പകലിന്റെ ഭാരങ്ങളും അദ്ധ്വാനങ്ങളും കഴിഞ്ഞ് രാത്രിയില്‍ ഉറങ്ങാനായി കിടക്കുകയോ ഉറങ്ങാനുള്ള തയ്യാറെടുപ്പിലോ ആയിരിക്കാം ഇത് നിങ്ങള്‍ വായിക്കുന്നത്. കിടക്കാന്‍ പോകുന്നതിന് മുമ്പ് പല പ്രാര്‍ത്ഥനകളും ഇതിനകം ചൊല്ലിയിട്ടുമുണ്ടാകും. എന്നാല്‍ ഈ പ്രാര്‍ത്ഥന ഇതുവരെ ചൊല്ലിയിട്ടില്ലെങ്കില്‍ ഇനിയെങ്കിലും ചൊല്ലി നോക്കൂ. അത്ഭുതകരമായ സമാധാനവും സന്തോഷവും ഉള്ളില്‍ നിറയുന്ന അനുഭവം നിങ്ങള്‍ക്കുണ്ടാകും. ആ പ്രാര്‍ത്ഥന ഏതാണ് എന്നല്ലേ?
നൂറ്റാണ്ടുകളായി പലരും പ്രാര്‍ത്ഥിച്ചിട്ടുള്ള ആ പ്രാര്‍ത്ഥന കുരിശില്‍ നിന്നാണ് നമുക്ക് കിട്ടിയത്. അതെ, നമ്മുടെ കര്‍ത്താവീശോമിശിഹാ പീഡകള്‍ സഹിച്ച് കുരിശില്‍ കിടന്ന് മരിക്കും നേരത്ത് പ്രാര്‍ത്ഥിച്ച ആ പ്രാര്‍ത്ഥനയുണ്ടല്ലോ അതാണ് നാം രാത്രിയില്‍ ഉറങ്ങാന്‍ പോകും മുമ്പ് പ്രാര്‍ത്ഥിക്കേണ്ടത്.
പിതാവേ എന്റെ ആത്മാവിനെ ഞാന്‍ അങ്ങേ കരങ്ങളില്‍ സമര്‍പ്പിക്കുന്നു.
ഏതൊരാള്‍ക്കും വളരെയെളുപ്പം ചൊല്ലാന്‍ കഴിയുന്ന പ്രാര്‍ത്ഥനയാണ് ഇത്. വളരെ ശക്തിയുള്ള പ്രാര്‍ത്ഥനയാണിത്. ദൈവം ആണ് എല്ലാം നിയന്ത്രിക്കുന്നതെന്നും എല്ലാം ദൈവത്തിന്റെ നിയന്ത്രണത്തിലാണ് എന്നും നാം തിരിച്ചറിയുന്ന, ഏറ്റുപറയുന്ന പ്രാര്‍ത്ഥന കൂടിയാണിത്.
വിശുദ്ധ ജോണ്‍ ഇരുപത്തിമൂന്നാമന്‍ മാര്‍പാപ്പ ഈ പ്രാര്‍ത്ഥന എല്ലാരാത്രിയിലും ചൊല്ലാറുണ്ടായിരുന്നുവത്രെ. സഭയുടെ മുഴുവന്‍ ഉത്തരവാദിത്തവും തന്റെ ചുമലിലാണെന്ന് തിരിച്ചറിവുണ്ടായിരുന്ന അദ്ദേഹം ആ ഭാരങ്ങള്‍ സ്വയം ചുമുന്നു നടന്നില്ല. പകരം ദൈവത്തിന് കൊടുത്തു. എല്ലാ ആകുലതകള്‍ക്കും അപ്പുറം അദ്ദേഹം കിടക്കാന്‍ പോകുന്നതിന് മുമ്പ് ഇങ്ങനെ പറഞ്ഞിരുന്നുവത്രെ, ഇത് നിന്റെ സഭയാണ്, ഞാനുറങ്ങാന്‍ പോകുന്നു.
അതെ, നമ്മുടെ മനോഭാവവും ഇതുതന്നെയായിരിക്കട്ടെ. എല്ലാം ദൈവത്തിന് സമര്‍പ്പിച്ച് നമുക്ക് സുഖമായി ഉറങ്ങാം.
ഗുഡ്‌നൈറ്റ്..