നൂറ്റാണ്ടുകള്‍ പഴക്കമുണ്ട് വിശുദ്ധ യൗസേപ്പിതാവിനോടുള്ള വണക്കത്തിന്. കുടുംബങ്ങളുടെ മാധ്യസ്ഥനും സംരക്ഷകനുമായി സെന്റ് ജോസഫിനെ വണങ്ങുകയും ചെയ്യുന്നുണ്ട്. വിവാഹജീവിതത്തിന്റെയും കുടുംബജീവിതത്തിന്റെയും സംരക്ഷണത്തിനായിട്ടാണ് നാം കൂടുതലായി വിശുദ്ധ ജോസഫിനോട് പ്രാര്‍ത്ഥിക്കേണ്ടത്.
കാരണം ഇന്ന് ആധുനികയുഗത്തില്‍ ഏറ്റവും അധികം ഭീഷണികളും ആക്രമങ്ങളും നേരിടുന്നത് കുടുംബത്തിനാണ്. തന്റെ ലക്ഷ്യസാധ്യത്തിനായി സാത്താന്‍ ഉന്നംവച്ചിരിക്കുന്നത് കുടുംബത്തെയാണ്.കുടുംബം തകര്‍ക്കുക.വിവാഹിതരെ അകറ്റുക. ഈയൊരു തന്ത്രമാണ് സാത്താന്‍ ഇപ്പോള്‍കൂടുതലായി പ്രയോഗിച്ചുകൊണ്ടിരിക്കുന്നത്.
സാത്താന്റെ ഇത്തരം തന്ത്രങ്ങളെ കീഴ്‌പ്പെടുത്താന്‍ ശക്തമായ മാധ്യസ്ഥശക്തിയാണ് വിശുദ്ധ ജോസഫ്. മാതാവിനോടെന്നപോലെ തന്നെ ജോസഫിനോടുള്ള ഭക്തിയും നമ്മെ ഈശോയോട് അടുപ്പിക്കും. അതുകൊണ്ട് നമ്മുടെ ജീവിതങ്ങളെ വിശുദ്ധ ജോസഫിന് സമര്‍പ്പിക്കേണ്ടത് ഉചിതമായ കാര്യമാണ്.
വിശുദ്ധ ജോസഫിന് സമര്‍പ്പിക്കപ്പെടുന്ന ജീവിതങ്ങളുടെ മേലുള്ള ഉത്തരവാദിത്തം ജോസഫ് ഏറ്റെടുക്കും.അവിടുന്ന് നമ്മുടെ ആത്മീയപിതാവായി മാറും. വിശുദ്ധിയിലും പുണ്യങ്ങളിലും വളര്‍ന്നുവരാന്‍ സഹായിക്കും. കുടുംബത്തെ ആക്രമിക്കാന്‍ ശ്രമിക്കുന്ന സാത്താനെ കീഴ്‌പ്പെടുത്തും. വിശുദ്ധ ജോസഫിന് നമ്മുടെ ജീവിതങ്ങളെ സമര്‍പ്പിക്കാന്‍ അതിന് ചില മുന്നൊരുക്കങ്ങള്‍ അത്യാവശ്യമാണ്.
നമുക്കറിയാവുന്നതുപോലെ മാര്‍ച്ച് 19 ആണല്ലോ വിശുദ്ധന്റെ തിരുനാള്‍. അതിന് മുമ്പായി 33 ദിവസത്തെ ഒരുക്കപ്രാര്‍ത്ഥന നടത്തുക. അധിവര്‍ഷം കണക്കിലെടുത്ത് അത്തരമൊരു പ്രാര്‍ത്ഥനയ്ക്ക് ഫെബ്രുവരി പതിനാറിനോ പതിനഞ്ചിനോ തുടക്കം കുറിക്കാം.
മുപ്പത്തിമൂന്ന് ദിവസത്തെ ഒരുക്കത്തോടും പ്രാര്‍ത്ഥനയോടും കൂടി മാര്‍ച്ച് പതിനാറിന് വിശുദ്ധ ജോസഫിന് നമ്മുടെ ജീവിതങ്ങളെ ഭരമേല്പിക്കു.
പിന്നെ നാം കുടുംബത്തെയോര്‍ത്തോ സാത്താന്റെ ആക്രമണങ്ങളെയോര്‍ത്തോ ഭയപ്പെടേണ്ടതില്ല. എല്ലാം യൗസേപ്പിതാവ് നോക്കിക്കോളും.