വളരെ മനോഹരമായി അയാള്‍ വയലിന്‍ വായിക്കുമായിരുന്നു. ഒരുനാള്‍ പെട്ടെന്ന് തന്റെ പാട്ടുനിര്‍ത്തി, വയലിന്‍ മാറ്റി വച്ചു. സുഹൃത്തുക്കള്‍ ചോദിച്ചു. താങ്കള്‍ക്ക് എന്തു പറ്റി. ഒരു വിതുമ്പലോടെ അയാള്‍ പറഞ്ഞു. എന്റെ ഭാര്യ മരിച്ചു. ജീവിതത്തിന്റെ സംഗീതം ഇല്ലാതായി. ഇനി ഞാന്‍ പാടുന്നില്ല. അരങ്ങില്‍ നിറഞ്ഞു നിന്ന എന്നെയും എന്റെ സ്വരത്തെയും മാത്രമെ നിങ്ങള്‍ അറിഞ്ഞിട്ടുള്ളു. അണിയറയില്‍ മറഞ്ഞിരുന്ന എന്റെ ഭാര്യയെ നിങ്ങള്‍ കണ്ടിട്ടില്ലല്ലോ… ഒരു പുരുഷന്‍ സ്ത്രീക്ക് നല്‍കുന്ന ഏറ്റം ശ്രേഷ്ഠമായ ആദരവിന്റെ നനവുള്ള വരികള്‍ ആണിത്.
‘
സ്ത്രീ’ എന്നാല്‍ സത്യം ത്രായതേഇതി” സത്യത്തെ പരിരക്ഷിക്കുന്നവള്‍ എന്നര്‍ത്ഥം. ക്രിസ്തുവാകട്ടെ സ്വന്തം അമ്മയെ സംബോധന ചെയ്തത് ‘സ്ത്രീയെ’ എന്നു വിളിച്ചുകൊണ്ടാണ്. യോഹന്നാന്‍ ശ്ലീഹാ സാക്ഷ്യപ്പെടുത്തുന്നു. സമഗ്രമായ അര്‍ത്ഥതലങ്ങളുള്ള ശ്രേഷ്ഠമായ പദമാണ് സ്ത്രീ. സത്യം എന്നത് ക്രിസ്തുവാണ്.
അതിനാല്‍ ക്രിസ്തുവിനെ പരിരക്ഷിക്കുന്നവള്‍ ”അമ്മ” എന്ന അര്‍ത്ഥത്തിലാകണം നാം അതിനെ വ്യാഖ്യാനിക്കാന്‍. അമ്മ മറിയം സ്ത്രീത്വത്തിന്റെ ഉടല്‍ഭാഷ്യമാണ്.
കഴിയുമോ നിനക്കീ അഗ്നികുണ്ഠത്തെ ഗര്‍ഭം ധരിക്കാന്‍ എന്ന സ്വര്‍ഗ്ഗത്തിന്റെ ചോദ്യത്തിനുമുന്നില്‍ പതറാതെ നിന്ന് ആമ്മേന്‍ പറഞ്ഞവള്‍. നിന്റെ ഹൃദയത്തിലൂടെ ഒരുവള്‍ കടക്കും എന്ന ശിമയോന്റെ വാക്കുകള്‍ക്ക് സ്ത്രീത്വത്തിന്റെ ലാവണ്യത്തിന് മങ്ങലേല്‍പ്പിക്കാന്‍ കഴിഞ്ഞില്ല.
സങ്കടങ്ങളുടെ വാള്‍മുനയില്‍ നിന്നുകൊണ്ട് അവള്‍ സത്യത്തെ പരിരക്ഷിക്കുകയായിരുന്നു എന്നു വേണം കരുതാന്‍. സ്വന്തം നിയോഗങ്ങള്‍ തിരിച്ചറിഞ്ഞ വ്യക്തികള്‍ വിപരീതാനുഭവങ്ങളെ കുലീനമായി സ്വീകരിക്കും എന്നതിനുപരിശുദ്ധ അമ്മയുടെ ജീവിതം മാതൃകയാകുന്നു. എവിടെ ആയിരുന്നാലും ആയിരിക്കുന്ന ഇടങ്ങളെ അലങ്കരിക്കുന്നവളാകണം
സ്ത്രീ.
കഠിന നിയമങ്ങള്‍ പാലിച്ചു പോന്ന യഹൂദ പശ്ചാത്തലത്തില്‍ പോലും മറിയം എന്ന സാന്നിദ്ധ്യം കൊണ്ട് ആ ഇടങ്ങളൊക്കെയും അലങ്കരിക്കപ്പെട്ടിരുന്നു
തനിക്കു പ്രസവിക്കാന്‍ കാലിത്തൊഴുത്ത് മതി എന്ന് മറിയം പറഞ്ഞപ്പോള്‍ സ്വര്‍ഗ്ഗം അവിടെ പ്രത്യക്ഷമായി. ഇളയമ്മയെ ശുശ്രൂഷിക്കാന്‍ പോയപ്പോള്‍ ആ കുടുംബം പരിശുദ്ധാത്മാവിനാല്‍ നിറഞ്ഞു. കാനായിലെ കല്യാണവീട്ടിലെത്തി യപ്പോള്‍ ആ കുടുംബം ചരിത്രത്തിന്റെ ഭാഗമായി.
ഇങ്ങനെ മറിയം ഇടപെട്ടിടത്തെല്ലാം അവള്‍ ക്രിസ്തുവിന്റ പരിമളമായി മാറി. കാരണം അവളില്‍ സ്‌നേഹം കരുണ, കരുതല്‍, വിശ്വാസം, വാത്സല്യം, അനുകമ്പ, തുറവി, സത്യസന്ധത, വിശ്വസ്തത, ശാലീനത എന്നീ ഗുണങ്ങള്‍ തിങ്ങി നിറഞ്ഞിരുന്നു.
ഇന്നു സ്ത്രീകള്‍, തങ്ങള്‍ക്ക് സമൂഹത്തില്‍ വേണ്ട ത്ര സ്ഥാനമില്ല പുരുഷന്റെ ഒപ്പം ആദരിക്കുന്നില്ല എന്നു പറഞ്ഞ് വിലപിക്കുന്നവരാണ്.
”പിതാ രക്ഷിതി കൗമാരേ
ഭര്‍ത്തോ രക്ഷിതി യൗവ്വനേ
പുത്രോ രക്ഷിതി വാര്‍ദ്ധക്യേ
(ന സ്ത്രീ സ്വതന്ത്രമര്‍ഹതി) – മനുസ്മൃതിയിലെ ഈ അവസാനവരി ഒഴിവാക്കിയാല്‍ സ്ത്രീ അനുഭവിക്കുന്ന പ്രത്യേക പരിഗണനയും, അംഗീകാരങ്ങളുമാണ് ഇതില്‍ പ്രതിപാദിക്കുന്നത്.
ആരെപ്പോലെയും ആകാന്‍ ശ്രമിക്കാതെ സ്വന്തം നിയോഗങ്ങളും ഉത്തരവാദിത്തങ്ങളും തിരിച്ചറിഞ്ഞ് ആയിരിക്കുന്ന ഇടങ്ങളെ അലങ്കരിക്കാനാണ് സ്ത്രീകള്‍ ശ്രമിക്കേണ്ടത്. ജീവിക്കേണ്ടതുപോലെ ജീവിച്ചാല്‍ ആദരിക്കപ്പെടും എന്നതിന് നിരവധി ഉദാഹരണങ്ങളും ഉണ്ട്.
കത്തിച്ച റാന്തല്‍ വിളക്കുമായി മുറിവേറ്റ പട്ടാളക്കാര്‍ക്കിടയിലൂടെ നടന്ന് അവള്‍ അവരെ പരിചരിച്ചു. വെടിയുണ്ടകള്‍ക്കുപോലും തകര്‍ക്കാന്‍ കഴിയാത്ത ആത്മബലത്തിന്റെ ഉടല്‍ഭാഷ്യമായി രുന്നു അവള്‍. ഫ്‌ളോറന്‍സ് നൈറ്റിംഗ്‌ഗെയില്‍. ലോകത്തിന് മറക്കാനാകുമോ ഈ സ്ത്രീരത്‌നത്തെ.? ഇനിയുമിനിയും സ്വയം വെളിച്ചമായി മാറിയവര്‍ അനേകരുണ്ട് മദര്‍ തെരേസ, വിശുദ്ധ അല്‍ഫോന്‍സാമ്മ, എലിസബത്ത് രാജ്ഞി, മാര്‍ഗ്ഗരറ്റ് താച്ചര്‍, ആനിബസന്റ്, സരോജനി നായിഡു. എന്നിങ്ങനെ അനേകര്‍ ചരിത്രത്തിന്റെ താളുകളില്‍ ഇടം നേടിയിട്ടുണ്ട്.
പൊരുത്തപ്പെടാനും പരാജയപ്പെടാനും, ഹൃദയങ്ങളെ കീഴടക്കാനും ആത്മത്യാഗത്തിന്റെ സാന്നിദ്ധ്യമാക്കാനും കഴിയുന്നവരാണ് സ്ത്രീകള്‍ എല്ലാവരും വെറുക്കപ്പെട്ട ഹിറ്റ്‌ലറിന്റെ ജീവിതത്തില്‍ ”’ഇവ” എന്ന സ്ത്രീ മാത്രമേ അയാള്‍ക്ക് കാവലായി ഉണ്ടായിരുന്നുള്ളു. സങ്കടപ്പെടുന്നവരെ ചേര്‍ത്തുപിടിയ്ക്കാന്‍ മാത്രം ബലം സ്ത്രീകള്‍ക്കുണ്ട്. ക്രിസ്തുവിന്റെ കുരിശുയാത്രയില്‍ അമ്മമറിയം അവനെ അനുഗമിച്ചിരുന്നത് ഓര്‍മ്മിക്കുക. എന്തൊരു ധൈര്യവും ബലവുമായിരിക്കണം അന്നേരങ്ങളില്‍ ക്രിസ്തു അനുഭവിച്ചത്. സ്ത്രീക്ക് മാത്രം നല്കാന്‍ കഴിയുന്ന ബലമാണ് അത്.
അച്ഛന്‍ മരിച്ചരാത്രിയില്‍ ഗാന്ധിജി കസ്തൂര്‍ബായുടെ അരികിലേയ്ക്ക് പോയി. തന്നെ ആശ്വസിപ്പിക്കാന്‍ കഴിയുന്ന ഏക ആള്‍ കസ്തൂര്‍ബയെന്ന സ്ത്രീസാന്നിദ്ധ്യമാണെന്ന് ഗാന്ധിജി തിരിച്ചറിഞ്ഞിരിക്കണം. ബുദ്ധനാകട്ടെ വര്‍ഷങ്ങള്‍ക്കുശേഷംയശോദരയുടെ അടുക്കലേയ്ക്ക് മടങ്ങി വരുന്നുണ്ട്. ആ സമയം അമിത വൈകാരിതയ്ക്ക് ഇടം നല്‍കാതെ ആന്മസംയമനത്തോടെ ബുദ്ധനെ അവള്‍ സ്വീകരിച്ചു. ബുദ്ധന്‍ അനേകം യാത്രകളിലൂടെ സ്വന്തമാക്കിയ ജ്ഞാനം യശോധര അവളുടെ കുഞ്ഞാകാശത്തിലിരുന്നു നേടിയിരുന്നു എന്നുവേണം കരുതാന്‍.
സഹിക്കാനും, പൊറുക്കാനും ആത്മത്യാഗം ചെയ്യാനും സ്ത്രീക്കുസാധിക്കുന്നത് അവളുടെബലഹീനതയല്ല, ബലമാണ് എന്ന തിരിച്ചറിവ് ഓരോ സ്ത്രീകള്‍ക്കുമുണ്ടാകണം. അതിന് അവര്‍ക്കുള്ള പാഠപുസ്തകമാണ് മറിയം. മറിയത്തിന്റെ പാഠശാലയില്‍ നിന്ന് സ്ത്രീകള്‍ക്ക് പഠിക്കാന്‍ ഏറെയുണ്ട്. സ്വന്തം ജീവിതത്തിന്റെ സുഗന്ധം നഷ്ടപ്പെടുത്താതെ ജീവിക്കാന്‍ ഓരോ സ്ത്രീയും മറിയത്തെ ധ്യാനിക്കുക. അവള്‍ നമുക്കുള്ള വഴി പറഞ്ഞുതരും. കാരണം മാനവവംശത്തിന്റെ മുഴുവന്‍ അമ്മയാണല്ലോ അവള്‍?
ഡോ. സി. തെരേസ് ആലഞ്ചേരി