Thursday, November 21, 2024
spot_img
More

    ബാലാവകാശ കമ്മീഷനോട് ചില സങ്കടങ്ങള്‍

    മതബോധന ക്ലാസ്സുകൾ വിലക്കിക്കൊണ്ടുള്ള ബാലാവകാശ കമ്മിഷന്റെ ഉത്തരവ് കണ്ടു. ചൂടാണ് പ്രശ്നം; മതബോധനമല്ല…. ചൂട് തുടങ്ങിയിട്ടേയുള്ളൂ എന്നതാണ് ഒരു ക്രിസ്ത്യാനിയായ എന്നെ അലട്ടുന്ന പ്രശ്നം. പ്രശ്ന പരിഹാരത്തിന് എല്ലാം ശരിയാക്കാൻ കഴിവുള്ള സർക്കാരിൽ അഭയം പ്രാപിക്കുന്നു. ഞങ്ങളോട് കരുതലുണാവണം. പ്രശ്നങ്ങൾ പറയാം

    1. ഞങ്ങൾ ക്രിസ്ത്യാനികൾ നോമ്പുകാലത്തെ നാല്‌പതാം വെള്ളിയാഴ്ചയും ദുഃഖ വെള്ളിയാഴ്ചയും കുരിശിന്റെ വഴി നടത്തുന്ന പതിവുണ്ട്. അപ്പനപ്പുപ്പൻമാരുടെ കാലത്തേയുള്ളതാ. അതിൽ  പങ്കെടുക്കാനാഗ്രഹമുള്ള കുട്ടികളുടെ മാതാപിതാക്കൾ ആരോടാണ് അനുവാദം വാങ്ങേണ്ടത്?

    2. ഞങ്ങളുടെ കുട്ടികൾക്ക് ആദ്യകുർബ്ബാന സ്വീകരണം എന്ന ഒരു പതിവുണ്ട്. അതിനൊരുക്കുന്ന ക്ലാസ്സുകളുമുണ്ട്. ഇവിടെ അനുവദിക്കില്ലെങ്കിൽ മറ്റു സംസ്ഥാനങ്ങളിലെങ്കിലും നടത്താൻ അനുവദിക്കണം. ട്രയിൻ ടിക്കറ്റ് ബുക്ക് ചെയ്യേണ്ടതുണ്ട്. 

    3. ഈസ്റ്റർ കഴിഞ്ഞാൽ പിന്നെ ഞങ്ങളുടെ സമുദായത്തിൽ കല്യാണങ്ങളുടെ തിരക്കാ. പലതും ഉച്ചസമയത്താ. അതിന് കുട്ടികളെ കൊണ്ടു പോകാൻ ഏത് കമ്മിഷനിൽ നിന്നാണ് അനുവാദം വാങ്ങേണ്ടത്.

    4. ഞങ്ങളുടെ കൂട്ടത്തിൽ ആരെങ്കിലും മരിച്ചാൽ വിലാപയാത്ര നടത്തുകയും സെമിത്തേരി സന്ദർശിക്കുകയും ചെയ്യുന്ന പതിവുണ്ട്. മരണം വേനല്ക്കാലത്തും സംഭവിക്കാറുണ്ട്. അതിൽ  കുട്ടികൾ പങ്കെടുക്കണമെന്നുണ്ടെങ്കിൽ നടപടിക്രമം എന്താണ്?

    5. അവധിക്കാലമല്ലേ. ഒരു അമ്യൂസ്മെന്റ് പാർക്കിൽ പോകണമെന്ന് കുട്ടികൾ പറയും. അവിടെ വച്ച് കുട്ടികൾക്ക് വല്ല അസ്വസ്ഥതയും ഉണ്ടായാൽ ഞങ്ങൾ ഉത്തരം പറയണം. അതുകൊണ്ട് എല്ലാ അമ്യൂസ്മെന്റ് പാർക്കുകളും രണ്ട് മാസത്തേക്ക് അടച്ചിടാൻ ഉത്തരവാകണം. 

    6. കുട്ടികൾക്കാവശ്യമായ വസ്ത്രങ്ങളും പoനോപകരണങ്ങളും പുറത്തു കൊണ്ടുപോയി വാങ്ങാൻ ആരോടാണ് അനുവാദം വാങ്ങേണ്ടത്.

    7. ഇലക്ഷൻ കാലമല്ലേ. ഒരു റാലി കാണാനോ, ഒരു നേതാവിനെ കാണാനോ ഒക്കെ കുട്ടികളും ആഗ്രഹം പ്രകടിപ്പിക്കും. ആരുടെ അനുവാദമാണ് ഇക്കാര്യത്തിൽ ഞങ്ങൾ തേടേണ്ടത്.

    8. കുട്ടികളെ എങ്ങനെയാ മുഴുവൻ സമയവും വീട്ടിൽ പൂട്ടിയിടുക. അവരെ ഒരു ക്യാമ്പിൽ പങ്കെടുപ്പിക്കാൻ,  ഒരു ക്ലാസ്സിൽ ചേർക്കാൻ  ഞങ്ങൾ എന്തു ചെയ്യണം. 

    9. മേല്പറഞ്ഞ കാര്യം അംഗീകരിക്കാൻ മനസ്സില്ലെങ്കിൽ ദയവായി 2 മാസം ശമ്പളത്തോടു കൂടിയ അവധി മാതാപിതാക്കൾക്ക് അനുവദിച്ച് കൂടേ .

    10. ഇനി ഒരു അപേക്ഷ കൂടിയുണ്ട്. മറ്റെല്ലാം നിരസിച്ചാലും ഇത് അവഗണിക്കരുത്. അടുത്ത വർഷം 3 മാസം മുമ്പെങ്കിലും  വിലക്കുകൾ പ്രഖ്യാപിക്കണം. എതെങ്കിലും ഉത്തരേന്ത്യൻ സംസ്ഥാനത്ത് ചെന്ന്  മക്കളുടെ വിശ്വാസ കാര്യങ്ങൾ നിർവ്വഹിക്കുന്നതിനുള്ള തയ്യാറെടുപ്പുകൾ നടത്താമല്ലോ. അവിടെ ചൂട് കൂടുതലുണ്ടന്നേയുള്ളൂ. വിലക്കുകളില്ല.

    അല്പം വേദനയോടെ,

    ഒരു ക്രിസ്ത്യാനി

    ഫാ. അജി പുതിയപറന്പില്‍

    spot_img
    spot_img
    spot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!