നൈജീരിയ: രാജ്യത്ത് ക്രൈസ്തവര്‍ക്ക് നേരെ വര്‍ദ്ധിച്ചുവരുന്ന പീഡനങ്ങളില്‍ പ്രതിഷേധിച്ച് കറുത്ത വസ്ത്രമണിഞ്ഞായിരിക്കും നൈജീരിയായിലെ കത്തോലിക്കര്‍ നാളെ വിഭൂതി ബുധന്‍ ആചരിക്കുക. തട്ടിക്കൊണ്ടുപോകലിന്റെയും അക്രമങ്ങളുടെയും ഇരകളായവരോടുള്ള ഐകദാര്‍ഢ്യമായിട്ടാണ് നൈജീരിയായിലെ സഭ വിശ്വാസികളോട് ഇപ്രകാരം ആഹ്വാനം ചെയ്തിരിക്കുന്നത്. രാജ്യത്ത് അരക്ഷിതാവസ്ഥയും ഭീകരാവസ്ഥയും വര്‍ദ്ധിച്ചുവന്നുകൊണ്ടിരിക്കുകയാണ്.
മാര്‍ച്ച് ഒന്നു മുതല്‍ വൈകുന്നേരങ്ങളിലുള്ള വിശുദ്ധ കുര്‍ബാനകള്‍ റദ്ദ് ചെയ്ത് പകരം സമാധാനപൂര്‍വ്വമായ പ്രതിഷേധറാലി നടത്താനാണ് സഭാതീരുമാനം ലോകമെങ്ങുമുള്ള കത്തോലിക്കാസഭാംഗങ്ങള്‍ നൈജീരിയായിലെ കൊല്ലപ്പെട്ട സഹോദരി സഹോദരന്മാര്‍ക്കുവേണ്ടിയും സമാധാനം സ്ഥാപിക്കപ്പെടുന്നതിനു വേണ്ടിയും പ്രാര്‍ത്ഥിക്കണമെന്നും നൈജീരിയയിലെ മെത്രാന്മാര്‍ അഭ്യര്‍ത്ഥിച്ചു.
ഞങ്ങള്‍ സങ്കടത്തിലാണ്, വിഷാദത്തിലാണ്, ദു:ഖത്തിലാണ്. എങ്കിലും ഞങ്ങള്‍ ആത്മവിശ്വാസത്തിലാണ്. ക്രിസ്തുവിന്റെ പ്രകാശം ഞങ്ങളുടെ ഹൃദയങ്ങളില്‍ പരക്കുമെന്നും ഞങ്ങളുടെ രാജ്യത്തെ ഗ്രസിച്ചിരിക്കുന്ന ഇരുട്ട് അസ്തമിക്കുമെന്നും. മെത്രാന്മാര്‍ പ്രത്യാശ പ്രകടിപ്പിച്ചു.