസംഗങ്ങള്‍ കൊണ്ടുദ്ദേശിക്കുക. എന്നാല്‍ നാഥാ, അങ്ങയോട് ആര്‍ദ്രമായ സ്‌നേഹമോ ഭക്തിയോ അവര്‍ക്കില്ല. ജപമാലയും ഉത്തരീയവും മറ്റും വൃദ്ധര്‍ക്കും അജ്ഞര്‍ക്കും മാത്രം ചേര്‍ന്നതാണെന്നും നിത്യരക്ഷയ്ക്കാവശ്യമല്ലെന്നും അവര്‍ പ്രസംഗിക്കും. മരിയദാസരില്‍ ആരെങ്കിലും കൊന്ത ജപിക്കുകയോ മറ്റേതെങ്കിലും ഭക്തകൃത്യം അനുഷ്ഠിക്കുകയോ ചെയ്യുന്നതു കണ്ടാല്‍ , അതില്‍നിന്ന് അയാളെ പിന്തിരിപ്പിക്കുവാന്‍ എല്ലാ ശ്രമവും നടത്തും. ജപമാലയ്ക്കു പകരം അനുതാപസങ്കീര്‍ത്തനങ്ങള്‍ ആലപിക്കുവാന്‍ അവര്‍ അനുശാസിക്കും. ദൈവമാതൃഭക്തിക്കു പകരം ക്രിസ്തുഭക്തി അവര്‍ ഉപദേശിക്കും.

    ഓ സ്‌നേഹനിധിയായ യേശുവേ, ഇവരാണോ അങ്ങേ ചൈതന്യമുള്ളവര്‍? ഇപ്രകാരം പ്രവര്‍ത്തിച്ചുകൊണ്ട് അവര്‍ അങ്ങയെ പ്രീതിപ്പെടുത്തുന്നെന്നോ ? അങ്ങയെ അപ്രീതിയെ ഭയപ്പെട്ട് അന്ന മാതാവിനെ ബഹുമാനിക്കാത്തത് അങ്ങേക്ക് പ്രീതികരമോ? അങ്ങയുടെ മാതാവിനോടുള്ള ഭക്തി അങ്ങയോടുള്ള ഭക്തിക്കു വിഘാതമാകുമെന്നാ? ഞങ്ങള്‍ മാതാവിനു സമര്‍പ്പിക്കുന്ന ബഹുമാനമെല്ലാം സ്വന്തമായി അവള്‍ സൂക്ഷിക്കുകയാണെന്നോ ? അവള്‍ തന്റെ അനുയായികളുടെ നേതൃത്വം തനിക്കുതന്നെയായി സൂക്ഷിക്കുമോ? മറിയം അങ്ങക്ക് അന്യയാ ? മറിയത്തെ പ്രീതിപ്പെടുത്തുന്നതിനുള്ള ഞങ്ങളുടെ ആഗ്രഹം അങ്ങക്ക് അതൃപ്തികരമെന്നോ ? മറിയത്തിനു ഞങ്ങളെത്തന്നെ സമര്‍പ്പിക്കുകയും അവളെ സ്‌നേഹിക്കുകയും ചെയ്താല്‍ അതുവഴി ഞങ്ങള്‍ അങ്ങയുടെ സ്‌നേഹത്തില്‍നിന്നു വേര്‍പെടുമെന്നോ?

    പ്രിയ നാഥാ, ഒരു വലിയ ഗണം പണ്ഡിതന്മാര്‍ മരിയഭക്തിയോട് ഇതില്‍ കൂടുതല്‍ നിസ്സംഗരാകാനില്ല, അവര്‍ അങ്ങേ മാതാവിനോടുള്ള ഭക്തിയില്‍നിന്ന് ഇതില്‍ കൂടുതല്‍ മറ്റുള്ളവരെ നിരുത്സാഹപ്പെടുത്താനുമില്ല . അവരുടെ അഹങ്കാരത്തിന് അവിടുന്നു നല്കുന്ന ശിക്ഷയായി രിക്കുമോ ഇത്! നാഥാ , അവരുടെ അഭിപ്രായങ്ങളെയും പ്രവര്‍ത്തനങ്ങളെയും ഞാന്‍ പിന്തുടരാതിരിക്കട്ടെ. അങ്ങയുടെ മാതാവിനോട് അങ്ങ ക്കുള്ള സ്‌നേഹത്തിലും ബഹുമാനത്തിലും മതിപ്പിലും കൃതജ്ഞതയിലും എനിക്കു ഓഹരി തന്നാലും. അപ്രകാരം ഞാന്‍ അവളെ കൂടുതല്‍ അനുകരിക്കുകയും സ്‌നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്തുകൊണ്ട് അങ്ങയെ കൂടുതല്‍ സ്‌നേഹിക്കുകയും മഹത്ത്വപ്പെടുത്തുകയും ചെയ്യട്ടെ.

    നാഥാ , ഇതുവരെ അങ്ങേ മാതാവിന്റെ മഹത്ത്വത്തെ വേണ്ടവിധത്തില്‍ ഞാന്‍ പ്രകീര്‍ത്തിച്ചിട്ടില്ലെങ്കില്‍ അവളെ യോഗ്യമാംവിധം പുകഴ്ത്തുവാനുള്ള അനുഗ്രഹം എനിക്കു നല്കിയാലും. അങ്ങേ മാതാവിനെ പ്രകീര്‍ത്തിക്കാത്ത അവളുടെ ശത്രുക്കള്‍ അങ്ങയുടേതുമാണല്ലോ ! ‘ദൈവമാതാവിനെ ദ്രോഹിക്കുന്ന ഒരുവനും ദൈവകാരുണ്യം പ്രാപിക്കുമെന്നു കരുതേണ്ട എന്ന്’വിശുദ്ധാത്മാക്കളോടുകൂടി സധൈര്യം ഉദ്‌ഘോഷിക്കുവാന്‍ എന്നെ അനുഗ്രഹിച്ചാലും.

    നമുക്കു പ്രാര്‍ത്ഥിക്കാം

    പരിശുദ്ധ മറിയമേ, എന്റെ അമ്മേ, ഞാന്‍ എന്നെത്തന്നെ അങ്ങയുടെ വിമലഹൃദയത്തിനു പ്രതിഷ്ഠിക്കുന്നു. ഞാനും എനിക്കുള്ളവയും അങ്ങയുടേതാണ്. അങ്ങയുടെ കരുണയുടെ മേല്‍വസ്ത്രം കൊണ്ടെന്നെ മറയ്ക്കണമെ. എന്നെ അങ്ങയുടെ പൈതലായി സംരക്ഷിക്കുകയും, എന്റെ ആത്മാവിനെ സ്വര്‍ഗ്ഗത്തില്‍ ഈശോയുടെ സവിധത്തിലേക്ക് സുരക്ഷിതമായി നയിക്കുകയും ചെയ്യണമേ. കരുണയുടെ മാതാവേ എന്നെ മുഴുവനായി അങ്ങേയ്ക്കു ഞാന്‍ സമര്‍പ്പിക്കുന്നു. ഇപ്പോഴും, നിത്യതയിലും എന്റെ ആത്മാവിനെ ഞാന്‍ അങ്ങേയ്ക്ക് ഭരമേല്‍പ്പിക്കുന്നു. അങ്ങയുടെ പരിശുദ്ധ മേലങ്കിയാല്‍ എന്നെ പൊതിയണമെ, ആമ്മേന്‍.


    3. വിമലഹൃദയപ്രതിഷ്ഠാ ഒരുക്ക ധ്യാനവും വിചിന്തനവും

    ധ്യാനവിഷയവും പ്രാർത്ഥനയും

    മറിയം നമ്മുടെ അഭിഭാഷിക

    “അവിടെ വീഞ്ഞു തീർന്നുപോയപ്പോൾ യേശുവിന്റെ അമ്മ അവനോടു പറഞ്ഞു : അവർക്കു വീഞ്ഞില്ല” (വി. യോഹ 2:3).

    ആമുഖം

    പരിശുദ്ധമറിയം നമ്മുടെ അമ്മയായിരിക്കുന്നതിന്റെ മറ്റൊരു അനിവാര്യഫലമാണ് അവൾ നമ്മുടെ എല്ലാവരുടെയും അഭിഭാഷികയാകുന്നു എന്നത്. മാതാവിന്റെ അഭിഭാഷികയുടെ റോൾ എന്നത് ക്രിസ്തുരാജന്റെ സ്വർഗസിംഹാസനത്തിൽ മുമ്പാകെ മനുഷ്യകുലം മുഴുവന്റെയും സർവ ആവശ്യങ്ങൾക്കും വേണ്ടി അവൾ അപേക്ഷ സമർപ്പിക്കുന്നു എന്നതാണ്. എല്ലാവർക്കും വേണ്ടി അവൾ മാധ്യസ്ഥ്യം പറയുന്നു. എല്ലാവരുടെയും എല്ലാ പ്രാർഥനാനിയോഗങ്ങളും അവൾ സമർപ്പിച്ച് അവർക്കുവേണ്ടി തന്റെ മകനോട് വക്കാലത്തു പറയുന്നു !

    പഴയനിയമ പശ്ചാത്തലത്തിലുള്ള അർഥം

    അഭിഭാഷിക എന്ന വാക്ക് വന്നിരിക്കുന്നത്, മറ്റൊരാൾക്കുവേണ്ടി വാദിക്കുന്ന ദൗത്യത്തിന് ലത്തീൻ ഭാഷയിലുപയോഗിക്കുന്ന ‘അഡ് വൊക്കാരെ ‘ എന്ന ക്രിയാപദത്തിൽ നിന്നാണ്. ഇതുതന്നെയാണ് നമ്മുടെ അമ്മ എന്ന നിലയ്ക്കു മറിയത്തിന്റെ റോൾ. തന്റെ തിരുകുമാരന്റെ പക്കൽ പരിശുദ്ധ മറിയം മനുഷ്യവർഗം മുഴുവനും വേണ്ടി സംസാരിക്കുന്നു ! അഭിഭാഷിക എന്ന് അഭിധാനം രണ്ടാം നൂറ്റാണ്ടുമുതൽ സഭയിൽ നിലവിലുണ്ടായിരുന്നു. വിശുദ്ധ ഇരണേവുസ് (എ.ഡി 202) മറിയത്തെ ഹവ്വായ്ക്കുവേണ്ടിയുളള അഭിഭാഷിക എന്നു വിളിച്ചിട്ടുണ്ട്.

    പഴയ നിയമ പാരമ്പര്യത്തിലെ ‘അമ്മരാഞ്ജി ‘ യിൽ പരിശുദ്ധ മറിയത്തിന്റെ അഭിഭാഷികസ്ഥാനം നിഴലിച്ചിട്ടുണ്ട്. ദാവീദിന്റെ സാമ്രാജ്യത്തിലുണ്ടായിരുന്ന ഒരു പതിവാണ്, രാജാക്കന്മാർ അവരുടെ അമ്മമാരെ അവരുടെ സിംഹാസനത്തിനടുത്ത് രാജ്ഞിയായി അവരോധിച്ചിരുത്തുക എന്നത്. രാജ്യം മുഴുവനിലെയും ജനങ്ങൾ അവരുടെ ആവശ്യങ്ങളുമായി നേരിട്ടു രാജാവിനെയല്ല സമീപിച്ചിരുന്നത്, പ്രത്യുത അമ്മരാജ്ഞിയെയാണ്. അവളാണ് രാജാവിനോട് ജനത്തിന്റെ ആവശ്യങ്ങൾ ഉന്നയിച്ചിരുന്നത്.

    പുതിയ നിയമത്തിൽ ക്രിസ്തുരാജനിലൂടെ ദൈവരാജ്യം സാർവത്രികമായി സ്ഥാപിതമായി (വി. ലൂക്കാ 1:32 കാണുക). സ്വാഭാവികമായി, അതോടൊപ്പംതന്നെ അമ്മരാജ്ഞിപദവും സ്ഥാപിക്കപ്പെട്ടു. ദൈവരാജ്യം മുഴുവന്റെയും അമ്മരാജ്ഞിയായി പരിശുദ്ധ മറിയം അവരോധിക്കപ്പെട്ടു. അവളാണ് ഇനിമുതൽ ഭൂലോക രാജാവായ, രാജാക്കന്മാരുടെ രാജാവായ ക്രിസ്തുരാജന്റെ പക്കൽ പ്രജകൾക്കുവേണ്ടി വാദിക്കുന്നത്. ഇക്കാരണത്താലല്ലേ എലിസബത്ത് “എന്റെ കർത്താവിന്റെ അമ്മ” എന്ന് മറിയത്തെപ്പറ്റി പറയുന്നത് ? പുരാതന സെമിറ്റിക് കോടതിഭാഷയിൽ രാജാവിന്റെ അമ്മയായ അമ്മരാജ്ഞിയെ ‘എന്റെ കർത്താവിന്റെ അമ്മ’ (Mother of My Lord) എന്നാണ് വിളിച്ചിരുന്നത് !

    കാനായിൽ മറിയം അഭിഭാഷികയായി

    കാനായിലെ വിവാഹവിരുന്നിനിടയിൽ പരിശുദ്ധ മറിയം ചെയ്ത പ്രവൃത്തി കൃത്യമായി ഇതുതന്നെയായിരുന്നു. ആ കുടുംബത്തിന്റെ ആവശ്യങ്ങൾ രാജാവായ തന്റെ മകന്റെ മുമ്പിൽ ഉണർത്തിക്കുന്ന അഭിഭാഷിക !
    ആ കല്യാണവീട്ടിലെ ദുരവസ്ഥ യേശു നേരത്തേ അറിയാഞ്ഞിട്ടാണോ അവിടന്ന് ഇടപെടാതിരുന്നത് ? ഒരിക്കലുമല്ല. മറ്റാരെക്കാളും മുമ്പ് അവിടന്ന് അതറിഞ്ഞിരുന്നു. പക്ഷേ, പ്രജകളുടെ ആവശ്യങ്ങൾ രാജാവ് നേരിട്ടല്ല കൈകാര്യം ചെയ്യുന്നത്. അത് അമ്മരാജ്ഞിയുടെ പ്രത്യേക അവകാശാധികാരമാണ്. അമ്മരാജ്ഞി ആവശ്യപ്പെടുന്നതുവരെ കാനായിലെ കുടുംബത്തിന്റെ അവസ്ഥ യേശു “കണ്ടില്ലെന്നു നടിച്ചു” ! പിതാവ് നിശ്ചയിച്ച സമയമായില്ല എന്നു സൂചിപ്പിച്ചശേഷവും യേശു മറിയത്തിന്റെ അപേക്ഷ സ്വീകരിക്കാനുള്ള കാരണം അതല്ലേ? അഭിഭാഷികയായ മറിയത്തിന്റെ അധികാരവും സ്വാധീനവും എത്ര വലുത് !

    ” ദൈവത്തിനും മനുഷ്യർക്കും മധ്യസ്ഥനായി ഒരുവനേയുള്ളൂ, മനുഷ്യനായ യേശുക്രിസ്തു ” ( 1 തിമോ 2:5). ഈ തിരുവചനം മറിയത്തിന്റെ മാധ്യസ്ഥ്യത്തിന് എതിരല്ലെന്ന് മാലാഖയ്ക്കടുത്ത ദിവ്യപണ്ഡിതനായി വിശുദ്ധ തോമസ് അക്വിനാസിന്റെ വാക്കുകൾ ഉദ്ധരിച്ചുകൊണ്ട് ലെയോ പതിമൂന്നാമൻ പാപ്പാ പഠിപ്പിക്കുന്നുണ്ട് : “ചിലർ ദൈവത്തിനും മനുഷ്യർക്കുമിടയിലുള്ള മധ്യസ്ഥരെന്ന് വിളിക്കപ്പെടരുതെന്ന് പറയാൻ കാരണമില്ല. അതായത്, അവർ ദൈവത്തോടും മനുഷ്യരോടും ഐക്യപ്പെട്ട് മുൻകൂട്ടി സജ്ജമാക്കിയും ശുശ്രൂഷിച്ചും സഹകരിക്കുന്നേടത്തോളം അപ്രകാരം വിളിക്കപ്പെടാം [summa p III, qXXVI, articles 1,2 ] ” ( “ലെയോ 13 -ാമൻ പാപ്പാ, ഫിദന്തം പീയുംഖ്വെന ആനിമും “, നമ്പർ 3).

    രണ്ടാം വത്തിക്കാൻ കൗൺസിൽ ഈ പദവി ഏറ്റുപറയുന്നു.

    നമ്മുടെ ഓരോരുത്തരുടെയും അഭിഭാഷികയാണ് പരിശുദ്ധ മറിയം എന്നാണ് രണ്ടാം വത്തിക്കാൻ കൗൺസിൽ പഠിപ്പിക്കുന്നത് “മറിയത്തിൻ മാതൃത്വം അവൾ നല്കിയ “സമ്മതം” തിരഞ്ഞെടുക്കപ്പെട്ടവരുടെയെല്ലാം നിത്യസാഫല്യംവരെ അനുസ്യൂതം നിലനില്ക്കുന്നു. അതുകൊണ്ടാണ് ഭാഗ്യപ്പെട്ട കന്യകയെ തിരുസഭ അഭിഭാഷിക, ഉപകാരിണി, മധ്യസ്ഥ എന്നി അഭിധാനങ്ങളിൽ വിളിച്ചപേക്ഷിക്കുന്നത് (‘തിരുസഭ’,62). സർവശക്തനും രാജാ ധിരാജനുമായ യേശുവിന്റെ മുമ്പിൽ സദാ നമുക്കുവേണ്ടി സന്നിഹിതയാകുന്ന ഇത്ര കാര്യക്ഷമതയുളള ഒരു അഡ്വക്കേറ്റ് ഉണ്ടായിട്ട്, അവളെ ആശ്ര യിക്കാതിരിക്കുക എത്ര മൗഢ്യം ! ഈ അമ്മയുടെ സഹായം തേടാതിരിക്കുന്നത് ദൈവത്തിന്റെ രക്ഷാകര പദ്ധതിയെത്തന്നെ മാനിക്കാതിരിക്കലല്ലേ ?

    പാപ്പാമാരുടെ പ്രബോധനങ്ങൾ

    ലെയോ പതിമൂന്നാമൻ പാപ്പാ മനോഹരമായി ഇക്കാര്യം വർണിക്കു ന്നത് ഇങ്ങനെയാണ് : “പുത്രനിലൂടെയല്ലാതെ ഒരുവനും പിതാവിലേക്ക് പോകുന്നില്ല. അതുപോലെ, ക്രിസ്തുവിലേക്ക് ഒരുവനും അവിടത്തെ അമ്മയിലൂടെയല്ലാതെ പോകുന്നില്ല. ദൈവത്തിന്റെ ഈ പദ്ധതിയിൽ വെളിവാക്കിയിരിക്കുന്ന നന്മയും കാരുണ്യവും എത്ര വലുതാണ് !മനുഷ്യന്റെ ബലഹീനതയ്ക്ക് എത്ര യോജിച്ചതാണത് ! അത്യുന്നതന്റെ നീതിയെ നാം ഭയപ്പെടുന്നു. അനുനയിക്കാനാവാത്ത ദിവ്യന്യായാധിപനെ നാം പേടിക്കുന്നു. തന്മൂലം പ്രവൃത്തികൾകൊണ്ട് മനഃസാക്ഷി അസ്വസ്ഥരാക്കിയവർക്ക് ദൈവപ്രസാദത്തിൽ സുശക്തമായ ഒരു മധ്യസ്ഥ ആവശ്യമുണ്ട്. നിരാരുടെ കാര്യം തള്ളിക്കളയാത്തവിധം കാരുണ്യമുളള മധ്യസ്ഥ. മറിയമാണ് മഹത്ത്വപൂർണയായ ഈ മധ്യസ്ഥ. അവൾ സർവശക്തന്റെ അമ്മയാണ്. എന്നാൽ അതിനെക്കാൾ മാധുര്യമേറിയ ഒരു കാര്യമുണ്ട്. അവൾ അങ്ങേയറ്റം വാത്സല്യമുള്ളവളാണ്. അതിരറ്റ സ്നേഹപൂർണമായ കാരുണ്യമുളളവളാണ്. അവൾ അപ്രകാരമായിരിക്കണമെന്ന് ക്രിസ്തു ആഗ്രഹിച്ചു. എന്തെന്നാൽ, മറിയത്തിന് വിധേയനായിരിക്കാനും ഒരു മകൻ അമ്മയെ അനുസരിക്കുന്നതുപോലെ അനുസരിക്കാനും അവിടന്ന് സമ്മതിച്ചു” (“ഒക്ത്തോബ്രിമെൻസേ” നമ്പർ 4).

    “രാജ്ഞിയും അഭിഭാഷികയുമായ പരിശുദ്ധ കന്യകാമറിയമേ ഞങ്ങളുടെ പ്രാർഥനകൾ നീ സ്വരൂപിച്ച് ദൈവത്തിന്റെ സിംഹാസനത്തിനു മുമ്പിൽ സമർപ്പിക്കണമേ” എന്ന് 1903 സെപ്റ്റംബർ 8 ന് നടത്തിയ ഔദ്യോഗിക പ്രാർഥനയിൽ വിശുദ്ധ പത്താം പിയൂസ് പാപ്പാ വിളിച്ചപേക്ഷിക്കുകയുണ്ടായി. പതിനൊന്നാം പിയൂസ് പാപ്പാ പറഞ്ഞു, “ആധുനികയുവജനങ്ങൾ അനേകം ആത്മീയ അപകടസാധ്യതകളാൽ വലയം ചെയ്യപ്പെട്ടിരിക്കുന്നതിനാൽ അവരുടെ ജീവിതം മുഴുവൻ പരിശുദ്ധ കന്യകയോടുള്ള ഭക്തി അവർ പുലർത്തണം. മറിയത്തോടുള്ള സ്ഥിരമായി പ്രാർഥനവഴി ആ അമ്മയെ നമ്മുടെ നിത്യമധ്യസ്ഥയും യഥാർത്ഥ അഭിഭാഷികയുമാക്കാം.
    പന്ത്രണ്ടാം പീയൂസ് പാപ്പാ പറഞ്ഞു : “നമ്മുടെ അഭിഭാഷികയായ പരിശുദ്ധമറിയം ദൈവത്തിനും മനുഷ്യർക്കുമിടയിൽ നിന്നുകൊണ്ട് ന്യായാധിപനായ ദൈവത്തിന്റെ നീതിയുടെ കാഠിന്യം കുറച്ചുകിട്ടാനും പാപിയുടെ ഹൃദയം സ്പർശിച്ച് അവന്റെ ഹൃദയകാഠിന്യം കുറയ്ക്കാനും ഇടപെടുന്നു ” (‘മഹോന്നതയായ പരിശുദ്ധ കന്യകമറിയം ‘, പേജ് 228)

    സഭാപാരമ്പര്യം

    ആദ്യനൂറ്റാണ്ടുകളിലെ മതപീഡനകാലത്ത് ക്രിസ്ത്യാനികൾ ചൊല്ലിയിരുന്ന ഒരു പുരാതന ‘സബ്‌തും’ പ്രാർഥനയിൽ മറിയത്തെ അഭിഭാഷികയായി ഏറ്റുപറയുന്ന ഭാഗമുണ്ട് : “പരിശുദ്ധ ദൈവമാതാവേ, അങ്ങേ രക്ഷാധികാരത്തിലേക്ക് അഭയത്തിനായി ഞങ്ങൾ ഓടിയെത്തിയിരിക്കുന്നു. ഞങ്ങളുടെ പ്രാർഥനകൾ നീ തള്ളിക്കളയരുതേ ! ഞങ്ങളുടെ ആവശ്യങ്ങൾ നിരാകരിക്കരുതേ. മഹത്ത്വപൂർണമായ പരിശുദ്ധ കന്യകേ എല്ലാ അപകടങ്ങളിലുംനിന്ന് ഞങ്ങളെ രക്ഷിക്കണമേ’. മധ്യശതകത്തിൽ രൂപം കൊണ്ട ‘പരി ശുദ്ധ രാജ്ഞി’ എന്ന പ്രാർഥനയിലും മറിയത്തെ അഭിഭാഷികയായി വണങ്ങുന്നുണ്ട്. ‘പരിശുദ്ധരാജ്ഞീ’, കരുണയുടെ മാതാവേ, ഞങ്ങളുടെ ജീവനും, മാധുര്യവും ശരണവുമേ സ്വസ്തി. ഹവ്വായുടെ പുറംതള്ളപ്പെട്ട മക്കളായ ഞങ്ങൾ അങ്ങേപ്പക്കൽ നിലവിളിക്കുന്നു. കണ്ണുനീരിന്റെ ഈ താഴ് വരയിൽനിന്ന് വിങ്ങിക്കരഞ്ഞ് അങ്ങേപ്പക്കൽ ഞങ്ങൾ നെടുവീർപ്പിടുന്നു”.

    മരിയൻ സമർപ്പണത്തിന്റെ പ്രസക്തി കൂടുതൽ വ്യക്തം

    ഈ സ്ഥിതിക്ക് പരിശുദ്ധ കന്യകയ്ക്ക് സമ്പൂർണ സമർപ്പണം നടത്തുക എത്രയോ പ്രസക്തമായ കാര്യമാണ്. നമുക്കുവേണ്ടി യേശുവിൻ പക്കൽ അഭിഭാഷികയുടെ ദൗത്യം നിർവഹിക്കാൻ അവൾക്ക് അതുവഴി സ്വാതന്ത്ര്യം ലഭിക്കുകയാണ്. പരിശുദ്ധ മറിയത്തിന് നമ്മെത്തന്നെ സമ്പൂർണമായി സമർപ്പിക്കുന്നതോടെ, വലിയ ഉത്തരവാദിത്വത്തോടെ അവൾ നമ്മുടെ അഭിഭാഷികയായി പ്രവർത്തിക്കും. അതായത്, നമ്മുടെ ശ്രദ്ധയിൽപ്പെടാത്തതും അതേസമയം നമ്മുടെ ആത്യന്തിക നന്മയ്ക്കാവശ്യവുമായ എല്ലാ കാര്യങ്ങളും, ഒന്നുപോലും വിട്ടുപോകാതെ, അതിസൂക്ഷ്മതയോടെ ഈ പ്രഗല്ഭവക്കീൽ കൈകാര്യം ചെയ്യും. നാം ഒരിക്കൽ അവളെ നമ്മുടെ അഭിഭാഷികയാക്കിയാൽ, നാം പറയാതെതന്നെ, നമുക്കജ്ഞാതമായതും നമുക്കെതിരായി വരുന്നതുമായ സർവ ‘കേസു’കളും അവൾ അതിവിദഗ്ധമായി നമ്മളറിയാതെപോലും കൈകാര്യം ചെയ്യും.

    ബൈബിൾ വായന

    “മൂന്നാം ദിവസം, ഗലീലിയിലെ കാനായിൽ ഒരു വിവാഹവിരുന്നു നടന്നു. യേശുവിന്റെ അമ്മ അവിടെയുണ്ടായിരുന്നു. യേശുവും ശിഷ്യന്മാരും വിരുന്നിനു ക്ഷണിക്കപ്പെട്ടിരുന്നു. അവിടെ വീഞ്ഞു തീർന്നുപോയപ്പോൾ യേശുവിന്റെ അമ്മ അവനോടു പറഞ്ഞു : അവർക്കു വീഞ്ഞില്ല. യേശു അവളോടു പറഞ്ഞു : സ്ത്രീയേ, എനിക്കും നിനക്കും എന്ത് ? എന്റെ സമയം ഇനിയും ആയിട്ടില്ല. അവന്റെ അമ്മ പരിചാരകരോടു പറഞ്ഞു. അവൻ നിങ്ങളോടു പറയുന്നതു ചെയ്യുവിൻ. യഹൂദരുടെ ശുദ്ധീകരണ കർമത്തിനുള്ള വെള്ളം നിറയ്ക്കുന്ന ആറു കൽഭരണികൾ അവിടെ ഉണ്ടായിരുന്നു. ഓരോന്നിലും രണ്ടോ മൂന്നോ അളവു കൊള്ളുമായിരുന്നു. ഭരണികളിൽ വെള്ളം നിറയ്ക്കുവിൻ എന്ന് യേശു അവരോടു കല്പിച്ചു. അവർ അവയെല്ലാം വക്കാളം നിറച്ചു. ഇനി പകർന്നു കലവറക്കാരന്റെ അടുത്തു കൊണ്ടുചെല്ലുവിൻ എന്ന് അവൻ പറഞ്ഞു. അവർ അപ്രകാരം ചെയ്തു. കലവറക്കാരൻ വീഞ്ഞായി മാറിയ ആ വെള്ളം രുചിച്ചുനോക്കി. അത് എവിടെ നിന്നാണെന്ന് അവൻ അറിഞ്ഞില്ല. എന്നാൽ, വെള്ളം കോരിയ പരിചാരകർ അറിഞ്ഞിരുന്നു. അവൻ മണവാളനെ വിളിച്ചു പറഞ്ഞു. എല്ലാവരും മേല്ത്തരം വീഞ്ഞ് ആദ്യം വിളമ്പുന്നു, അതിഥികൾക്കു ലഹരിപിടിച്ചുകഴിയുമ്പോൾ താഴ്ന്നതരവും. എന്നാൽ, നീ നല്ല വീഞ്ഞ് ഇതുവരെയും സൂക്ഷിച്ചുവച്ചുവല്ലോ.

    പ്രാർഥന

    പരിശുദ്ധ അമ്മേ, എന്റെ അഭിഭാഷികയായി ഞാനിന്ന് നിന്നെ സ്വീകരിക്കുന്നു. നിത്യഭവനത്തിലേക്കുള്ള എന്റെ അനുദിന യാത്രയിൽ വളരെയധികം ആത്മീയ അപകട സാധ്യതകൾ എനിക്കുണ്ട്. എന്നെ സ്വർഗത്തിൽ കൊണ്ടെത്തിക്കുന്നതുവരെ മാതൃസഹജമായ സ്നേഹത്താൽ എന്നെ പരിപാലിക്കണമേ. നീ എന്നെ ഏറ്റെടുക്കേണ്ടതിന് നിനക്കു സമ്പൂർണ സമർപ്പണം ചെയ്യാൻ എന്നെ ഒരുക്കണമേ. എന്റെ ബലഹീനതയിൽ എന്നെ സഹായിക്കണമേ. എനിക്കാവശ്യമായ എല്ലാ കൃപകളും – എനിക്കജ്ഞാതമായവപോലും – നിന്റെ തിരുകുമാരനോട് എനിക്കുവേണ്ടി ചോദിക്കണമേ. എനിക്കെതിരായ കുറ്റാരോപണങ്ങൾ ശത്രുവായ പിശാച് ദൈവസന്നിധിയിൽ നിരത്തുമ്പോൾ, എന്റെ അഭിഭാഷികയായി അമ്മ വാദിക്കണമേ. എന്റെ കുറവുകൾ നീ നികത്തണമേ, ആമേൻ.


    സത്കൃത്യം

    “പാപികളായ ഞങ്ങൾക്കുവേണ്ടി ഇപ്പോഴും മരണനേരത്തും തമ്പുരാനോട് പ്രാർഥിക്കണമേ” എന്ന സുകൃതജപം ചൊല്ലിക്കൊണ്ട് ഇന്ന് സദാവ്യാപാരിക്കുക.

    ++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++

    https://www.youtube.com/watch?v=y1mfb-8-BgI&list=PL3uhR8KUVQTxrd02-lFANST3UYzhj5ARI&index=24

    ശാലോം ടി വി യിൽ ബഹുമാനപ്പെട്ട വട്ടായിലച്ചൻ നയിച്ച വിമലഹൃദയ പ്രതിഷ്ഠ അച്ഛന്റെ പ്രേത്യേക അനുവാദത്തോടെ ഇവിടെ നൽകുന്നു. സാധിക്കുന്ന എല്ലാവരും സമയം കണ്ടെത്തി ഈ അനുഗ്രഹപ്രദമായ ശുശ്രൂഷയിൽ പങ്കുകൊള്ളുക .

    ++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++

    DAY 1 പ്രതിഷ്ഠാ ഒരുക്കം DAY17 പ്രതിഷ്ഠ ഒരുക്കം

    DAY 2 പ്രതിഷ്ഠാ ഒരുക്കം DAY18 പ്രതിഷ്ഠ ഒരുക്കം

    DAY 3 പ്രതിഷ്ഠാ ഒരുക്കം DAY 19 പ്രതിഷ്ഠ ഒരുക്കം

    DAY 4 പ്രതിഷ്ഠാ ഒരുക്കം DAY 20 പ്രതിഷ്ഠ ഒരുക്കം

    DAY 5 പ്രതിഷ്ഠാ ഒരുക്കം DAY 21 പ്രതിഷ്ഠ ഒരുക്കം

    DAY 6 പ്രതിഷ്ഠാ ഒരുക്കം DAY 22 പ്രതിഷ്ഠ ഒരുക്കം

    DAY 7 പ്രതിഷ്ഠാ ഒരുക്കം DAY 23 പ്രതിഷ്ഠ ഒരുക്കം

    DAY 8 പ്രതിഷ്ഠാ ഒരുക്കം

    DAY 9 പ്രതിഷ്ഠാ ഒരുക്കം

    DAY 10 പ്രതിഷ്ഠാ ഒരുക്കം

    DAY 11 പ്രതിഷ്ഠാ ഒരുക്കം

    DAY 12 പ്രതിഷ്ഠ ഒരുക്കം

    DAY 13 പ്രതിഷ്ഠ ഒരുക്കം

    DAY 14 പ്രതിഷ്ഠ ഒരുക്കം

    DAY 15 പ്രതിഷ്ഠ ഒരുക്കം

    DAY16 പ്രതിഷ്ഠ ഒരുക്കം

    MARIAN MINISTRY & THE CONFRATERNITY OF THE MOST HOLY ROSARY

    〰️
    〰️
    spot_img
    spot_img
    spot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!