ബെയ്ജിംങ്: ചൈനയില്‍ ക്രൈസ്തവമതപീഡനം അതിന്റെ പുതിയ മുഖം കൈവരിക്കുന്നതായി ചില വാര്‍ത്തകള്‍ സൂചിപ്പിക്കുന്നു. തങ്ങളുടെ പ്രിയപ്പെട്ടവരോ ബന്ധുക്കളോ മരിച്ചാല്‍ അവരുടെ മരണാനന്തരകര്‍മ്മങ്ങളില്‍ പങ്കെടുക്കുന്നതില്‍ നിന്ന് ക്രൈസ്തവരെ നിരോധിച്ചിരിക്കുകയാണ്. ബിറ്റര്‍ വിന്റര്‍ എന്ന മാഗസിനാണ് ഇതു സംബന്ധിച്ച് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
ബന്ധുക്കളുടെ ശവസംസ്‌കാരകര്‍മ്മങ്ങളില്‍ പങ്കെടുക്കാന്‍ പോലും ചൈനയിലെ കമ്മ്യൂണിസ്റ്റ് ഭരണകൂടം തടസം സൃഷ്ടിക്കുന്നുവെന്നാണ് മാഗസിന്‍ പറയുന്നത്. മതപരമായ സ്വാതന്ത്ര്യവും മനുഷ്യാവകാശവും ഒന്നുപോലെ ഇവിടെ ധ്വംസിക്കപ്പെടുകയാണ് ചെയ്യുന്നത്.
അതുപോലെ സംസ്‌കാരശുശ്രൂഷകളില്‍ പത്തിലേറെ പേര്‍ക്ക് പ്രാര്‍ത്ഥനകള്‍ ചൊല്ലാനോ തിരുവചനം വായിക്കാനോ അനുവാദവുമില്ല. അതും താഴ്ന്ന ശബ്ദത്തിലായിരിക്കണം. ശവസംസ്‌കാരച്ചടങ്ങുകള്‍ ശാസ്ത്രീയമായ രീതിയില്‍ ചെയ്യുന്നതിന് വേണ്ടിയാണത്രെ ഇത്തരം നിയമങ്ങള്‍.
മതപരമായ ചടങ്ങുകള്‍ ഒഴിവാക്കിക്കൊണ്ട് സംസ്്കാരം നടത്തണമെന്ന ഭീഷണിയുമുണ്ട്. ഇല്ലെങ്കില്‍ അറസ്റ്റ് നേരിടേണ്ടിവരും.
ജീവിച്ചിരിക്കുമ്പോള്‍ മാത്രമല്ല മരണത്തിന് ശേഷവും ക്രൈസ്തവമതപീഡനം അനുഭവിക്കേണ്ടിവരുന്നു എന്നതാണ് ഇത്തരം വാര്‍ത്തകള്‍ നമ്മോട് പറയുന്നത്.