ഒരു ദിവസത്തെ മുഴുവന്‍ നിശ്ചയിക്കുന്നത് നമ്മുടെ പ്രഭാതമാണ്. എങ്ങനെ ഉണര്‍ന്നെണീല്ക്കുന്നു, ദിവസത്തെ നോക്കിക്കാണുന്നു,പ്രഭാതത്തില്‍ നാം എന്തു ചെയ്യുന്നു എന്നെല്ലാം പ്രധാനപ്പെട്ടതാണ്. രാവിലെ ഉണര്‍ന്നെണീല്ക്കുന്ന നേരത്തെ മനോഭാവം ആ ദിവസത്തെ മുഴുവന്‍ ബാധിക്കും. ആത്മീയജീവിതത്തിലും ഇത് ബാധകമാണ്.
ഓരോ ദിവസവും നാം ആത്മീയമായി കരുത്ത് പ്രാപിക്കണം. സാത്താനെതിരെ പോരാടന്‍ ശ്രമിക്കണം. ഓരോ ദിവസവും പ്രഭാതത്തില്‍ നാം ദൈവത്തോടുള്ള സ്‌നേഹം പ്രഖ്യാപിക്കണം. അവിടത്തോടുള്ള വിശ്വസ്തത പ്രഖ്യാപിക്കണം. സാത്താനില്‍ നിന്നും അവന്‍ വച്ചുനീട്ടുന്ന അപ്പക്കഷ്ണങ്ങളോടും മുഖംതിരിക്കാനും അവനെ ഓടിച്ചുവിടാനുമുള്ള ശക്തിക്കുവേണ്ടിയും പ്രാര്‍ത്ഥിക്കണം. അപ്പോള്‍ മാത്രമേ നാം അനുദിനം ആത്മാവില്‍ ശക്തിപ്രാപിക്കുകയുള്ളൂ. അതിനായി നാം ഓരോ പ്രഭാതത്തിലും ഇപ്രകാരം പ്രാര്‍ത്ഥിക്കണം.
ഓ പരിശുദ്ധ ത്രീത്വമേ, ഏകദൈവമേ ഇന്നേദിവസം എന്നെ എല്ലാവിധ പാപങ്ങളില്‍ നിന്നും തിന്മകളില്‍ നിന്നും അപകടങ്ങളില്‍ നിന്നും മാനസികമായും ആത്മീയമായും ശാരീരികമായും കാത്തുകൊള്ളേണമേ. എല്ലാ തിന്മകളില്‍ നിന്നും മോചിപ്പിക്കണമേ. അപ്രതീക്ഷിതവും ഒരുക്കമില്ലാത്തതുമായ മരണത്തില്‍ നിന്നും രക്ഷിക്കണമേ. ആത്മീയമാന്ദ്യതയില്‍ നിന്നും പാപത്തില്‍ നിന്നും എന്നെ ആത്മാവിനെ മോചിപ്പിക്കണമേ.
ഞാന്‍ അവിടുത്തെ തിരുനാമത്തെ വാഴ്ത്തുന്നു. എല്ലാ പുകഴ്ചയും മഹത്വവും അങ്ങേയ്ക്ക് സമര്‍പ്പിക്കുന്നു. എനിക്ക് ജ്ഞാനം നല്കണമേ. തിന്മയില്‍ നിന്ന് അകന്നുനില്ക്കാനുള്ളകരുത്തും വെളിച്ചവും നല്കണമേ. നന്ദി ദൈവമേ നന്ദി. അങ്ങേ നാമത്തിന് മഹത്വമുണ്ടാകട്ടെ. ആമ്മേന്‍.