ആദ്യപരീക്ഷണത്തിലേറ്റ പരാജയം സമ്മതിക്കാതെ വീണ്ടും അടുത്ത പരീക്ഷണവുമായി പിശാച് എന്നെ സമീപിച്ചു. മനോഹരമായ ഒരു ദൈവാലയത്തിന്റെ മുകളിലേക്കാണ് പിന്നീടെന്നെ അവൻ കൊണ്ടു പോയത്…
എന്റെ പിതാവിന് എന്നോടുള്ള കരുതൽ എത്രയെന്നു പരീക്ഷിച്ചറിയാൻ അവിടെ നിന്നും താഴേക്കു ചാടണമെന്നതായിരുന്നു അവന്റെ ആവശ്യം. എന്നാൽ, നിന്റെ ദൈവമായ കര്‍ത്താവിനെ പരീക്‌ഷിക്കരുത് (മത്തായി 4.7) എന്നു ഞാൻ പറഞ്ഞപ്പോൾ, പരാജയം സമ്മതിച്ചു അവൻ പിൻമാറി.
എന്റടുത്ത് പരാജയം സമ്മതിച്ച് പിൻവാങ്ങിയ പിശാച് ഇന്നും നിന്നെയും തേടി എത്തുന്നുണ്ട്. നിന്റെ ജീവിതത്തിലും ദൈവീക ഇടപെടലുകൾ പരീക്ഷിക്കപ്പെടുന്ന അനേകം അവസരങ്ങൾ ഉണ്ടാകും… ഞാനിത്രയേറെ പ്രാർത്ഥിച്ചിട്ടും എന്റെ പ്രാർത്ഥനയെന്തേ ദൈവം കേൾക്കാത്തത് എന്ന ചിന്ത ഒരുവേള നിന്റെ മനസ്സിലുയരും… വാഗ്ദാനങ്ങളിൽ വിശ്വസ്തനായ നിന്റെ ദൈവം എവിടെ എന്നുള്ള ചോദ്യം നിന്റെ കാതിലും മുഴങ്ങും.
നിന്റെ രോഗങ്ങളിൽ , പ്രയാസങ്ങളിൽ, സങ്കടങ്ങളിൽ, പലരും നിന്നോട് ചോദിക്കും… നിന്റെ പാദം കല്ലിൽ തട്ടാതിരിക്കാൻ നിന്നെ കരങ്ങളിൽ വഹിക്കും എന്ന് പറഞ്ഞവൻ എവിടെ?
എന്നേ പോലെ നിനക്കും പറയാൻ കഴിയുമോ.. “നിന്റെ ദൈവമായ കർത്താവിനെ പരീക്ഷിക്കരുത് ” എന്ന്.സമയത്തിന്റെ പൂർണതയിൽ ദൈവം നിന്റെ ജീവിതത്തിൽ അനുവദിച്ചതെല്ലാം നന്മയ്ക്കായി പരിണമിപ്പിക്കും എന്ന്…
നമുക്ക് പ്രാർത്ഥിക്കാം. പ്രിയ നസ്രായാ, പരീക്ഷണങ്ങളിൽ പരാജയപ്പെട്ടു പോകാൻ എന്നെ അനുവദിക്കരുതെ. അവന്റെ പ്രലോഭനത്തിൽ പരാജയപ്പെട്ടാലും അവയെല്ലാം പരിഹരിക്കാൻ നീ കനിവാകാണേ… പുതിയ വഴികൾ തുറന്ന് തരണമേ.
ഫാ. അനീഷ് കരിമാലൂര്‍ ഒ പ്രേം