Thursday, November 21, 2024
spot_img
More

    ഇരുപത്തിയാറാം ദിവസം-17-03-2022- വിശുദ്ധ ലൂയിസ് ഡി മോൺഫോർട്ടിന്റെ ക്രമമനുസരിച്ചുള്ള ദൈവമാതാവിന്റെ വിമല ഹൃദയ പ്രതിഷ്ടാ ഒരുക്കം

    ==========================================================================

    33 ദിവസത്തെ സമ്പൂർണ വിമലഹൃദയ പ്രതിഷ്ഠക്കുള്ള നിർദ്ദേശങ്ങൾ വായിക്കുവാൻ ഇവിടെ ക്ലിക് ചെയ്യുക

    ഇരുപതാം ദിവസം മുതൽ ഇരുപത്തിയാറാം ദിവസം വരെയുള്ള മൂന്നാം ആഴ്ചയിലെ ഒരുക്ക പ്രാർത്ഥനകൾ ചൊല്ലുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ==========================================================================

    ഇരുപത്തിയാറാം ദിവസം

    പരിശുദ്ധ അമ്മയെ അറിയുക

    “പരിശുദ്ധ മറിയത്തെ പ്രകീർത്തിക്കുന്ന തോമസ്,അക്കെമ്പിസിന്റെ,മരിയാനുകരണം.

    “പല സ്ത്രീകളും തങ്ങളുടെ കഴിവുകൾ പ്രകടിച്ചിച്ചിട്ടുണ്ട് “
    ( സുഭാ, 31:29) എന്നു *ജ്ഞാനി പറയുന്നു : എന്നാൽ, ഓ മറിയമേ!
    അവരെയെല്ലാം വളരെ അതിശയിച്ചു.

    വാത്സല്യമുള്ള മക്കളേ, ഈശോയെ നിങ്ങൾ വിശ്വസ്തയോടെ അനുഗമിക്കുക; മറിയത്തെ പരിപൂർണ്ണമായി അനുകരി ക്കുക. പ്രാർത്ഥനയിൽ ഭക്തിയും, സംസാരത്തിൽ മിതത്വവും നോട്ടങ്ങളിൽ വിവേകവും സദാ,നിങ്ങൾക്കുണ്ടായിരിക്കണം, നിങ്ങളുടെ നിത്യരക്ഷയ്ക്കും , ഈശോയുടെ സ്തുതിക്കും,മറിയത്തിന്റെ മഹിമയ്ക്കും, ഇവ വളരെ അത്യാവശ്യമാണ്.
    ചുരുക്കത്തിൽ, നിങ്ങളുടെ സകല പ്രവൃത്തികളും സൂക്ഷ്മതയോടെ കമപ്പെടുത്തിക്കൊള്ളണം.

    മറിയത്തെ,യോഗ്യമാം വണ്ണം സ്തുതിക്കുവാൻ നിങ്ങൾ,ആഗ്രഹിക്കുന്നുണ്ടോ?
    സകലമാഹാത്മ്യങ്ങളും വർണ്ണിച്ച് അവളെ പുകഴ്ത്തുവാൻ നിങ്ങൾ അഭിലഷിക്കുന്നുണ്ടോ?
    എന്നാൽ ദൈവമക്കൾക്കനുയുക്തമായ നേർബുദ്ധിയുള്ളവരായിരിപ്പിൻ: വഞ്ചന, അസൂയ, ദൂഷണം, പിറുപിറുപ്പ്,ദുശ്ശങ്ക എന്നിവ വർജ്ജിക്കുക,

    അനർത്ഥങ്ങളും വിരോധങ്ങളും, ഉപവിയോടും, ക്ഷമയോടും മഹാ എളിമയോടും കൂടെ സഹിക്കുക. ഈശോയ്ക്കും, മറി യത്തിനും വേണ്ടിയും, വിശുദ്ധന്മാരെ അനുകരിക്കാനായിട്ടും ഈ ലോകജീവിതം മുഴുവനും നിയോഗിക്കുക; നിങ്ങൾ തന്നെ വിശുദ്ധരായിത്തീരുക.

    സ്വജീവിതത്തെ പരിശുദ്ധ ത്രിത്വത്തിനു സമർപ്പിക്കുവാൻ കഴിയുന്നവന്,കയ്പുള്ളവയെല്ലാം മധുരമായി തോന്നും ദുർവഹമെന്നു തോന്നുന്നവ ലഘുവായിത്തീരും.
    ഇതാണ് ഈശോയെയും മറിയത്തെയും ഓർമ്മിക്കുന്നതി ന്റെ ഫലം

    • ജപം.
    • ഓ മറിയമേ ! ഈശോയുടെ മാധുര്യമേറുന്ന അമ്മേ! നിൻറ സഹതാപവും, മാധുര്യം നിറഞ്ഞ മാതൃവാത്സല്യവും എളിയ ദാസനായ എന്റെ മേൽ ചൊരിയുവാൻ കനിവുണ്ടാകണമെന്നു ഞാൻ താഴ്ചയായി അപേക്ഷിക്കുന്നു. അമ്മേ! നിന്റെ വാത്സല്യത്തിന്റെ ഒരു തുള്ളി എന്റെ ഹൃ ദയത്തിൽ ചിന്തുക. എന്നാൽ നിന്നെ സ്നേഹിക്കാൻ വേണ്ടുന്ന ഹൃദയനൈർമ്മല്യം എനിക്കു സിദ്ധിക്കും. ഓ മാതാക്കളിൽവെച്ചേറ്റം മാധുര്യം നിറഞ്ഞ അമ്മേ! നിന്നെയും നിന്റെ ദിവ്യസു തൻ ഈശോയെയും അനുകരിക്കുവാൻ എനിക്കു കഴിവുമുണ്ടാകും. അമ്മേ! ശ്രദ്ധിക്കുക; അമ്മേ! ശ്രവിക്കുക; ഞാനിതാ മുട്ടിന്മേൽ നിന്ന് “മറിയമേ സ്വസ്തി ” എന്നു ചൊല്ലി നിന്നെ വാഴ്ത്തുന്നു.

    മറിയമേ! സ്വസ്തി!” എന്നു ഞാൻ ഹൃദയത്തിൽ ചൊ ൾ ആകാശം സന്തോഷിക്കയും, ഭൂമി മന്ദഹാസം തുകുകയും ചെയ്യുന്നു.

    “മറിയമേ! സ്വസ്തി !” എന്നു ഞാൻ ഹൃദയത്തിൽ ചൊല്ലു ബാൾ സാത്താൻ ഭയപ്പെട്ടോടുകയും നരകം വിഭ്രമിച്ചു ഞടുങ്ങുകയും ചെയ്യുന്നു.

    • “മറിയമേ സ്വസ്തി!” എന്നു ഞാൻ ഹൃദയത്തിൽ ചൊല്ലു മ്പോൾ ലോകം നിസ്സാരമെന്നു,തോന്നുകയും, മാംസം വിറയ്ക്കയും ചെയ്യുന്നു.

    ” മറിയമേ! സ്വസ്തി!” എന്നു ഞാൻ ഹൃദയത്തിൽ ചൊല്ലു മ്പോൾ ഉള്ളിൽ നിന്നു വിഷാദം നീങ്ങുകയും, ആനന്ദം അവിടെ നിറയുകയും ചെയ്യുന്നു.

    • “മറിയമേ! സ്വസ്തി!” എന്നു ഞാൻ ഹൃദയത്തിൽ ചൊല്ലു മ്പോൾ ഭക്തിമാന്ദ്യം അപ്രത്യക്ഷമാകുകയും സ്നേഹം പുനരുത്ഭവിക്കയും ചെയ്യുന്നു. , “മറിയമേ! സ്വസ്തി!” എന്നു ഞാൻ ഹൃദയത്തിൽ ചൊല്ലുമ്പോൾ മനസ്താപമുളവാകയും, ഭക്തി വളരുകയും ചെയ്യുന്നു.

    “ മറിയമേ! സ്വസ്തി !” എന്നു ഞാൻ ഹൃദയത്തിൽ ചൊല്ലുമ്പോൾ പ്രത്യാശ വർദ്ധിക്കയും, ആശ്വാസം സമൃദ്ധിയാകയും,ചെയ്യുന്നു.

    “മറിയമേ!സ്വസ്തി എന്നു ഞാൻ ഹൃദയത്തിൽ ചൊല്ലുമ്പോൾ ആത്മാവു മുഴുവനും ജ്വലിച്ചെരിയുകയും, സ്നേഹം ആർദ്രമാകയും ചെയ്യുന്നു.
    ഈ,സ്വസ്തിവചനത്തിന്റെ,ശക്തിയും,മാധുര്യവും വാക്കുകളാൽ പ്രകാശിപ്പിക്കുക സാധ്യമല്ല.

    • ആകയാൽ ഓ മറിയമേ! ഓ കന്യകകൾക്കു മകുടമേ! ഓ പ്രസാദം’ നിറഞ്ഞ അമ്മേ! വീണ്ടും ഞാനിതാ നിന്റെ സന്നിധിയിൽ മുട്ടുകുത്തി ബഹുമാനത്തോടും ഭക്തിയോടും കൂടെ ആവർത്തിച്ചാവർത്തിച്ചു ചൊല്ലുന്നു.

    ” സ്വസ്തി! മറിയമേ! സ്വസ്തി! സ്നേഹം നിറഞ്ഞ ഈ അഭിവാദ്യം, അമ്മേ! നീ സ്വീകരിക്കുക. നിന്റെ സ്നേഹമടിയിൽ എന്നെയും സ്വീകരിക്കുക.

    2. മരിയൻ സമർപ്പണ ഒരുക്ക വായന- യഥാർത്ഥ മരിയഭക്തി- യിൽ നിന്ന്.

    ക്രിസ്തുവിന്റെ പക്കല്‍ മറിയം നമ്മുടെ മധ്യസ്ഥ.

    മധ്യസ്ഥന്‍ വഴി നാം ദൈവത്തെ സമീപിക്കുന്നതു കൂടുതല്‍ ശ്രേഷ്ടമാണ്. കാരണം, അത് കൂടുതല്‍ വിനയപൂര്‍ണ്ണമാണല്ലോ. മനുഷ്യപ്രകൃതി പാപപങ്കിലമാകയാല്‍ ദൈവത്തെ സമീപിക്കുന്നതിനും പ്രീതിപ്പെടുത്തുന്നതിനും നാം നമ്മുടെ പ്രവൃത്തികളെയും പ്രയത്‌നങ്ങളെയും ഒരുക്കങ്ങളെയും മാത്രം ആശ്രയിച്ചാല്‍ ദൈവതിരുമുമ്പില്‍ നമ്മുടെ സത്പ്രവൃത്തികള്‍ തീര്‍ച്ചയായും ദുഷിച്ചതും വിലയില്ലാത്തതുമായിരിക്കും. തന്നിമിത്തം നമ്മെ ശ്രവിക്കുന്നതിനും നമ്മോട് ഐക്യപ്പെടുന്നതിനും ദൈവത്തെ പ്രേരിപ്പിക്കുവാന്‍ അവയ്ക്കു കഴിയുകയില്ല. മഹത്വപൂര്‍ണ്ണനായ ദൈവം നമുക്ക് മധ്യസ്ഥന്മാരെ തന്നിരിക്കുന്നത് അകാരണമായല്ല. നമ്മുടെ അയോഗ്യതകളും അശക്തിയും കാണുന്ന ദൈവം നമ്മോടു കരുണ കാണിക്കുന്നു. തന്റെ കാരുണ്യത്തിലേക്കു നമ്മെ എത്തിക്കുവാന്‍ തന്റെ മഹത്വത്തിന്റെ മുമ്പില്‍ ശക്തിയേറിയ മധ്യസ്ഥന്മാരെ അവിടുന്ന് നമുക്ക് നല്‍കി. ആകയാല്‍ അത്യുന്നതനും പരിശുദ്ധനുമായ ദൈവത്തെ യാതൊരു ശുപാര്‍ശകരെയും കൂടാതെ നേരിട്ടു നാം സമീപിക്കുന്നുവെങ്കില്‍ അത് ദൈവസന്നിധിയില്‍ നമുക്ക് ആദരവും എളിമയും ഇല്ലെന്നു തെളിയിക്കുകയാണു ചെയ്യുന്നത്. ഒരു രാജാവിനെയോ ചക്രവര്‍ത്തിയേയോ സന്ദര്‍ശിക്കുന്നതിനുമുമ്പു നമുക്ക് വേണ്ടി മാധ്യസ്ഥം പറയുവാന്‍ ആരെയെങ്കിലും നാം അന്വേഷിക്കുന്നു. എങ്കില്‍, രാജാധിരാജനായ ദൈവത്തെ നേരിട്ടു സമീപിക്കുവാന്‍ തുനിയുന്നത് അവിടുത്തോടു നമുക്ക് വളരെക്കുറച്ചു ബഹുമാനം മാത്രമേയുള്ളു എന്ന് തെളിയിക്കുകയല്ലേ ചെയ്യുന്നത്.
    ക്രിസ്തുനാഥനാണ് പരിത്രാണകര്‍മ്മത്തില്‍ പിതാവായ ദൈവത്തിന്റെ പക്കല്‍ നമ്മുടെ അഭിഭാഷകനും മധ്യസ്ഥനും. സമരസഭയോടും വിജയസഭയോടുംകൂടി ക്രിസ്തു വഴിയാണ് നാം പ്രാര്‍ത്ഥിക്കേണ്ടതും ദൈവസിംഹാസനത്തെ സമീപിക്കേണ്ടതും. ഇസഹാക്കിന്റെ പക്കല്‍ ആശിസ്സു സ്വീകരിക്കുവാന്‍ കുഞ്ഞാടിന്റെ തോല്‍ ധരിച്ചു യാക്കോബ് ചെന്നതുപോലെ ദൈവപിതാവിന്റെ പക്കല്‍ അവിടുത്തെ പുത്രന്റെ യോഗ്യതകള്‍ ധരിച്ചും അവയുടെ സഹായത്തില്‍ ആശ്രയിച്ചും വേണം നാം ചെല്ലുവാന്‍.

    എന്നാല്‍, ഈ മധ്യസ്ഥന്റെ പക്കല്‍ മറ്റൊരു മധ്യസ്ഥനെ നമുക്ക് ആവശ്യമില്ലേ? അവിടുത്തോടു നേരിട്ടു ഐക്യപ്പെടുവാന്‍ മാത്രം നിര്‍മ്മലരാണോ നാം? അവിടുന്നു പിതാവിനു സമനായ ദൈവമല്ലേ? പിതാവിനെപ്പോലെ ബഹുമാനര്‍ഹനല്ലേ? ദൈവകോപം ശമിപ്പിക്കുവാനും നമ്മുടെ കടം വീട്ടുവാനും വേണ്ടി നമ്മുടെ മധ്യസ്ഥനും ജാമ്യക്കാരനും ആകുന്നതിനു തന്റെ അനന്തസ്‌നേഹം അവിടുത്തെ പ്രചോദിപ്പിച്ചു. പക്ഷേ, അക്കാരണത്താല്‍ നാം അവിടുത്തെ മഹത്വത്തിന്റെയും വിശുദ്ധിയുടെയും മുമ്പില്‍ ആദരവും ദൈവഭയമില്ലാത്തവരുമായി പെരുമാറുകയെന്നോ?

    ആകയാല്‍, മനമുക്കും വിശുദ്ധ ബര്‍ണ്ണാര്‍ദിനോടുകൂടി പറയാം, നമ്മുടെ മധ്യസ്ഥന്റെ പക്കല്‍ നമുക്കു വേറൊരു മധ്യസ്ഥന്‍ ആവശ്യമാണെന്ന്. ഈ ദൗത്യത്തിന് അര്‍ഹയായി മറിയം മാത്രമേയുള്ളു. അവള്‍ വഴിയാണ് ക്രിസ്തു നമ്മുടെ പക്കല്‍ വന്നത്. അവള്‍ വഴി തന്നെ വേണം നാം അവിടുത്തെ സമീപിക്കുവാനും. ദൈവമായ ക്രിസ്തുവിനെ നേരിട്ടു സമീപിക്കുവാന്‍ നാം ഭയപ്പെടുന്നെങ്കില്‍ അവിടുത്തെ അനന്തമഹത്വമോ നമ്മുടെ ഹീനാവസ്ഥയോ പാപമോ എന്തുമായിക്കൊള്ളട്ടെ നമ്മെ തടസപ്പെടുത്തുന്നത് നമ്മുടെ മാതാവായ മറിയത്തെ സമീപിച്ച് അവളുടെ മാധ്യസ്ഥവും സഹായവും അപേക്ഷിക്കാം. അവള്‍ നല്ലവളാണ്, കരുണാര്‍ദ്രയാണ്, കാര്‍ക്കശ്യമോ വിലക്കുകളോ അനന്തമായ ഔന്നിത്യമോ പ്രതാപമോ അവളിലില്ല. നമ്മുടേതുപോലുള്ള മനുഷ്യപ്രകൃതിയാണ് അവളില്‍ നാം കാണുന്നത്. നമുക്കു സര്‍വ്വ സ്വാതന്ത്ര്യത്തോടെ അവളുടെ പക്കല്‍ അണയാം. ബലഹീനരായ നമ്മെ തന്റെ ഉജ്ജ്വല പ്രകാശത്താല്‍ അന്ധരാക്കുന്ന സൂര്യനല്ല അവള്‍. ചന്ദ്രനേപ്പോലെ മഞ്ജുളയും മൃദലയുമാണവള്‍. മധ്യാഹ്നസൂര്യന്റെ ഉഗ്രപ്രകാശത്തെ സ്വീകരിച്ച് അതിനെ നമ്മുടെ പരിമിതമായ ശക്തിനുരൂപമാക്കി നല്‍കുക, അതാണു മറിയം ചെയ്യുന്നത്. തന്നില്‍ ആശ്രയിക്കുന്ന ആരെയും – അവര്‍ മഹാപാപികള്‍ തന്നെ ആയിരുന്നാലും സ്‌നേഹനിര്‍ഭരയായ ആ മാതാവു തിരസ്‌കരിക്കില്ല. ലോകം ലോകമായകാലം മുതലേ പരിശുദ്ധ കന്യകയോട് കോണ്‍ഫിഡന്‍സോടുകൂടി നിരന്തരം സഹായം യാചിച്ചിട്ടുള്ള ആരെയും അവള്‍ തള്ളിക്കളഞ്ഞിട്ടില്ല. അവളുടെ യാചനകള്‍ ഒന്നും ദൈവം നിരസിക്കുന്നില്ല. കാരണം അവള്‍ക്ക് അവിടുത്തേ പക്കലുള്ള സ്വാധീനശക്തി അത്രക്ക് വലുതാണ്. മറിയം അപേക്ഷയുമായി തന്റെ ദിവ്യസുതന്റെ സന്നിധിയില്‍ പ്രവേശിച്ചാല്‍ മാത്രം മതി, അവിടുന്ന് അവളുടെ അഭ്യര്‍ത്ഥന സാധിച്ചുകൊടുക്കുവാന്‍. തന്നെ ഉദരത്തില്‍ വഹിക്കുകയും പാലൂട്ടി വളര്‍ത്തുകയും ചെയ്ത പ്രിയ മാതാവിന്‍രെ പ്രാര്‍ത്ഥന അവിടുത്തെ സ്‌നേഹപൂര്‍വം കീഴ്‌പ്പെടുത്തുന്നു.
    മേല്‍പറഞ്ഞവയെല്ലാം വിശുദ്ധ ബര്‍ണാര്‍ദിന്റെയും വിശുദ്ധ ബൊനവഞ്ചറിന്റെയും ഗ്രന്ഥങ്ങളില്‍നിന്നും സ്വീകരിച്ചിട്ടുള്ളവയാണ്. അവരുടെ അഭിപ്രായത്തില്‍ ദൈവത്തെ സമീപിക്കുന്നതിനു നാം മൂന്നു പടികള്‍ കയറണം. ആദ്യത്തേത് നമുക്ക് ഏറ്റവും സമീപസ്ഥവും നമ്മുടെ കഴിവുകള്‍ക്ക് അനുരൂപവുമാണ്. അതു മറിയമത്രേ. രണ്ടാമത്തേത് ക്രിസ്തുവും, മൂന്നാമത്തേതു പിതാവായ ദൈവവും. ക്രിസ്തുവിന്റെ പക്കല്‍ ചെന്നുചേരുവാന്‍ നാം മറിയത്തെ ആശ്രയിക്കണം. അവളാണ് നമ്മുടെ പ്രാര്‍ത്ഥനകളുമായി ക്രിസ്തുസമക്ഷം മാധ്യസ്ഥം വഹിക്കുന്നത്. പിതാവിലെത്തുവാന്‍ നാം ക്രിസ്തുവിനെ സമീപിക്കണം. അവിടുന്നാണു നമ്മുടെ പരിത്രാണത്തിനു മധ്യവര്‍ത്തി.

    നമുക്കു പ്രാര്‍ത്ഥിക്കാം

    പരിശുദ്ധ മറിയമേ, എന്റെ അമ്മേ, ഞാന്‍ എന്നെത്തന്നെ അങ്ങയുടെ വിമലഹൃദയത്തിനു പ്രതിഷ്ഠിക്കുന്നു. ഞാനും എനിക്കുള്ളവയും അങ്ങയുടേതാണ്. അങ്ങയുടെ കരുണയുടെ മേല്‍വസ്ത്രം കൊണ്ടെന്നെ മറയ്ക്കണമെ. എന്നെ അങ്ങയുടെ പൈതലായി സംരക്ഷിക്കുകയും, എന്റെ ആത്മാവിനെ സ്വര്‍ഗ്ഗത്തില്‍ ഈശോയുടെ സവിധത്തിലേക്ക് സുരക്ഷിതമായി നയിക്കുകയും ചെയ്യണമേ. കരുണയുടെ മാതാവേ എന്നെ മുഴുവനായി അങ്ങേയ്ക്കു ഞാന്‍ സമര്‍പ്പിക്കുന്നു. ഇപ്പോഴും, നിത്യതയിലും എന്റെ ആത്മാവിനെ ഞാന്‍ അങ്ങേയ്ക്ക് ഭരമേല്‍പ്പിക്കുന്നു. അങ്ങയുടെ പരിശുദ്ധ മേലങ്കിയാല്‍ എന്നെ പൊതിയണമെ, ആമ്മേന്‍.


    3. വിമലഹൃദയപ്രതിഷ്ഠാ ഒരുക്ക ധ്യാനവും വിചിന്തനവും


    ധ്യാനവിഷയവും പ്രാർത്ഥനയും

    മറിയം എല്ലാ പുണ്യങ്ങളുടെയും മാതൃക

    “രക്ഷകന്റെ മാതാവാകുന്നതിന് മറിയത്തെ ആസ്ഥാനത്തിന് അനുഗുണമായ ദാനങ്ങളാൽ ദൈവം സമ്പന്നയാക്കി ” ( പോൾ ആറാമൻ പാപ്പാ, രണ്ടാം വത്തിക്കാൻ കൗൺസിൽ, ” (തിരുസഭ ‘, 56).

    ആമുഖം

    ദൈവവചനം നിറവേറ്റുന്നവരുടെ മുൻപന്തിയിലാണ് മറിയം എന്നതാണ് വിശുദ്ധഗ്രന്ഥം മറിയത്തിനു കൊടുക്കുന്ന പരമോന്നത ബഹുമതി. ദൈവത്തിന്റെ വത്സല മാതാവായി അവൾ തിരഞ്ഞെടുക്കപ്പെട്ടതു മാത്രമല്ല അവളുടെ ഔന്നത്യത്തിന് അടിസ്ഥാനം. പ്രത്യുത, ദൈവവചനമനുസരിച്ച് അവൾ ജീവിച്ചു എന്നതാണ്. “നിന്നെ വഹിച്ച ഉദരവും നിന്നെ പാലൂട്ടിയ മുലകളും ഭാഗ്യമുള്ളവ” എന്ന് ജനക്കൂട്ടത്തിൽ നിന്നു വിളിച്ചുപറഞ്ഞ സ്ത്രീക്ക് ഈശോ കൊടുത്ത മറുപടിയിൽ ഇതു വ്യക്തമാണ്. “ദൈവവചനം കേട്ട് അതു പാലിക്കുന്നവർ കൂടുതൽ ഭാഗ്യവാന്മാർ” (വി. ലൂക്കാ 11:28).

    രണ്ടാം വത്തിക്കാൻ കൗൺസിൽ പ്രബോധനം

    രണ്ടാം വത്തിക്കാൻ കൗൺസിൽ പരിശുദ്ധ മറിയത്തിന്റെ അതുല്യ പരിശുദ്ധിയെപ്പറ്റി ഇപ്രകാരം പറയുന്നു. തന്റെ പുത്രന്റെ യോഗ്യതയാൽ പ്രത്യേകവും അത്യുത്കൃഷ്ടവുമായ രീതിയിൽ അവൾ വീണ്ടെടുക്കപ്പെട്ടു (‘തിരുസഭ ‘ , 53). “പൂർണ വിശുദ്ധ, സകല പാപങ്ങളിലും നിന്നു വിമുക്ത, പരിശുദ്ധാത്മാവ് രൂപം നല്കിയ ഒരു പുതിയ സൃഷ്ടി എന്നിങ്ങനെയുള്ള സംബോധനകളാൽ ദൈവജനനിയെ പ്രകീർത്തിക്കുന്ന പതിവ് സഭാപിതാക്കന്മാരുടെ ഇടയിൽ പ്രബലപ്പെട്ടു കാണുന്നു” (‘തിരുസഭ,56).
    “ക്രിസ്തീയ വിശ്വാസികൾ തിരഞ്ഞെടുക്കപ്പെട്ടവരുടെ സമൂഹത്തിനു മുഴുവൻ പുണ്യങ്ങളുടെ മാതൃകയായി പ്രശോഭിക്കുന്ന മറിയത്തിന്റെ പക്കലേക്കു കണ്ണുകളുയർത്തുന്നു ( ‘തിരുസഭ ‘, 65). ” രക്ഷകന്റെ മാതാവാകുന്നതിന് മറിയത്തെ ആ സ്ഥാനത്തിന് അനുഗുണമായ ദാനങ്ങളാൽ സമ്പന്നയാക്കി” ( ‘തിരുസഭ ‘, 56).

    വിശുദ്ധ പോൾ ആറാമൻ പാപ്പാ

    പരിശുദ്ധ മറിയത്തെ വിശ്വാസികൾക്ക് അമ്മയായി നല്കിയതിന്റെ കാരണംതന്നെ നമ്മുടെ ജീവിതത്തിൽ പ്രാവർത്തികമാക്കേണ്ട സുകൃതങ്ങളുടെ മാതൃകയായി അവളെ സ്വീകരിക്കാനാണെന്ന് വിശുദ്ധ പോൾ ആറാമൻ പാപ്പാ പഠിപ്പിക്കുന്നുണ്ട് : ” യേശുക്രിസ്തു പരിശുദ്ധ കന്യകയെ നമുക്ക് അമ്മയായി നല്കിയപ്പോൾ നാം അനുകരിക്കേണ്ട ഒരു മാതൃക നിശ്ശബ്ദമായി സൂചിപ്പിക്കുകയായിരുന്നു. ഈ വസ്തുതയാണ്, അവളുടെ മാതൃകകൾ അനുകരിക്കാൻ വിശ്വാസികളെ കൂടുതലായി പ്രേരിപ്പിക്കേണ്ടത് ” (പോൾ ആറാമൻ പാപ്പാ, “സീഞ്ഞും മാഗ്നം”, ഭാഗം 2, നമ്പർ 5).

    പോൾ ആറാമൻ പാപ്പാ പഠിപ്പിക്കുകയാണ് : കന്യകമറിയത്തിന്റെ വിശ്വാസവും വിധേയത്വപൂർവം ദൈവവചനം സ്വീകരിക്കലും (വി. ലൂക്കാ 1:26 – 38, 1:45, 11:27 – 28 ; വി. യോഹ 2:5 ); ഉദാരത നിറഞ്ഞ അനുസരണം (വി. ലൂക്കാ 1:38) ; യഥാർഥമായ വിനയം (വി. ലൂക്കാ 1:48); ഉത്സാഹപൂർവകമായ പരസ്നേഹം (വി. ലൂക്കാ 1:39 – 56 ) ; അഗാധമായ ജ്ഞാനം (വി. ലൂക്കാ 1:29, 34, 2:19, 33 : 51) ; മതപരമായ കടമകൾ വേഗത്തിൽ പൂർത്തിയാക്കുന്നതിൽ (വി. ലൂക്കാ 2:21 – 41) ; സ്വീകരിച്ച ദാനങ്ങൾക്ക് കൃതജ്ഞതാസമർപ്പണത്തിൽ (വി. ലൂക്കാ 1:46 – 49), ദൈവാലയത്തിലുള്ള അവളുടെ സമർപ്പണത്തിൽ (വി. ലൂക്കാ 2:22 – 24), അപ്പസ്തോല സമൂഹത്തിന്റെ മധ്യത്തിൽ അവൾ നടത്തിയ പ്രാർഥനയിൽ (അപ്പ 1:12 – 14) ; അവൾ വേഗത്തിൽ പ്രദർശിപ്പിച്ച ദൈവാരാധനയിൽ; വിപ്രവാസത്തിലും (വി. മത്താ 2:13 – 23 ) സഹനത്തിലും (വി. ലൂക്കാ 2:34 – 35; 49 ; വി. യോഹ 19:25-27) അവൾക്കുണ്ടായിരുന്ന ധീരത; മഹത്വവും ദൈവത്തിലുള്ള വിശ്വാസപൂർവകമായ ആശ്രയവും പ്രതിഫലിപ്പിക്കുന്ന അവളുടെ ദാരിദ്ര്യം (വി. ലൂക്കാ 2:24); തന്റെ പുത്രനോട്, അവന്റെ എളിയ ജനനം മുതൽ കുരിശിലെ അപമാനംവരെ അവൾ കാണിച്ച ശ്രദ്ധാപൂർവകമായ പരിപാലനം (വി. ലൂക്കാ 2:1-7, വി. യോഹ 19:25 – 27); അവളുടെ വൈകാരിക പ്രാധാന്യമുള്ള മുൻവിചാരം (വി. യോഹ 2:1 – 11); കന്യാത്വപരമായ അവളുടെ വിശുദ്ധി (വി. മത്താ 1:18 – 25 ; വി. ലൂക്കാ 10 – 38); അവളുടെ സുശക്തവും ചാരിത്രപൂർണവുമായ വിവാഹജീവിതം, ആ അമ്മയുടെ ഈ സദ്ഗുണങ്ങൾ, തങ്ങളുടെ ജീവിതത്തിൽ പ്രതിഫലിപ്പിക്കാൻ സ്ഥിരോഹത്തോടെ പഠിക്കുന്ന അവരുടെ മക്കളെയും അലങ്കരിക്കും” (“മരിയാലിസ് കുൾത്തൂസ് “, 57).

    വിശുദ്ധ മോൺഫോർട്ട് അവതരിപ്പിക്കുന്ന 10 മരിയൻ സുകൃതങ്ങൾ

    ‘ യഥാർഥ മരിയഭക്തി ‘ എന്ന ഗ്രന്ഥത്തിൽ വിശുദ്ധ ലൂയിസ് ഡി മോൺഫോർട്ട് മറിയത്തിൽ വിളങ്ങിയിരുന്ന 10 സുകൃതങ്ങളെപ്പറ്റി സൂചിപ്പിക്കുന്നുണ്ട്. അവ മറിയത്തിന്റെ അഗാധമായ എളിമ, സജീവ വിശ്വാസം, അനന്തമായ അനുസരണം, നിരന്തരമായ മാനസിക പ്രാർഥന, എല്ലാ കാര്യങ്ങളിലുമുള്ള സ്വയം പരിത്യാഗം, അളവില്ലാത്ത സ്നേഹം, വീരോചിതമായ ക്ഷമ, മാലാഖയ്ക്കടുത്ത മാധുര്യം, ദൈവികജ്ഞാനം, ദൈവിക പരിശുദ്ധി എന്നിവയാണ്.

    മറിയത്തെ ധ്യാനിക്കുന്നതുതന്നെ സുകൃതസമ്പാദന വഴി

    മറിയം എല്ലാ സുകൃതങ്ങളുടെയും നിറവായതിനാൽ മറിയത്തെപ്പറ്റി ധ്യാനിക്കുന്നതുപോലും യേശുവിനോട് അനുരൂപപ്പെടുന്നതിന് കാരണമാകുന്നുവെന്നാണ് തിരുസഭ ഏറ്റുപറയുന്നത്: “മറിയം ഒരു തരത്തിൽ വിശ്വാസത്തിന്റെ കേന്ദ്ര സത്യങ്ങളെല്ലാം തന്നിൽ സംയോജിപ്പിക്കുകയും പ്രതിഫലിപ്പിക്കുകയും ചെയ്യുന്നുണ്ട്. തന്മൂലം വിശ്വാസികൾ മറിയത്തെ കീർത്തിക്കുകയും വണങ്ങുകയും ചെയ്യുമ്പോൾ അവൾ അവരെ സ്വസുതനിലേക്കും അവിടത്തെ ബലിയിലേക്കും ദൈവപിതാവിന്റെ സ്നേഹത്തിലേക്കും ആനയിക്കുന്നു. സഭ മറിയത്തിന്റെ മഹനീയ മാതൃകയോടു കൂടുതൽ അനുരൂപപ്പെടുകയും വിശ്വാസം, പ്രതീക്ഷ, സ്നേഹം എന്നിവയിൽ നിരന്തരം പുരോഗമിച്ച് എല്ലാറ്റിലും ദൈവതിരുമനസ്സ് അന്വേഷിച്ചറിഞ്ഞ് പ്രവർത്തിക്കുകയും ചെയ്യുന്നു. തന്മൂലം തന്റെ പ്രേഷിത പ്രവർത്തനങ്ങളിലും സഭ മറിയത്തിലേക്കു തിരിയുന്നത് യുക്തമായിരിക്കുന്നു. മനുഷ്യരുടെ പുനർ ജനനത്തിനുവേണ്ടിയുള്ള സഭയുടെ പ്രേഷിത വേലയിൽ സഹകരിക്കുന്നവർക്കുണ്ടാകേണ്ട മാതൃസ്നേഹത്തിന്റെ മാതൃക പരിശുദ്ധ മറിയത്തിന്റെ ജീവിതത്തിൽ കാണാം” ( രണ്ടാം വത്തിക്കാൻ കൗൺസിൽ ‘ തിരുസഭ’, 65).

    മരിയഭക്തി സുകൃതാഭ്യാസനത്തിന് സഹായകം

    ” ദിവ്യരക്ഷകനോടുള്ള ആരാധനയ്ക്ക് കീഴ്പ്പെടുത്തിയതും അതിനോട് ബന്ധപ്പെടുത്തിയതുമായ കന്യകമറിയത്തോടുള്ള ഭക്തിക്ക് അജപാലനപരമായ വലിയ കാര്യക്ഷമതയുണ്ടെന്നും അത് ക്രൈസ്തവജീവിതം നവീകരിക്കുന്നതിനുള്ള ശക്തിയാണെന്നും സഭ അംഗീകരിക്കുന്നു” (വിശുദ്ധ പോൾ ആറാമൻ പാപ്പ, മരിയാലിസ് കുൾത്തുസ് ; 57). “പരിശുദ്ധാത്മാവാൽ ശക്തിപ്പെട്ടും നൂറ്റാണ്ടുകളുടെ അനുഭവത്താൽ സഹായിക്കപ്പെട്ടുമാണ് സഭ അങ്ങനെ ചെയ്യുന്നത് ” എന്ന് പാപ്പാ എടുത്തുപറയുന്നു. അമ്മയെന്ന നിലയിലുള്ള കന്യകമറിയത്തിന്റെ ധർമം ദൈവജനത്തെ അവളിലേക്ക് സന്താനസഹജമായ ആത്മവിശ്വാസത്തോടെ തിരിയാൻ പ്രേരിപ്പിക്കുന്നു. അമ്മയുടെ വാത്സല്യത്തോടും ഫലപ്രദമായ സഹായത്തോടുംകൂടെ ശ്രവിക്കാൻ എപ്പോഴും അവൾ തയ്യാറാണ്. അതുകൊണ്ട് അവളെ പീഡിതരുടെ ആശ്വാസം, രോഗികളുടെ ആരോഗ്യം, പാപികളുടെ സങ്കേതം എന്നിങ്ങനെ വിളിക്കാൻ ദൈവജനം പഠിച്ചു. ഞെരുക്കങ്ങളിൽ ആശ്വാസം കണ്ടെത്താനും രോഗങ്ങളിൽ ശമനം കണ്ടെത്താനും കുറ്റബാധത്തിൽ വിമോചകശക്തി കണ്ടെത്താനുമാണത്. എന്തെന്നാൽ, ഊർജസ്വലതയോടും ദൃഢനിശ്ചയത്തോടും കൂടെ പാപത്തിനെതിരെ പടപൊരുതാൻ പാപവിമുക്തയായ അവൾ തന്റെ മക്കളെ പ്രേരിപ്പിക്കുന്നു” (“മരിയാലിസ് കുർസ് “, 57).

    മരിയൻ സമർപ്പണംവഴി മറിയത്തിന്റെ സുകൃതങ്ങൾ നമുക്ക് ലഭിക്കും

    പരിശുദ്ധ മാതാവിനു നാം സംമ്പൂർണസമർപ്പണം ചെയ്യുമ്പോൾ ലഭിക്കുന്ന ഒരു മഹാനുഗ്രഹം മറിയം തന്റെ സുകൃതങ്ങൾ നമുക്ക് കൈമാറുകയും നമ്മുടെ അപൂർണ സുകൃതങ്ങളെ പൂർണമാക്കുകയും ചെയ്യും എന്നതാണ്. “എല്ലാം മറിയത്തിനു സമർപ്പിക്കുകയും എല്ലാത്തിലും, എല്ലാറ്റിനുവേണ്ടിയും അവളിൽ ആശ്രയിക്കുകയും അവളിൽ പരിപൂർണമായി നിർലീനനാകുകയും ചെയ്യുന്നവൻ, ഓ, എത്രയോ സന്തോഷവാൻ ! അവൻ മുഴുവൻ മറിയത്തിന്റേതാണ്. മറിയം മുഴുവൻ അവന്റെതും ” ( ‘യഥാർഥ മരിയഭക്തി ‘, 179). “മരിയൻ പ്രതിഷ്ഠവഴി നമ്മെത്തന്നേയും നമ്മുടെ യോഗ്യതകളെയും പരിഹാരകൃത്യങ്ങളേയും നാം മറിയത്തിനു സമർപ്പിക്കുമ്പോൾ, അവളത് സ്വീകരിക്കുകയും, നമ്മുടെ പഴയ വസ്ത്രം ഉരിഞ്ഞുമാറ്റി നമ്മെ ശുദ്ധീകരിച്ച് സ്വർഗീയ പിതാവിന്റെ മുമ്പിൽ പ്രത്യക്ഷപ്പെടാൻ യോഗ്യരാക്കുകയും ചെയ്യുന്നു. ( ‘യഥാർഥ മരിയഭക്തി ‘, 206).

    “വിശുദ്ധ ബൊനവെഞ്ചർ വ്യക്തമായി പറയുന്നു : ‘പരിശുദ്ധ കന്യക, വിശുദ്ധിയുടെ പൂർണതയിൽ വിശുദ്ധരെ സൂക്ഷിക്കുക മാത്രമല്ല. വിശുദ്ധർ പുണ്യപൂർണതയിൽനിന്നു വീണുപോകാതിരിക്കാൻ അവരെ അതിന്റെ സമൃദ്ധിയിൽ നിലനിർത്തുകയും ചെയ്യുന്നു. നഷ്ടപ്പെടാതിരിക്കത്തക്കവണ്ണം അവരുടെ സുകൃതങ്ങളെയും നിഷ്ഫലമാകാതിരിക്കത്തക്കവിധം അവരുടെ യോഗ്യതകളേയും കൈവിട്ടുപോകാതിരിക്കത്തക്കവിധം അവർക്കു ലഭിക്കുന്ന കൃപാവരങ്ങളെയും അവൾ കാത്തുസൂക്ഷിക്കുന്നു. മാത്രമല്ല, പിശാചിന്റെ ഉപദ്രവങ്ങളിൽനിന്നു സംരക്ഷിക്കുന്നു. വല്ല കാരണത്താലും പാപത്തിൽ വീണു പോയാൽ തന്റെ ദിവ്യസുതന്റെ ശിക്ഷയിൽ നിന്നു പോലും അവരെ രക്ഷിക്കുന്നു ” (യഥാർഥ മരിയഭക്തി’, 174 ).

    മറിയത്തിന്റെ ചൈതന്യംകൊണ്ട് നാം നിറയും

    “പൂർണമായി തന്നെത്തന്നെ സമർപ്പിക്കുന്നവനും അതിനുവേണ്ടി തനിക്കു പ്രിയങ്കരമായ സമസ്തവും ത്യജിച്ചുകൊണ്ട് അവളെ മഹത്ത പ്പെടുത്തുന്നവനായ ഒരുവനെ മറിയം അതേ ചൈതന്യത്തോടെ സമീപിക്കും. അവന് തന്നെത്തന്നെ പൂർണമായും അവർണനീയവുമായ വിധത്തിലും അവൾ നല്കും. തന്റെ കൃപാസമുദ്രത്തിന്റെ ആഴങ്ങളിലേക്ക് ആഴ്ത്തും. അവനെ തന്റെ യോഗ്യതകൾകൊണ്ട് അലങ്കരിക്കും. തന്റെ ശക്തി കൊണ്ട് അവനെ താങ്ങും. അവനെ തന്റെ പ്രഭാകിരണങ്ങൾകൊണ്ട് പ്രകാശിപ്പിക്കും. സ്നേഹം കൊണ്ടവനെ ജ്വലിപ്പിക്കും. എളിമ, വിശ്വസ്തത, ശുദ്ധത തുടങ്ങിയ തന്റെ എല്ലാ സുകൃതങ്ങളിലും അവനെ ഭാഗഭാക്കാക്കും. ഈശോയുടെ മുമ്പിൽ അവന്റെ ജാമ്യക്കാരിയും അവന്റെ എല്ലാ കുറവുകളെയും നികത്തുന്നവളും അവന്റെ സർവസ്വവുമായി അവൾ മാറും. ചുരുക്കത്തിൽ, അവൾക്ക് തന്നെത്തന്നെ സമർപ്പിച്ചിരിക്കുന്നവൻ പരിപൂർണമായി അവളുടേതായിരിക്കുന്നപോലെ അവൾ മുഴുവൻ അവന്റേതുമായിരിക്കും” (‘യഥാർഥ മരിയഭക്തി’, 144).

    ബൈബിൾ വായന

    “അവർ ഒലിവുമലയിൽനിന്ന് ജറുസലെമിലേക്കു മടങ്ങിപ്പോയി ; ഇവ തമ്മിൽ ഒരു സാബത്തുദിവസത്തെ യാത്രാദൂരമാണുള്ളത്. അവർ പട്ടണത്തിലെത്തി, തങ്ങൾ താമസിച്ചിരുന്ന വീടിന്റെ മുകളിലത്തെനിലയിലുള്ള മുറിയിൽ ചെന്നു. ഇവർ ഏകമനസ്സോടെ യേശുവിന്റെ അമ്മയായ മറിയത്തോടും മറ്റു സ്ത്രീകളോടും അവന്റെ സഹോദരരോടുമൊപ്പം പ്രാർഥനയിൽ മുഴുകിയിരുന്നു ” ( അപ്പ 1:12 – 14). “പന്തക്കുസ്താദിനം സമാഗതമായപ്പോൾ അവരെല്ലാവരും ഒരുമിച്ചുകൂടിയിരിക്കുകയായിരുന്നു. കൊടുങ്കാറ്റടിക്കുന്നതുപോലുള്ള ഒരു ശബ്ദം പെട്ടെന്ന് ആകാശത്തുനിന്നുണ്ടായി. അത് അവർ സമ്മേളിച്ചിരുന്ന വീടുമുഴുവൻ നിറഞ്ഞു. അഗ്നിജ്ജ്വാലകൾ പോലുള്ള നാവുകൾ തങ്ങളോരോരുത്തരുടെയും മേൽ വന്നു നില്ക്കുന്നതായി അവർ കണ്ടു. അവരെല്ലാവരും പരിശുദ്ധാത്മാവാൽ നിറഞ്ഞു” (അപ്പ 2:1 – 4).

    പ്രാർഥന

    പരിശുദ്ധ മറിയമേ, ശ്ലീഹന്മാരെപ്പോലെ ഞാനും എന്റെ കുറവുകളോടും അപൂർണതകളോടും കൂടെ നിന്റെ സങ്കേതം തേടുന്നു. പരിശുദ്ധാത്മാവ് എന്നിൽ നിറയാൻ പ്രാർഥിക്കണമേ. എന്റെ മേലുള്ള നിന്റെ ദൈവസ്ഥാപിത അധികാരം ഞാൻ അഭിമാനത്തോടെ അംഗീകരിച്ചാദരിക്കുന്നു. സ്വമനസ്സാ നിനക്കു ഞാൻ വിട്ടുതരാത്ത ഏതെങ്കിലും മേഖലകൾ എന്റെ ജീവിതത്തിലുണ്ടെങ്കിൽ അമ്മയുടെ സർവാധികാരം പ്രയോഗിച്ച് ആ മേഖലയിൽ അധികാരം സ്ഥാപിച്ച് ദൈവമാർഗത്തിൽ എന്നെ ഭരിച്ചുനടത്തണമേ. നിന്റെ ഈ മകന്റെ (മകളുടെ) അപാകങ്ങളും അറിവില്ലായ്മയും മൂലം നിനക്കു സമർപ്പിക്കുന്നതിൽ ഞാൻ വരുത്തിയ വീഴ്ച സദയം ക്ഷമിച്ച് ഈ ദാസനെ (ദാസിയെ) നിന്റെ അധികാരത്തിൻകീഴിൽ സംരക്ഷിക്കണമേ, ആമേൻ.


    സത്കൃത്യം

    എളിമ പരിശീലിച്ചുകൊണ്ട് ഈ ദിവസങ്ങളിൽ ജീവിക്കുക.

    ++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++

    ശാലോം ടി വി യിൽ ബഹുമാനപ്പെട്ട വട്ടായിലച്ചൻ നയിച്ച വിമലഹൃദയ പ്രതിഷ്ഠ അച്ഛന്റെ പ്രേത്യേക അനുവാദത്തോടെ ഇവിടെ നൽകുന്നു. സാധിക്കുന്ന എല്ലാവരും സമയം കണ്ടെത്തി ഈ അനുഗ്രഹപ്രദമായ ശുശ്രൂഷയിൽ പങ്കുകൊള്ളുക .

    ++++++++++++++++++++++++++++++++++++++++++++++++++++++++++++++++++

    https://www.youtube.com/watch?v=fANe_gmD5k0&list=PL3uhR8KUVQTxrd02-lFANST3UYzhj5ARI&index=26

    DAY 1 പ്രതിഷ്ഠാ ഒരുക്കം DAY17 പ്രതിഷ്ഠ ഒരുക്കം

    DAY 2 പ്രതിഷ്ഠാ ഒരുക്കം DAY18 പ്രതിഷ്ഠ ഒരുക്കം

    DAY 3 പ്രതിഷ്ഠാ ഒരുക്കം DAY 19 പ്രതിഷ്ഠ ഒരുക്കം

    DAY 4 പ്രതിഷ്ഠാ ഒരുക്കം DAY 20 പ്രതിഷ്ഠ ഒരുക്കം

    DAY 5 പ്രതിഷ്ഠാ ഒരുക്കം DAY 21 പ്രതിഷ്ഠ ഒരുക്കം

    DAY 6 പ്രതിഷ്ഠാ ഒരുക്കം DAY 22 പ്രതിഷ്ഠ ഒരുക്കം

    DAY 7 പ്രതിഷ്ഠാ ഒരുക്കം DAY 23 പ്രതിഷ്ഠ ഒരുക്കം

    DAY 8 പ്രതിഷ്ഠാ ഒരുക്കം DAY 24 പ്രതിഷ്ഠ ഒരുക്കം

    DAY 9 പ്രതിഷ്ഠാ ഒരുക്കം DAY25 പ്രതിഷ്ഠ ഒരുക്കം

    DAY 10 പ്രതിഷ്ഠാ ഒരുക്കം

    DAY 11 പ്രതിഷ്ഠാ ഒരുക്കം

    DAY 12 പ്രതിഷ്ഠ ഒരുക്കം

    DAY 13 പ്രതിഷ്ഠ ഒരുക്കം

    DAY 14 പ്രതിഷ്ഠ ഒരുക്കം

    DAY 15 പ്രതിഷ്ഠ ഒരുക്കം

    DAY16 പ്രതിഷ്ഠ ഒരുക്കം

    MARIAN MINISTRY & THE CONFRATERNITY OF THE MOST HOLY ROSARY

    spot_img
    spot_img
    spot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!