==========================================================================
33 ദിവസത്തെ സമ്പൂർണ വിമലഹൃദയ പ്രതിഷ്ഠക്കുള്ള നിർദ്ദേശങ്ങൾ വായിക്കുവാൻ ഇവിടെ ക്ലിക് ചെയ്യുക
ഇരുപത്തിയേഴു മുതൽ മുപ്പത്തിമൂന്നു വരെയുള്ള അവസാനത്തെ ആഴ്ചയിലെ ഒരുക്ക പ്രാർത്ഥനകൾ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
=========================================================================
മുപ്പത്തിഒന്നാം ദിവസം
യേശുവിനെ അറിയുക
ക്രിസ്താനുകരണ വായന.
ദൈവസ്നേഹത്തിന്റെ അത്ഭുതസിദ്ധികൾ.
ശിഷ്യൻ:
- സ്വർഗ്ഗീയ പിതാവേ, എന്റെ കർത്താവായ യേശു ക്രിസ്തുവിന്റെ പിതാവേ, അങ്ങയെ ഞാൻ സ്തുതിക്കുന്നു. ഈ പാവപ്പെട്ട എന്നെ ഓർക്കുവാൻ കനിഞ്ഞല്ലോ.
കാരുണ്യമുള്ള പിതാവേ, സകല ആശ്വാസങ്ങളുടേയും ദൈവമേ, യാതൊരാശ്വാസത്തിനും യോഗ്യതയില്ലാത്തവനായ എന്നെ ചിലപ്പോഴൊക്കെ അങ്ങ് ആശ്വസിപ്പിച്ചതിനു ഞാൻ അങ്ങയെ സ്മരിക്കുന്നു. അങ്ങയുടെ ഏകജാതനോടും ആശ്വാസപദനായ പരി
ശുദ്ധാത്മാവിനോടുംകൂടി അങ്ങയെ ഞാനെപ്പോഴും എന്നേയ്ക്കും സ്തുതിക്കുകയും മഹത്വപ്പെടുത്തുകയും ചെയ്യുന്നു.
ദൈവമായ കർത്താവേ, എന്റെ പരിശുദ്ധനായ സ്നേഹിതാ, അങ്ങ് എന്റെ ഹൃദയത്തിൽ എഴുന്നള്ളിവരുമ്പോൾ, എന്റെ അന്തരിന്ദ്രിയങ്ങളെല്ലാം ആനന്ദം കൊള്ളും.
അങ്ങ് എന്റെ മഹത്വവും ഹൃദയത്തിന്റെ ആനന്ദവു മാകുന്നു. കഷ്ടകാലത്ത് അങ്ങ് എന്റെ പ്രത്യാശയും അഭയവുമാകുന്നു. - ഞാൻ ഇനിയും സ്നേഹത്തിൽ ദുർബ്ബലനും പുണ്യത്തിൽ അപൂർണ്ണനുമാകകൊണ്ട് അങ്ങ് എന്നെ ശക്തി പ്പെടുത്തുകയും ആശ്വസിപ്പിക്കുകയും ചെയ്യണമേ.
ആകയാൽ, അങ്ങ് എന്നെ കൂടെക്കൂടെ സന്ദർശിച്ച് അങ്ങയുടെ പരിശുദ്ധമായ ഉപദേശങ്ങൾ പഠിപ്പിക്കണമേ. ദുഷ്ടമായ ദുരാശകളിൽ നിന്ന് അങ്ങ് എന്നെ സ്വതന്തനാക്കുകയും ക്രമരഹിതമായ എല്ലാ ആശാപാശങ്ങളിൽ നിന്ന് എന്നെ മോചിപ്പിക്കയും ചെയ്യണമേ. ഇങ്ങനെ ഞാൻ ആന്തരികമായി സുഖപ്പെട്ടും പവിത്രീകരിക്കപ്പെട്ടും കൊണ്ട് സ്നേഹിക്കാൻ യോഗ്യനും സഹിക്കാൻ ശക്തനും നിലനില്ക്കുവാൻ കരുത്തനുമായിത്തീരും. - സ്നേഹം ഒരു വലിയ കാര്യവും എല്ലാം കൊണ്ടും വിശിഷ്ടനന്മയുമാകുന്നു. ഭാരമേറിയവയെ അതു ലഘുപ്പെടുത്തുന്നു; ഏററക്കുറവുകളെ സമചിത്തതയോടെ സഹിക്കുന്നു. സ്നേഹം ഭാരത്തെ ഭാരമില്ലാത്തവണ്ണം തോളിലേന്തും; കൈയ്പേറിയവയെ മധുരവും ആസ്വാദ്യവുമാക്കിത്തീർക്കും.
ഈശോയോടുള്ള സ്നേഹം ശ്രേഷ്ഠമാണ്. അതു മഹാകാര്യങ്ങൾ ചെയ്യാൻ നമ്മെ ഉത്സാഹിപ്പിക്കുന്നു; ഉൽക്കുഷ്ടമായവ ആഗ്രഹിക്കുവാൻ നമ്മെ പ്രേരിപ്പിക്കുകയും ചെയ്യുന്നു. സ്നേഹം ഉന്നതതലത്തേക്കു കുതിക്കുന്നു; കീഴിലുള്ള യാതൊന്നും അതിനെ തടയുവാൻ അനുവദിക്കയില്ല. അതിന്റെ ആന്തരികവശത്തിനു മാററം വരാതിരിക്കാനും ഏതെങ്കിലും ലൗകികനന്മയിൽ കുടുങ്ങാതിരിക്കാനും വല്ല നഷ്ടങ്ങളാലും മനത്തളർച്ച തട്ടാതിരിക്കാനും വേണ്ടി
ലൗകികവ്യാമോഹങ്ങളിൽ നിന്നൊഴിഞ്ഞ സ്വത്രന്തമായിരിക്കാൻ സ്നേഹം ആഗ്രഹിക്കുന്നു. നേഹത്തേക്കാൾ മധുരമോ ബലവത്തോ ശ്രഷ്ഠമോ വിശാലമോ ആനന്ദപ്രദമോ ആയ ഒന്നുമില്ല. അതിനേക്കാൾ പൂർണ്ണമായി മണ്ണിലോ വിണ്ണിലോ ഒന്നും കാണുക യില്ല. സ്നേഹത്തിന്റെ ഉത്ഭവം ദൈവത്തിൽ നിന്നാണല്ലോ. സൃഷ്ടവസ്തുക്കൾക്കെല്ലാം മീതെ ദൈവത്തിൽ മാത്രം അതു സ്വസ്ഥമായിരിക്കും. 4, സ്നേഹമുള്ളവൻ ഓടുന്നു, ചാടുന്നു, ആഹ്ലാദിക്കുന്നു, സ്വത്രന്തനാകുന്നു, യാതൊന്നിനും അവനെ തടഞ്ഞു നിറുത്തുവാൻ കഴിയുകയില്ല.
അവൻ എല്ലാവർക്കുമായി എല്ലാം കൊടുക്കുന്നു. എല്ലാററിലും എല്ലാം അവനുണ്ട്. സമസ്ത നന്മയും ഉത്ഭവിച്ച് ഒഴുകുന്ന ഏക പരമനന്മയിലാണ് സർവ്വോപരി ആശ്വാസം കണ്ടെത്തുന്നത്.
അവൻ ദാനമെന്തെന്നു നോക്കുന്നില്ല, സർവ്വദാനങ്ങളെ – ക്കാളുപരിയായി അവയുടെ ദാതാവിലേക്ക് തിരിയുന്നു. സ്നേഹം പലപ്പോഴും അളന്നു തിട്ടപ്പെടുത്താവുന്നതല്ല. സർവ്വ അളവുകളേയും അതിലംഘിച്ച് അതു മിന്നി ത്തിളങ്ങുന്നു. സ്നേഹത്തിനു ഭാരം തോന്നുന്നില്ല. അത് അദ്ധ്വാനത്ത ഗൗനിക്കുന്നില്ല. തന്റെ ശക്തിക്ക് അതീതമായതു ചെയ്യാൻ അതാഗ്രഹിക്കുന്നു. കഴിവ് കുറവിനെക്കുറിച്ച് ആവലാതിപ്പെടുന്നുമില്ല. എന്തും ചെയ്യാൻ കഴിയുമെന്നും എന്തും
ചെയ്യാമെന്നുമാണ് അതിന്റെ ചിന്ത.
ആകയാൽ എന്തു ചെയ്യാനും സ്നേഹം മതിയാകുന്നു. സ്നേഹമില്ലാത്തവൻ ക്ഷീണിച്ചു വീഴുന്നിടത്ത് സ്നേഹമുള്ളവൻ വലിയ കാര്യങ്ങൾ ചെയ്തുതീർക്കുന്നു. - സ്നേഹം ഉറക്കമിളച്ചിരിക്കുന്നു; ഉറങ്ങിപ്പോയാലും
അതിനു മന്ദതയില്ല. ക്ഷീണിച്ചാലും മടുക്കുന്നില്ല; ഞെരുക്കപ്പെട്ടാലും അട ങ്ങുന്നില്ല. ഭയപ്പെടുത്തിയാലും പരിഭ്രമിക്കുന്നില്ല. സജീവ മായ ജ്വാലപോലെയും കത്തിക്കാളുന്ന പന്തം പോലെയും സ്നേഹം ജ്വലിച്ചുയരുന്നു; സർവ്വ പ്രതിബന്ധങ്ങളേയും ജയിക്കുന്നു.
സ്നേഹമുള്ളവന് സ്നേഹമെന്താണെന്ന് അറിയാം. ആത്മാവിന്റെ സ്നേഹാട്ടഹാസമാണ് ദൈവത്തിന്റെ മുമ്പാകെ മാറെറാലിക്കൊള്ളുന്നത്. എന്റെ ദൈവമേ, എന്റെ സ്നേഹമേ, അങ്ങു മുഴുവനും എന്റേതാകുന്നു; ഞാൻ അങ്ങ യുടേതുമാകുന്നു എന്നാണ് ആത്മാവിന്റെ പ്രഖ്യാപനം. - ദൈവസ്നേഹം യാചിച്ചു കൊണ്ടുള്ള ശിഷ്യന്റെ പ്രാർത്ഥന. സ്നേഹിക്കുന്നതും സ്നേഹത്തിൽ മുങ്ങി നീന്തുന്നതും എത്ര മധുരമാണെന്ന് ആസ്വദിച്ചറിയുന്നതിന്, സ്നേഹത്താൽ എന്റെ ഹൃദയത്തെ വികസിപ്പിക്കണമേ.
തീഷ്ണതയുടേയും പാരവശ്യത്തിന്റേയും ആധിക്യത്താൽ ഞാൻ ഉയർന്ന് സ്നേഹത്തിനു പൂർണ്ണമായി അധീ നനാകുമാറാകട്ടെ.
ഞാൻ സ്നേഹത്തിന്റെ പാട്ടുപാടട്ടെ; എന്റെ പ്രിയനായ അങ്ങയെ ഞാൻ ഉന്നതതലത്തിലേക്ക് പിന്തുടരട്ടെ. എന്റെ ആത്മാവ് അങ്ങേ സ്തുതികളിൽ വ്യാപൃതനായി സ്നേഹം കൊണ്ട് അത്യന്തം ആനന്ദിക്കുമാറാകട്ടെ.
എന്നേക്കാളധികം ഞാൻ അങ്ങയെ സ്നേഹിക്കുമാറാകട്ടെ. അങ്ങയെപ്രതിയല്ലാതെ ഞാൻ എന്നെ സ്നേഹിക്കാതിരിക്കട്ടെ. അങ്ങയിൽ നിന്ന് ഉദിച്ചുവന്നിട്ടുള്ള സ്നേഹ ത്തിന്റെ കല്പന അനുശാസിക്കുന്നതുപോലെ അങ്ങയെ സ്നേഹിക്കുന്ന ഏവരേയും ഞാൻ സ്നേഹിക്കട്ടെ. - സ്നേഹം വേഗവും പരമാർത്ഥതയും ഭക്തിയും സന്തോഷവും മാധുര്യവും ക്ഷമയും വിശ്വസ്തതയും വിവേകവും ദീർഘശാന്തതയും ധൈര്യവും ഉള്ളതാകുന്നു;
സ്വാർത്ഥതയില്ലതാനും.
തൻകാര്യം അന്വേഷിക്കുന്നവൻ അതോടെ സ്നേഹ ത്തിൽനിന്ന് അധഃപതിക്കുന്നു. സ്നേഹം വിവേകവും എളിമയും പരമാർത്ഥതയു മുള്ളതാകുന്നു. അതു മൃദുത്വമോ ലഘുത്വമോ ഉള്ളതല്ല;
വ്യർത്ഥകാര്യങ്ങളിൽ ശ്രദ്ധിക്കുന്നില്ല; മിതത്വവും ചാരിത്രശുദ്ധിയും സ്ഥിരതയും അടക്കവുമുള്ളതാണ്; സകല ഇന്ദ്രിയങ്ങളുടേയും മേൽ ശ്രദ്ധപതിക്കുന്നതുമത്രേ. സ്നേഹം മേലദ്ധ്യക്ഷന്മാരോടു കീഴ്വഴക്കവും അനു സരണവും പ്രകാശിപ്പിക്കുന്നു. താൻ നിന്ദ്യനും വെറുക്ക പ്പെടേണ്ടവനും, ദൈവത്തോടു ഭക്തിയും നന്ദിയുമുള്ളവനും ആയി അതു കാണുന്നു. ദിവ്യാശ്വാസങ്ങൾ ഇല്ലാത്ത പ്പോഴും സ്നേഹം ദൈവത്തിൽ വിശ്വാസവും പ്രത്യാശയും അർപ്പിക്കുന്നു. എന്തെന്നാൽ, സ്നേഹത്തോടുകൂടിയ – ജീവിതം ദുഃഖം കൂടാത്തതായിരിക്കയില്ല. 8 സമസ്തവും സഹിക്കാൻ സന്നദ്ധതയില്ലാത്തവനും തന്റെ പ്രിയന്റെ ഇഷ്ടത്തിനൊത്തവണ്ണം നില്ക്കാൻ വിമുഖനുമായവൻ സ്നേഹിതനെന്നു വിളിക്കപ്പെടാൻ യോഗ്യനല്ല. സ്നേഹിതൻ തന്റെ പ്രിയനുവേണ്ടി കയ്പ്പും കടുപ്പവുമുള്ളവയൊക്കെ സന്മനസ്സോടെ സ്വീകരിക്കയും ക്ളേശങ്ങൾ അനുഭവപ്പെട്ടാൽ പ്രിയനിൽ നിന്ന് അകന്നുപോകാതിരിക്കുകയും ചെയ്യേണ്ടതാകുന്നു. വിചിന്തനം. ദൈവത്തിന്റെ പരിശുദ്ധമായ സ്നേഹത്താൽ എരിയുന്ന ഒരാത്മാവ് സ്ഥിരമായും അചഞ്ചലമായും പ്രവർത്തിക്കയാ ണെങ്കിൽ, അതിനു സാദ്ധ്യമല്ലാത്തതായി എന്താണുള്ളത് അത് എപ്പോഴും അവിടുത്തെപ്പററി ചിന്തിക്കുന്നു. സ്നേഹി ക്കുന്ന വസ്തുക്കളെ വിസ്മരിക്കാവുന്നതല്ലല്ലോ. അവിടുത്തെ തൃപ്തിപ്പെടുത്താൻ എല്ലാം ചെയ്യുന്നു; അവിടുത്തെ പ്രതി സമസ്തവും സഹിക്കുന്നു. ഈ ജീവിതത്തെ വിപ്രവാ സമായിക്കരുതി അവിടുത്തെ ദർശിക്കുവാൻ അതു വെമ്പൽ കൊള്ളുന്നു. മരണം അതിന് ആനന്ദമാണ്, കാരണം അവിടുത്തെ ഒരിക്കലും ദ്രോഹിക്കാതിരിക്കാനും അവിടുത്തെ പക്കലെത്തിച്ചേരാനും മരണമാണു പററിയ മാർഗ്ഗം. അത്തരം ആത്മാവ് സ്നേഹം കൊണ്ട് ഉജ്ജ്വലിക്കുന്നു; തനിക്കായിട്ടല്ല അവിടുത്തേയ്ക്കായി മാത്രം അങ്ങിൽ ജീവിക്കുന്നു. എല്ലായിടത്തും അതു ദൈവത്തെ കാണുന്നു. ഈ ലോകത്തിൽ സഹനമാണ് അതിന്റെ സൗഭാഗ്യം. ഈശോയുടെ സ്നേഹം സമ്പാദിക്കാൻ അതു തന്നെത്തന്നെ ശൂന്യമാക്കകയും സമസ്തവും ഉപേക്ഷിക്കുകയും ചെയ്യുന്നു. പ്രാർത്ഥിക്കാം.
എന്റെ രക്ഷകാ, സ്വർഗ്ഗത്തിൽ നിന്ന് അങ്ങു കൊണ്ടു വന്ന ദിവ്യസ്നേഹാഗ്നി ഞങ്ങളുടെ ഹൃദയത്തിൽ പുനർജ്ജീവിപ്പിക്കുക, അതു ഞങ്ങളിൽ കത്തിയെരിയണമെന്നാ ണല്ലോ അങ്ങയുടെ ആഗ്രഹം.
അനുസ്മരണാവിഷയം:
കഷ്ടകാലത്ത് അങ്ങാണ്
എന്റെ പ്രത്യാശയും അഭയവും.
അഭ്യാസം: “
എന്റെ ദൈവമേ, അങ്ങയെ ഞാൻ സ്‌നേ
ഹിക്കുന്നു. അങ്ങയെ അത്യധികംസ്നേഹിക്കാൻ കൃപ ചെയ്യണമേ’ ഇത്യാദി സുകൃതജപങ്ങൾ ദിവസത്തിൽ പല
പ്രാവശ്യം ചൊല്ലുക!
2. മരിയൻ സമർപ്പണ ഒരുക്ക വായന- യഥാർത്ഥ മരിയഭക്തി- യിൽ നിന്ന്.
മരിയഭക്തി തെരഞ്ഞെടുക്കുമ്പോള്‍ ജാഗ്രത വേണം.
അഞ്ച് മൗലികസത്യങ്ങളെക്കുറിച്ച് ഞാന്‍ പ്രതിപാദിച്ചു കഴിഞ്ഞല്ലോ. ഇനി നമുക്ക് തുടരാം. ശരിയെന്നു തോന്നാവുന്ന അബദ്ധപൂര്‍ണ്ണമായ അനവധി ഭക്ത്യാഭ്യാസങ്ങള്‍ പണ്ടൊരിക്കലും കാണപ്പെട്ടില്ലാത്ത വിധം പ്രചാരത്തിലിരിക്കുന്ന കാലമാണിത്. അതുകൊണ്ട്, ഇക്കാലത്ത് യഥാര്‍ത്ഥ മരിയഭക്തി തെരെഞ്ഞെടുക്കുവാന്‍ നാം കഠിനാദ്ധ്വാനം ചെയ്യണം.
മിനുക്കു പണികളില്‍ അതീവ സമര്‍ത്ഥനും പരിചയസമ്പനുമായ ഒരു കളളനാണയനിര്‍മ്മാതാവിനെപോലെ കുടിലനും വഞ്ചകനുമായ പിശാച് പരിശുദ്ധ കന്യകയോടുളള അയഥാര്‍ത്ഥ ഭക്തി വഴി പലരെയും ചതിക്കുകയും നശിപ്പിക്കുകയും ചെയ്തിട്ടുണ്ട്. അവന്‍ ആ കുടിലതന്ത്രം ഇന്നും പ്രയോഗിച്ചു കൊണ്ടിരിക്കുകയാണ്. അവന്‍ തന്നെ പ്രചോദിപ്പിക്കുന്ന ചില ബാഹ്യാചാരങ്ങള്‍കൊണ്ടും ഏകാഗ്രത ഇല്ലാതെ ചൊല്ലുന്ന പ്രാര്‍ത്ഥനകള്‍കൊണ്ടും അവരെ തൃപ്തരാക്കി വഞ്ചിക്കുന്നു. അങ്ങനെ പാപാവസ്ഥയില്‍ ഉറങ്ങുവാന്‍ വേണ്ടി അവന്‍ താരാട്ടുപാടുകയും അതില്‍ അവര്‍ക്ക് മൂഢമായ ഒരാഹ്ലാദം നല്കുകയും ചെയ്തു കൊണ്ട് അവരെ നിത്യനാശത്തിലേക്ക് വീഴ്ത്തുന്നു.
ഒരു കളളനാണയ നിര്‍മ്മാതാവ് പൊന്നോ വെളളിയോ അല്ലാത്ത നാണയങ്ങളില്‍ വളരെ ചുരുക്കമായേ തട്ടിപ്പു നടത്താറുളളൂ. കാരണം, അവയില്‍ കളവു കാണിക്കുക, മിക്കപ്പോഴും ലാഭകരമല്ല. അതുപോലെ, പിശാച് യേശുവിനോടും മറിയത്തോടുമുളള ഭക്തിയില്‍-ദിവ്യകാരുണ്യഭക്തിയിലും ദൈവമാതൃഭക്തിയിലും-മാത്രമേ സാധാരണയായി തന്റെ കാപട്യങ്ങള്‍ പ്രയോഗിക്കാറുളളൂ. മറ്റു ഭക്തകൃത്യങ്ങളെ കളങ്കപ്പെടുത്തുവാന്‍ മിക്കവാറും അവന്‍ ശ്രമിക്കാറില്ല. കാരണം, സ്വര്‍ണ്ണവും വെളൡും മറ്റു ലോഹങ്ങളെക്കാള്‍ വിലപിടിപ്പുളളതാകുന്നതുപോലെ, ദിവ്യകാരുണ്യഭക്തിയും മരിയ ഭക്തിയും മറ്റു ഭക്തകൃത്യങ്ങളെക്കാള്‍ വിശിഷ്ടതരമാണ്.
ആകയാല്‍, അയഥാര്‍ത്ഥഭക്തിയും യഥാര്‍ത്ഥഭക്തിയും വിവേചിച്ചറിയുക വളരെ അത്യാവശ്യമത്രേ. ഇതാണ്, കപടഭക്തിയില്‍ പെടാതിരിക്കുതിനും യഥാര്‍ത്ഥഭക്തിയെ സ്വീകരിക്കുന്നതിനും ആദ്യമായി വേണ്ടത്. രണ്ടാമത്, യഥാര്‍ത്ഥ മരിയഭക്തികളില്‍ ഉത്തമവും മാതാവിന് ഏറ്റവും പ്രിയങ്കരവും ദൈവത്തെ കൂടുതല്‍ മഹത്ത്വപ്പെടുത്തുന്നതിനും നമ്മെ കൂടുതല്‍ വിശുദ്ധീകരിക്കുന്നതിനും ഏതെന്നറിയണം. അതിനെയാണല്ലോ നാം സ്വീകരിക്കേണ്ടത്.
നമുക്കു പ്രാര്‍ത്ഥിക്കാം
പരിശുദ്ധ മറിയമേ, എന്റെ അമ്മേ, ഞാന്‍ എന്നെത്തന്നെ അങ്ങയുടെ വിമലഹൃദയത്തിനു പ്രതിഷ്ഠിക്കുന്നു. ഞാനും എനിക്കുള്ളവയും അങ്ങയുടേതാണ്. അങ്ങയുടെ കരുണയുടെ മേല്‍വസ്ത്രം കൊണ്ടെന്നെ മറയ്ക്കണമെ. എന്നെ അങ്ങയുടെ പൈതലായി സംരക്ഷിക്കുകയും, എന്റെ ആത്മാവിനെ സ്വര്‍ഗ്ഗത്തില്‍ ഈശോയുടെ സവിധത്തിലേക്ക് സുരക്ഷിതമായി നയിക്കുകയും ചെയ്യണമേ. കരുണയുടെ മാതാവേ എന്നെ മുഴുവനായി അങ്ങേയ്ക്കു ഞാന്‍ സമര്‍പ്പിക്കുന്നു. ഇപ്പോഴും, നിത്യതയിലും എന്റെ ആത്മാവിനെ ഞാന്‍ അങ്ങേയ്ക്ക് ഭരമേല്‍പ്പിക്കുന്നു. അങ്ങയുടെ പരിശുദ്ധ മേലങ്കിയാല്‍ എന്നെ പൊതിയണമെ, ആമ്മേന്‍.
3. വിമലഹൃദയപ്രതിഷ്ഠാ ഒരുക്ക ധ്യാനവും വിചിന്തനവും
ധ്യാനവിഷയവും പ്രാർത്ഥനയും
💔ക്രൂശിതന്റെ അനന്തസ്നേഹം💔
“യേശു ശിഷ്യരോട് അരുൾ ചെയ്തു : പിതാവ് എന്നെ സ്നേഹിച്ചതു പോലെ ഞാനും നിങ്ങളെ സ്നേഹിച്ചു. നിങ്ങൾ എന്റെ സ്നേഹത്തിൽ നിലനില്ക്കുവിൻ ” (വി. യോഹ 15:9).
ആമുഖം
മരിയൻ പ്രതിഷ്ഠ യേശുവിന്റെ സ്നേഹത്തിനുള്ള പ്രത്യുത്തര മായതിനാൽ പ്രതിഷ്ഠയുടെ സമയം അടുത്തുവരുന്ന ഈ സമയത്ത് യേശുവിന്റെ സ്നേഹത്തെ ആഴത്തിൽ അറിയണം.
വിശുദ്ധ മദർ തെരേസയുടെ വാക്കുകൾ:
“എനിക്കു ദാഹിക്കുന്നു ” എന്ന ക്രൂശിതന്റെ നിലവിളി ഏറ്റവും ശക്തമായി വിശുദ്ധ മദർ തെരേസയുടെ ഹൃദയത്തിൽ പ്രതിധ്വനിച്ചത് 1946 സെപ്തംബർ 10 നായിരുന്നു. എന്നാൽ മദർ ഇതെപ്പറ്റി മൗനം ഭജിച്ചു. വർഷങ്ങൾക്കുശേഷം, 1993 മാർച്ച് 25 -ാം തീയതി ജോൺപോൾ രണ്ടാമൻ പാപ്പാ “എനിക്കു ദാഹിക്കുന്നു ” എന്നതിന്മേൽ ഒരു നോമ്പുകാല സന്ദേശമെഴുതി. അതു ചാരംകൊണ്ട് മൂടിക്കിടക്കുന്ന തീക്കനൽ കാറ്റിൽപ്പെട്ട് വീണ്ടും ശക്തമായി ജ്വലിക്കുന്നതുപോലൊരനുഭവം മദറിലുളവാക്കി. മദർ തന്റെ സന്ന്യാസിസഭയിലെ എല്ലാ മിഷണറിമാർക്കും അതെപ്പറ്റി ഇപ്രകാരം എഴുതി. “പരിശുദ്ധ പിതാവിന്റെ സന്ദേശം വർണിക്കാനാവാത്തവിധം ശക്തമായി എന്നെ സ്പർശിച്ചു. നമ്മുടെ ദൈവവിളി എത്ര സുന്ദരമാണെന്നു ഞാൻ മനസ്സിലാക്കുന്നു… എല്ലാവരും മറക്കുന്ന ക്രൂശിതന്റെ നിലവിളിയെപ്പറ്റി നാം ലോകത്തെ ഓർമിപ്പിക്കുന്നു… നിങ്ങളിൽ പലരും യേശുവിനെ നേർക്കുനേർ കണ്ടിട്ടില്ല എന്നത് എന്നെ ദുഃഖിപ്പിക്കുന്നു. എത്രമാത്രം സ്നേഹവായ്പോടെയാണ് ക്രൂശിതൻ നിങ്ങളെ നോക്കുന്നതെന്ന് നിങ്ങളുടെ ആത്മാവിന്റെ ദൃഷ്ടിയിലൂടെ നിങ്ങൾ കാണുന്നുണ്ടോ ? “
മദർ തുടരുന്നു : “ യേശു നിങ്ങൾക്കായി കാത്തിരിക്കുന്നു… നിങ്ങൾക്കായി ദാഹിക്കുന്നു. അവിടന്നു നിങ്ങളെ എപ്പോഴും സ്നേഹിക്കുന്നു , അവിടത്തെ സ്നേഹത്തിന് അർഹരല്ലെന്ന് നിങ്ങൾ സ്വയം ചിന്തിക്കുമ്പോൾപ്പോലും… നാം പലപ്പോഴും മറ്റുള്ളവരാൽ തിരസ്കരിക്കപ്പെടുന്നു. അല്ലെങ്കിൽ സ്വയം തിരസ്കരിക്കുന്നു. നിങ്ങളെ എന്നും സ്വീകരിക്കുന്ന ഒരേയൊരു വ്യക്തി യേശുവാണ്. എന്റെ മക്കളേ, യേശു നിങ്ങളെ സ്നേഹിക്കുന്നതിനായി നിങ്ങൾ വ്യത്യസ്തരാകണമെന്നില്ല, വിശ്വസിക്കൂ, നിങ്ങൾ യേശുവിനു വിലപ്പെട്ടവരാണ്. നിങ്ങളുടെ സകല വേദനകളും അവിടത്തെ പാദങ്ങളിലർപ്പിക്കുക. തുറന്ന ഹൃദയത്തോടെ, ആയിരിക്കുന്ന അവസ്ഥയിൽ. ‘ എനിക്കു ദാഹിക്കുന്നു ‘ എന്നത് ഒരു ഭൂതകാല മൊഴിമാത്രമല്ല, ഇന്നിന്റേതുമാണ്. ഇന്ന്, ഇവിടെ, നിങ്ങളോട് പറയപ്പെടുന്ന ജീവസ്സുറ്റ വചസ്സാണ്… ‘എനിക്കു ദാഹിക്കുന്നു ‘ എന്നത്. ഈ വാക്യം ‘ ഞാൻ സ്നേഹിക്കുന്നു ‘ എന്നു പറയുന്നതിനെക്കാൾ ആഴമേറിയതാണ്.
“മദർ തെരേസ പറയുന്നു : “പരിശുദ്ധ മറിയം ശിഷ്യനായ യോഹന്നാനോടും ഭക്തയായ മഗ്ദലന മേരിയോടുമൊപ്പം ആദ്യമായി ക്രൂശിതന്റെ രോദനം കേട്ടു, ‘എനിക്കു ദാഹിക്കുന്നു’… അമ്മ കാൽവരിമുകളിൽ ഉണ്ടായിരുന്നതുകൊണ്ട് യേശു നമ്മെയും എത്രമാത്രം സ്നേഹിക്കുന്നു എന്നറിഞ്ഞു. നമ്മെയും നമ്മെ സ്നേഹിക്കുന്ന ക്രൂശിതനായ യേശുവിനെയും പരസ്പരം ബന്ധിപ്പിക്കുന്നത് അമ്മയുടെ ഒരു ദൗത്യമാണ്. യേശുവിന്റെ ദാഹം എങ്ങനെ ശമിപ്പിക്കാം ? പശ്ചാത്തപിക്കൂ, വിശ്വസിക്കു, യേശു പറയുന്നു. എന്തിനായി മനസ്തപിക്കണം? നമ്മുടെ ഹൃദയ കാഠിന്യത്തെപ്രതി നമ്മൾ മനസ്തപിക്കേണ്ടിയിരിക്കുന്നു. നാം എന്തു വിശ്വസിക്കണം? നമ്മുടെ ഹൃദയങ്ങളിലും സാധുമനുഷ്യരിലും യേശു ഇന്നും ദാഹിക്കുന്നു എന്ന് ! യേശു നിങ്ങളുടെ ബലഹീനതകളറിയുന്നവനാണ്. നിങ്ങളുടെ സ്നേഹം മാത്രം കാംക്ഷിക്കുന്നവനാണ്. നിങ്ങളെ സ്നേഹിക്കാൻ ഒരവസരത്തിനു വേണ്ടി കാത്തിരിക്കുന്നവനാണ്. അവിടന്ന് സമയബന്ധിതനേയല്ല “.
“എനിക്കു ദാഹിക്കുന്നു” : അർഥവ്യാപ്തി
‘എനിക്കു ദാഹിക്കുന്നു’ എന്ന വാക്കുകൾ ‘ഞാൻ സ്നേഹിക്കുന്നു’ എന്നു പറയുന്നതിനെക്കാൾ ആഴമേറിയതാണ് ‘ എന്ന വിശുദ്ധ മദർ തെരേസയുടെ വ്യാഖ്യാനം നമുക്ക് ധ്യാനവിഷയമാക്കാം. യേശുവിന് എന്നോടുള്ള അവർണനീയമായ സ്നേഹം അറിയുകയാണ് എന്റെ ജീവിത വിജയത്തിനേറ്റവും ആവശ്യം. ജീവിത പ്രതിസന്ധിയിൽ മറ്റു അപ്പസ്തോലന്മാരെല്ലാം യേശുവിൽ ഇടറുകയും ഉപേക്ഷിച്ചു പോവുകയും ചെയ്തപ്പോഴും അവസാനംവരെ യേശുവിനോടൊപ്പം നില്ക്കാനും അവിടത്തെ ദുഃഖാനുഭവങ്ങളിലേക്ക് ആഴത്തിൽ ഇറങ്ങിച്ചെല്ലാനും സാധിച്ച ശിഷ്യൻ യോഹന്നാൻ മാത്രമാണെന്ന വസ്തുത ഏറെ ചിന്തനീയമാണ്. അന്ത്യത്താഴത്തിൽ യേശുവിന്റെ വക്ഷസ്സിലേക്ക് ചാരിക്കിടന്ന് അവിടത്തെ ഹൃദയത്തിൽനിന്ന് സ്നേഹം ഒപ്പിയെടുത്തതാണ് അതിന്റെ കാരണം. ആ ദൈവ സ്നേഹാനുഭവം അത്ര തീവ്രമായിരുന്നു – ജീവിതകാലം മുഴുവൻ നിലനിന്നു. അതിനാൽ അദ്ദേഹം തന്റെ ജീവിതാന്ത്യത്തിലും എഴുതി : “ദൈവത്തിനു നമ്മോടുള്ള സ്നേഹം നാം അറിയുകയും അതിൽ വിശ്വസിക്കുകയും ചെയ്തിരിക്കുന്നു ” (1 യോഹ 4:16).
എനിക്കുവേണ്ടി ‘യേശു ദാഹിക്കുന്നു’ എന്നത് അവിശ്വസനീയമായിത്തോന്നാം. എന്നാൽ അതാണ് വാസ്തവം. എന്റെ പാപാവസ്ഥയും ദൗർബല്യങ്ങളും വീഴ്ചകളുമാണ്, ഒരുപക്ഷേ, മറിച്ചു ചിന്തിക്കാൻ എന്നെ പ്രേരിപ്പിക്കുന്നത്. എന്നാൽ, എന്റെ ഈ കുറവുകൾ തന്നെയാണ് അവിടത്തെ എന്നിലേക്ക് ആകർഷിക്കുന്നത്. ‘രോഗികൾക്കാണ് വൈദ്യനെ ആവശ്യം, ‘മനുഷ്യപുത്രൻ വന്നത് നഷ്ടപ്പെട്ടുപോയതിനെ അന്വേഷിക്കാനും രക്ഷിക്കാനുമാണ്’ എന്ന വചനം അർഥശങ്കയ്ക്കിടത രാത്തവിധം ഇക്കാര്യം വ്യക്തമാക്കുന്നു. അതെ, മറ്റാരെക്കാളും വലിയ പാപി ഞാനായതിനാൽ എനിക്കുവേണ്ടിയാണ് യേശു കൂടുതൽ ദാഹിക്കുന്നത് !
വലിയ പാപികൾക്കുവേണ്ടിയാണ് യേശു ഏറ്റവുമധികം ദാഹിക്കുന്നത്?
അഞ്ചു ഭർത്താക്കന്മാരുണ്ടായിരുന്നവളും അതിനുശേഷം അവിഹിത ബന്ധത്തിൽ കഴിഞ്ഞിരുന്നവളുമായിരുന്ന സമരിയാക്കാരിക്കു വേണ്ടിയല്ലേ ഭക്ഷണം പോലും ഉപേക്ഷിച്ച് നട്ടുച്ചനേരത്തെ വെയിലും കൊണ്ട് യാക്കോബിന്റെ കിണറ്റിൻകരയിൽ യേശു ദാഹിച്ചു കാത്തിരുന്നത്?
ആ സ്ത്രീയോട് ‘എനിക്കു കുടിക്കാൻ തരുക’ എന്നു പറഞ്ഞ യേശു അവളിൽനിന്നു വെള്ളം വാങ്ങി കുടിച്ചതായി സുവിശേഷത്തിൽ പറയുന്നില്ല. ‘എനിക്കു കുടിക്കാൻ തരുക’ എന്നു യേശു പറഞ്ഞതിന്റെ യഥാർഥ അർഥം, ‘ എനിക്കു ദാഹിക്കുന്നു’ എന്നായിരുന്നു എന്നല്ലേ ? ഞാൻ നിനക്കായി ദാഹിക്കുന്നു എന്ന് ! അതായത്, ഞാൻ നിന്നെ അത്യധികമായി സ്നേഹിക്കുന്നു എന്ന് !
യേശുവിന് എന്നോടുള്ള സ്നേഹം ഞാൻ പ്രതീക്ഷിക്കുന്നതി നെക്കാളെല്ലാം പരകോടി അധികമാണ്. എന്റെ ബുദ്ധി പറഞ്ഞുതരുന്ന ന്യായവാദങ്ങൾക്കപ്പുറത്താണ് അവിടന്ന് എന്നെ സ്നേഹിക്കുന്നത്. “ദൈവത്തിനു നമ്മോടുള്ള സ്നേഹം നാം അറിയുകയും അതിൽ വിശ്വസിക്കുകയും ചെയ്തിരിക്കുന്നു. ദൈവം സ്നേഹമാണ്. സ്നേഹത്തിൽ വസിക്കുന്നവൻ ദൈവത്തിലും ദൈവം അവനിലും വസിക്കുന്നു” ( 1 യോഹ 4:16 ) എന്ന് ധൈര്യപൂർവം ഏറ്റുപറയുകയാണ് ഇപ്പോൾ വേണ്ടത്. അതെ, ഞാൻ വിശ്വസിക്കണം ‘എനിക്കായി യേശു ദാഹിക്കുന്നു ‘ എന്ന്.
എന്നോടുള്ള യേശുവിന്റെ സ്നേഹം : മരിയൻ സമർപ്പണത്തിനുളള ഉത്തേജനം
അവിശ്വസനീയമായ യേശു സ്നേഹത്തിന്റെ മുമ്പിൽ ജീവിതം പൂർണമായി അർപ്പിക്കുക മാത്രമാണ് പോംവഴി. എന്റെ സകല പാപവും ക്ഷമിച്ച്, എന്റെ എല്ലാ കുറവുകളും കണ്ടില്ലെന്നുവച്ച് എനിക്കുവേണ്ടി ദാഹിക്കുന്ന യേശുവിന് എന്നെ നല്കാതിരിക്കാൻ എങ്ങനെ സാധിക്കും ? സമ്പൂർണ മരിയൻ സമർപ്പണത്തിന്റെ ഏറ്റവുമടുത്തെത്തിയിരിക്കുന്ന ഈ സമയത്ത് എടുക്കേണ്ട ഒരു ഉറച്ച തീരുമാനമാണ്, യേശുവിനെ അഗാധമായി സ്നേഹിക്കുക എന്നത്. “നിങ്ങൾ എന്റെ സ്നേഹത്തിൽ നിലനില്ക്കുവിൻ ” (വി. യോഹ 15 : 9) എന്ന അവിടത്തെ വാക്കുകൾ ഹ്യദയത്തിൽ നിറയട്ടെ. “എനിക്കു ദാഹിക്കുന്നു ” എന്ന തിരുമൊഴികേട്ട് നമ്മുടെ ഹൃദയമുരുകട്ടെ.
ബൈബിൾ വായന
” ഇതിനുശേഷം യേശു തിബേരിയാസ് കടൽത്തീരത്തുവച്ച് ശിഷ്യൻമാർക്കു വീണ്ടും തന്നെത്തന്നെ വെളിപ്പെടുത്തി. അവൻ വെളിപ്പെടുത്തിയത് ഇപ്രകാരമാണ് : ശിമയോൻ പത്രോസ്, ദിദിമോസ് എന്നു വിളിക്കപ്പെടുന്ന തോമസ്, ഗലീലിയിലെ കാനായിൽനിന്നുളള നഥാനിയൽ, സെബദിയുടെ പുത്രന്മാർ എന്നിവരും വേറെ രണ്ടു ശിഷ്യന്മാരും ഒരുമിച്ചിരിക്കുകയായിരുന്നു. ശിമയോൻ പത്രോസ് പറഞ്ഞു : ഞാൻ മീൻ പിടിക്കാൻ പോകുകയാണ്. അവർ പറഞ്ഞു : ഞങ്ങളും നിന്നോടുകൂടെ വരുന്നു. അവർ പോയി വള്ളത്തിൽ കയറി. എന്നാൽ, ആ രാത്രിയിൽ അവർക്ക് ഒന്നും കിട്ടിയില്ല. ഉഷസ്സായപ്പോൾ യേശു കടൽക്കരയിൽ വന്നു നിന്നു. എന്നാൽ, അതു യേശുവാണെന്നു ശിഷ്യന്മാർ അറിഞ്ഞില്ല. യേശു അവരോടു ചോദിച്ചു : കുഞ്ഞുങ്ങളേ, നിങ്ങളുടെ അടുക്കൽ മീൻ വല്ലതുമുണ്ടോ ? ഇല്ല എന്ന് അവർ ഉത്തരം പറഞ്ഞു. അവൻ പറഞ്ഞു : വള്ളത്തിന്റെ വലത്തു വശത്തു വലയിടുക. അപ്പോൾ നിങ്ങൾക്കു കിട്ടും. അവർ വലയിട്ടു. അപ്പോൾ വലയിലകപ്പെട്ട മത്സ്യത്തിന്റെ ആധിക്യം നിമിത്തം അതു വലിച്ചു കയറ്റാൻ അവർക്കു കഴിഞ്ഞില്ല. യേശു സ്നേഹിച്ചിരുന്ന ആ ശിഷ്യൻ പത്രോസിനോടു പറഞ്ഞു : അതു കർത്താവാണ്. അതു കർത്താവാണെന്നു കേട്ടപ്പോൾ ശിമയോൻ പത്രോസ് താൻ നഗ്നനായിരുന്നതുകൊണ്ടു പുറങ്കുപ്പായം എടുത്തു ധരിച്ചു കടലിലേക്കു ചാടി. എന്നാൽ, മറ്റു ശിഷ്യന്മാർ മീൻ നിറത്ത വലയും വലിച്ചുകൊണ്ടു വള്ളത്തിൽത്തന്നെ വന്നു. അവർ കരയിൽനിന്ന് ഏകദേശം ഇരുനൂറു മുഴത്തിലധികം അകലെയല്ലായിരുന്നു. കരയ്ക്കിറങ്ങിയപ്പോൾ തീ കൂട്ടിയിരിക്കുന്നതും അതിൽ മീൻ വച്ചിരിക്കുന്നതും അപ്പവും അവർ കണ്ടു. യേശു പറഞ്ഞു : നിങ്ങൾ ഇപ്പോൾ പിടിച്ച മത്സ്യത്തിൽ കുറെ കൊണ്ടുവരുവിൻ. ഉടനെ ശിമയോൻ
പത്രോസ് വള്ളത്തിൽ കയറി വലിയ മത്സ്യങ്ങൾകൊണ്ടു നിറഞ്ഞ വല വലിച്ചു കരയ്ക്കു കയറ്റി. അതിൽ നൂറ്റിയമ്പത്തിമൂന്നു മത്സ്യങ്ങളുണ്ടായിരുന്നു. ഇത്രയധികം ഉണ്ടായിരുന്നിട്ടും വല കീറിയില്ല. യേശു പറഞ്ഞു : വന്നു പ്രാതൽ കഴിക്കുവിൻ. ശിഷ്യന്മാരിലാരും അവനോട് നീ ആരാണ് എന്നു ചോദിക്കാൻ മുതിർന്നില്ല; അതു കർത്താവാണെന്ന് അവർ അറിഞ്ഞിരുന്നു. യേശു വന്ന് അപ്പമെടുത്ത് അവർക്കു കൊടുത്തു; അതുപോലെതന്നെ മത്സ്യവും. യേശു മരിച്ചവരിൽനിന്ന് ഉയിർപ്പിക്കപ്പെട്ട ശേഷം ശിഷ്യന്മാർക്കു പ്രത്യക്ഷപ്പെടുന്നത് ഇതു മൂന്നാം പ്രാവശ്യമാണ് ” (വി. യോഹ 21:1-14).
ഇന്നത്തെ പ്രാർഥന
എനിക്കായി ദാഹിക്കുന്ന യേശുവേ, നിനക്ക് എന്നോടുള്ള സ്നേഹം എത്രയധികമാണെന്ന് എന്നെ ബോധ്യപ്പെടുത്തണമേ. എന്റെ ബുദ്ധിക്കും യുക്തിക്കും അതീതമായ നിന്റെ സ്നേഹത്തിൽ വിശ്വസിക്കാൻ എനിക്ക് കൃപയേകണമേ. എനിക്കായി നീ ദാഹിക്കുന്നു എന്ന് വസ്തുത എന്റെ ഹൃദയത്തെ മഥിക്കട്ടെ, എന്റെ പ്രത്യാശ വർധിപ്പിക്കട്ടെ. എന്നിൽ ആനന്ദത്തിന്റെ തിരമാലകൾ ഉയർത്തട്ടെ. എന്റെ ബലഹീനതകളുടെയും കുറവുകളുടെയും കുറ്റബോധത്തിൽനിന്ന് നിന്റെ സ്നേഹം എന്നെ പിടിച്ചുയർത്തട്ടെ. നിനക്കുവേണ്ടി സമാനമായ ഒരു ദാഹം എനിക്കും നല്കണമേ, നാഥാ. എല്ലാറ്റിനെക്കാളുപരി എന്നെ സ്നേഹിക്കുന്ന യേശുവേ, സ്വജീവനെക്കാളുപരി എന്നെ സ്നേഹിച്ച യേശുവേ, എല്ലാവരെക്കാളുമുപരിയായി, എല്ലാറ്റിനെക്കാളുമുപരിയായി, എന്റെ ജീവനെക്കാൾപോലും ഉപരിയായി നിന്നെ സ്നേഹിക്കാൻ നാഥാ എന്നെ സഹായിക്കുക. പരിശുദ്ധ മറിയമേ, യേശുവിനായുള്ള നിന്റെ ദാഹത്തിൽ കുറെയെങ്കിലും എനിക്കും തരുക, ആമേൻ.
സ്നേഹമുള്ള അമ്മേ… സ്നേഹമുള്ള അമ്മേ, ഈശോയുടെ ഇഷ്ടം തേടുന്നതിലും അവിടത്തെ അവിടത്തെ അറിയുന്നതിനും അങ്ങയുടെ ചൈതന്യമല്ലാതെ മറ്റൊന്നും എന്നിൽ പ്രവേശിക്കാതിരിക്കട്ടെ. ദൈവത്തെ സ്തുതിക്കുന്നതിനും മഹത്വപ്പെടുത്തുന്നതിനും അങ്ങയുടെ മനസ്സ് എനിക്കു തരണമേ. ദൈവത്തെ സ്നേഹിക്കുന്നതിന് അങ്ങയുടെ ഹൃദയത്തിന് സമാനമായ ഹൃദയം എന്നിൽ രൂപപ്പെടുത്തണമേ.
സത്കൃത്യം
നിരാലംബനായ ഒരു വ്യക്തിക്ക് ഉചിതമായ സഹായം നല്കുക.
==========================================================================
ശാലോം ടി വി യിൽ ബഹുമാനപ്പെട്ട വട്ടായിലച്ചൻ നയിച്ച വിമലഹൃദയ പ്രതിഷ്ഠ അച്ഛന്റെ പ്രേത്യേക അനുവാദത്തോടെ ഇവിടെ നൽകുന്നു. സാധിക്കുന്ന എല്ലാവരും സമയം കണ്ടെത്തി ഈ അനുഗ്രഹപ്രദമായ ശുശ്രൂഷയിൽ പങ്കുകൊള്ളുക .
==================================================================
DAY 1 പ്രതിഷ്ഠാ ഒരുക്കം DAY17 പ്രതിഷ്ഠ ഒരുക്കം
DAY 2 പ്രതിഷ്ഠാ ഒരുക്കം DAY18 പ്രതിഷ്ഠ ഒരുക്കം
DAY 3 പ്രതിഷ്ഠാ ഒരുക്കം DAY 19 പ്രതിഷ്ഠ ഒരുക്കം
DAY 4 പ്രതിഷ്ഠാ ഒരുക്കം DAY 20 പ്രതിഷ്ഠ ഒരുക്കം
DAY 5 പ്രതിഷ്ഠാ ഒരുക്കം DAY 21 പ്രതിഷ്ഠ ഒരുക്കം
DAY 6 പ്രതിഷ്ഠാ ഒരുക്കം DAY 22 പ്രതിഷ്ഠ ഒരുക്കം
DAY 7 പ്രതിഷ്ഠാ ഒരുക്കം DAY 23 പ്രതിഷ്ഠ ഒരുക്കം
DAY 8 പ്രതിഷ്ഠാ ഒരുക്കം DAY 24 പ്രതിഷ്ഠ ഒരുക്കം
DAY 9 പ്രതിഷ്ഠാ ഒരുക്കം DAY25 പ്രതിഷ്ഠ ഒരുക്കം
DAY 10 പ്രതിഷ്ഠാ ഒരുക്കം DAY 26
DAY 11 പ്രതിഷ്ഠാ ഒരുക്കം DAY 27
DAY 12 പ്രതിഷ്ഠ ഒരുക്കം DAY 28
DAY 13 പ്രതിഷ്ഠ ഒരുക്കം DAY 29
DAY 14 പ്രതിഷ്ഠ ഒരുക്കം DAY 30
MARIAN MINISTRY & THE CONFRATERNITY OF THE MOST HOLY ROSARY