റോം: ഇറ്റലിയിലെ ദേവാലയത്തില്‍ അര്‍പ്പിച്ചുകൊണ്ടിരുന്ന വിശുദ്ധ കുര്‍ബാനയ്ക്കിടയില്‍ പോലിസെത്തി തിരുക്കര്‍മ്മങ്ങള്‍ തടസ്സപ്പെടുത്തി. സെര്‍വെട്ടേറി സെന്റ് ഫ്രാന്‍സിസ് ഓഫ് അസ്സീസിയില്‍ ഇന്നലെ അര്‍പ്പിച്ച ദിവ്യബലിയാണ് തടസ്സപ്പെട്ടത്. രാജ്യത്ത് എവിടെയും പൊതുസമ്മേളനങ്ങളോ വിശ്വാസികള്‍ ഒന്നിച്ചുകൂടുന്ന ദിവ്യബലികളോ നടത്തരുതെന്ന് ഗവണ്‍മെന്റിന്റെ ഉത്തരവുണ്ടായിരുന്നു.
പതിനഞ്ചോളം പേരാണ് ദിവ്യബലിയില്‍ പങ്കെടുക്കാനെത്തിയിരുന്നത്. തുറന്നുകൊടുത്ത പ്രധാനവാതില്ക്കല്‍ നിന്നുകൊണ്ടായിരുന്നു അവര്‍ ദിവ്യബലിയില്‍ പങ്കെടുത്തിരുന്നത്. വിശുദ്ധ കുര്‍ബാന ഫേസ്ബുക്ക് വഴി സ്ട്രീം ചെയ്യുന്നുമുണ്ടായിരുന്നു.
ദിവ്യകാരുണ്യവിതരണത്തിന് ശേഷമുള്ള പ്രാര്‍ത്ഥനകള്‍ നടന്നുകൊണ്ടിരിക്കുമ്പോഴായിരുന്നു പോലീസ് കടന്നുവന്നത്. വിശ്വാസികളെ അവിടെ നിന്ന് പറഞ്ഞുവിട്ടതിന് ശേഷം വൈദികനെ വിശുദ്ധ കുര്‍ബാന പൂര്‍ത്തിയാക്കാന്‍ പോലീസ് അനുവദിക്കുകയും ചെയ്തു.