റോം: റോം രൂപത ഏപ്രില്‍ മൂന്നുവരെ പൊതു കുര്‍ബാനകള്‍ റദ്ദ് ചെയ്തു. കൊറോണ വൈറസ് വ്യാപനത്തെ തുടര്‍ന്നാണ് ഇത്. ഇറ്റാലിയന്‍ ഗവണ്‍മെന്റ് എല്ലാ പൊതുപരിപാടികളും മതപരമായ കൂടിച്ചേരലുകളും വിലക്കിയ സാഹചര്യത്തിലാണ് രൂപത ഈ തീരുമാനം ഇന്നലെ വൈകുന്നേരം അറിയിച്ചത് കര്‍ദിനാള്‍ ആഞ്ചലോ ദെ ഡൊണാറ്റിസ് ആണ് ഇതു സംബന്ധിച്ച പത്രക്കുറിപ്പ് പുറപ്പെടുവിച്ചത്.
എന്നാല്‍ റോമിലും വത്തിക്കാന്‍ സിറ്റിയിലുമുള്ള വൈദികര്‍ പ്രൈവറ്റ് മാസുകള്‍ അര്‍പ്പിക്കും. ഇടവകയിലെ ദേവാലയങ്ങള്‍ സ്വകാര്യപ്രാര്‍ത്ഥനയ്ക്കായി തുറന്നുകൊടുക്കുകയും ചെയ്യും. ഈ നോമ്പുുകാലം നമ്മെ സംബന്ധിച്ച് വളരെ പരീക്ഷകള്‍ക്ക് വിധേയമാണ്. പരിശുദ്ധ അമ്മയുടെ ദൈവികസ്‌നേഹത്തിന് നിങ്ങളെ ഓരോരുത്തരെയും സമര്‍പ്പിക്കുന്നു. വികാര്‍ ജനറാല്‍ കൂടിയായ കര്‍ദിനാള്‍ ആഞ്ചെലോ പത്രക്കുറിപ്പില്‍ പറഞ്ഞു.
നമ്മുടെ നഗരത്തിന്റെ വിലാപം ഞാന്‍ കേള്‍ക്കുന്നു. ഇറ്റലിയുടെയും ലോകത്തിന്റെയും വിലാപം കേള്‍ക്കുന്നു. ഇത് ഇപ്പോള്‍ നമ്മള്‍ വിശ്വാസത്തില്‍ കൂടുതല്‍ ആഴപ്പെട്ട് ജീവിക്കേണ്ട സമയമാണ്. പ്രത്യാശയിലും ഉപവിപ്രവര്‍ത്തനങ്ങളിലും കൂടുതല്‍ മുഴുകേണ്ട സമയം. അദ്ദേഹം പറഞ്ഞു. ഉപവാസപ്രാര്‍ത്ഥനയും ദാനധര്‍മ്മങ്ങളും കൂടുതലായി ചെയ്യണമെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.
മിലാന്‍, വെനീസ്, ബോള്‍ഗ്ന എന്നിവിടങ്ങളിലെല്ലാം അനുദിന വിശുദ്ധ കുര്‍ബാനകള്‍ റദ്ദ് ചെയ്തിട്ടുണ്ട്.