“അവന്‍ അവരോടു പറഞ്ഞു: മണവാളന്‍ കൂടെയുള്ളപ്പോള്‍ മണവറത്തോഴര്‍ക്കു ദുഃഖമാചരിക്കാനാവുമോ? മണവാളന്‍ അവരില്‍നിന്ന് അകറ്റപ്പെടുന്ന ദിവസങ്ങള്‍ വരും; അപ്പോള്‍ അവര്‍ ഉപവസിക്കും.”(മത്തായി 9 : 15 ).
2020ലെ നോമ്പുകാലത്തെ ആദ്യത്തെ വെള്ളിയാഴ്ച…
ഉപവാസവും പ്രാർത്ഥനയും തീഷ്ണമാകുന്നു..
വെള്ളിയാഴ്ച യേശുവിൻ്റെ കുരിശു മരണത്തെ അനുസ്മരിച്ച് മാംസം ഉപേക്ഷിക്കുന്ന ഒരു പതിവ് കത്തോലിക്കരുടെ ഇടയിലുണ്ട്..ഇവിടെ ചിന്തനീയമായ ഒരു കാര്യം ഭൂരിപക്ഷം ഭവനങ്ങളിലും മാംസം ( ഇറച്ചി ) വാങ്ങുന്നത് ഞായറാഴ്ചയായിരിക്കും.. അധികമാളുകളും പതിവായി വാങ്ങുക മത്സ്യമായിരിക്കും.. അത് ഉപേക്ഷിക്കുന്നുമില്ല..
നമുക്ക് ഏറ്റവും ഇഷ്ടമുള്ളതും പതിവായി ഉപയോഗിക്കുന്നതും എന്തോ അത് ഉപേക്ഷിക്കുമ്പോഴാണ് ഉപവാസവും പ്രാർത്ഥനയും അർത്ഥപൂരിതവും ഫലദായകവുമാകുക..
സ്നേഹിക്കുന്നവർക്കു വേണ്ടി സ്വന്തം ജീവൻ പോലും നൽകിയാണ് യേശു രക്ഷയുടെ വാതിൽ തുറന്നു തന്നത്. പാപ ലേശമേശാത്ത ദൈവപുത്രനായ ഈശോ പാപത്തിൽ മുഴുകി കിടക്കുന്ന നമുക്കു വേണ്ടി സ്വന്തം ജീവൻ വലിയ വിലയായി നൽകുകയാണ്..
വചനം കൊണ്ട്… ഒരു വാക്കു കൊണ്ട്.. സകലതും സൃഷ്ടിച്ച ദൈവം തന്നെയായ ഈശോയ്ക്ക് ഒരു വാക്കു കൊണ്ട് ലോകത്തിനു മുഴുവൻ രക്ഷ നൽകാമായിരുന്നിട്ടും അവിടുന്ന് കഠിനമായ പീഢകളിലൂടെ കടന്നു പോയി.. ദൈവമക്കളായി നമ്മെ വീണ്ടെടുടുക്കുന്നു..
ഇവിടെ വലിയൊരു പാഠം ഈശോ നമ്മെ പഠിപ്പിക്കുന്നു..
ഞാൻ വില കൊടുത്ത് നിന്നെ വീണ്ടെടുത്ത പോലെ സഹോദരരെ വീണ്ടെടുക്കാൻ നീയും വില കൊടുക്കണം..ഉപവാസത്തിൻ്റെ ഭാഗമായി നീ ഉപേക്ഷിക്കുന്ന വസ്തുക്കളുടെതിന് സമാനമായ മൂല്യം നിൻ്റെ കൺമുൻപിലുള്ള എൻ്റെ ചെറിയവർക്കായി വിനിയോഗിക്കാൻ.
അതു വഴി യാതൊരു യോഗ്യതയുമില്ലാതിരുന്നിട്ടും എന്നെ സംബന്ധിച്ചിടത്തോളം ഏറ്റവും വിലയുള്ള നിന്നെ വീണ്ടെടുക്കാൻ വേണ്ടി ഞാൻ കാണിച്ച സ്നേഹം നീ നിൻ്റെ സഹോദരങ്ങളോട് കാണിക്കണം.. അതായത് എന്തെങ്കിലും വസ്തുക്കൾ ഉപേക്ഷിച്ചതുകൊണ്ടു മാത്രമായില്ല.. ഞാൻ നിനക്കു വേണ്ടി രക്തം ചിന്തിയതുപോലെ നീയും അത് പരിഹാരമായി വിനിയോഗിക്കപ്പെടണം..
പ്രിയമുള്ളവരെ ഈ നോമ്പുകാലം ഏറ്റവും അനുഗ്രഹപ്രദമാകാൻ നമുക്ക് കർമ്മനിരതമാകാം..കൊച്ചു കൊച്ചു ത്യാഗപ്രവർത്തികളിലൂടെ മിച്ചം പിടിക്കുന്ന തുക ഒന്നു ചേർത്ത് ഏറ്റം പാവപ്പെട്ടതും ആരും സഹായിക്കാനില്ലാത്തതുമായ ഒരു കുടുംബത്തിന് നല്ല ഒരു വീടുവച്ചു കൊടുക്കാം.. ഇപ്രകാരം നാം ചെയ്യുന്ന ചെറിയ ത്യാഗത്തിന് വലിയ അനുഗ്രഹം ദൈവം നമുക്കും നമ്മുടെ മക്കൾക്കും നമ്മുടെ കുടുംബത്തിനും നൽകും എന്നതിൽ യാതൊരു സംശയവുമില്ല.
പ്രേംജി വയനാട്