എറണാകുളം: മാര്‍ച്ച് 27 ന് കേരളത്തിലെ എല്ലാ രൂപതകളിലും പ്രാര്‍ത്ഥനാദിനമായി ആചരിക്കണമെന്നും അന്നേദിവസം ഉപവാസം അനുഷ്ഠിക്കുന്നത് നല്ലതായിരിക്കുമെന്നും കെസിബിസി. കെസിബിസി പ്രസിഡന്റ് മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി, വൈസ് പ്രസിഡന്റ് ബിഷപ് ഡോ വര്‍ഗീസ് ചക്കാലയ്ക്കല്‍, സെക്രട്ടറി ജനറല്‍ ബിഷപ് ജോസഫ് മാര്‍ തോമസ് എന്നിവര്‍ ചേര്‍ന്ന് പുറപ്പെടുവിച്ച സര്‍ക്കുലറിലാണ് ഇക്കാര്യം നിര്‍ദ്ദേശിച്ചിരിക്കുന്നത്.
ദേവാലയങ്ങളിലെ വിശുദ്ധ കുര്‍ബാനയ്ക്കും മറ്റ് തിരുക്കര്‍മ്മങ്ങള്‍ക്കും വലിയ ആള്‍ക്കൂട്ടങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ ശ്രദ്ധിക്കണമെന്നും അന്‍പതില്‍ താഴെയുള്ള ആരാധനാസമൂഹങ്ങള്‍ക്കായി വൈദികര്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിക്കുന്നതിനുള്ള സാഹചര്യം ഒരുക്കുന്നത് ഉചിതമായിരിക്കുമെന്നും നിര്‍ദ്ദേശമുണ്ട്.
ഇപ്പോഴത്തെ സാഹചര്യത്തില്‍ കുട്ടികളും പ്രായമായവരും ആരോഗ്യപ്രശ്‌നങ്ങളുള്ളവരും വീട്ടിലിരുന്ന് ഓണ്‍ലൈന്‍കുര്‍ബാനകളില്‍ സംബന്ധിച്ചാല്‍ മതിയെന്നും വ്യക്തികളായി വന്ന് പ്രാര്‍ത്ഥിക്കുന്നതിനുളള സൗകര്യത്തിനായി എല്ലാ ദേവാലയങ്ങളും പതിവുപോലെ തുറന്നിടണമെന്നും വ്യക്തമാക്കിയിട്ടുണ്ട്.
വിശുദ്ധവാര തിരുക്കര്‍മ്മങ്ങളെക്കുറിച്ച് അന്നത്തെ സാഹചര്യം കണക്കിലെടുത്ത് മാര്‍ച്ച് അവസാന ആഴ്ചയില്‍ അതതു വ്യക്തിസഭകളില്‍ നിന്ന് വേണ്ട നിര്‍ദ്ദേശങ്ങള്‍ നല്കുമെന്നും സര്‍ക്കുലര്‍ പറയുന്നു.