നസ്രായൻ തുടർന്നു.
മരുഭൂമിയിൽ ചൂടിന് ഒട്ടും കുറവുണ്ടായിരുന്നില്ല.
നല്ല വിശപ്പ് ഉണ്ടായിരുന്നു,
ഒപ്പം ദാഹവും…
പലപ്പോഴും വീണു പോയേക്കുമെന്നു ഞാൻ ഭയന്നു.
എങ്കിലും തളർന്നില്ല.
കാരണം എന്റെ പിതാവ് എന്റെ കൂടെയുണ്ട് എന്നെനിക്കറിയാമായിരുന്നു.
പ്രാർത്ഥനയിൽ ഞാൻ എപ്പോഴും എന്റെ പിതാവിനോട് ചേർന്നിരുന്നു.
ഭൂമിയിൽ നിന്നെ സ്വന്തമാക്കുന്നതിനുള്ള എന്റെ തീഷ്ണത എന്റെ വിശപ്പിനേയും ദാഹത്തെയും ശമിച്ചു.
എന്റെ വിശപ്പിനു മേൽ ആധിപത്യം സ്ഥാപിക്കാനാവണം പിശാച് കല്ലുകളെ അപ്പമാക്കാൻ, അതു ഭക്ഷിച്ച് വിശപ്പടക്കാൻ എന്നോട് പറഞ്ഞത്.
പക്ഷെ മനുഷ്യന്റെ ഏറ്റവും വലിയ ബലഹീനതകളിൽ ഒന്നായ വിശപ്പിനെ അതിജീവിക്കാൻ എനിക്ക് സാധിച്ചു.
നിന്റെ ജീവിതവും സ്വാദിഷ്ടമായ അപ്പത്തിന് വേണ്ടിയുള്ള നെട്ടോട്ടത്തിലാണ് എന്നെനിക്കറിയാം….
ഈ ലോകത്തിന്റേതായ സുഖഭോഗങ്ങളാകുന്ന എല്ലാറ്റിനോടുമുള വിശപ്പും ദാഹവും അടക്കാനുള്ള നെട്ടോട്ടം.ഓട്ടത്തിനിടയിൽ നീയും കണ്ടുമുട്ടും…. ആ പ്രലോഭകനെ… പല രീതിയിൽ.. ഭാവത്തിൽ…
പല വ്യക്തികളിൽ… നിന്റെ വഴികളിൽ നിന്റെ കണ്ണുകളെ അന്ധമാക്കുന്ന അപ്പക്കഷണങ്ങളുമായി അവൻ കാത്തുനിൽക്കും…
നീ അവനെ കണ്ടുമുട്ടിയപ്പോൾ… അവന്റെ മുഖത്തിന് എന്നെക്കാൾ ഭംഗി തോന്നിയപ്പോൾ…
നിനക്ക് വേണ്ടത് എല്ലാം നൽകാൻ അവനെക്കൊണ്ട് സാധിക്കുമെന്നും നീ കരുതി… അങ്ങനെ ആ പ്രലോഭകന്റെ മുന്നിൽ നീ വീണ്ടും വീണ്ടും തോറ്റു പോയി… അവൻ വച്ചു നീട്ടിയ വിശപ്പും ദാഹവുമടക്കാൻ നീ ചെയ്തു കൂട്ടിയ ദുഷ്പ്രവൃത്തികൾ, മാരക പാപങ്ങൾ…. പ്രലോഭകന്റെ മനസിനെ എത്രമാത്രം ആനന്ദം കൊള്ളിച്ചിട്ടുണ്ടാകണം…ല്ലേ…
ഒരു ആയുഷ്കാലം മുഴുവൻ വേണ്ടത് സമ്പാദിക്കാനുള്ള ഓട്ടത്തിനിടയിൽ നീ എന്റെ മുഖം മറന്നു തുടങ്ങിയത് എന്നെ എത്ര മാത്രം സങ്കടപ്പെടുത്തിയെന്ന് നീ ഒരിക്കലെങ്കിലും ചിന്തിച്ചുവോ.
ഈ നോമ്പുകാലം നീ എന്റെ പക്കലേക്ക് തിരികെ വരും എന്നോർത്ത് കാത്തിരിക്കുകയാണ് ഞാൻ… പരീക്ഷണങ്ങളെ പരാജയപ്പെടുത്തിയ ഞാൻ ഉള്ളപ്പോൾ നീ എന്തിന് പ്രലോഭനങ്ങളെ ഭയപ്പെടണം… കൂടെയുണ്ട് ഞാൻ…
ഒന്നു നീയോർക്കണം, മനുഷ്യന്‍ അപ്പം കൊണ്ടു മാത്രമല്ല, എന്റെ ഓരോ വചനം കൊണ്ടുമാണു ജീവിക്കുന്നത്.
നമുക്കു പ്രാർത്ഥിക്കാം
പ്രിയ നസ്രായാ, ഈ ലോകത്തിന്റേതായ സുഖമോഹങ്ങൾക്കായുള്ള വിശപ്പ് നിന്നിലേക്കുള്ള അകലം കൂട്ടുമ്പോൾ പ്രലോഭനത്തെ അതിജീവിച്ച നിന്നെയനുകരിച്ച് ദൈവവചനമാകുന്ന ആത്മീയഭക്ഷണത്തിനായാഗ്രഹിക്കാനും അനുദിനം ആ വചന വഴിയേ നടക്കാനും ഉള്ള കൃപ തരണമേ… എന്തുകൊണ്ടെന്നാൽ ഇങ്ങനെ ഏഴുതപ്പെട്ടിരിക്കുന്നു… ”പരീക്ഷകള്‍ ക്ഷമയോടെ സഹിക്കുന്നവന്‍ ഭാഗ്യവാന്‍. എന്തെന്നാല്‍, അവന്‍ പരീക്ഷകളെ അതിജീവിച്ചു കഴിയുമ്പോള്‍ തന്നെ സ്‌നേഹിക്കുന്നവര്‍ക്കു ദൈവം വാഗ്ദാനം ചെയ്തിരിക്കുന്ന ജീവന്റെ കിരീടം അവനു ലഭിക്കും.” (യാക്കോ 1.12).
ഫാ. അനീഷ് കരിമാലൂര്‍ ഒ പ്രേം