വിശുദ്ധ യൗസേപ്പിന്റെ മരണത്തിരുനാള്‍ മാര്‍ച്ച് 19 നാണ് നാം ആഘോഷിക്കുന്നത്.
തിരുസഭയുടെ പാലകനും കന്യാവ്രതക്കാരുടെ സംരക്ഷകനും ഈശോയുടെ വളര്‍ത്തുപിതാവുമായ വിശുദ്ധ യൗസേപ്പിന്റെ ജീവിതത്തിലും ഏഴു വ്യാകുലങ്ങളുണ്ടായിട്ടുണ്ട്.
പരിശുദ്ധ കന്യാമറിയത്തെക്കുറിച്ചുള്ള യൗസേപ്പിന്റെ സംശയമാണ് അതില്‍ ആദ്യത്തേത്. വിവാഹനിശ്ചയം കഴിഞ്ഞ പെണ്‍കുട്ടി പരിശുദ്ധാത്മാവിനാല്‍ ഗര്‍ഭിണിയാണെന്ന് കേള്‍ക്കുമ്പോള്‍ ജോസഫിന്റെ മനസ്സ് അസ്വസ്ഥമാകുന്നുണ്ട്. ഇത് ജോസഫിന്റെ ജീവിതത്തിലെ ആദ്യവ്യാകുലമായി പരിഗണിക്കപ്പെടുന്നു.
ഉണ്ണീശോയുടെ ജനനസമയത്തുണ്ടായ ദാരിദ്ര്യമായിരുന്നു മറ്റൊന്ന്. ഏതൊരു പിതാവും ആഗ്രഹിക്കില്ലല്ലോ തന്റെ കുഞ്ഞ് ദാരിദ്ര്യത്തിലേക്ക് പിറന്നുവീഴണമെന്ന്.
ഉണ്ണീശോയുടെ പരിച്ഛേദനകര്‍മ്മം നടത്തിയപ്പോള്‍ ഉണ്ടായ വേദനയും സങ്കടവുമായിരുന്നു മൂന്നാമത്തെ വ്യാകുലം. കുഞ്ഞുങ്ങളെ വാക്‌സിനേഷന്‍ എടുക്കാനോ കാതുകുത്താനോ ചെല്ലുമ്പോള്‍ പോലും അവര്‍ അനുഭവിക്കുന്ന വേദന കാണുമ്പോള്‍ കണ്ണ് നിറയുന്നവരാണ് മിക്ക അച്ഛമ്മാരും.
നിന്റെ ഹൃദയത്തിലൂടെ ഒരു വാള്‍ കടന്നുപോകും എന്ന് മറിയത്തോടുള്ള ശിമയോന്റെ പ്രവചനം യൗസേപ്പിതാവിന്റെ നെഞ്ചു തുളച്ചാണ് കടന്നുപോയത്.
ഈജിപ്തിലേക്കുള്ള പ്രയാണവും നസ്രത്തിലേക്കുള്ള മടങ്ങിവരവുമാണ് മറ്റ് രണ്ട് വ്യാകുലങ്ങള്‍. അവസാനത്തേതാകട്ടെ ദേവാലയത്തില്‍ വച്ച് ഉണ്ണീശോയെ കാണാതെ പോകുന്നത്.
ഈശോയുടെ പീഡാസഹനത്തിന് സാക്ഷ്യം വഹിക്കാന്‍ യൗസേപ്പിതാവ് ഉണ്ടായിരുന്നില്ല. ഈശോയുടെയും മാതാവിന്റെയും സാന്നിധ്യത്തിലായിരുന്നു യൗസേപ്പിതാവ് മരണമടഞ്ഞത്.